Image

ഭാവനയുടെ ആകാശത്ത് പറക്കുന്ന പട്ടങ്ങൾ (അഭിമുഖം:ഇന്ദിര അശോക് /തയാറാക്കിയത്: പ്രദീപ് പനങ്ങാട്)

Published on 13 May, 2026
ഭാവനയുടെ ആകാശത്ത് പറക്കുന്ന  പട്ടങ്ങൾ (അഭിമുഖം:ഇന്ദിര അശോക് /തയാറാക്കിയത്: പ്രദീപ് പനങ്ങാട്)

ഇന്ദിര അശോകിന്റെ കവിതകൾ കാലികമാകുമ്പോഴും പാരമ്പര്യത്തിന്റെ പ്രകാശ ധാര ഉൾക്കൊളളുന്നു. കവിതയ്ക്ക കത്തേക്കും പുറത്തേക്കും സഞ്ചരിക്കാനുളള വാതിലുകൾ  എപ്പോഴും സജ്ജമാണ് .

ഇന്ദിര അശോക് /പ്രദീപ് പനങ്ങാട് സംഭാഷണം

ആത്മ സങ്കീർത്തനങ്ങളാണ് ഇന്ദിര അശോകിന്റെ കവിതകൾ .അനുഭവത്തിന്റെയും ഭാവനയുടേയും പാരസ്പര്യത്തിൽ നിന്നാണ് ആ കവിതകൾ സൃഷ്ടിക്കപെടുന്നത്.ഏകാന്ത വഴി കളല്ല,ബഹുസഞ്ചാരപഥങ്ങളാണ് ഈ കവിതകൾക്കുള്ളത്.അതുകൊണ്ട് തന്നെ ആസ്വാദനത്തിന്റെ വിഭിന്ന രുചികൾ അറിയാൻ കഴിയുന്നു.ഇന്ദിര അശോകിന്റെ കവിതകൾ കാലികമാകുമ്പോഴും പാരമ്പര്യത്തിന്റെ പ്രകാശ ധാര ഉൾക്കൊളളുന്നു. കവിതയ്ക്ക കത്തേക്കും പുറത്തേക്കും സഞ്ചരിക്കാനുളള വാതിലുകൾ  എപ്പോഴും സജ്ജമാണ്.ആ മൗലികതയാണ് ഈ കവിതകളെ ശ്രദ്ധേയമാക്കുന്നത്.കനൽ കാവടി,പ്രവാചക, ഏകം, ശംഖ് തുടങ്ങിയ കാവ്യ സമാഹാരങ്ങൾ . നിരവധി പരിഭാഷാ കൃതികൾ എന്നിവ  ഇന്ദിര അശോകിന്റെതായുണ്ട് .

താങ്കളുടെ ഓരോ കവിതയും വ്യത്യസ്ത രൂപത്തിലുള്ളതാണ്. അടിസ്ഥാനപരമായി കവിതയുടെ രസതന്ത്രമെന്താണ് ?

സഹജീവികളോടുള്ള സ്നേഹം അതിൻ്റെ അടിസ്ഥാന മൂലകങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണെന്നു കരുതുന്നു. ചെറുപ്പം കണ്ട കാഴ്ചകൾ ഒരാളുടെ ഉള്ളിൽ, ആഴത്തിൽ രേഖപ്പെടുമല്ലോ. വീടിൻ്റെ ഒരു കോണിൽ ഉണ്ടായിരുന്ന ചെറുകാടുകളും മഠവും ചിത്രകൂടങ്ങളും മനസ്സിൽ പതിഞ്ഞു കിടക്കുന്നുണ്ട് .മകരത്തിൽ നിറഞ്ഞു പൂത്ത കാട്ടുപിച്ചകങ്ങൾ എന്നേയ്ക്കുമുള്ള പശ്ചാത്തലചിത്രമൊരുക്കിയിട്ടുണ്ട്. മരങ്ങളുടെ നിറുക വരെ പടർന്നു പൂത്ത്, മണം മുഴുവൻ നിലാവിലേക്കു ചൊരിഞ്ഞ മുല്ലക്കൊടിയും, അല്പം സാത്വികയെപ്പോലെ ഭാവിച്ച പിച്ചിയും, കൃഷിയുടെ പച്ചയും ചേർന്നൊരുക്കിയ ജൈവപ്രകൃതിയാകും അതിൻ്റെ ചേരുവകൾ നിശ്ചയിച്ചത്.പല പേരിട്ടു വിളിച്ച വളർത്തുമൃഗങ്ങൾ, അതിൻ്റെ രസക്കൂട്ടിലേക്ക് ഒരിക്കലും ഒഴിയാത്ത സ്നേഹം പകർന്നു.വിവിധ കാലങ്ങളിൽ, പല അളവുകളിലായി മധുരിച്ചതും, കയ്ച്ചതും കഠിനാനുഭവത്തിൻ്റെ തിളച്ച തീദ്രാവകം കൊണ്ടു പൊള്ളലേറ്റതും, സമരസത്തിൻ്റെ രുചിയും അരുചിയും മാറി മാറി കവിതയിൽ വന്നു ചേർന്നു.

