Image

ഇത്‌ മനനകാലമാണ് (കവിത: രമാ പിഷാരടി)

Published on 14 May, 2026
ഇത്‌ മനനകാലമാണ് (കവിത: രമാ പിഷാരടി)

ഇത്‌ മനനകാലം 
സ്‌മൃതിക്ക്, ഋതു -
ഭാഷയ്ക്ക് വെയിൽ 
കൊണ്ട് പൊള്ളുന്ന 
മണ്ണിന്റെ തരികൾക്ക് 
ഇത്‌ മൗനകാലം 
ഉലഞ്ഞ ഭൂതായന--
ക്കിളികൾക്ക്, വെയിൽ വീണ് 
പൊള്ളുന്നൊരിലകൾക്ക് 
വഴികൾക്ക് ചുമരിൽ 
പതിച്ച ചിത്രങ്ങൾക്ക് 
നിറമറ്റ്  വീഴുന്ന 
പഴയ ഗ്രാമങ്ങൾക്ക് 
ഇത്‌ ശമനകാലം 
നിശ്ശബ്ദമാം സാന്ത്വനം

ഇത്‌ മനനകാലം 
ഉറഞ്ഞ ശൈത്യത്തിന്റെ 
പടി കടന്നൊടുവിലൊരു 
ധ്യാനമൗനസ്വരം 
നിഴലുകൾ നിഴൽ-
ക്കുത്തിലോർമ്മകൾ 
കവർന്നൊടുവിൽ 
മരവിച്ചിരിക്കുന്ന 
ശാന്തസായന്തനം

ഇരുൾ മാഞ്ഞ്
വിരിയുന്ന പുലരിയി-
ലെഴുത്തിന്റെ 
ഒരു ചെമ്പകപ്പൂ
സുഗന്ധമിറ്റിക്കവേ 
ജപമുത്തിലൊരു ഭൂമി 
തിരിയുന്നു ദൂരത്ത് 
കലഹവും യുദ്ധവും 
തീപ്പന്തമെറിയുന്നു

ഒരു വാക്കിനെതിർ വാക്ക്, മൗനമെന്നൊരു 
ശബ്ദഹൃദയതാരവലി
താരകാമണ്ഡലം! 
മൃദുലമാമൊരു സ്വപ്ന-
ജാലകപ്പട്ടുവിരിയതിൽ 
നാട്ടുവെട്ടും രചിക്കുന്ന 
ചിത്രങ്ങൾ

വഴിപിരിഞ്ഞൊടുവിലീ-
വാസന്തവനികയിൽ 
ചിറകറ്റ മേഘങ്ങൾ 
തീ കൊണ്ട് പുകയവേ 
തിരികെട്ട വഴിവിളക്കൊന്നിലായ് 
വീഴുന്ന  പഴിയും പരാതിയും 
മൗനത്തിലാഴവേ.,

ഇത്‌ മനനകാലം 
മഴയ്ക്കും കിനാവിനും
ഇത്‌ മൗനകാലം 
എഴുത്തിന്റെ ഭാഷയ്ക്ക് 
ലിപികൾക്ക്, ലിഖിതം 
മറന്ന നൂറ്റാണ്ടിന്റെ 
അടിവേരിലുണരും 
പ്രപഞ്ചസത്യങ്ങൾക്ക് 
ഇത്‌ മനനകാലം 
ഒരിറ്റ് ജലകണികയിൽ 
പ്രളയമായാസമുദ്ര 
തിരകൾ ചുറ്റിലും 
ഇത്‌ മനനകാലം 
ഒരിറ്റ് കണ്ണീർജലം 
ഉറയുന്നു ഭൂമിയിൽ 
വാക്കിന്റെ സഹനമോ?

Join WhatsApp News
Sudhir Panikkaveetil 2026-05-14 23:06:06
ബുദ്ധിപരമായ കഴിവും, അറിവുമാണ് മനനം കൊണ്ടുദ്ദേശിക്കുന്നത്. എന്തെങ്കിലും ശ്രദ്ധയോടുകൂടി പരിഗണിക്കാൻ മനസ്സിനെ ഉപയോഗിക്കുക. എന്തെല്ലാം കാര്യങ്ങൾ മനനം ചെയ്യണം എന്ന് കാണിക്കുമ്പോൾ ചിലതെല്ലാം ശമനകാലത്തിൽ പെടുത്തിയിട്ടുണ്ട്. ശമനകാലം ശാന്തമായ കാലഘട്ടം. ഭൂതകാലത്തിലേക്ക് സഞ്ചരിച്ച കിളികൾക്ക് പോലും ശാന്തിയാണ്. അപ്പോൾ ഇന്നത്തെ അവസ്ഥ നമ്മെ ചിന്തിപ്പിക്കുന്നുവെന്നാണ് എനിക്ക് മനസ്സിലാകുന്നത്.
വിദ്യാധരൻ 2026-05-15 02:27:54
കാലാവസ്ഥ, കാലനില, സമുദ്രങ്ങൾ, കാടുകൾ, വന്യജീവികൾ, ഋതുക്കൾ — എല്ലാം ഒരുമിച്ച് മാറുന്നു.ഇവ പരസ്പരം ബന്ധിച്ചിരിക്കുന്നതിനാൽ, ഒന്നിലെ മാറ്റം മറ്റൊന്നിൽ പ്രതികരണം സൃഷ്ടിക്കുന്നു.നിങ്ങൾ അനുഭവിക്കുന്നത് — താളം തെറ്റിയ ഒരു ലോകമാണ്. ഇത് 'മനന കാലമാണ്' വിദ്യാധരൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക