Image

മാലാഖമാരുടെ അവകാശങ്ങൾക്കായി പോരാടുന്ന പ്രവാസി കരുത്ത്: വിൻസെന്റ് ഇമ്മാനുവൽ

-മീട്ടു റഹ്മത്ത് കലാം Published on 14 May, 2026
മാലാഖമാരുടെ അവകാശങ്ങൾക്കായി പോരാടുന്ന പ്രവാസി കരുത്ത്: വിൻസെന്റ് ഇമ്മാനുവൽ

കേരളത്തിലെയും അമേരിക്കയിലെയും നഴ്സിംഗ് മേഖലയിലെ വിപ്ലവകരമായ മാറ്റങ്ങൾക്കുപിന്നിൽ നിശബ്ദമായി പ്രവർത്തിച്ച ഒരു വ്യക്തിത്വമുണ്ട്—ഫിലാഡൽഫിയയിലെ ഏഷ്യാനെറ്റ് ന്യൂസ് കോർഡിനേറ്ററും സാമൂഹിക പ്രവർത്തകനുമായ വിൻസെന്റ് ഇമ്മാനുവൽ. 1970-കളിൽ ഇന്ത്യൻ സിവിൽ സർവീസെന്ന സ്വപ്നവുമായി സെൻട്രൽ സെക്രട്ടറിയേറ്റിൽ ജോലി ആരംഭിച്ച അദ്ദേഹം, ജീവിതസാഹചര്യങ്ങൾക്കൊണ്ട് അമേരിക്കയിലേക്ക് കുടിയേറിയെങ്കിലും തന്റെ വേരുകൾ മറന്നില്ല.

നഴ്സിംഗ് പ്രവേശനത്തിന് നിലനിന്നിരുന്ന പൊക്കം, തൂക്കം, വിവാഹസ്ഥിതി തുടങ്ങിയ വിവേചനപരമായ നിയമങ്ങൾക്കെതിരെ കോടതിയിൽ നിയമപോരാട്ടം നടത്തി വിജയിച്ച ചരിത്രമാണ് അദ്ദേഹത്തിന് പറയാനുള്ളത്. നഴ്സുമാരുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ പിടിച്ചുവെക്കുന്ന ബോണ്ട് സമ്പ്രദായത്തിനെതിരെയും, അവർക്ക് അർഹമായ വേതനവും ആദരവും ലഭിക്കുന്നതിനും വേണ്ടി അദ്ദേഹം ഇന്നും സജീവമായി നിലകൊള്ളുന്നു. കേരളത്തിലെ നഴ്സുമാരുടെ സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ധനസഹായം നൽകിയും അദ്ദേഹം മാതൃകയാകുന്നു.

സെൻട്രൽ സെക്രട്ടറിയേറ്റിലെ ജോലിയിൽ നിന്ന് അമേരിക്കയിലേക്കുള്ള മാറ്റത്തെക്കുറിച്ച് പറയാമോ?

1972ൽ മാർ അത്തനേഷ്യസ് കോളേജിൽ ബി.എസ്.സിക്ക് പഠിക്കുമ്പോഴാണ് ഞാൻ യു.പി.എസ്.സി പരീക്ഷയെഴുതി സെൻട്രൽ സെക്രട്ടറിയേറ്റിൽ ജോലിയിൽ പ്രവേശിക്കുന്നത്. സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവരിക എന്നുള്ള തീവ്രമായ ആഗ്രഹം കൊണ്ട് ഐ.എ.എസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് നടത്തിയിരുന്നു. ഇതിനിടയിലാണ് കോതമംഗലം എന്ന സ്വന്തം നാട്ടിൽ നിന്നുതന്നെ ബ്രിജിറ്റിനെ ജീവിതസഖിയായി ഒപ്പം കൂട്ടുന്നത്. രണ്ടുപേരും ഒരേ സ്ഥലത്ത് തുടരണമെന്ന തീരുമാനം നിമിത്തമാണ് ഭാര്യയ്ക്ക് പിന്നാലെ ഞാനും അമേരിക്കയിലേക്ക് കുടിയേറുന്നത്. ഇവിടെ 'സെവൻ ഇലവൻ' പോലുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്ത ശേഷമാണ് ബിസിനസിലേക്ക് തിരിഞ്ഞത്. ഒപ്പം നാട്ടിൽ നിന്നുള്ള ഒട്ടേറെ നഴ്സിംഗ് ഉദ്യോഗാർത്ഥികളെ അമേരിക്കയിലെത്താൻ സഹായിക്കുകയും ചെയ്തു.

നഴ്സിംഗ് പ്രവേശനത്തിലെ വിവേചനങ്ങൾക്കെതിരെ നടത്തിയ നിയമപോരാട്ടത്തെക്കുറിച്ച് വിവരിക്കാമോ?

പണ്ട് നഴ്സിംഗിന് ചേരണമെങ്കിൽ ഇത്ര പൊക്കം വേണം, ഇത്ര തൂക്കം വേണം, അവിവാഹിതരായിരിക്കണം എന്നിങ്ങനെയുള്ള കടുത്ത വിവേചനങ്ങൾ നിലനിന്നിരുന്നു. ഈ വിചിത്ര നിയമങ്ങൾ കാരണം അവസരം നിഷേധിക്കപ്പെട്ട ഒരു പെൺകുട്ടിക്കായി ഞങ്ങൾ കേരള ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. വക്കീലും സിനിമാ നിർമ്മാതാവുമായ സുരേഷ് ഉണ്ണികൃഷ്ണൻ മുഖേനയാണ് അന്ന് കോടതിയെ സമീപിച്ചത്. നഴ്സിംഗ് പ്രവേശനത്തിന് പ്ലസ് ടു യോഗ്യതയും ശാരീരികക്ഷമതയും മാത്രം മതി എന്ന ചരിത്രപരമായ വിധി കോടതി പുറപ്പെടുവിച്ചത് ആ പോരാട്ടത്തിലൂടെയാണ്.

നഴ്സുമാരുടെ സർട്ടിഫിക്കറ്റും ബോണ്ട് സിസ്റ്റവുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലുകൾ എന്തൊക്കെയാണ്?

നഴ്സിംഗ് വിദ്യാർത്ഥികളുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ പിടിച്ചുവെക്കുന്നതിനെതിരെയും ഞങ്ങൾ ശക്തമായി പോരാടിയിട്ടുണ്ട്. ഡോക്ടർമാർക്കോ മറ്റേതെങ്കിലും പ്രൊഫഷണലുകൾക്കോ ഇല്ലാത്ത ഇത്തരമൊരു രീതി നഴ്സുമാർക്ക് മാത്രം ബാധകമാക്കുന്നതിലെ അനീതി ഞങ്ങൾ കോടതിയിൽ ചോദ്യം ചെയ്തു. ഏഷ്യാനെറ്റിലെ അനിൽ അടൂർ, ഫ്ലവർസിലെ (24 ന്യൂസ്) പി.പി.ജെയിംസ് എന്നിവർ വഴിയാണ് നഴ്‌സുമാരുടെ കുറഞ്ഞ വേതനം മലയാളികളുടെ ശ്രദ്ധയിൽപ്പെടുന്നത്. നഴ്സിംഗ് രംഗത്തേക്ക് പുരുഷന്മാർകൂടി കടന്നുവന്നപ്പോഴാണ് അവകാശങ്ങൾ തുറന്നുചോദിക്കാൻ തന്റേടമായത്. അതുവരെയും പാവം പെണ്ണുങ്ങളുടെ സ്വരം പുറത്തുകേൾക്കാതെ അടിച്ചമർത്തിയവരിൽ പല ആശുപത്രിയുടെയും തലപ്പത്തുള്ള മതനേതാക്കൾ വരെയുണ്ട്. ഉഷാ കൃഷ്ണകുമാർ, ജാസ്മിൻ ഷാ എന്നിവരുടെ നേതൃത്വത്തിൽ പല ഗ്രൂപ്പുകളായി നടത്തിയ ഈ പോരാട്ടങ്ങൾ വഴി സർട്ടിഫിക്കറ്റുകൾ തിരികെ ലഭിക്കുന്നതിനും ബോണ്ട് സമ്പ്രദായത്തിൽ മാറ്റം വരുത്തുന്നതിനും സാധിച്ചു. സേവനം, ശുശ്രൂഷ എന്നുള്ള വാക്കുകൾ കേൾക്കാൻ രസമാണ്. എന്നാൽ, നാൾക്കുനാൾ സാധനങ്ങളുടെ വില കൂടുന്ന കേരളത്തിൽ ജീവിക്കുമ്പോൾ ശമ്പള പരിഷ്കരണം കൂടിയേ തീരൂ. വൈദ്യുതി ബിൽ അടയ്ക്കാൻ പോലും ശമ്പളം തികയാത്തവരുണ്ട്. കരാർ അടിസ്ഥാനത്തിൽ ജോലിനൽകിക്കൊണ്ട് അടിസ്ഥാന ആനുകൂല്യങ്ങൾ നൽകാത്ത മാനേജ്‌മെന്റുകളുമുണ്ട്. സമരം ചെയ്യാത്തവരെ തിരിഞ്ഞുനോക്കാത്ത പ്രവണതയാണ് കേരളത്തിലുള്ളത്. കരയുന്ന കുട്ടിക്കേ പാലുള്ളൂ എന്ന് പറയുന്നതുപോലെയാണ് സാഹചര്യം.

സമൂഹ മാധ്യമങ്ങളിൽ നിന്നുള്ള സ്വാധീനം?