സജീവമായ ഒരു കാവ്യപാത തെളിഞ്ഞു വന്നതെപ്പോഴാണ്?

അനുഭവങ്ങളുടെ ഉച്ചസ്ഥായിയിലും യൗവ്വനത്തിൻ്റെ തിളച്ചു തൂവലിലും തീരെബോധപൂർവ്വമല്ലാതെ അത് തെളിഞ്ഞു വന്നു.  ആരും നടക്കാത്ത വഴി ഓരോ സഞ്ചാരിയുടെയും സ്വപ്നമാണ് .അറിയാതെ,തികഞ്ഞയാദൃശ്ചികതയോടെ,അതിലേക്ക് എത്തിപ്പെടുകയാണ് ചെയ്യുന്നത്.പിന്നീട് മാത്രമാണ് ഈ വഴി തന്നെ കാത്തിരിക്കുകയായിരുന്നു എന്ന തിരിച്ചറിവ് വരുന്നത്. വെയിൽ തിളച്ച വഴികളിൽ തണൽക്കുടയുമായി കവിത കാത്തു നിന്നു. അസംഖ്യം ഉൽക്കണ്ഠകൾ വേവുന്ന ഒരു സമ്മർദ്ദകപാചകപാത്രത്തിൻ്റെ ആവി ചീറ്റലായിരുന്നു അത്. അതിലൂടെ ജീവിതം ചെറിയ നേരത്തേക്കെങ്കിലും സ്വാസ്ഥ്യമറിഞ്ഞു എന്നു പറയാം.

മലയാള കവിതയുടെ പാരമ്പര്യമാണോ സമകാല കവിതയുടെ അനുഭവങ്ങളാണോ ആദ്യം സ്വാധീനിച്ചത്?

രാമായണത്തിലെ ആദിത്യഹൃദയമാണ് കാവ്യഭംഗികൊണ്ട് ആദ്യം ആകർഷിച്ചത്. അത് നന്നായി ചൊല്ലുന്ന ഒരു ബന്ധുവുണ്ടായിരുന്നു. അതിലെ സംഗീതവും സാഹിത്യവും ഒരു പോലെ ഉള്ളിൽ നിറഞ്ഞു. കുട്ടിക്കാലത്ത് മഠത്തിൽ കേട്ട ഹോമമന്ത്രങ്ങൾ മനസ്സിൽ പതിഞ്ഞു. അതുപോലെ എഴുതാൻ കഴിയണമെന്നായിരുന്നു ആഗ്രഹം.ആവഴിക്ക് ചില സ്തോത്ര കവിതകൾ എഴുതിയിട്ടുമുണ്ട്.അതോടൊപ്പം തന്നെ സമകാലകവിത വിസ്മയിപ്പിച്ചു. കിട്ടുന്നത് വരി വിടാതെവായിക്കുമായിരുന്നു.കവിയുടെ ഒപ്പം നടന്നു ആനന്ദിച്ചും കലഹിച്ചും സ്നേഹിച്ചുമുള്ള വായന, എഴുത്തിന് വലിയ പ്രചോദനമായിരുന്നു.

ആധുനിക കവിത സജീവമായി പൂത്തു നിന്നപ്പോഴാണ് കവിത എഴുതിത്തുടങ്ങുന്നത് .അതിനോടുള്ള സമീപനം എന്തായിരുന്നു?

ഒരേ സമയം ഒരു പോലെ ശക്തമായി നിലകൊണ്ടിരുന്ന പലരുടെയും സാന്നിധ്യം ആധുനിക മലയാള കവിതയെ സമ്പന്നമാക്കിയിരുന്ന കാലമാണത്. പരസ്പരം വായിച്ചിരുന്ന, സജീവമായ അരങ്ങുകൾ ഉണ്ടായിരുന്ന, മുതിർന്ന കവികളുടെ പ്രേരണാബലമുള്ള സുവർണ്ണകാലമെന്നു വേണമെങ്കിൽ പറയാം.ഒ.എൻ.വി, വി.മധുസൂദനൻ നായർ, ഡി.വിനയചന്ദ്രൻ ,ബാലചന്ദ്രൻ ചുള്ളിക്കാട് തുടങ്ങിയവർ പ്രത്യക്ഷമായും വിജയലക്ഷ്മി അകലെ നിന്നും ആ കാവ്യാ രാമത്തിലേക്കു ക്ഷണിക്കുന്നതായിത്തോന്നി. ഓരോ കവിതയും ഒരു അതിശയലോകം തുറന്നു കാട്ടി.വ്യവഹാരങ്ങളുടെ ലോകത്ത് വീർപ്പുമുട്ടുമ്പൊഴും പശ്ചാത്തലം ഏകതാരപോലെ കവിതയുടേതായിരുന്നു. അന്വേഷണത്തിൻ്റേതായിരുന്നു. ഇത് എഴുത്തിലേർപ്പെട്ട എല്ലാവരും അനുഭവിക്കുന്നതാണ് .നിരന്തരമായ തിരച്ചിലിലും എഴുത്തിലും തുടരാൻ ആധുനികകവിതാലോകം കാരണമായി എന്നതാണ് നേര്.

താങ്കളുടെ കവിത ഉത്ഭവിക്കുന്നത് അനുഭവത്തിൽ നിന്നാണോ ഭാവനയിൽ നിന്നാണോ?

ഭാവനയും അനുഭവുമാണ് എനിക്ക് കവിത.അനുഭവങ്ങളിൽ നിന്ന്, കൂടുതലായും ദുഖാനുഭവങ്ങളിൽ നിന്ന്, അപൂർവ്വമായിമാത്രം സന്തോഷനിമിഷങ്ങളിൽ ലയിച്ചും എഴുതിപ്പോയി. ചില സ്വപ്നങ്ങളും ഭ്രമാത്മകമായ വിചാരങ്ങളും അതീതഭാവനകളുമൊക്കെ കവിതയ്ക്ക് വിഷയങ്ങളായിട്ടുണ്ട്.

ഭാഷയുടെ കല കൂടിയാണ് കവിത എന്നു പറയാറുണ്ട്. ഭാഷയിൽ സൂക്ഷ്മത പുലർത്താൻ ശ്രമിക്കാറുണ്ടോ?

ഒരു സ്ക്കൂളിലും പഠിക്കാത്ത കുട്ടിയാണ് ഞാൻ. തോന്നുംപടി എന്നു പറയില്ലേ. കവിത വരുമ്പോൾ സർവ്വാത്മനാ സ്വീകരിക്കുന്നു  എന്നല്ലാതെ അതിനെ അച്ചടക്കപ്പെടുത്താനോ അച്ചിലിട്ട് വയ്ക്കാനോ ശ്രമിച്ചില്ല. ഒരുതരത്തിലെ അഭ്യസനവും അതിനില്ല.ജീവിതത്തിൻ്റെ പുറമ്പോക്കിൽ നിന്ന് ഒപ്പം ചേർന്ന ആത്മബന്ധു!അതു ചൂണ്ടിക്കാണിച്ചതിലൊക്കെ ഞാൻ അതിശയം പൂണ്ടു. ഒരുമിച്ചു കരഞ്ഞു, ചിരിച്ചു. പ്രണയിക്കുകയും ആനന്ദിക്കുകയും ചെയ്തു. വാക്കുകൾ പൂർവ്വികർ പറഞ്ഞു തന്നവയാണെന്നു തോന്നി. അവയ്ക്ക് എന്തോ പ്രത്യേകതയുണ്ടെന്ന് വായിച്ചവർ പറഞ്ഞു. ആഴത്തിൽ പോയ ഒരു വേരിൽ പറ്റിയിരിക്കുന്ന പച്ചമണ്ണിൻ്റെയോ, ആൾക്കൂട്ടം കാലങ്ങൾക്കപ്പുറം സംസാരിച്ചിരുന്ന ലിപിയില്ലാത്ത ഭാഷയുടെയോ മണം അതിനുണ്ടായിരുന്നിരിക്കണം. ഉപയോഗിക്കുന്ന വാക്കുകൾ നിത്യസാധാരണമാകരുതെന്ന് ഒരു നിഷ്ഠ സ്വയം ഉണ്ടാക്കിയിരുന്നു.അത് നന്നെന്നു പലരും പറഞ്ഞെങ്കിലും, പിന്നീട് മാറിയ അഭിരുചിക്കു ബോധിക്കുവാൻ ,അവയെ സാധാരണ ഭാഷയിലേക്ക് കൊണ്ടുവരേണ്ടിയും വന്നു. എങ്കിലും പഴയ ശീലത്തിൻ്റെ പൊട്ടും പൊടിയും ഇപ്പൊഴും അതിൽ പറ്റി നില്പുണ്ട്.

ജീവിതത്തിനും കവിതയ്ക്കുമിടയിലെ ദൂരം നിശ്ചയിക്കുന്നതെങ്ങനെ?

അവയ്ക്കിടയിലെ ദൂരം വളരെ കുറഞ്ഞിരുന്ന  ഒരു കാലമുണ്ട്. കവിത മാത്രമാണ് ജീവനും ജീവിതവുമെന്ന് വിചാരിച്ചിരുന്ന ഒരു വിഭ്രാന്തകാലം! അത് ഭാവനാ ലോകത്തെ സ്ഥിരതാമസക്കാരിയാക്കി മാറ്റി.  അതുകൊണ്ടു തന്നെ പ്രായോഗികത ആവശ്യപ്പെടുന്ന വ്യവഹാരലോകത്തിൽ പരാജയപ്പെടുകയും പരിഹാസ്യയാകേണ്ടിവരികയും ചെയ്തു. ഇപ്പൊഴും പ്രാണൻ ഏഴു തടാകങ്ങൾക്കക്കരെയുള്ള കവിതയുടെ മരപ്പൊത്തിൽ ഭദ്രമായിരിക്കുകയാണ് .ആർക്കും എളുപ്പം ചെന്നെത്താനാകാത്ത നിഗൂഢ ദൂരത്തിൽ .വലിയ ആവേശത്തോടെ ഞാൻ അതിനെ ആവഹിക്കുന്നു. ചങ്കിരുന്നിടത്തെ ശൂന്യത തടവി, മന്ത്രിച്ചുവിളിക്കുമ്പോൾ, ജലദൂരമെല്ലാം പിന്നിട്ട് എന്നിലേക്ക് മടങ്ങുന്നു. ചിലത് പറഞ്ഞു തരുന്നു.വെറും എഴുത്തുപകരണമായി അത് പകർത്തുന്നു.

ദീർഘകാലത്തെ കാവ്യജീവിതത്തിനിടയിൽ ഉണ്ടായ ദിശാ വ്യത്യാസങ്ങൾ സ്വയം വിലയിരുത്തിയിട്ടുണ്ടോ?.

വളരെ വൈകി മാത്രമാണ് അങ്ങനെയൊരു വിശകലനം നടന്നത്. ഒറ്റയ്ക്ക് നിൽക്കുന്നവർക്ക് പറ്റുന്ന അബദ്ധമാണത്. ഇത്തരം വിലയിരുത്തലുകൾ സാധാരണ സംഘം ചേർന്ന ചർച്ചകളിലും സംഭാഷണങ്ങളിലുമാണ് നടക്കുന്നത്. ഒരുമിച്ചുള്ള സംസാരത്തിൽ നിന്ന് ഉരുത്തിരിഞ്ഞു വരുന്ന വിലയേറിയ പ്രായോഗിക ജ്ഞാനം ലഭിക്കാതെ പോയി. ഒരാൾ ഒറ്റയ്ക്കു നടന്നുപോകുന്നു. കാഴ്ചകളാൽ നിറഞ്ഞും ജീവിതത്താൽ ആവേശിതയായും, സമതലവും ആഴവും തിരിച്ചറിയാതെ വീണു മുറിഞ്ഞും ഉയിർത്തും അങ്ങനെ അങ്ങനെ ... അതിനിടയിൽ അത് സ്വയം അപഗ്രഥിക്കാൻ ശ്രമിച്ചില്ല.സ്വന്തം കവിതയിലെ ദിശാവ്യത്യാസത്തെ കുറിച്ചു പറഞ്ഞാൽ, അത് കാലം ചെല്ലുന്തോറും പുറത്തേക്കു സഞ്ചരിച്ചു എന്നു പറയാം. അകം ചുറ്റിക്കളി കുറച്ചു കൊണ്ടു വന്ന് അത് ബാഹ്യലോകത്തിൽ കൂടുതൽ അഭിരമിക്കാൻ തുടങ്ങി .

കാവ്യപരിഭാഷകൾ എങ്ങനെയാണ് സ്വന്തം രചനയെ സ്വാധീനിക്കുന്നത്?

വളരെ ശക്തമായ ഘടനയുള്ള ഒരു നിർമ്മിതിയുടെ അകത്തേക്ക് പ്രവേശിച്ച് അതിൻ്റെ അധിപയാവുകയാണ് പരിഭാഷ എന്ന പ്രക്രിയയിലൂടെ നടക്കുന്നത് എന്നു തോന്നും. വാക്കുകളിലും വരികളിലും വിന്യസിക്കപ്പെട്ടു കിടക്കുന്ന അതിൻ്റെ പ്രാണൻ പങ്കിടുകയാണെന്നും തോന്നിയിട്ടുണ്ട്. അതിനായി മറ്റൊരു വൻകരയിലേക്ക് സഞ്ചരിക്കേണ്ടിവരും. പലദേശത്തിൻ്റെ, നദികളുടെ, പർവ്വതങ്ങളുടെ യാത്രികയാകണം. തുടക്കത്തിൽ ദൃഢമെന്നു തോന്നിക്കുന്ന അതിൻ്റെ പേശികളിൽ നിന്ന് വഴക്കമുള്ള മൊഴി കറന്നെടുക്കണം. അത് ഒരു സാഹസം തന്നെയാണ്. ഒരു വരിയിൽ തൂങ്ങി അഗാധവും അപരിചിതവുമായ ഒരു താഴ്‌വര കടക്കുമ്പോൾ , തലച്ചോറിലെ ഇതുവരെ സ്പന്ദിക്കാത്ത കോശങ്ങൾ ഉണർന്നേക്കാം. ഇതുവരെ ചിന്തിക്കുക പോലും ചെയ്യാത്തതിനെ കുറിച്ച് എഴുതിയെന്നും വരാം.പുതിയതിലേക്ക് പോകുവാൻ പ്രേരിപ്പിക്കുന്ന ഒന്നായി പരിഭാഷ മാറുന്നുണ്ട്.

സ്വന്തം കവിത നിർവ്വചിക്കുന്നത് കാലത്തെയാണോ ചരിത്രത്തെയാണോ ജീവിതത്തെയാണോ?

അത് പൂർണ്ണമായും ജീവിതത്തെക്കുറിച്ചുള്ളതാണ്. അത് ബൗദ്ധികതയെയും ലാഭേച്ഛകളെയും തള്ളിപ്പറഞ്ഞു കൊണ്ട് കേവലവും ലളിതവുമായ വൈകാരികതയെ പുണരുന്നു . ദയയുടെ വസ്ത്രമുടുത്തുനിന്ന് അത് സ്നേഹത്തിൻ്റെയും പാരസ്പര്യത്തിൻ്റെയും ഇഴയടുപ്പത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്നു. ഓരോ ജീവനിലും തന്നെത്തന്നെ സന്നിവേശിപ്പിച്ച് പ്രാണൻ്റെ .സങ്കടങ്ങളെല്ലാമറിയുന്നു. കവിതയും ജീവിതവും രണ്ടല്ലാതാകുന്ന തിക്കുമുട്ടറിഞ്ഞ്, ഇപ്പോൾ കവിഞ്ഞു നിലം തൂവുമെന്ന മട്ടൊരു ആഹ്ലാദം ഓരോ കോശത്തിലും രസമായി ഒളിപ്പിച്ച് വച്ച് , ആളിക്കത്താതെ, സൗമ്യമായി നിത്യവും എരിയണേ എന്ന പ്രാർത്ഥനയോടെ പ്രാപിക്കുന്ന പ്രണയമായും അത് അവനവനെത്തന്നെ ദീപ്തമാക്കുകയാണെന്നു കരുതുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക