Image

പട നയിച്ചവൻ നാട് ഭരിക്കും; വിഡി സതീശന്‍ കേരള മുഖ്യമന്ത്രി

Published on 14 May, 2026
പട നയിച്ചവൻ നാട് ഭരിക്കും; വിഡി സതീശന്‍ കേരള മുഖ്യമന്ത്രി

ന്യൂഡല്‍ഹി: ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമം. വിഡി സതീശന്‍ കേരള മുഖ്യമന്ത്രി. എംഎല്‍എമാരുടെ പിന്തുണയ്ക്കപ്പുറം സംസ്ഥാനത്തിന്റെ ജനഹിതം കൂടി കണക്കിലെടുത്താണ് ഹൈക്കമാന്‍ഡ് തീരുമാനം. എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ഡൽഹിയിൽ നടത്തിയത്.

 നേരത്തെ കേരളത്തിലെ മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍, വിഡി സതീശന്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവരുമായി ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്തിയിരുന്നു. ലീഗ് നേതൃത്വത്തെയും തീരുമാനം അറിയിച്ച ശേഷമായിരുന്നു ഔദ്യോഗിക പ്രഖ്യാപനം.

യുഡിഎഫിനെ വൻ വിജയത്തിലേക്ക് നയിച്ച പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള മികച്ച പ്രവർത്തനവും ഘടകകക്ഷികളുടെ പിന്തുണയുമാണ് സതീശന് മുഖ്യമന്ത്രി പദത്തിലേക്കുള്ള വഴി എളുപ്പമാക്കിയത്.

മുഖ്യമന്ത്രിയുട‌െ സത്യപ്രതിജ്ഞ ഞായറാഴ്ചയുണ്ടാവുമെന്നാണു സൂചന. കോൺഗ്രസുകാരനായ അഞ്ചാമത്തെ മുഖ്യമന്ത്രി. മന്ത്രിയാകാതെ നേരിട്ട് മുഖ്യമന്ത്രിയായ വ്യക്തിയെന്ന പ്രത്യേകതയും വി ഡി സതീശനുണ്ട്.

കെ സി വേണുഗോപാലിന്റെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള എംഎല്‍എമാരെ വെച്ചുള്ള വിലപേശല്‍ കേരളത്തിലെ ജനവികാരം കണ്ട ഹൈക്കമാന്‍ഡ് അംഗീകരിച്ചില്ല. രാഹുല്‍ ഗാന്ധി കെ സി വേണുഗോപാലിനോടും രമേശ് ചെന്നിത്തലയോടും പ്രഖ്യാപനത്തിന് മുമ്പ് ദീര്‍ഘമായി സംസാരിച്ചിരുന്നു.

പ്രതിപക്ഷ നേതാവായി 5 വര്‍ഷം യുഡിഎഫിനെ നയിച്ച വി ഡി സതീശനായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള സ്വാഭാവിക സ്ഥാനാര്‍ത്ഥിയെങ്കിലും മുഖ്യമന്ത്രി മോഹം വെച്ചു കോണ്‍ഗ്രസിന്റെ സംഘടനാ സെക്രട്ടറി കെ സി വേണുഗോപാല്‍ നടത്തിയ നീക്കങ്ങളാണ് തീരുമാനം 11ാം ദിവസം വരെ വൈകിപ്പിച്ചത്. മുസ്ലീം ലീഗ് അടക്കം യുഡിഎഫ് ഘടകകക്ഷികള്‍ ശക്തമായി പ്രതിപക്ഷ നേതാവിന് വേണ്ടി വാദിച്ചപ്പോള്‍ ഹൈക്കമാന്‍ഡിന് ജനവികാരം കണ്ടില്ലെന്ന് നടിക്കാനായില്ല. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ മുമ്പ് കണ്ടിട്ടില്ലാത്ത വിധം അണികള്‍ തെരുവിലിറങ്ങി ഗ്രൂപ്പുകളിച്ച എംഎല്‍എമാരെ വരെ തടഞ്ഞു വിഡിയ്ക്ക് വേണ്ടി നില കൊണ്ടതും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ ഞെട്ടിച്ചു. ഒടുവില്‍ ജനവികാരം മാനിച്ച് ഹൈക്കമാന്‍ഡ് വിഡിയിലേക്ക് എത്തുകയായിരുന്നു.

വി.ഡി സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തെന്ന പ്രഖ്യാപനം പുറത്തുവന്നതോടെ പ്രവർത്തകർ ആഘോഷങ്ങൾ തുടങ്ങി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക