
“താരകങ്ങളേ കാൺമിതോ നിങ്ങൾ
താഴെയുള്ളൊരീ പ്രേതകുടീരം !
എന്ത ഇന്നതിൻ ചിത്തരഹസ്യ-
മെന്തറിഞ്ഞു ഹാ! ദൂരസ്ഥർ നിങ്ങൾ”
ഓരോന്ന് ഓർത്തോർത്തിരിക്കുന്നതിനിടയിൽ എപ്പോഴോ ഉറങ്ങിപ്പോയിക്കാണണം. അതുകൊണ്ടാണല്ലോ ഇങ്ങനെയൊരു സ്വപ്നം. സ്വപ്നത്തിൽ ഞാനേതോ കുഴിമാടത്തിനകത്തായിരുന്നു. മുകളിലേതോ കിളികളുടെ ഒച്ച. രണ്ടിണക്കിളികളാണ്. അവരുടെ കൊഞ്ചലും കുറുകലും കേട്ടാലറിയാം. പുറത്ത് രാത്രിയാണ്. കിളികൾ നിലാവിൻ്റെ മനോഹാരിതയെ പറ്റി പറയുന്നുണ്ട്. എനിക്ക് വീർപ്പുമുട്ടുന്നുണ്ട്. നെഞ്ചിലേതോ ഭാരം വന്നമരുന്ന മാതിരി. ആരോ നെഞ്ചിൽ കയറിയിരിക്കുകയാണോ? കയ്യോ കാലോ അനക്കാൻ കഴിയാത്ത വിധം ഇടുക്കമാണ് ചുറ്റിലും. കിളികളെന്താണ് നക്ഷത്രങ്ങളോട് പറയുന്നത്! ഞാൻ ചെവി കൂർപ്പിച്ചു. അതെ! ശരിയാണ്. അവർ പറയുന്നതെത്ര ശരിയാണ്.!
ഇപ്പോൾ കുഴിമാടത്തിനകത്താരാണ്? ഞാനിതാ പുറത്തെ നിലാവിൽ നക്ഷത്രങ്ങൾക്ക് താഴെയാണിപ്പോൾ നിൽക്കുന്നത്. കുഴിമാടത്തിനകത്തുനിന്നുയർന്ന വിഷാദാത്മകമായ ആ സ്വരം…ബാഷ , അവൻ്റെ സ്വരമായിരുന്നില്ലേ അത്.
അതൊരു സ്വപ്നമായിരുന്നെന്ന് തിരിച്ചറിഞ്ഞിട്ടും നെഞ്ചിലെ ഭാരം കുറഞ്ഞില്ല. ആരോ ശരിക്കും അമർത്തിപ്പിടിച്ചിരുന്ന പോലൊരു ഫീൽ. അത് വിട്ട് മാറുന്നുമില്ല. കട്ടിലിൽ എഴുന്നേറ്റിരുന്നു. നേരം വെളുക്കാറായി കാണണം. പുറത്ത് കിളികളുടെ കരച്ചിൽ ശരിക്കും കേൾക്കുന്നുണ്ട്. റൈനു പറഞ്ഞ കാര്യം ഓർത്തോർത്ത് കിടന്നതിനാലായിരിക്കാം ഈയൊരു സ്വപ്നം. ബാഷ . അവനെവിടെയെങ്കിലും സുഖമായി ജീവിക്കുന്നുണ്ടായിരിക്കില്ലേ. ഇടക്കെങ്കിലും എന്നെയോർക്കുന്നുണ്ടായിരിക്കില്ലേ. പക്ഷേ … ആ സ്വപ്നം. ഒരുപക്ഷേ … അവനും എന്നേപ്പോലെ ഉള്ളിലിരുന്നുരുകുന്ന ഓർമ്മകളുടെ പൊള്ളലിൽ ജീവിതം പാഴാക്കുകയായിരിക്കുമോ?
ഹൃദയഭാരം കൂടിക്കൊണ്ടേയിരിക്കുന്നു. തലേ രാത്രിയിൽ റൈനുവിനോട് കുറച്ചുകൂടി ആർദ്രമായി പെരുമാറണമായിരുന്നു. അവൾ എന്ത് വിചാരിച്ചുകാണും. “നിൻ്റെ ബാഷയെ ഞാൻ കണ്ടുപിടിച്ചു.” എന്ന് എത്ര ആഹ്ളാദത്തോടെയാണവൾ പറഞ്ഞത്. കാലം കുറച്ചായി അവൾ ബാഷയെ തിരഞ്ഞുകൊണ്ടിരിക്കുകയാണെന്ന് അറിയാമായിരുന്നു. ഒരിക്കലും അവൾക്കതിനാവില്ല എന്ന ഉറപ്പിലായിരുന്നു സമാധാനത്തോടെയിരുന്നത്. ഒരിക്കൽ താൻ പ്രണയിച്ചിരുന്ന ഒരാൾ എന്നതിനപ്പുറം ബാഷയുടെ ഒറിജിനൽ പേര് പോലും അവളോട് പറഞ്ഞിട്ടില്ല. ഇപ്പോഴും അവൾ കണ്ടുപിടിച്ചു എന്ന് പറയുന്നത് ബാഷയെയാണെന്ന് വിശ്വസിക്കുന്നുമില്ല. എന്നാലും….
