
കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തെ പൂർണ്ണമനസ്സോടെ അംഗീകരിക്കുന്നുവെന്ന് കെ.സി. വേണുഗോപാൽ അറിയിച്ചു. താൻ എന്നും അടിയുറച്ച ഒരു കോൺഗ്രസ് പ്രവർത്തകനാണെന്നും വ്യക്തിയേക്കാൾ വലുത് പാർട്ടിയും ജനങ്ങളുമാണെന്നും അദ്ദേഹം പ്രതികരിച്ചു. വി.ഡി. സതീശനും വരാനിരിക്കുന്ന സർക്കാരിനും തന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും, ഇതുവരെ നടന്ന ചർച്ചകൾക്ക് ഇനി പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കമാൻഡ് എല്ലാ വശങ്ങളും വിശദമായി പരിശോധിച്ച ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും കേരളത്തിലെ പ്രഖ്യാപനമായതിനാലാണ് താൻ നടപടിക്രമങ്ങളിൽ നിന്ന് വിട്ടുനിന്നതെന്നും അദ്ദേഹം പറഞ്ഞു.
വി.ഡി. സതീശന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേർന്ന കെ.സി. വേണുഗോപാൽ, ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്തുയരുന്ന ഭരണമായിരിക്കും പുതിയ സർക്കാരിന്റേതെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. തന്നെ പിന്തുണച്ചവർ ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. തനിക്കെതിരെ ഉയർന്ന ആക്ഷേപങ്ങളെല്ലാം സഹിക്കാൻ തയ്യാറാണെന്നും തന്നെ വ്യക്തിപരമായി ആക്രമിക്കുന്നവർക്ക് അത് തുടരാമെന്നും അദ്ദേഹം മറുപടി നൽകി. അടിയുറച്ച കോൺഗ്രസുകാരനായി തുടരുമെന്ന് ആവർത്തിച്ച അദ്ദേഹം, ഘടകകക്ഷികളുടെ സമ്മർദ്ദത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.