Image

വി.ഡി സതീശന്‍ പുതിയ കാലത്തിന്റെ വിഷനുള്ള മുഖ്യമന്ത്രി; കേരളം ഇനി കൂടുതല്‍ തിളങ്ങണം (എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 14 May, 2026
 വി.ഡി സതീശന്‍ പുതിയ കാലത്തിന്റെ വിഷനുള്ള മുഖ്യമന്ത്രി; കേരളം ഇനി കൂടുതല്‍ തിളങ്ങണം  (എ.എസ് ശ്രീകുമാര്‍)

ഒടുവില്‍ കേരളത്തിന്റെ ജനവികാരത്തിനു മുന്നില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് വഴങ്ങേണ്ടിവന്നു. രാഹുല്‍ ഗാന്ധി കഴിഞ്ഞാല്‍ അഖിലേന്ത്യാ കോണ്‍ഗ്രസിന്റെ സംഘടനാ കാര്യങ്ങളില്‍ നിര്‍ണായക തീരുമാനങ്ങളെടുക്കുന്ന കരുത്തനായ കെ.സി വേണുഗോപാലിനെയും രമേശ് ചെന്നിത്തലയുടെ സീനിയോരിറ്റിയെയും മറികടന്ന് വി.ഡി സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി നിശ്ചയിച്ചതിനു പിന്നില്‍ യു.ഡി.എഫിന്റെ ഘടകകക്ഷികളുടെ താത്പര്യവും അതിലുപരിയായി കടുത്ത ജനവികാരവുമുണ്ട്. വി.ഡി സതീശനൊപ്പം മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് വലിയ അവകാശവാദമുന്നയിച്ച കെ.സി വേണുഗോപാല്‍ ഹൈക്കമാന്‍ഡ് തീരുമാനത്തെ സര്‍വാത്മനാ സ്വാഗതം ചെയ്തപ്പോള്‍ രമേശ് ചെന്നിത്തല തന്റെ അതപ്തി കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.

അതേസമയം, രാഹുല്‍ ഗാന്ധി കെ.സിയെ അനുനയിപ്പിച്ച് പിന്തിരിപ്പിച്ചത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യ പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്താണ്. അടുത്ത വര്‍ഷം മല്ലികാര്‍ജുന്‍ ഖര്‍ഗെ സ്ഥാനമൊഴിയുമ്പോള്‍ കെ.സി പ്രസിഡന്റാവുമെന്നാണ് വിവരം. എന്നാല്‍ രമേശ് ചെന്നിത്തലയെ എങ്ങനെ വിശ്വാസത്തിലെടുക്കുമെന്ന് വ്യക്തമല്ല. പരസ്യ പ്രകടനം നടത്താതെ അദ്ദേഹം അമര്‍ഷത്തോടെ മാറിനില്‍ക്കുകയാണ്. ഏതായാലും വി.ഡി സതീശന്റെ ഭരണത്തിനായി കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്നു. നാടിന് പരിചിതമല്ലാത്ത മറ്റാരു പുതു ഭരണ മാതൃക അദ്ദേഹം കാഴ്ചവയ്ക്കുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ. പാര്‍ട്ടി ഏല്‍പ്പിച്ച വലിയ ഉത്തരവാദിത്വം നിറവേറ്റി ജനങ്ങളുടെ പ്രതീക്ഷയ്ക്കൊയ്ത്ത് പ്രവര്‍ത്തിക്കുമെന്നും ഇത് ഒരു ദൈവനിയോഗമായി കാണുന്നുവെന്നും നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവെന്ന നിലയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം വി.ഡി സതീശന്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ അംഗീകാരമാണ് ഈ മുഖ്യമന്ത്രി സ്ഥാനം. ഉചിത തീരുമാനങ്ങളെടുക്കാനുള്ള പ്രാപ്തിയും നിലപാടിലെ വ്യക്തതയുമാണ് സതീശന്റെ പ്രത്യേകത. എല്‍.എസ്.എസിന്റെയും എസ്.എന്‍.ഡി.പിയുടെയും ദയാവായ്പിന് കാത്തുനില്‍ക്കാതെ, നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ഈ രണ്ട് പ്രബല സമുദായങ്ങളുടെയും തിണ്ണ നിരങ്ങാതെയാണ് സതീശന്‍ യു.ഡി.എഫിന് 102 സീറ്റുകളുടെ ഐതിഹാസിക വിജയം സമ്മാനിച്ചത്. എന്നാല്‍ ഇത് ടീം യു.ഡി.എഫിന്റെ വിജയമാണെന്നാണ് അദ്ദേഹം ആവര്‍ത്തിക്കുന്നത്. വിജയത്തിന്റെ ക്രെഡിറ്റ് സ്വയം ഏറ്റെടുക്കാതെ അത് എല്ലാവര്‍ക്കും തുല്യമായി വീതിച്ചു നല്‍കുന്ന സമീപനമാണ് വി.ഡി സതീശനെ യു.ഡി.ഫില്‍ സ്വീകാര്യനാക്കുന്നത്.