പലപ്പോഴും ഓർമ്മയിൽ നിന്നെടുത്ത് സന്തോഷിക്കാറുള്ള ഞങ്ങളൊന്നിച്ചുള്ള നിമിഷങ്ങളുടെ കാൽപനികഭാവം കേട്ടുകേട്ടാവാം ബാഷയെ റൈനു ഒരു കവിയായി സങ്കൽപ്പിക്കാൻ തുടങ്ങിയത്. ആ സങ്കൽപ്പം യാഥാർത്ഥ്യമാക്കാനാണവൾ പരിശ്രമിക്കുന്നത്. പാവം.
“താനിപ്പോ പോയി ഫുഡ് കഴിച്ച് കിടന്നുറങ്ങ്. നമുക്ക് നാളെ സംസാരിക്കാം . എനിക്ക് നല്ല തലവേദന…” എന്ന നിർവ്വികാരമായ മറുപടിയിൽ റൈനുവിൻ്റെ ഉത്‌സാഹം പൊടുന്നനെ കെട്ടടങ്ങി. ആഹ്ളാദം നിറഞ്ഞു നിന്ന മുഖം വാടി. ആദ്യമായി കാണുന്ന ഒരാളെപ്പോലെ അവൾ നോക്കുന്നത് കണ്ടില്ലെന്ന് നടിച്ചാണ് കട്ടിലിൽ വന്ന് കിടന്നത്. ഉള്ളിലൊളിപ്പിച്ച മറ്റൊരു മായയെ അവൾക്കറിയില്ലല്ലോ. ഉള്ള് നീറ്റിക്കൊണ്ടിരിക്കുന്ന രഹസ്യങ്ങൾ എങ്ങനെ മറ്റൊരാളോട് പറയും ? പറഞ്ഞാൽ കേൾക്കുന്നവർ എന്ത് കരുതും?
തൊട്ടടുത്തുണ്ടെന്നും ഒരൊറ്റ മനസ്സാണെന്നും ഒക്കെ പറയുന്നതിൽ എത്രമാത്രം ശരിയുണ്ടാകും. രണ്ട് പേർക്ക് ഒരിക്കലും ഒരൊറ്റ മനസ്സാകാൻ പറ്റുമെന്ന് തോന്നുന്നില്ല. പക്ഷേ അങ്ങനെ ബോധ്യപെടുത്താനാകും. അത്തരമൊരു ബോധ്യത്തിലാണ് റൈനു. അടുത്തുണ്ടെന്ന് തോന്നിപ്പിക്കുന്നുണ്ടെങ്കിലും അവളിൽ നിന്ന് ഒരുപാടകലെയല്ലേ ഇപ്പോഴും തൻ്റെ മനസ്സ്. അവൾക്കറിയുന്ന മായയിൽ വേറെയും മായമാർ ഒളിഞ്ഞിരിപ്പുണ്ടെന്ന് അവൾക്കെങ്ങനെ ചിന്തിക്കാനാവും!.
“സ്പന്ദിക്കുന്ന അസ്ഥിമാടം.” കവി എഴുതിയതെത്ര ശരിയാണ്! ചില ശരീരങ്ങൾ സ്പന്ദിക്കുന്ന അസ്ഥിമാടങ്ങളാണ്.. ഒരിക്കലും പുറത്തെടുക്കരുതാത്ത സ്മൃതികളാണ് അതിനകത്ത് അടക്കം ചെയ്യപ്പെട്ടിട്ടുള്ളത്. വിശ്രാന്തിയിലായിരിക്കാൻ ഒരിക്കലും കഴിയാത്തൊരാത്മാവ് അതിനകത്ത് വെപ്രാളപ്പെട്ടുകൊണ്ടേയിരിക്കുന്നുണ്ട്. നിരന്തരം തുടിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. പുറത്തു നിന്ന് നോക്കുന്നവരെന്തുണ്ടറിയുന്നു!
റൈനു. താനവളെയും വഞ്ചിച്ചു കൊണ്ടിരിക്കുകയാണ്. ഈ ജീവിതം എന്തുകൊണ്ടാണ് ഇങ്ങനെയായത് ? സ്വന്തം മനസാക്ഷിയെപ്പോലും വഞ്ചിക്കേണ്ടി വരുന്ന വിധത്തിൽ …. എല്ലാത്തിനോടും നിസ്സാഹായതയോടെ നിസ്സഹകരണം പ്രഖ്യാപിക്കാൻ മാത്രമേ കഴിയുന്നുള്ളൂ. കുറ്റബോധം കാർന്നു തിന്നുന്നൊരു മനസ്സുമായി എത്രനാളിങ്ങനെ കഴിയാനൊക്കും?
ഉറക്കമില്ലാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന മായയെ നോക്കി റൈനു വാതിൽക്കൽ നിന്നു. ഇവൾക്കിതെന്തുപറ്റി! മായ ഇന്ന് പതിവിലധികം അസ്വസ്ഥയാണ്. ബാഷയെ പറ്റി പറഞ്ഞപ്പോൾ ആ മുഖത്തെ വികാരമെന്തായിരുന്നു ? പ്രതീക്ഷിച്ചതൊന്നുമായിരുന്നില്ല അപ്പോഴാ മുഖത്ത് കണ്ടത്.
റൈനു അടുക്കളയിൽ ചെന്ന് കാപ്പിക്ക് വെള്ളം വച്ചു. ഇന്നലെ മായ ഒട്ടും ഉറങ്ങിയിട്ടില്ല. ചെന്ന് നോക്കിയപ്പോഴൊക്കെ അവളുണർന്ന് കിടക്കുകയായിരുന്നു. പ്രായമല്ല അനുഭവങ്ങളാണ് ഒരാൾക്ക് പക്വത കൊടുക്കുന്നത്. നിഷിക്ക് മായയേക്കാൾ പക്വതയുണ്ടെന്ന് ചിലപ്പോൾ തോന്നാറുണ്ട്. മൂടിക്കെട്ടി മിണ്ടാതിരിക്കുന്നത് പുതിയ കാര്യമല്ല. സ്വതവേയുള്ള സ്വഭാവം പോലും അത്തരത്തിലുള്ളതാണ്. പക്ഷേ വീട്ടിനകത്ത് ആക്റ്റീവാകാറുണ്ട്. അത്തിക്കാവിൽ നിന്ന് തിരിച്ചെത്തിയതിന് ശേഷം ഉഷാറായിട്ടേയില്ല. എന്തെങ്കിലും ഉണ്ടെങ്കിലത് പറയണ്ടേ? എന്തായിരിക്കും ശരിക്കും അവളുടെ പ്രശ്‌നം?
റൈനു മുറിയിൽ പോയി ഫോണെടുത്തുകൊണ്ട് വന്നു. ഇന്നലെ തിരിച്ച് പോരാൻ നേരം വാങ്ങിയ പൈനാപ്പിൾഗന്ധക്കാരൻ്റെ ഫോൺ നമ്പറെടുത്ത് വാട്സപ്പിൽ ഏഡ് ചെയ്തു. ഒരു മെസ്സേജയച്ചു. ഒറ്റടിക് വീണു. കുറച്ച് കാത്തെങ്കിലും ഡബിൾ ടിക് വീണില്ല.
കുറച്ച് നേരം കൂടി ആലോചനയോടെ നിന്ന ശേഷം റൈനു കാപ്പിയെടുത്ത് മായയുടെ അടുത്ത് ചെന്നിരുന്നു.
റൈനു അടുത്ത് വന്നിരുന്നതറിഞ്ഞെങ്കിലും അറിയാത്തപോലെ കിടന്നു. എങ്ങനെ അവളുടെ മുഖത്തേക്ക് നോക്കും ? ഇന്നലെ ഒട്ടും മാന്യതയില്ലാതെയാണല്ലോ അവളോട് പെരുമാറിയത്..
“നിഷീടെ റൂമിലുള്ള കെടപ്പ് വേണ്ടെന്ന് വെച്ചത് ആലോചനോൾക്ക് കൂടുതൽ സ്വകാര്യത വേണന്നുള്ളോണ്ടാണോ ?” ഒച്ച താഴ്ത്തിയുള്ള റൈനുവിൻ്റെ ചോദ്യത്തിന് എനിക്ക് മറുപടിയൊന്നും ഉണ്ടായിരുന്നില്ല.
“എന്തായാലും എണീറ്റ് ശരിക്കിരിക്ക്.. കെടന്നുള്ള ആലോചന മതി. ഇനി നമ്മക്ക് ഒന്നിച്ചിരുന്നാലോചിക്കാം. "
എണീറ്റിരുന്നപ്പോഴും അവളുടെ മുഖത്തേക്ക് നോക്കിയില്ല റൈനു കാപ്പിക്കപ്പ് നിർബ്ബന്ധിച്ച് കയ്യിൽ പിടിപ്പിച്ചു.
