
നീണ്ട അനിശ്ചിതത്വം അവസാനിപ്പിച്ച് വി.ഡി.സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. യഥാർഥത്തിൽ ഇത് ജനങ്ങളുടെ വിജയമാണ്. ജനങ്ങൾ നേരിട്ടു മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത് പോലുണ്ട്.
പ്രതിപക്ഷ നേതാവ് ,പട നയിച്ചവൻ എന്ന ലേബലുകളിൽ സതീശന് അർഹമായ സ്ഥാനം നൽകാൻ വൈകിയെന്നു മാത്രം. പക്ഷേ, സതീശൻ്റെ സ്വീകാര്യത വ്യക്തമാക്കപ്പെട്ടു.ഒപ്പം ജനം ഏറെ പ്രതീക്ഷയോടെ കണ്ട ചില യുവ എം.എൽ.എമാരും എം.പി.മാരും അപഹാസ്യരായി.
കഴിഞ്ഞ ദിവസം ഞാൻ എഫ്.ബി യിൽ കുറിച്ചത് ചുവടെ.
ന്യൂഡൽഹിയിൽ കോൺഗ്രസ് ലോ കമാൻഡ് സ്റ്റേഡിയത്തിലെ ഫുട്ബോൾ മത്സരം എക്സ്ട്രാ സമയവും കഴിഞ്ഞ് ടൈബ്രേക്കറിലെത്തിയിരിക്കുകയാണ്. കളി കെ.സി. വേണുഗോപാലിന് അനുകൂലമായി മാറിക്കൊണ്ടിരിക്കെയാണ് ഇഞ്ചുറി ടൈമിൽ പ്രിയങ്കയുടെ ത്രോ ഇൻ വന്നത് .
ടൈബ്രേക്കറിൽ ഷാഫിയും അനിൽ കുമാറും വിഷ്ണുനാഥും സതീശൻ്റെ ഗോൾ വല ചലിപ്പിക്കും.വി.എം സുധീരനും കെ.മുരളീധരനും കെ.സിയുടെ പോസ്റ്റിൽ ഗോൾ അടിക്കും.കേരളത്തിൽ നിന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ്റെ നീണ്ട ലോബും കൃത്യമായി കെ.സിയുടെ പോസ്റ്റിൽ വീഴും.( നാട്ടിൽ നിന്ന് കിക്ക് എടുക്കാൻ മുല്ലപ്പള്ളിക്ക് ഫിഫ പ്രത്യേക അനുമതി നൽകി)
തിരുവഞ്ചൂർ കെ.സി.ക്കു വേണ്ടി ഷോട്ട് എടുക്കുമെങ്കിലും പുറത്തേക്ക് പോയാൽ അദ്ഭുതപ്പെടേണ്ട.എം.എം ഹസൻ ബെഞ്ചിലിരിക്കും.
കളി സഡൻ ഡെത്തിലേക്കു നീങ്ങിയേക്കും. ആദ്യ ഷോട്ട് എ.കെ.ആൻ്റണിക്കെങ്കിൽ വി.ഡി.സതീശൻ മുഖ്യമന്ത്രി. കെ.സിയുടെ കളിക്കാരൻ നിർണായക ഷോട്ട് എടുക്കാൻ ഒരുങ്ങുമ്പോൾ ജനം കളത്തിലിറങ്ങും. ഷോട്ട് ലക്ഷ്യം തെറ്റും.
ലോക കപ്പിലെ പുതിയ നിയമമനുസരിച്ച് ആദ്യ റൗണ്ടുകളിലെ മഞ്ഞ കാർഡ് ഫൈനലിൽ കണക്കിലെടുക്കേണ്ടെന്ന് ഇരു ടീമിൻ്റെയും ഹൈ പെർഫോമൻസ് കോച്ച് കൂടിയായ സോണിയ ഗാന്ധി നിർദേശം നൽകിയിട്ടുണ്ടെന്നു കേട്ടു.
വിസിൽ രാഹുൽ ഊതും. ഖർഗെ ലൈൻ റഫറിയാണ്. എങ്കിലും അവസാന പ്രതീക്ഷ ഡോണൾഡ് ട്രംപിലാണ്.ഇന്നു കളി നിർത്തിയില്ലെങ്കിൽ ലോ കമാൻഡ് പ്രതിനിധികൾക്ക് 200 ശതമാനം തീരുവ ചുമത്തുമെന്നു മാത്രമല്ല, ലോക കപ്പിന് വീസയും നിഷേധിക്കുമെന്ന് ട്രംപ് പറഞ്ഞു.
ഇതിൽ ചെറിയ മാറ്റം സംഭവിച്ചു.തിരുവഞ്ചൂർ രാധാകൃഷ്ണനും എം.എം.ഹസ്സനും കെ.സിക്കൊപ്പം ചേർന്നു. അപ്പോൾ മറു വശത്ത് കൊടിക്കുന്നിൽ സുരേഷും അടൂർ പ്രകാശും സതീശനെ പിന്തുണച്ചു. ഞാൻ കുറിച്ചതു പോലെ സഡൻ ഡെത്തിൽ എ.കെ. ആൻ്റണി നിർണായക ഗോൾ അടിച്ചു.
ഇനിയൊരു സംഭവ കഥ.
1987 ൽ കേരളത്തിൽ നടന്ന ദേശീയ ഗെയിംസിൻ്റെ സമാപനം ഓർക്കുന്നവരുണ്ടോ? ഇ.കെ.നായനാർ ആണ് മുഖ്യമന്ത്രി. പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് സമാപനത്തിന് മുഖ്യാതിഥി. കേരളത്തിൻ്റെ നായകരായി പി.ടി.ഉഷയും (ഉഷയ്ക്ക് പരുക്കുമൂലം മത്സരിക്കാനായില്ല) വിൽസൻ ചെറിയാനും.
ഓവറോൾ ചാംപ്യൻമാർക്കുള്ള ട്രോഫി സമ്മാനിക്കാൻ രാജീവ് ഗാന്ധി എഴുന്നേറ്റതും ഉഷയ്ക്കും വിൽസനും മുമ്പേ ട്രോഫി സ്വീകരിക്കാൻ ഒരാൾ സ്റ്റേ ജിൽ ചാടിക്കയറി. ഭാഗ്യത്തിന് ആരോ തടഞ്ഞു.രാജീവ് ഗാന്ധിയോട് കാര്യം പറഞ്ഞു. കേരള ടീം മാനേജർ ആയിരുന്നത്.
ഉഷയും വിൽസനും സ്റ്റേജിൽ കയറിവരാൻ രാജീവ് കാത്തു നിന്നു.എന്നിട്ടും പല പത്രങ്ങളിലും വന്ന ചിത്രത്തിൽ തലനീട്ടി മാനേജരുമുണ്ടായിരുന്നു.
അന്നു രാജീവ് കാട്ടിയ വിവേകം ഇപ്പോൾ രാഹുലും കാട്ടി. പക്ഷേ, അതിന് സോണിയയും പ്രിയങ്കയും ഇടപെടേണ്ടി വന്നു എന്നു മാത്രം.