യു.ഡി.എഫ് 100-ന് മേല്‍ സീറ്റു നേടുമെന്നും എല്‍.ഡി.എഫിന്റെ ഒരു ഡസന്‍ മന്ത്രിമാര്‍ തോല്‍ക്കുമെന്നുമുള്ള സതീശന്റെ പ്രവചനം അക്ഷരാരാര്‍ത്ഥത്തില്‍ ഫലിക്കുന്നതാണ് കേരളം കണ്ടത്. ഇത് അദ്ദേഹം വെറുതെ ഊഹിച്ച് പറഞ്ഞതല്ല, മറിച്ച് കേരളത്തിന്റെ രാഷ്ട്രീയം മനസിരുത്തി പഠിച്ച് നടത്തിയ കൃത്യമായ വിലയിരുത്തലാണ്. തനിക്ക് ഉറങ്ങാന്‍ സമയം കിട്ടുന്നില്ലെന്ന് വി.ഡി സതീശന്‍ പലപ്പോഴും പറയാറുണ്ട്. കാരണം ദിവസത്തിന്റെ ഭൂരിഭാഗം മണിക്കൂറുകളിലും അദ്ദേഹം കഠിനാധ്വാനം ചെയ്യുന്നു. ഇങ്ങനെയുള്ള ഒരു വ്യക്തിയെയാണ് രാഷ്ട്രീയത്തിനതീതമായി കേരളം മുഖ്യമന്ത്രിക്കസേരയില്‍ ആഗ്രഹിച്ചത്. പാര്‍ട്ടിയില്‍ ചില പൊട്ടിത്തെറികള്‍ ഉണ്ടാകുമെങ്കിലും ആ താത്പര്യം ഹൈക്കമാന്‍ഡിലുടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

ഈ മാസം 31-ന് 62 വയസ് പൂര്‍ത്തിയാവുന്ന സി.ഡി സതീശന്‍ എന്ന 'വടശേരി ദാമോദരന്‍ സതീശന്‍' പുതിയ കാലത്തിന്റെ മുഖ്യമന്ത്രി ആണ്. അദ്ദേഹത്തിന് ഒരു വിഷന്‍ ഉണ്ട്. ഒരുപാട് മോഡലുകളെപ്പറ്റി അദ്ദേഹം പലപ്പോഴും പറയാറുണ്ട്. എന്നാല്‍ അതൊക്കെ നടപ്പാക്കാന്‍ അദ്ദേഹത്തിന് ഒരു മന്ത്രി സ്ഥാനം ലഭിച്ചിരുന്നില്ല. മുതിര്‍ന്ന നേതാക്കളുടെ അധികാര വടംവലിയില്‍ പലപ്പോഴും  വി.ഡി സതീശന്‍ തഴയപ്പെട്ടുവെന്നതാണ് നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യം. എന്നാല്‍ ഒരിക്കല്‍പ്പോലും സതീശന്റെ ഭാഗത്തുനിന്ന് പാരാതിയുടെയോ പരിഭവത്തിന്റെയോ ശബ്ദം മുയര്‍ന്നിട്ടില്ല. ഇപ്പോള്‍ ഒരു മാസ് എന്‍ട്രിയിലൂടെ അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലേയ്ക്കെത്തുമ്പോള്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത 'ഇന്ദിരാ ഗ്യാരന്റി' ഉള്‍പ്പെടെയുള്ള സ്വപ്ന പദ്ധതികള്‍ നടപ്പാവുമെന്ന് 100 ശതമാനം ഉറപ്പിക്കാം.

