
സുല്‍ത്താന്‍ബത്തേരി: സി.എസ്.ഐ. മലബാര്‍ മഹാ ഇടവകയുടെ ചരിത്രനിമിഷങ്ങളായിരുന്നു അത്. ഇടവകയില്‍ ആദ്യമായി ദൈവശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കാനുള്ള അര്‍ഹത നേടുന്ന വൈദികപട്ടം(പ്രസ്ബിറ്റര്‍ ഓര്‍ഡിനേഷന്‍) ആദ്യമായി രണ്ട് വനിതകള്‍ക്ക് നല്‍കി. തിരുവനന്തപുരം കണ്ണമൂല ഐക്യ വൈദിക സെമിനാരിയില്‍ അധ്യാപികയായ സജു മേരി എബ്രഹാം, കോഴിക്കോട് സി.എസ്‌ഐ. ഇംഗ്ലീഷ് പള്ളിയില്‍ സഹവികാരിയായി പ്രവര്‍ത്തിക്കുന്ന നിംഷി ഡേവിഡ് എന്നിവരാണ് ചരിത്രത്തിലേക്കും ഒപ്പം സുവിശേഷവേലയിലേക്കും ചുവടുവെച്ചത്. ഇരുവര്‍ക്കുമൊപ്പം കണ്ണൂര്‍ മാടായി സി.എസ്.ഐ.യിലെ ഡീക്കന്‍ വിപിന്‍ ജോസഫും വൈദികപട്ടം സ്വീകരിച്ചു. സുല്‍ത്താന്‍ബത്തേരി സെയ്ന്റ് തോമസ് സി.എസ്.ഐ. പള്ളിയില്‍ ചടങ്ങുകള്‍ക്ക് മലബാര്‍ മഹാ ഇടവക ബിഷപ്പ് ഡോ. റോയിസ് മനോജ് വിക്ടര്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
വിശ്വാസിസമൂഹത്തെ നയിക്കുന്നയാള്‍ എന്നനിലയ്ക്ക് വനിതകളാണെങ്കിലും ഇരുവരും 'അച്ചന്‍' എന്നുതന്നെയാണ് വിളിക്കപ്പെടുക. കേരളത്തിലെ ആറ് രൂപതകളില്‍ തെക്കന്‍ കേരളം മേഖലയായ രൂപതയില്‍ നേരത്തേ വനിതാ പ്രസ്ബിറ്റര്‍ ഉണ്ടായിട്ടുണ്ട്. നിലവില്‍ ആരുമില്ലാതിരുന്നിടത്തേക്കാണ് വിശ്വാസത്തിന്റെ കരുത്തില്‍ ഈ വനിതകള്‍ പട്ടം സ്വീകരിച്ചത്.
പത്തനംതിട്ട റാന്നി സ്വദേശിയായ സജു മേരി എബ്രഹാം, പി.ടി. എബ്രഹാം-സാറാമ്മ എബ്രഹാം ദമ്പതിമാരുടെ മകളാണ്. എം.എസ്സി. ഫിസിക്സ് യോഗ്യതയുള്ള സജു മേരി, ബൈബിള്‍ പുതിയനിയമത്തില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. 1997-ല്‍ പഠിപ്പുകഴിഞ്ഞപ്പോഴാണ് സുവിശേഷവേലയിലേക്ക് തിരിയുന്നത്. കഴിഞ്ഞവര്‍ഷമാണ് സഭയിലേക്ക് വരുന്നത്. . നിലവില്‍ അധ്യാപികയായി ജോലിചെയ്യുന്നിടത്ത് നിശ്ചിത കാലാവധിവരെ തുടരണം. അതിനുശേഷം രൂപതയുടെ തീരുമാനമനുസരിച്ച് മുന്നോട്ടുപോകുമെന്ന് സജു മേരി എബ്രഹാം പറഞ്ഞു.
വയനാട് നെടുങ്കരണ സ്വദേശിനിയായ നിംഷി ഡേവിഡ് മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍നിന്ന് ബി.എം. ഫിലോസഫി ബിരുദംനേടി. ചെന്നൈ ഗുരുകുല്‍ സെമിനാരിയിലായിരുന്നു തുടര്‍പഠനം. ഡേവിഡ് സ്റ്റീഫന്റെയും അന്നക്കലയുടെയും മകളാണ്.