"നല്ല ചുക്കുകാപ്പ്യാ. ചിന്തകളങ്ങ്ട് ചൂട്പിടിക്കട്ടെ.“
ചിരിക്കാൻ ശ്രമിച്ചെങ്കിലും ചിരിക്കാനായില്ല. മനസ്സിലെ ഇറുക്കം അപ്പാടെ പ്രകടമാക്കുന്ന മുഖഭാവം മാറ്റാനുമായില്ല. ചുമരിലെ ചിത്രത്തിലെ കുട്ടിമാലാഖമാരുടെ കണ്ണുകളിൽ കുസൃതി. താടിക്ക് കയ്യും കൊടുത്ത് കമിഴ്ന്ന് കിടന്ന് അവരും കാര്യമായെന്തോ ആലോചിക്കുകയാണ്. ചിത്രത്തിൽ തന്നെ കണ്ണുകളുറപ്പിച്ച് കാപ്പികപ്പിൻ്റെ ചൂട് നെഞ്ചിലേക്കമർത്തി വച്ചു.
ഒരിക്കലും വലുതാവേണ്ടായിരുന്നു. എങ്കിൽ ബാഷയുമായൊരു അടുപ്പം ഉണ്ടാകുമായിരുന്നില്ല. തരം കിട്ടിയാൽ അവനെ ഉപദ്രവിക്കുന്ന, പറ്റുന്നിടത്തെല്ലാം അവൻ്റെ അനാഥത്വമോർമ്മിപ്പിച്ച് പരിഹസിക്കുന്ന കുട്ടിമായ ആയിരുന്നാൽ മതിയായിരുന്നു. മൂന്നമ്മമാരുടേയും സ്‌നേഹത്തിലാണ്ട് കഴിഞ്ഞിരുന്ന കാലമോർത്തപ്പോൾ കരച്ചിൽ വന്നു.
മായയുടെ കൺകളെ പിൻപറ്റി റൈനുവും ചുമരിലെ ചിത്രത്തിലേക്ക് നോക്കി. ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് താഴത്തെ ടീച്ചർ വരച്ചു തന്നതാണത്. ചിറകുകളുള്ള
വിവസ്‌ത്രരായ രണ്ട് കുട്ടിമാലാഖമാർ.
"ഒരിക്കലും വളരണ്ടായിരുന്നു ല്ലേ?”
അത്ഭുതത്തോടെ റൈനുവിനെ നോക്കി . തന്നെപ്പോലെ തന്നെ അവളും ചിന്തിച്ചിരിക്കുന്നു.. കണ്ണുകളിൽ വന്ന് നിറഞ്ഞ സങ്കടം പുറത്തേക്കൊഴുകാതിരിക്കാൻ ശ്രദ്ധിച്ച് കാപ്പിക്കപ്പ് ചുണ്ടോട് ചേർത്തു.
“എടോ …തനിക്കിതെന്ത് പറ്റി? ഞാനെപ്പഴും ശ്രദ്ധിക്കാറ്ണ്ട്. ബാഷേനെ പറ്റി പറയുമ്പോഴുള്ള തൻ്റെ അസ്വസ്ഥത. അപ്പഴൊക്കെ, ബാഷേടൊപ്പം ജീവിക്കാൻ പറ്റാത്തോണ്ടാവും , അമ്മേടടുത്തുള്ള വാശ്യോണ്ടില്ലാണ്ടാക്ക്യ
സ്വന്തം ജീവിതത്തെ കുറിച്ചോർത്തുള്ള നൈരാശ്യാവും എന്നൊക്ക്യാ കരുതീത്. പക്ഷേ … ഇപ്പോ എനിക്ക് തോന്നുന്നു…. അതങ്ങനല്ലെന്ന്.
“ആയുസ്സിൻ്റെ പകുതി കഴിഞ്ഞൂലേ നമ്മടെ . എന്നാലും കൊറച്ച് കുട്ടിമനസ്സൊക്കെ ആവാം. എന്നാ എപ്പഴും കുട്ട്യോളെപ്പോലെ ആയാലോ ! അതിലിത്തിരി പ്രശ്‌നം ല്ല്യേ? ഇണ്ട്. കുറച്ചെങ്കിലും പക്വതയോടെ കാര്യങ്ങള് നോക്കിക്കാണാൻ പറ്റണം. അതിനാദ്യം വേണ്ടത് സ്വയൊള്ള ഈ ഒതുങ്ങല് നിർത്തണം. ചുറ്റും ഉള്ളോരെ കാണണം. മനസ്സിലാക്കണം. നമ്മള് രണ്ട് പുസ്‌തകം ഒറപ്പായും വായിക്കണംന്ന് കുഞ്ഞുണ്ണിമാഷ് പറഞ്ഞണ്ട് . ഒന്ന് നമ്മളെ തന്നെ. പിന്നെ പ്രകൃതീനെ. പ്രകൃതീല് പെടണതാ ചുറ്റ്വൊള്ള ഈ
മനുഷമ്മാര് .
തൻ്റമ്മ,ബാഷ, പിന്നെ ഒരു മറ്റേമ്മ വല്ല്യമ്മ ഇതൊക്കെ അല്ലാണ്ട് വേറെ ഏതെങ്കിലും ഒരാളെ തനിക്കടുത്തറിയോ ? ആ… ഞാൻ പറഞ്ഞ് കേട്ട വല്ല കാര്യങ്ങളും കൂടിണ്ടാവും. അല്ലാണ്ട് തനിക്കെന്ത് കുന്താ അറിയ. അതിന് വായ
തൊറന്ന് ആരോടെങ്കിലും ഒന്ന് മിണ്ട്യാലല്ലേ?
“അമ്മോട് തനിക്ക് ദേഷ്യംണ്ട്. എന്നാ സ്‌നേഹോംണ്ടല്ലോ. അതോണ്ടല്ലേ അമ്മ മരിച്ചിട്ടും അമ്മയ്ക്കിഷ്ടല്ലാരുന്നുന്നൊള്ള കാരണത്താല് ബാഷേനെ അകറ്റിനിർത്താൻ നോക്കണത് . എടോ മരിച്ചോര് മരിച്ചു. ജീവിച്ചിരിക്കുമ്പഴാ
മക്കള് മറ്റതാവണം മറച്ചതാവണം, ന്നൊക്കെ. ചത്താ പിന്നെ ഒരു കോപ്പൂല്ല്യ. ആർക്കാണേലും ജീവനൊള്ളപ്പൊ ചെയ്യാനൊള്ളതൊക്കെ ചെയ്തോണം. താൻ ബാഷേനെ കാണ്‌ണ്ടോ മിണ്ട്ണ്ടോ ഒന്നിച്ച് ജീവിക്ക്ണ്ടോന്നൊന്നും തൻ്റെ അമ്മ ഇനി നോക്കാൻ പോണില്ല്യ.
തന്നോട് ഞാൻ പറഞ്ഞണ്ടല്ലോ. പലവട്ടം. ഒരു ഫോട്ടത്തിലല്ലാണ്ട് എൻ്റെ അമ്മേനെ ഞാൻ കണ്ടട്ടില്ലാന്ന്.. അമ്മ എൻ്റെ വരവും കാത്തിരുന്നതും കുട്ടിയുടുപ്പ് തുന്നിവെച്ചതും ഒക്കെ അപ്പൻ പറഞ്ഞ് കേട്ടണ്ട് . പിന്നെ അമ്മാന്ന് വച്ചാ എന്താന്ന് ഞാനറിഞ്ഞത് വീട്ടിനടുത്തുണ്ടാർന്ന ഒരു ഉമ്മച്ചിടെന്നാ. അവരടെ കാതില് ത്രികോണാകൃതൊള്ള ഒരു ലോലാക്ക് ഇണ്ടാര്ന്നു. അടീല് മണികള് ഞാന്ന് കെടക്കണ സൈസ് ഒരെണ്ണം. അവരെ പറ്റി ഓർക്കുമ്പഴൊക്കെ ഓർമ്മേലാദ്യം വര്വാ ആ ലോലാക്കാ.. പിന്നെ അവരടെ മടീലെ കുഴില് കെടക്കുമ്പൊ കിട്ടണ ചൂടും .
“അപ്പൻ്റൊപ്പം ഒറങ്ങാൻ കെടക്കുമ്പോ ഞാനപ്പൻ്റെ ചെവീലിങ്ങനെ തിരുപ്പിടിപ്പിക്കാരുന്നു. അങ്ങനെ ചെയ്താലേ എനിക്കൊറക്കം വരാറൊള്ളാ . കൊറേ വലുതായിട്ടാ ഞാനാശീലം മാറ്റിത്. വല്ലാണ്ട് വാശി പിടിക്കുമ്പോ ആ ഉമ്മച്ചി എന്നെ എടുത്തോണ്ടോയി മൊല കുടിക്കാൻ തരും . മൊല കുടിക്കുമ്പോ ഞാനിങ്ങനെ അവരടെ കമ്മലില് പിടിച്ചോണ്ടിരിക്കാറ്ണ്ട് ത്രെ. അങ്ങന്യാ എനിക്കാ ശീലം കിട്ടീതെന്നാ അപ്പൻ പറയാറ് .”
“എല്ലാ അമ്മമാർക്കും മക്കളോട് സ്‌നേഹം ണ്ടാവും. നമ്മക്ക്ള്ളേലും. പിന്നെ അവരോരോന്ന് ചെയ്യണത്. മക്കള് വേദനിക്കണംന്ന് വെച്ചിട്ടല്ല. മക്കളുണ്ടാവണേല് മുന്നേ കാണാൻ തൊടങ്ങും അവരോരോ സ്വപ്നങ്ങള്. അത് യാഥാർത്ഥ്യാക്കാൻ ഒള്ള തത്രപ്പാടില് .മക്കക്ക് നല്ലത് വരൂന്ന് വച്ചിട്ടെന്ന്യാ അവര് ഓരോന്ന് ചെയ്യണെ. ചെലപ്പോ കണക്ക് കൂട്ട്യപോലൊന്നും നടക്കില്ല. അതില് മക്കളേക്കാളും അവര് വേദനിക്കേം ചെയ്യും. ചെലപ്പോ കൊറേ ദേഷ്യപ്പെട്ടിട്ടാവും അത് പൊറത്ത് കാണിക്കല് . എന്നാലും അവരടെ ചങ്കില് അങ്ങനെ ചെയ്താ മത്യാർന്നു. അങ്ങനെ ചെയ്യാൻ പാടില്ലാർന്നു എന്നൊക്കെള്ള പൊരിച്ചില്ണ്ടാവും. തൻ്റെ അമ്മേം അങ്ങനെ പൊരിഞ്ഞട്ടന്ന്യാവും മരിച്ചത്.”
“നിഷിനെ നോക്ക്. തനിക്ക്ണ്ടായേക്കാളും ബുദ്ധിമുട്ടല്ലേ അവൾക്ക് വീട്ടിന്ന്ണ്ടായത്. എന്നിട്ടും അവൾക്കവരോട് സ്‌നേഹല്ലേ. നാളത്തെ ചെക്കപ്പ് കഴിഞ്ഞാല് ഒരാഴ്ച്ച കൂടി റെസ്റ്റെടുത്ത് അടുത്താഴ്ച്ച അവള് മലപ്പുറം പോകാൻ നിക്കാണ്. അവൾടെ ഉമ്മാക്ക് വയ്യാണ്ടിരിക്കല്ലേ . ഒരാഴ്ച്ച അവടെ പോയി നിന്നിട്ടേ ജോലിക്ക് റിജോയിൻ ചെയ്യൂന്നാ അവള് പറഞ്ഞത്.”
“അമ്മ ഇല്ലാത്തോർക്കേ അതിൻ്റെ വെഷമറിയൂ. അപ്പൻമാരില്ലെങ്കിലും വല്ല്യ കൊഴപ്പംണ്ടാവില്ല. അതെൻ്റെ തോന്നലാട്ടാ. ചെലേ സമയത്തൊക്കെ ഞാൻ കൊതിക്കാറ്ണ്ട് എൻ്റെ അമ്മ ഇണ്ടാർന്നെങ്കിലെന്ന്. ആ ഉമ്മയെങ്കിലും തിരിച്ച് വന്നിരുന്നെങ്കിലെന്ന്. "
റൈനു പറയുന്നതെല്ലാം മിണ്ടാതെ കേട്ടിരുന്നു. റൈനുവിന് ഉള്ളത്ര ജീവിതാനുഭവം ഒന്നും തനിക്കില്ല. ഏതെല്ലാം വഴികളിലൂടെ നടന്നിട്ടുള്ളവളാണ്. ശരിക്കും അവളുടെ തണലിലുള്ള ഈ ജീവിതമാണ് ഇപ്പോഴാശ്വാസം. അമ്മയില്ലാത്തിൻ്റെ സങ്കടം എല്ലാവർക്കും അമ്മയായിരുന്നിട്ടാണ് അവൾ തീർക്കുന്നതെന്ന് തോന്നാറുണ്ട്. എന്താണ് പറയണമെന്നറിയാതെ റൈനുവിൻ്റെ കയ്യെടുത്ത് മടിയിൽ വച്ചു. അവളോടെന്തൊക്കെയോ പറയാൻ മനസ്സ് വെമ്പി.
“എടോ താൻ പറയുന്നതെല്ലാം എനിക്ക് മനസ്സിലാകുന്നുണ്ട്. പക്ഷേ …… എനിക്കൊരിക്കലും ബാഷയെ… ഒരിക്കൽ അവനെൻ്റെ കാമുകനായിരുന്നു. ഞങ്ങൾ പ്രണയിച്ചിരുന്നു. ഒന്നിച്ച് സ്വപ്നങ്ങൾ കണ്ടിരുന്നു. ഇപ്പോൾ അവനെൻ്റെ ആരാന്ന് എനിക്ക് തന്നെ അറിയില്ല. അതാ….. ശരിക്കും പറഞ്ഞാ അവനെ എനിക്ക് കാണണ്ട റൈനു. അതെന്താന്ന് താൻ ചോദിക്കണ്ട. അതിന് എനിക്ക് ഉത്തരംല്ല്യ."
റൈനു നിശബ്ദയായി ഇരിക്കുന്നത് കണ്ടപ്പോൾ ആശ്വാസം തോന്നി. പക്ഷേ തീരെ പ്രതീക്ഷിക്കാത്ത മറ്റൊരു ചോദ്യം കൊണ്ട് വീണ്ടും റൈനുവെന്നെ ഭീതിയിലാഴ്ത്തി.
"തൻ്റെ ബാഷയ്ക്ക് ബഷീർ എന്നൊരു പേരുണ്ടാര്ന്നോ ?"
എൻ്റെ മറുപടി അവൾ പ്രതീക്ഷിച്ചില്ലെന്ന് തോന്നി. പെട്ടെന്നുണ്ടായ വിളർച്ച മറയ്ക്കാൻ പാടുപെടുന്നതൊന്നും അവളറിഞ്ഞതേയില്ല.
“ തനിക്ക് ബാഷേനെ കാണണ്ടെങ്കി വേണ്ട. പക്ഷേ… ഇന്നലെ ആ പൈനാപ്പിൾ ഗന്ധക്കാരനോട് സംസാരിച്ച് നമ്പറൊക്കെ വാങ്ങണ സമയത്താ എനിക്ക് പെട്ടന്നൊരു വെളിപാട്ണ്ടായത്.!"
"കുഞ്ഞിലേ എന്നെ നോക്ക്യ ഉമ്മേടെ കാര്യം പറഞ്ഞില്ലേ. ഞങ്ങട്ടെ വീടിൻ്റെ പൊറകിലാ അവര് താമസിച്ചേർന്നെ .ഇപ്പഴും ആ വീട് അവടെണ്ട്.. ഞങ്ങടെ പറമ്പിൻ്റെ തൊട്ടടുത്ത്. അപ്പൻ വിചാരിക്കണെ അവര് എന്നെങ്കിലും വരൂന്നാ. ആ ഉമ്മക്കൊരു മോന്ണ്ടാർന്നു.
"ശരിക്കും കൊറേ നാളായി ഞാനവരെ മറന്നിരിക്കാരുന്നു. പണ്ട് അപ്പൻ എടക്കെടെ അവരടെ കാര്യം പറയും. അതോണ്ട് അന്നൊക്കെ എപ്പഴും ഓർക്ക്വാരുന്നു. ഇപ്പ പക്ഷേ കൊറേ കൊല്ലായിട്ട് ഞാനപ്പൻ്റെ ഒപ്പം അല്ലല്ലോ താമസം. എടയ്ക്ക് ചെന്ന് വിശേഷെക്കെ തെരക്കൂന്നല്ലാണ്ട് പണ്ടത്തെപ്പോലെ കെട്ടിപ്പിടിച്ചിരുന്ന് വർത്താനം പറയലൊന്നും ഇല്ല്യല്ലോ. പിന്നെ നീയും നിഷിം ഒക്കെ വന്ന് നമ്മളടിപൊളി ആയപ്പോ ഞാനവരെ അങ്ങ്ട് മറന്നു. "
"പണ്ട് ഞങ്ങടെ വീട്ടില് കൊറേ പട്ട്യോള് ണ്ടാർന്നു. ഞങ്ങള് ,ഈ ബഷീറും ഞാനും അവറ്റോൾടെ ഒപ്പാ കളി . അപ്പൻ സൈക്കിളീ പോവുമ്പോ പട്ട്യോളും ഞങ്ങള് കുട്ട്യോളും പിന്നാലോടും . അപ്പോ അപ്പൻ ഒരു ബെല്ലടിക്കും. അപ്പൊ പട്ട്യോള് നിക്കും. ഞങ്ങളും നിക്കും. അപ്പൊ അപ്പൻ ഒരു ബെല്ലൂടി അടിക്കും. അപ്പൊ പട്ട്യോളും ഞങ്ങളും വീണ്ടും പിന്നാലോടും . പിന്നെ അപ്പൻ ഡബിൾ ബെല്ലടിക്കും. അപ്പൊ എല്ലാരും തിരിഞ്ഞ് വീട്ടിലേക്കോടും . പട്ട്യോൾക്ക് അപ്പൻ്റെ വക അങ്ങനെ കൊറേ ശീലങ്ങളുണ്ടാർന്നു.
"അപ്പൻ പറഞ്ഞാ കൊറേ എനിക്കറിയണെ. പക്ഷേ ആ ഓട്ടം എനിക്കോർമ്മേണ്ട്. പത്ത് നാൽപത് കൊല്ലം മുമ്പ് ഉപ്പാൻ്റെ അടുത്തക്ക് പോയ ആ ഉമ്മേനേം മോനേം പറ്റി ഒരു വിവരോം പിന്നെ ഇല്ല്യ. അപ്പൻ നിധി കാക്കണ ഭൂതം മാതിരി അവരടെ പറമ്പ് വെട്ടിത്തെളിച്ചും പ്രമാണം സൂക്ഷിച്ചും കാത്തിരിപ്പ്ണ്ട്ന്ന് മാത്രം. ഞാനിന്നലെ മുഴുവൻ ആ ഉമ്മേ പറ്റ്യാ ആലോചിച്ചോണ്ടിര്ന്നെ. അപ്പൻ വിചാരിക്കണ പോലെ എന്നെങ്കിലും അവര് വര്വാവോ? അവര് പണ്ടേക്ക് പണ്ടേ വല്ല ഗൾഫിലൊക്കെ പോയി രക്ഷപ്പെട്ട് കാണും. അപ്പൊപിന്നെ ഈ കാട്ടുമുക്കിലെ ഇത്തിരി പൊറമ്പോക്കും തേടി വര്വോ? എനിക്ക് തോന്നിണില്ല്യ. ആ ഉമ്മാൻ്റെ മോൻ്റെ പേരും ബഷീറ്ന്നാരുന്നു. ഉമ്മാൻ്റെ പേര് മുംതാസ് ന്നും. "
"ഞാനാ പൈനാപ്പിൾക്കാരന് മെസേജയച്ചണ്ട്. ആ ബാഷപുസ്തകം എങ്ങനേലും ഒന്ന് വായിക്കണം. നെറ്റോഫാക്കി വച്ചേക്കാ ആ മൻഷ്യൻ. അല്ലെങ്കിലും നമ്മടെ പോലെ ഒറങ്ങാണ്ടിരിക്കാൻ അയാൾക്ക് പ്രാന്തൊന്നും ഇല്ലല്ലോ ലേ ?. താൻ ഓരോന്നാലോചിച്ച് കെടക്കാണ്ട് കൊറച്ചൊന്നൊറങ്ങാൻ നോക്ക്. “ റൈനു കാപ്പിക്കപ്പുമെടുത്ത് തിരികെ നടന്നു.
“മുന്താസ്….” ആ പേരെൻ്റെ ചെവിക്കകത്തിരുന്ന് പ്രകമ്പനം കൊണ്ടു. ദൈവമേ ..… എന്തൊക്കെയാണീ സംഭവിക്കുന്നത്? കൂടിച്ചേരലുകൾ, കൂട്ടിച്ചേർക്കലുകൾ. ഒന്നും വ്യർത്ഥമല്ലെന്നോ? റൈനു അപ്പുറത്ത് ആ ഉമ്മേനേം ഓർത്ത് കിടന്നതോണ്ടാണോ ഇന്ന് താനാ സ്വപ്നം കണ്ടത്? മരങ്ങളും ചെടികളും വളർന്ന് കാടുപിടിച്ച് കിടക്കുന്ന ആ ശ്മശാനം. ആ ഉമ്മേടെ കുഴിമാടത്തിനകത്ത് താനും ഇട്ടതാണൊരു പിടി മണ്ണ്. ആ കുഴിമാടവും വേദനയോടെ സ്പന്ദിക്കുന്നുണ്ടായിരിക്കാം. ആരോടും പറയാൻ കഴിയാതിരുന്ന എന്തെല്ലാം രഹസ്യങ്ങളായിരിക്കും ആ ഉമ്മയോടൊപ്പം ആ കുഴിമാടത്തിലടക്കപ്പെട്ടിട്ടുണ്ടാവുക? കഴിഞ്ഞ കുറേ വർഷങ്ങളായി ആ രഹസ്യങ്ങളുടെ പിന്തുടർച്ചയാണ് തന്നെ അലട്ടികൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ അവിടെ നിന്നൊരു വേര് വളർന്ന് ഏതിലേയൊക്കെയോ പടർന്നു നീണ്ട് ഒടുക്കം തന്നെ വന്ന് തൊട്ടിരിക്കുന്നു.
തുടരും ...
Read More: https://www.emalayalee.com/writer/284