''പടനയിച്ചവന്‍ നാട് ഭരിക്കട്ടെ...'' എന്ന അനിവാര്യതയുടെ മുദ്രാവാക്യം കേരളം മുഴുവന്‍ അലയടിച്ച 10 ദിവസങ്ങള്‍ക്കൊടുവില്‍ ആ വികാരം ഉള്‍ക്കൊള്ളാതിരിക്കാന്‍ ഹൈക്കമാന്‍ഡിനായില്ല. അതുകൊണ്ടാണ് എം.എല്‍.എമാരുടെ ഭൂരിപക്ഷം നോക്കി മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കീഴ്വഴക്കം  വി.ഡിക്കുവേണ്ടി പാലിക്കപ്പെടാതെ പോയത്. ജനങ്ങളാണ് യജമാനന്‍മാര്‍ എന്ന സത്യം ആത്യന്തികമായി അംഗീകരിക്കപ്പെടും എന്നാണ് സതീശന്റെ തിരഞ്ഞടുപ്പിലൂടെ തെളിയിക്കപ്പെട്ടത്. ഭരണപരിചയം ഇല്ലാത്തത് സതീശന്റെ ഒരയോഗ്യതയായി ചൂണ്ടിക്കാണിക്കപ്പെട്ടെങ്കിലും അതൊക്കെ വെറു മുട്ടാപ്പോക്കായി മാത്രമാണ് ജനം കണ്ടത്. യു.ഡി.എഫിന് നേതൃത്വം കെടുത്ത സതീശന്‍ നാളെ ഉയര്‍ന്ന് വരുന്നത് ഒരു മികച്ച മുഖ്യമന്ത്രി എന്ന നിലയിലായിരിക്കില്ലെന്ന് ആരു കണ്ടു..?

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് കോണ്‍ഗ്രസും യു.ഡി.എഫും പ്രതിസന്ധിയിലായ കാലത്ത് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വന്ന വി.ഡി സതീശന്‍, പിന്നീട് നടന്ന അഞ്ച് ഉപതിരഞ്ഞെടുപ്പുകളില്‍ നാലിലും മുന്നണിയെ വിജയത്തിലേക്ക് നയിച്ച കരുത്തനായ നേതാവാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുന്നണിക്ക് 20-ല്‍ 18 സീറ്റ് നേടിക്കൊടുത്തു. തദ്ദേശതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെയും മുന്നണിയുടെയും ശക്തമായ തിരിച്ചുവരവിന് അടിത്തറ പാകി. തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് വിജയങ്ങളിലൂടെ മുന്നണിക്ക് ജയിക്കാമെന്ന ആത്മവിശ്വാസം പകര്‍ന്നു.

സാമുദായിക സംഘടനകളോടും രാഷ്ട്രീയ സമ്മര്‍ദ്ദശക്തികളോടും നിലപാടിന്റെ ബലത്തില്‍ കാര്‍ക്കശ്യത്തോടെ നിലകൊണ്ടത് ശക്തനായ നേതാവെന്ന പ്രതിച്ഛായ സമ്മാനിച്ചു. കെ-റെയില്‍, ശബരിമല സ്വര്‍ണ്ണക്കൊള്ള, കിഫ്ബി വഴിയുള്ള സാമ്പത്തിക ധൂര്‍ത്ത് തുടങ്ങിയവ തുറന്നുകാണിച്ച് സര്‍ക്കാരിനെ കണിശമായി എതിര്‍ത്തു. നിയമസഭയില്‍ നല്ല ഗൃഹപാഠത്തോടെയെത്തി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി. ഘടകകക്ഷികളുടെ അകമഴിഞ്ഞ പിന്തുണ അധികാരത്തില്‍ വരാന്‍ പോകുന്ന മുന്നണിയെന്ന നിലയില്‍ വികസന സ്വപ്നങ്ങള്‍ പങ്കുവച്ചതിലൂടെ പൊതുവിശ്വാസം ആര്‍ജിച്ചു. സീറ്റ് നൂറ് കടന്നതോടെ വിജയത്തിന്റെ പ്രധാനശില്പിയെന്ന അവകാശവും പാര്‍ട്ടിയില്‍ ഗോഡ്ഫാദറില്ലാത്ത സതീശന് അവകാശപ്പെട്ടതാണ്.

''കേരളം ജയിക്കും, യു.ഡി.എഫ് നയിക്കും...'' എന്നായിരുന്നു ഐക്യ ജനാധിപത്യ മുന്നണിയുടെ പ്രചാരണ മുദ്രാവാക്യം. അത് ''ജനം ജയിച്ചു, സതീശന്‍ നയിക്കും...'' എന്ന് മാറ്റിയെഴുതപ്പെടുകയാണ്. അതിലേയ്ക്ക് നയിച്ചത് എ.കെ ആന്റണിയുടെയും വി.എം സുധീരന്റെയും കെ മുരളീധരന്റെയും മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള ഘടകക്ഷികളുടെയുമൊക്കെ അചഞ്ചലമായ നിലപാടുകളാണ്. ഇനി ജനവികാരം പ്രതീക്ഷയ്ക്കൊത്ത് സംരക്ഷിക്കുകയാണ് സതീശന്റെ സുപ്രധാന ദൗത്യം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക