
അണികൾ നേതൃത്വത്തെ തിരുത്തുമെന്നാണ് പയ്യന്നൂരിലെ നിയുക്ത എം.എൽ.എയും സി.പി.എമ്മിന്റെ മുൻകാല നേതാവുമായ കുഞ്ഞികൃഷ്ണൻ തന്റെ പുസ്തകത്തിന് നൽകിയ പേര്. അക്ഷരാർത്ഥത്തിൽ കേരളത്തിലെ സി.പി.എം അണികൾ ആ തിരുത്തൽ പ്രക്രിയയുടെ ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു. ഇടതുപക്ഷ നിലപാടുകളിൽ നിന്നും പാർട്ടി നേതൃത്വം അകലുന്ന കാഴ്ച വേദനയോടെ ഇത്രകാലം നോക്കി നിന്ന സാധാരണ പ്രവർത്തകർ പാർട്ടിയെ അത്തരം നിലപാടുകാരിൽ നിന്നും രക്ഷിച്ചെടുക്കാൻ തീരുമാനിച്ചതിന്റെ പ്രതിഫലനമാണ് പിണറായി വിജയന്റെ പതനം. തീർച്ചയായും സി.പി.എം എന്ന പാർട്ടിക്ക് കേരളത്തിൽ യാതൊരു പ്രശ്നവും സംഭവിച്ചിട്ടില്ല. യു.ഡി.എഫിന് നൂറിന് മുകളിൽ സീറ്റ് ലഭിച്ചത് കഴിഞ്ഞ പത്ത് വർഷം കോൺഗ്രസ്സോ മുസ്ളീം ലീഗോ കേരളത്തിൽ ജനന്മയ്ക്കായി പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടുമല്ല. പിണറായി വിജയൻ എന്ന മുൻമുഖ്യമന്ത്രിയും ഞാനും എന്റെ ഓളും എന്ന മനോഭാവത്തിൽ രാഷ്ട്രീയ തീരുമാനങ്ങളെടുത്ത സി.പി.എം കേരള സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ചേർന്ന ദ്വയത്തിനു മാത്രമാണ് എൽ.ഡി.എഫിന് അധികാര നഷ്ടം ഉണ്ടായതിന്റെ ഉത്തരവാദിത്വം. സ്വരാജിനെ പോലുള്ള താത്വികാചാര്യന്മാർ ദയവായി ഇടതുപക്ഷത്തിന്റെ തോൽവി ജനത്തിന് പറ്റിയ അബദ്ധമാണെന്ന് നാളെ പറയരുത്. സി.പി.എമ്മിനേയും എൽ.ഡി.എഫിനേയും അധികാരത്തിൽ നിന്നും മാറ്റിനിറുത്താൻ തീരുമാനിച്ചത് ഈ നാട്ടിലെ സാധാരണക്കാരാണ്. ഇക്കുറിയെങ്കിലും അത് ചെയ്തില്ലെങ്കിൽ ചെങ്കൊടിയുടെ പവിത്രത പിണറായിയും സംഘവും നഷ്ടപ്പെടുത്തുമെന്ന് അവർ ഭയപ്പെടുന്നു.
തെരഞ്ഞെടുപ്പ് കാലത്ത് കണ്ണൂർ രാഷ്ട്രീയം അടുത്തു നിന്ന് കണ്ടയാളാണ് ഞാൻ.ഓരോ സഖാക്കളും പരസ്പരം ഭീതിയോടെ വീക്ഷിക്കുന്ന വിചിത്രാവസ്ഥയും ഞാൻ കണ്ടു. നേതാക്കൾ അണികളെ പരസ്പരം സ്നേഹിക്കുന്നതിനും കരുതുന്നതിനും പകരം സംശയത്തിന്റെ പിന്നാമ്പുറത്തേക്ക് തള്ളിയിടുന്ന ഈ ഫാസിസ്റ്റ് രീതി പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി മാത്രം സി.പി.എം അണികളിലേക്ക് കുത്തിവച്ചതാണ്. അണികളെ വെറും പിണിയാളുകളായി മാറ്റാനുള്ള നേതൃത്വത്തിന്റെ ശ്രമത്തെ ആദ്യമൊക്കെ അവഗണിച്ചെങ്കിലും ആ ശ്രമങ്ങൾ എല്ലാ പരിധികളും വിട്ടപ്പോൾ അവർ പ്രതികരിച്ചു. തളിപ്പറമ്പിൽ കെ.ഗോവിന്ദന് വോട്ടു ചെയ്യുമെന്ന് കടുത്ത സി.പി.എം അനുഭാവിയായ ഒരാൾ ഈ ലേഖകനോട് നേരിട്ടു പറഞ്ഞപ്പോഴാണ് സി.പി.എമ്മിനെ സ്നേഹിക്കുന്നവർ അവർ കെട്ടിയെഴുന്നള്ളിക്കുന്ന പല നേതാക്കളേയും വെറുക്കുന്നു എന്ന് മനസ്സിലായത്.പയ്യന്നൂർ പോലൊരു ഉറച്ച മണ്ഡലത്തിൽ വിമതനായി കുഞ്ഞിക്കണ്ണൻ മൽസരിച്ചപ്പോൾ സ്വരാജിനെ പോലുള്ള യുവനിരയിൽ നിന്നുണ്ടായ നിലവാരമില്ലാത്ത പ്രതികരണങ്ങൾ പയ്യന്നൂരിൽ മാത്രമല്ല മറ്റ് സി.പി.എം കേന്ദ്രങ്ങളിൽ പോലും മോശമായ പ്രതികരണമാണ് ഉണ്ടാക്കിയത്. പാർട്ടിയുടെ ഏറ്റവും ഉയർന്ന ഘടകമാണ് രക്താസാക്ഷികൾ. ആ രക്തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയെന്നാണ് കുഞ്ഞികൃഷ്ണൻ ആരോപിച്ചത്. ആ ആരോപണത്തെ നിസ്സാരവൽക്കരിക്കാൻ കണ്ണൂരിലെ സി.പി.എം നേതാക്കൾ തയ്യാറായപ്പോഴാണ് കുഞ്ഞികൃഷ്ണൻ മൽസരത്തിനിറങ്ങിയത്.

ഇത്തരത്തിലുള്ള മൂല്യശോഷണത്തെ തടയാനുള്ള ഏകമാർഗ്ഗം അധികാരത്തിൽ സ്വന്തം പാർട്ടിയെ അകറ്റി നിറുത്തുന്നതാണ് നല്ലതെന്ന് സാധാരണ സഖാക്കൾ ചിന്തിക്കുമെന്ന് മനസ്സിലാക്കാൻ പിണറായി വിജയനും സംഘത്തിനും സാധിച്ചില്ല. അവർ പാർട്ടിയിൽ നിന്നും എത്ര അകന്നു പോയി എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണിത്. കേരളത്തിൽ വികസന പ്രവർത്തനങ്ങൾക്കൊപ്പം രാഷ്ട്രീയ നൈതികതയും ഭരിക്കുന്നവർക്ക് ഉണ്ടാകണമെന്ന് കേരളം പല തവണ കാണിച്ചു കൊടുത്തിട്ടുള്ളതാണ്. പക്ഷേ താൻ പോരിമയും താനാണ് പാർട്ടിയെന്ന തെറ്റായ വിചാരവും പിണറായിയേയും എം.വി ഗോവിന്ദനേയും സമൂഹമധ്യത്തിൽ അവഹേളിതരാക്കി. പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങൾ തുറന്നു പറയുന്നവരെ ശത്രുക്കളാക്കി. മട്ടന്നൂരിൽ ഇതിനു മുന്നിലത്തെ തെരഞ്ഞടുപ്പിൽ മികച്ച വിജയം നേടിയ കെ.കെ ശൈലജ ടീച്ചറെ ജയസാധ്യത തീരെ കുറഞ്ഞ പേരാവൂരിലേക്ക് മാറ്റിയത് പിണറായി വിജയന്റെ മാത്രം നിർബന്ധമായിരുന്നു. ശൈലജ ടീച്ചറുടെ പ്രതിച്ഛായയെ എന്നും പിണറായി വിജയൻ ഭയന്നിരുന്നു. ഇത്തരം ഭയങ്ങളിൽ നിന്നും പിണറായി വിജയൻ എടുത്ത തീരുമാനങ്ങൾ ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റ് സ്വഭാവം ഉള്ളതായിരുന്നില്ല.തനിക്ക് മുകളിൽ പാർട്ടിയിൽ ആരും വളരരുത് എന്ന് തീരുമാനിക്കാനുള്ള അവകാശം പിണറായി വിജയന് വിട്ടു കൊടുത്ത സി.പി.എമ്മിന്റെ ദേശീയ നേതൃത്വത്തിനും ഈ തോൽവിയിൽ ഉത്തരവാദിത്വമുണ്ട്. തിരുത്തേണ്ട സമയത്ത് പിണറായി വിജയനെ തിരുത്താൻ പോളിറ്റ് ബ്യൂറോയ്ക്ക് സാധിച്ചില്ല.സംസ്ഥാനത്ത് പാർട്ടിയെന്ന നിലയിൽ എടുത്ത തീരുമാനങ്ങളെല്ലാം പിണറായി വിജയന്റെ തീരുമാനങ്ങളായിരുന്നു. കോടിയേരിയുടെ മരണശേഷം ആ പ്രവണത വല്ലാതെ വർദ്ധിച്ചു.കണ്ണൂരിൽ കെ.കെ രാഗേഷിനെ ജില്ലാസെക്രട്ടറിയാക്കാനുള്ള ചർച്ചകൾ വന്നപ്പോൾ തന്നെ കണ്ണൂരിലെ ഭൂരിഭാഗം ഏരിയാ കമ്മിറ്റി സെക്രട്ടറിമാരും അവരുടെ വിയോജിപ്പ് അറിയിച്ചിരുന്നു. കണ്ണൂർ രാഷ്ട്രീയത്തിൽ വലിയ സ്വാധീനമുള്ള പി.ജയരാജനെ മാറ്റി നിറുത്താനുള്ള പിണറായിയുടെ തീരുമാനത്തിന് പാർട്ടിസംവിധാനം ഉപയോഗിക്കാൻ മാത്രമാണ് കെ.കെ രാഗേഷിനെ വേഷം കെട്ടിച്ചിരിക്കുന്നതെന്ന് കണ്ണൂർ രാഷ്ട്രീയം പഠിക്കുന്ന ആർക്കും മനസ്സിലാകും.

പണത്തിന്റെ സ്വാധീനത്തിൽ പാർട്ടിയെ നിയന്ത്രിക്കാമെന്ന നിയോലിബറൽ തന്ത്രം പിണറായി വിജയൻ സി.പി.എമ്മിനുള്ളിൽ ഗ്രൂപ്പിസം കത്തിനിന്ന കാലത്ത് എടുത്തുപയോഗിച്ചിരുന്ന ഒന്നാണ്. എല്ലാക്കാലവും അത് നടപ്പിലാക്കാൻ കഴിയുമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. അദ്ദേഹത്തിന്റെ കിച്ചൺ കാബിനറ്റിൽ പ്രവർത്തിച്ചിരുന്നവരും അദ്ദേഹത്തെ അങ്ങനെയാണ് വിശ്വസിപ്പിച്ചിരുന്നത്. ഒരു ലിബറൽ സോഷ്യലിസ്റ്റ് സ്വാഭാവമാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കുള്ളതെന്ന കാര്യം പിണറായിയ്ക്കും അനുചരവൃന്ദത്തിനും അറിയാഞ്ഞിട്ടല്ല. അതിൽ നിന്നും ഒരു സ്റ്റാലിനിസ്റ്റ് സ്വഭാവമുള്ള ഏകാധിപത്യ മാർഗ്ഗത്തിലേക്ക് പാർട്ടിയേയും ഭരണത്തേയും കൊണ്ടു വരണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അഭിനവ പുടിനാകാനുള്ള ആ ശ്രമത്തിനാണ് ഇപ്പോൾ സി.പി.എം അണികൾ തടയിട്ടിരിക്കുന്നത്. സംസ്ഥാന കമ്മിറ്റിയേയും സംസ്ഥാന സെക്രട്ടറിയേറ്റിനേയുമൊക്കെ തട്ടിൻപുറത്തിരുത്തി അവർ നേരിട്ട് പിണറായി വിജയനെതിരേയും ശ്യാമളയെ തളിപ്പറമ്പിൽ തോൽപ്പിച്ചു കൊണ്ട് ഗോവിന്ദനെതിരെയും നടപടി എടുത്തിരിക്കുന്നു. പാർട്ടി ഗ്രാമങ്ങളിൽ കനത്ത രീതിയിൽ തിരിച്ചടിയേറ്റിട്ടുണ്ട്. പല പാർട്ടി ഗ്രാമങ്ങളിലും നോട്ടയുടെ എണ്ണം അമ്പരിപ്പിക്കുന്നതാണ്. ചിഹ്നം മാറി വോട്ടു രേഖപ്പെടുത്താൻ തയ്യാറാകാത്തവർ അവർ തങ്ങളുടെ പ്രതിഷേധം നോട്ടയിലൂടെ രേഖപ്പെടുത്തി.
ഇടതുപക്ഷത്തിന് കാര്യമായ സ്വാധീനമുള്ള നേമം,കഴക്കൂട്ടം,ചാത്തന്നൂർ മണ്ഡലങ്ങളിൽ ബി.ജെ.പി കടന്നു കൂടിയിരിക്കുന്നത് കേരളരാഷ്ട്രീയത്തിൽ പുതിയ ധാരകൾ രൂപപ്പെടുത്തും. അതിനെ ചെറുക്കാൻ കോൺഗ്രസ്സിന് ശേഷിയില്ല. എന്നു മാത്രമല്ല ഈ മണ്ഡലങ്ങളിലെ പല കോൺഗ്രസ്സുകാരും ബി.ജെ.പി ക്യാമ്പിൽ ഉടനടിയെത്തുകയും ചെയ്യും. മഞ്ചേശ്വരത്ത് കെ.സുരേന്ദ്രൻ പരാജയപ്പെട്ടത് എൽ.ഡി.എഫ് വോട്ടുകൾ യു.ഡി.എഫിലേക്ക് കൂട്ടത്തോടെ ഒഴുകിയത് കൊണ്ടാണ്.എല്ലാക്കാലവും അത് നടക്കണമെന്നില്ല. സി.പി.എമ്മിന്റെ കേന്ദ്ര നേതൃത്വം ഇത് ഗൗരവമായി കണ്ടില്ലെങ്കിൽ സി.പി.എം അണികളിൽ നിന്നും ബി.ജെ.പിയിലേക്കുള്ള ചോർച്ചയും തടയാൻ കഴിയാത്ത അവസ്ഥ ഉണ്ടാകും. പാഠങ്ങൾ പഠിക്കാനുള്ളതാണെന്ന മിനിമം ബോധം സി.പി.എമ്മിന്റെ അണികൾക്കുണ്ട്. നേതാക്കൾക്കും ഉണ്ടായാൽ നല്ലത്.