
രാഷ്ട്രീയകേരളത്തിന്റെ നാളിതുവരെയുള്ള ചരിത്രത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കമിട്ട് അഡ്വ. വി ഡി സതീശൻ മുഖ്യമന്ത്രി പദത്തിലേക്ക് എത്തുമ്പോൾ ഇത് കേരളത്തിലെ യു ഡി എഫ് പ്രവർത്തകർ ഏറെ കാലമായി കാത്തിരുന്ന രാഷ്ട്രീയ നിമിഷം . ഒരു പതിറ്റാണ്ട് കാലം ഭരണമില്ലാതിരുന്ന ഒരു മുന്നണിയുടെ പ്രതീക്ഷകളെ ടീം യുഡിഎഫ് എന്ന് ഉറക്കെ പ്രഖ്യാപിച്ചും ജനമനസറിഞ്ഞും പ്രതിപക്ഷ നേതാവായി നിന്ന് സതീശൻ നേടിയെടുത്തതിനുള്ള അംഗീകാരമായി ഈ മുഖ്യമന്ത്രിക്കസേര
ഏത് വിഷയത്തിലും നിശ്ചയിച്ചുറച്ച നിലപാടുകളിൽ നിന്ന് വ്യതിചലിക്കാൻ തയാറല്ലാതിരുന്ന, 'നിലപാടുകളുടെ രാജകുമാരനാ'ണ് സതീശൻ. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ നയങ്ങൾക്കെതിരെ സ്വീകരിച്ച അഗ്രസീവായ നിലപാടുകൾ സതീശനിലെ പോരാളിയെ ജനത്തിന് പ്രിയങ്കരനാക്കി.
''യുഡിഎഫ് സംസ്ഥാനത്തെ 140 സീറ്റുകളിൽ 100 സീറ്റ് നേടിയില്ലെങ്കിൽ, ഞാൻ രാഷ്ട്രീയം ഉപേക്ഷിച്ച് വനവാസത്തിന് പോകും,” എന്ന് കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ്, പ്രതിപക്ഷ നേതാവായിരുന്ന വി ഡി. സതീശൻ പ്രഖ്യാപിച്ചപ്പോൾ പല കോൺഗ്രസ് പ്രവർത്തകരും പരിഹസിക്കുകയും അതിശയത്തോടെ കേൾക്കുകയും ചെയ്‌തെങ്കിലും സതീശന് വിജയത്തിൽ സംശയമില്ലായിരുന്നു. ഒരു രാഷ്ട്രീയ നേതാവ് നടത്താൻ മടിക്കുന്ന പ്രഖ്യാപനമായിരുന്നു അന്ന് സതീശൻ നടത്തിയത്. സതീശൻ വനവാസത്തിന് പോകുന്നത് ട്രോളുകളും മീമുകളുമാക്കി ഇടതുകേന്ദ്രങ്ങൾ രസിച്ചപ്പോൾ സാധാരണ കോൺഗ്രസ് പ്രവർത്തകർക്ക് മനസ്സിൽ അങ്കലാപ്പായിരുന്നു. പക്ഷേ ഈ പ്രഖ്യാപനം യുഡിഎഫ് പ്രവർത്തകർക്ക് അധികാരം പിടിക്കാൻ അരയും തലയും മുറുക്കി ഇറങ്ങാൻ ആവേശമാകുന്നതാണ് പിന്നീട് കണ്ടത്.
വോട്ടെടുപ്പിന് ശേഷം സതീശൻ പറഞ്ഞത് നൂറിലേറെ സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ്. ഒരു ഡസനിൽ അധികം മന്ത്രിമാർ ഇത്തവണ തോൽക്കുമെന്നും വി ഡിയുടെ പ്രവചനമുണ്ടായി. ഒടുവിൽ തിരഞ്ഞെടുപ്പ് ഫലം വന്ന് 102 സീറ്റ് എന്ന ചരിത്ര വിജയം യു ഡി എഫ് നേടിയപ്പോൾ സതീശൻ തന്നെ ചിരിച്ചു. കോൺഗ്രസിന് 63 സീറ്റുകളും സമ്മാനിച്ചാണ് സതീശൻ മുഖ്യമന്ത്രി കസേരയിൽ എത്തുന്നത്. ഒരു തവണ പോലും മന്ത്രിയാകാതെയാണ് സതീശന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത് എന്നതും ശ്രദ്ധേയം .
ഫലം പ്രഖ്യാപിച്ച ശേഷം അപ്രതീക്ഷിതമായുണ്ടായ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ യുഡിഎഫിനെ വൻ വിജയത്തിലേക്ക് നയിച്ച ‘ടീം നായകൻ’ ഭരണചക്രം തിരിക്കട്ടെ എന്ന ഹൈക്കമാൻഡ് തീരുമാനം വന്നത് രാഷ്ട്രീയ കേരളത്തിനും യു ഡി എഫ് പ്രവർത്തകർക്കും ആവേശമായി . മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശമുന്നയിച്ച് കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും എത്തിയെങ്കിലും ജന പിന്തുണ വി ഡിക്കാണ് എന്ന് കോൺഗ്രസ് ഹൈക്കമാൻഡ് വൈകിയെങ്കിലും തിരിച്ചറിഞ്ഞതാണ് വി ഡി യെ മുഖ്യമന്ത്രിക്കസേരയിലെത്തിച്ചത് . മുഖ്യമന്ത്രിക്കസേരയിലേക്കുള്ള മത്സരത്തിൽ എംഎൽഎമാരുടെ പിന്തുണ കെസി വേണുഗോപാലിന് ഉണ്ടായിരുന്നുവെങ്കിലും ശക്തമായ ജനവികാരം സതീശന് അനുകൂലമായ നിലയിലേക്ക് കാര്യങ്ങൾ എത്തിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിലും തെരുവുകളിലും ഒരുപോലെ സതീശന് വേണ്ടി മുറവിളി ഉയരുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളം കണ്ടത്.
എറണാകുളം ജില്ലയിലെ പറവൂർ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി ആറാം തവണയും വിജയിച്ച സതീശൻ, ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ജയത്തിന്റെ പ്രധാന ശില്പിയായി.
2021 മുതൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ സഭയ്ക്ക് അകത്തും പുറത്തും പിണറായി വിജയൻ സർക്കാരിനെതിരെയുള്ള ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ച സതീശൻ കോൺഗ്രസിനെ ഒരു ആക്രമണോത്സുക പ്രതിപക്ഷമായി മാറ്റുന്നതിൽ വിജയിച്ചു. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തതുമുതൽ മുന്നണിയെ ഒരു പാർട്ടിയെ പോലെ 'ടീം യുഡിഎഫ്' എന്ന ടാഗോടെ അദ്ദേഹം ഒറ്റക്കെട്ടായി നയിച്ചു . ഘടക കക്ഷി പ്രവർത്തകരും വി ഡി സതീശനെ പ്രിയ നേതാവായി കണ്ടതോടെ പത്തു വർഷത്തിനുശേഷം ഉജ്ജ്വല വിജയത്തോടെ അധികാരം പിടിക്കാനായി.
കഴിഞ്ഞ അഞ്ചു വര്‍ഷവും പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടു വരുന്ന വിഷയങ്ങളെ കൃത്യമായി ജനങ്ങളിലെത്തിക്കാന്‍ കഠിനാധ്വാനം നടത്തുകയും അതിലൂടെ ഭരണപക്ഷത്തെ മുള്‍മുനയിലാക്കാനും വിഡി സതീശന് കഴിഞ്ഞു . ഏതു വിഷയവും ആഴത്തില്‍ പഠിച്ച ശേഷം സഭയിലും പുറത്തും അവതരിപ്പിക്കുന്ന സതീശന്റെ ശൈലി വലിയ തോതില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള പ്രവർത്തനത്തിനിടെ, സിപിഐഎമ്മിനുള്ളിലും ഇടത് അനുഭാവമുള്ള പൊതുസമൂഹത്തിനിടയിലും മുഖ്യമന്ത്രി പിണറായി വിജയൻ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി വളർന്നപ്പോൾ അദ്ദേഹത്തെ നേരിട്ട് വെല്ലുവിളിച്ച സതീശന്റെ പോരാട്ട വീര്യമുള്ള രാഷ്ട്രീയം ശ്രദ്ധിക്കപ്പെട്ടു.
2021ല്‍ വിഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കുമ്പോള്‍ സഭയില്‍ കോണ്‍ഗ്രസിന്റെ പ്രാതിനിധ്യം വെറും 21 സീറ്റായിരുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ തന്റെ പാര്‍ട്ടിയുടെ അംഗബലം 63 ആക്കി ഉയര്‍ത്തിയ സതീശന്‍ ഐക്യജനാധിപത്യ മുന്നണിക്ക് വലിയ ഊർജമാണ് സമ്മാനിച്ചത് . 2001ൽ കോൺഗ്രസ് നേടിയ 63 സീറ്റുകൾ നിലനിർത്തേണ്ടതുണ്ടെന്നും ഈ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചാൽ മാത്രമേ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മുന്നേറ്റമുണ്ടാക്കാൻ കഴിയൂവെന്നും മനസിലാക്കി 63 സീറ്റുകളിലെ തന്ത്രങ്ങൾ തയാറാക്കി. ബൂത്തുതലം മുതൽ പാർട്ടിയും മുന്നണി സംവിധാനവും പുനഃസംഘടിപ്പിച്ചു. മുന്നണിയെ കൈപിടിച്ച് നടത്തിച്ച്, പ്രവർത്തകരുടെ ആത്മവിശ്വാസം തിരികെപിടിക്കാൻ വി ഡിക്ക് സാധിച്ചു.
ഉപതിരഞ്ഞെടുപ്പുകളിൽ മിന്നുന്ന വിജയം സ്വന്തമാക്കിയതിന് പിന്നാലെ ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിലും മികച്ച വിജയങ്ങൾ സ്വന്തമാക്കിയതോടെ മികച്ച പോൾ മാനേജരെന്ന് എതിരാളികൾ പോലും സമ്മതിച്ചു
കെഎസ് യുവിലൂടെ രാഷ്ട്രീയത്തിലേയ്‌ക്കെത്തിയ വിഡി സതീശന്‍ എറണാകുളം ജില്ലയിലെ നെട്ടൂര്‍ സ്വദേശിയാണ്. വടശ്ശേരി ദാമോദര മേനോനാണ് പിതാവ്. മാതാവ് വി വിലാസിനി. നെട്ടൂര്‍ എസ്‌വിയുപി സ്‌കൂളില്‍ പ്രൈമറി വിദ്യാഭ്യാസവും പനങ്ങാടില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. തേവര സേക്രഡ് ഹാര്‍ട് കോളജിലെ പഠനശേഷം നിയമ ബിരുദം എടുത്തിട്ടുണ്ട്.
എംജി സര്‍വകലാശാല യൂണിയന്‍ കൗണ്‍സിലറും എംജി യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനുമായിരുന്നു. എന്‍എസ്‌യു ദേശീയ സെക്രട്ടറി, എഐസിസി സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ് പദവികളും വഹിച്ചിട്ടുണ്ട്.
1996ല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ തോറ്റു കൊണ്ടായിരുന്നു വി ഡി സതീശന്റെ രാഷ്ട്രീയ തുടക്കം. 2001-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്ന കെഎം ദിനകരനെ 7,792 വോട്ടിന് തോല്‍പ്പിച്ച് നിയമസഭയിലെത്തി. മികച്ച ഭൂരിപക്ഷത്തില്‍ 2001ല്‍ മണ്ഡലം പിടിച്ച വിഡി സതീശന്‍ തുടര്‍ന്നു 2006, 2011, 2016, 2021, 2026 തെരഞ്ഞെടുപ്പുകളില്‍ മികച്ച ഭൂരിപക്ഷം സ്വന്തമാക്കിയാണ് സഭയിലേയ്ക്ക് എത്തിയിട്ടുള്ളത്. പന്ത്രണ്ടാം നിയമസഭയില്‍ കോണ്‍ഗ്രസ് വിപ്പായിരുന്നു.
പാർലമെന്ററി മികവ്, പ്രവർത്തകരെ അടുത്തറിയുന്ന നായകൻ, മൂർച്ചയുള്ള വാക്കുകൾ, ജനകീയ പ്രശ്നങ്ങളിലെ ആഴത്തിലുള്ള അറിവ് എന്നിവ സതീശനെ ഒടുവിൽ കേരളത്തിന്റെ അമരക്കാരനാക്കിയിരിക്കുന്നു. പ്രവർത്തകരുടെ മനോവീര്യം ഉയർത്തിയും കൃത്യമായ സോഷ്യൽ എഞ്ചിനീയറിങ്ങിലൂടെയും ഈ വൻ വിജയം സ്വന്തമാക്കാൻ മുന്നിട്ട് നിന്ന തങ്ങളുടെ നായകനെ ജനം നെഞ്ചേറ്റുന്ന കാഴ്ചയ്ക്കാണ് ഇപ്പോൾ കേരളം വേദിയാകുന്നത്.