സമൂഹ മാധ്യമങ്ങളിൽ നിന്നുള്ള പിന്തുണയും വളരെ വലുതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നഴ്സുമാർക്ക് ഐക്യദാർഢ്യം അറിയിച്ചും ധനസഹായം നൽകിയും ഒട്ടേറെ ആളുകൾ മുന്നോട്ടുവരുന്നത് സോഷ്യൽ മീഡിയയുടെ ഇമ്പാക്റ്റാണ്. ഒന്നും ഒതുക്കിത്തീർക്കാതെ അതാത് സമയങ്ങളിൽ സത്യമായ വാർത്തകൾ പരക്കുന്നത് നല്ലതാണ്. സമരം നടത്തുന്നവരുടെ ഉദ്ദേശശുദ്ധി മനസ്സിലാക്കിക്കൊണ്ട് ഫൊക്കാന നേതാവ് ഫിലിപ്പോസ് ഫിലിപ്പ്, പമ്പ എന്ന സംഘടനയുടെ നേതാവ് ജോയ് തട്ടാർകുന്നേൽ തുടങ്ങിയവരും ഇത്തരം സാമ്പത്തിക ലക്ഷ്യങ്ങൾക്കായി ധനസഹായം നൽകുകയും ഐക്യദാർഢ്യം അറിയിക്കുകയും ചെയ്തത് വലിയ കാര്യമാണ്.

കേരളത്തിലെ നഴ്സുമാരുടെ നിലവിലെ സമരത്തോട് 'പിയാനോ' (PIANO) എങ്ങനെയെല്ലാമാണ് സഹകരിക്കുന്നത്?

പെൻസിൽവാനിയ ഇന്ത്യൻ അമേരിക്കൻ നഴ്സസ് ഓർഗനൈസേഷന്റെ (PIANO) സ്ഥാപക പ്രസിഡന്റ് കൂടിയായ ഭാര്യ ബ്രിജിത്ത് വിൻസെന്റ് വഴി കേരളത്തിലെ നഴ്സുമാരുടെ അവകാശങ്ങൾക്കായി ഞങ്ങൾ ഇപ്പോഴും നിലകൊള്ളുന്നു. നിലവിൽ കേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (UNA) നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ബ്രിജിറ്റ് ഒരു ലക്ഷം രൂപയുടെ ധനസഹായം നൽകിയിട്ടുണ്ട്. ഇതിനുപുറമെ, സമരത്തിൽ ഏർപ്പെട്ടതുമുതൽ  സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന 19 നഴ്സുമാർക്ക് നേരിട്ട് പണം അയച്ചുകൊടുക്കാനും സാധിച്ചു. നഴ്സുമാരോടുള്ള മാനേജ്മെന്റുകളുടെ അവഗണന അവസാനിപ്പിക്കണമെന്നതാണ് ഞങ്ങളുടെ നിലപാട്.

വേതനം ഉയർത്തുക എന്നതാണോ നഴ്സുമാരുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം?

അതുകൊണ്ട് മാത്രം ആയില്ല. അർഹിക്കുന്ന ആദരവും അംഗീകാരവും നഴ്സുമാർക്ക് കിട്ടണം. അമേരിക്കയിലായാൽപോലും നഴ്സുമാരുടെ ജോലി അതികഠിനമാണ്. എന്നാൽ, മാന്യമായ വേതനത്തോടൊപ്പം അവർക്ക് അംഗീകാരവും ആദരവും ലഭിക്കുന്നുണ്ട്. മലയാളി നഴ്സുമാരുടെ സംഭാവനകൊണ്ടാണ് ഇവിടെ പല പള്ളികളും പണിതിട്ടുള്ളത്. രാഷ്ട്രീയ മുഖ്യധാരയിലേക്ക് കടന്നുവരുന്ന തരത്തിൽ പോലും ഇവിടുള്ള നഴ്സുമാർ വളർന്നിട്ടുണ്ട്.

ഇത്രയും കാലത്തെ സാമൂഹിക പ്രവർത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു?

നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തിക്കും ഈ പ്രപഞ്ചത്തിൽ ഒരു പ്രതിഫലമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ കർമ്മഫലത്തിന്റെ പ്രതിഫലനം മക്കളുടെ ജീവിതത്തിലുണ്ടെന്ന് കരുതുന്നു. ഭാര്യ ബ്രിജിത്ത് വിൻസെന്റിനെ പെൻസിൽവാനിയയിലെ സ്റ്റേറ്റ് നഴ്സിംഗ് ബോർഡിലേക്ക് ഗവർണർ ടോം വുൾഫ് നിയമിച്ചിരുന്നു  (കേരളത്തിലെ പി.എസ്.സി മെമ്പർക്ക് സമാനമായ പദവി). നഴ്സിംഗ് മേഖലയെ നിയന്ത്രിക്കുകയും നഴ്സിംഗ് സ്കൂളുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുകയും ചെയ്യുന്ന ബോർഡാണിത്.

മക്കളായ ഡോ. ലിസ (ഗെയ്‌സിംഗർ മെഡിക്കൽ കോളേജ് അസോസിയേറ്റ് ഡീൻ), ടിഷ (പ്രോഡക്റ്റ് മാനേജർ), ജാസ്മിൻ (ഡോക്ടർ) എന്നിവരും അതത് മേഖലകളിൽ വിജയം കൈവരിച്ച് സ്വസ്ഥമായ കുടുംബജീവിതം നയിക്കുന്നു. ഈ രാജ്യത്തിനോടും സമൂഹത്തോടും നന്ദിയുള്ളവനായി ജീവിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക