Image

ചമതി (നോവല്‍- ഭാഗം-16: ഉഷാ ചന്ദ്രന്‍)

Published on 13 May, 2026
ചമതി (നോവല്‍-  ഭാഗം-16: ഉഷാ ചന്ദ്രന്‍)

എല്ലാവരും ഉത്സവപ്പറമ്പിലായിരുന്നു, ആ രാത്രി. കോളനി നിശ്ശബ്ദത വാരിപ്പുതച്ചു വിറുങ്ങലിച്ചു കിടന്നു. സീതയുടെ നിസ്സാരമായ  നിത്യജീവിതത്തിന്‍റെ  ഗതിവിഗതിയെ അടിമുടി മാറ്റിമറിച്ച ആ രാവിനപ്പോള്‍ ഏഴഴകായിരുന്നു. മധുരോദാരമായ അനുഭൂതികളുടെ മൗനനൊമ്പരമായിരുന്നു, ഉണ്ണ്യേട്ടന്‍ അവളുടെയും അവള്‍ ഉണ്ണ്യേട്ടന്റെയും എല്ലാമായിത്തീര്‍ന്ന ആ സുരുചിരയാമം. പുറത്തു നിറനിലാവ് പെയ്യുന്നുണ്ടായിരുന്നു. ഇന്ന് പൗര്‍ണ്ണമിയാവും. നാളെ ഞാന്‍ മടങ്ങും എന്ന് ശൗരി പകലെപ്പോഴോ സീതയോട് പറഞ്ഞിരുന്നു.

“എനിക്ക് നിന്നെ കാണണം, നിന്നോട് സംസാരിക്കണം. രാത്രിയില്‍ നീ ഇറങ്ങി വരുമോ? അര്‍ദ്ധരാത്രി കഴിഞ്ഞു മതി. ഞാന്‍ കാത്തിരിക്കും”

ഉണ്ണ്യേട്ടന്‍റെ “നീ വരുമോ” എന്ന ചോദ്യം ഉള്‍ത്തടത്തില്‍ കിടന്നൊരു  വ്യാഘ്രത്തെ[പ്പോലെ ചുരമാന്തുന്നു. അതിന്‍റെ തീവ്രാഭിലാഷം അവിടേയ്ക് പോകാന്‍ തന്നെ പ്രേരിപ്പിക്കുന്നു. അവള്‍ പായയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നുരുണ്ടു. എണീറ്റിരുന്നും വീണ്ടും കിടന്നും ഒരു തീരുമാനത്തിലെത്താനാവാതെ സീത പിടഞ്ഞു. പതിയെപ്പതിയെ വികാരം വിചാരത്തെ കീഴ്പ്പെടുത്തുകയായിരുന്നു. മണി 12 ആവുന്നു. അമ്മ മാത്രമേ വീട്ടിലുള്ളൂ. അപ്പുറത്തെ വീട്ടില്‍ കൊക്കോച്ചിയമ്മയുണ്ട്. ഉറക്കിളയ്ക്കാന്‍ വയ്യെന്ന് പകലവര്‍ പറയുന്നുണ്ടായിരുന്നു. അമ്മയും ഇപ്പോള്‍ ഉറക്കം പിടിച്ചിരിക്കുന്നു. എന്തുവന്നാലും പോവുകതന്നെയെന്നു നിശ്ചയിച്ച് സീത പതിയെ എണീറ്റു. പുറത്തേയ്ക്കുള്ള മറ നീക്കി മുറ്റത്തിറങ്ങിനിന്ന് ആകാശത്തേയ്ക്ക് നോക്കി. പൂര്‍ണ്ണചന്ദ്രന്‍ തലയ്ക്കുമുകളില്‍ ചിരിച്ചുകൊണ്ട്  നില്‍പ്പുണ്ട് . നീയെങ്ങോട്ടാ? എന്ന് അവളെ നോക്കി പരിഹാസപൂര്‍വ്വം ചോദിക്കുന്നതായി സീതയ്ക്ക് തോന്നി.  റോഡില്‍ ഇപ്പോഴും വഴിവിളക്കുകള്‍ കണ്ണുചിമ്മുന്നുണ്ട്.. അമ്പലത്തില്‍ ഇന്ന് കഥാപ്രസംഗം ആണ്. മൈക്കിലൂടെയെത്തുന്ന അതിന്‍റെ വ്യക്തമല്ലാത്ത ശബ്ദ കോലാഹലം ഇങ്ങോളം കേള്‍ക്കാം.. ഇരുളും നിഴലും ഇണചേരുന്ന മുറ്റം കടന്ന് സീത ചെമ്പരത്തി അതിരിട്ട ഇടവഴിയിലേയ്ക്കിറങ്ങി. ആരെങ്കിലും അബദ്ധത്തില്‍ ഈ വഴി വന്നാലോ? ഇരുട്ടിന്‍റെ മറ പറ്റി മുന്നോട്ട് നടക്കുമ്പോള്‍ ആരെങ്കിലും തന്നെ കണ്ടാലോ എന്നല്ലാതെ മറ്റൊരു ഭയവും അവളെ തീണ്ടിയതേയില്ല. അല്ലെങ്കിലും നിശ്ചയയദാര്‍ഢൃത്തിനു മുന്നില്‍ ഭയമെന്ന വികാരം അടിയറവു പറഞ്ഞല്ലേ മതിയാവൂ. ശക്തമായ ഒരു ലക്ഷ്യത്തിലേയ്ക്ക് കുതിയ്ക്കാനുള്ള വ്യഗ്രതയില്‍ മനുഷ്യന്‍ അവനെതിരെ വരുന്ന വിപത്തുകളെപ്പോലും അവഗണിക്കാറാണ് പതിവ്. മറ്റെല്ലാ വികാരങ്ങളും അപ്പോഴവന്‍ മറന്നുപോകുന്നത് സ്വാഭാവികം. സീതയും ധൈര്യപൂര്‍വ്വം മുന്നോട്ടു നടന്നു. പത്തടികൂടി നടന്നാല്‍ അടുക്കളക്കെട്ടിനപ്പുറമെത്താം. അവിടെയാണ് ഉണ്ണ്യേട്ടന്‍ കാത്തുനില്‍ക്കാമെന്ന് പറഞ്ഞത്. അതിന്‍റെ മറുവശത്ത്‌ പച്ചപ്പട്ടുവിരിച്ചപോലെ പടര്‍പ്പന്‍ പുല്ലുകളും ഇല്ലിയും മാത്രം നിറഞ്ഞ വിശാലമായ തൊടിയാണ്. നിലാവെളിച്ചത്തില്‍ അകലെനിന്നേ ഗന്ധര്‍വ്വന്‍ ഭൂമിലെയ്ക്കിറങ്ങി വന്നതുപോലെ വെളുത്ത വസ്ത്രമണിഞ്ഞു നില്‍ക്കുന്ന ശൗരിയെ സീത കണ്ടു. ഉടലിന്‍റെ രൂപരേഖ മാത്രം മതി, അവള്‍ക്കു ശൌരിയെ തിരിച്ചറിയാന്‍. സീതയുടെ ഹൃദയം ഉച്ചത്തില്‍ പെരുമ്പറകൊട്ടാന്‍ തുടങ്ങി. കാലുകള്‍ മുന്നോട്ടു ചലിക്കുന്നില്ലേ എന്ന് സംശയമായി.. ഇപ്പോളിതാ പേടി തോന്നിത്തുടങ്ങുന്നു. ദേഹം വിറയ്ക്കുന്നുണ്ട്. ഒരു കള്ളിയെപ്പോലെ ചുറ്റോടുചുറ്റും ശ്രദ്ധാപൂര്‍വ്വം വീക്ഷിച്ച് ആരും കാണുന്നില്ലെന്നുറപ്പുവരുത്തി ഒരുവിധത്തിലവള്‍ അടുക്കളക്കെട്ടിനടുത്തെത്തി.

സീത അടുത്തെത്തിയതും ശബ്ദമുണ്ടാക്കാതെ ശൗരിയവളുടെ കയ്യില്‍ കടന്നുപിടിച്ചു. ആ കൈകള്‍ തണുത്തിരിക്കുന്നത് സീതയറിഞ്ഞു.

നിന്നെ വിറയ്ക്കുന്നല്ലോ? കാതോരം മൊഴിഞ്ഞുകൊണ്ട് ശൗരിയവളെ പൊതിഞ്ഞുപിടിച്ചു. തല നെഞ്ചിലേയ്ക്ക് ചായ്ച്ചു പിടിച്ചുകൊണ്ടു നീണ്ട ഇടനാഴി പിന്നിട്ടവന്‍ അവളെ തന്‍റെ കിടക്കറയിലേയ്ക്ക് ആനയിച്ചു.

“ഉണ്ണ്യേട്ടന്‍റെ കൈ തണുത്തിരിക്കുന്നു”. സീത പറഞ്ഞു.

‘ഇപ്പോള്‍ മാറിക്കൊള്ളും, നീ പകരുന്ന ചൂടില്‍”. അവന്‍ വികാരനിര്‍ഭരനായി

എന്താ ഉണ്ണ്യേട്ടന് പറയാനുള്ളത്? അവന്‍റെ പള്ളിമഞ്ചത്തില്‍ ഇരുന്നുകൊണ്ട് സീത ചോദിച്ചു.

“പറയാനല്ല നിന്നെ വെളുക്കുവോളം കണ്ടുകൊണ്ടിരിക്കാനാണ്.”

ഒന്നും പറയാനില്ലേല്‍ ഞാന്‍ പൊയ്ക്കോട്ടേ? സീത രണ്ടടി മുന്നോട്ടു നടന്നതുകണ്ട് ശൌരി ചെന്നവളെ കോരിയെടുത്തു കൊണ്ടുവന്ന് ഒരു  കുഞ്ഞിനെയെന്നപോലെ പതിയെ തന്‍റെ പതുപതുത്ത മെത്തയിലേയ്ക്ക് കിടത്തി. സീത ആദ്യമായിട്ടായിരുന്നു അങ്ങനെയൊരു കിടക്ക കാണുന്നതുതന്നെ. ഇപ്പോള്‍ അതിലാവട്ടെ, അവളോട്‌ ചേര്‍ന്ന് അവളുടെ ഇഷ്ടപുരുഷനും. ഇനി മരിച്ചാലും വേണ്ടില്ല. ഈ ജന്മത്തില്‍ ഇനി ഇതിനപ്പുറത്തേയ്ക്ക് ഒന്നും നേടാനുമില്ല എന്ന് സീതയ്ക്ക് തോന്നി. പാതി കൂമ്പിയ മിഴികളോടെ എന്തിനും തയ്യാറായി കിടന്ന സീതയെ ശൗരി ഉമ്മകള്‍കൊണ്ട് മൂടി. ഉള്‍പ്പുളകത്തോടെ അവളേറ്റുവാങ്ങിക്കൊണ്ടേയിരുന്ന ഓരോ ചുംബന മുദ്രകളിലും വികാരമുകുളങ്ങള്‍ നാമ്പെടുത്തു. അവ ഒരായിരം നറുപൂക്കളായി പൊട്ടി മലരുംപോലെ ഉടലാസകലം രോമാഞ്ചമണിഞ്ഞു. സാവധാനം, വളരെ സാവധാനം ശൌരിയവളെ അവളറിയാതെപോലും ബാഹ്യലീലകളിലൂടെ നഗ്നയാക്കിക്കൊണ്ടിരുന്നു. ഒരു രതിദേവതാശില്‍പം മറിഞ്ഞു വീണതുപോലെ കൊച്ചുതമ്പുരാന്‍റെ രാജകീയ ശയ്യാതലത്തില്‍ സീത മലര്‍ന്നു കിടന്നു. മാറിലെ മധു ചഷകം മൊത്തിക്കുടിക്കാന്‍ വെമ്പിയ ചുണ്ടുകള്‍ ഇരു കൈകളും ചേര്‍ത്തണച്ചവള്‍ തന്‍റെ ചുണ്ടോടു ചേര്‍ത്തു. പിന്നീടവ ശൗരിയെ വരിഞ്ഞുചുറ്റി പുറവടിവുഴിഞ്ഞു. ദൃഢമാര്‍ന്ന അവളുടെ മുലത്തടങ്ങളില്‍ ശൌരി ബലമായി മുഖമണച്ചു. സീതയവനെ അള്ളിപ്പിടിച്ചു.  മുങ്ങിയും പൊങ്ങിയും വികാര സാഗരത്തില്‍ നീന്തിത്തുടിച്ച രണ്ടു സ്വര്‍ണ്ണമത്സ്യങ്ങള്‍, അവിടെ ഞൊറിവച്ചുയരുന്ന തിരയിളക്കങ്ങളില്‍ ആലിലച്ചുഴികളും അതിലെ നിമ്നോന്നതങ്ങളായ നീരൊഴുക്കും കണ്ടു. അവസാനം അവരതിന്‍റെ ആഴങ്ങളിലേയ്ക്കിറങ്ങി ചെന്നു.. മുത്തും പവിഴവും വാരിയെടുത്തു. അടിത്തട്ടിലെവിടെയോ തടസ്സം സൃഷ്ടിച്ച മണ്‍തിട്ടയില്‍ പൂക്കുല തല്ലിച്ചിതറിയ ചുടുമലരികള്‍ ആസക്തിയോടെ മുകള്‍ത്തട്ടിലേയ്ക്കുയര്‍ന്നു. മധുരമുള്ള  നൊമ്പരത്തിന്‍റെ പൂര്‍ണ്ണതയില്‍ അവ ലയിച്ചു. പ്രക്ഷുബ്ധമായിരുന്ന കടല്‍ പതിയെ ശാന്തമായി. കിതപ്പും കുതിപ്പും അടങ്ങവേ, ചൈതന്യവത്തായ ആ സ്വര്‍ഗ്ഗീയരാത്രി സീതയ്ക്ക് സമ്മാനിച്ചത്‌ സ്വപ്ന സാക്ഷാല്‍ക്കാരത്തിന്‍റെ നിതാന്തസായൂജ്യമായിരുന്നു.

കൊച്ചുതമ്പുരാനേ.. ശൗരിയുടെ മാറില്‍ കിടന്ന സീത പതിയെ ശബ്ദിച്ചു.

കണ്ണടച്ചു കിടന്ന ശൗരി മൂളിയതേയുള്ളൂ.

വല്ലതും പറ്റിയോ? ചുണ്ടിലൊളിപ്പിച്ച ഗൂഢസ്മിതത്തോടെയാണ്  സീത ചോദിച്ചത്.  ശൗരിയ്ക്കുമത് രസിച്ചു.  

“എന്തോ ഒന്ന് പറ്റിയതുപോലെയുണ്ട്, ഒട്ടുന്നു”. ശൌരി തിരിച്ചടിച്ചു

‘അതെയതെ! ഒട്ടിപ്പിടിച്ചത് അടര്‍ത്തിക്കളയാന്‍ പറ്റാതെ വന്നാലോ?’ അവളുടെ സങ്കോചമെല്ലാം എങ്ങോ പോയൊളിച്ചു. എങ്കിലും ചോദ്യത്തില്‍ തെല്ലു പതര്‍ച്ചയുണ്ടെന്നവനറിയാന്‍ കഴിഞ്ഞു.

പറ്റിയാല്‍ ഞാനില്ലേ? പെട്ടെന്നവന്‍ ചോദിച്ചതുകേട്ടവള്‍ക്ക് ചിരിക്കാന്‍ തോന്നി, എല്ലാ പുരുഷന്മാരെയുംപോലെ എത്ര ലാഘവത്തോടെയാണ് ഉണ്ണ്യേട്ടനും പറയുന്നതെന്നോര്‍ത്ത്. പറയുന്നത്ര എളുപ്പമല്ല അത് പ്രായോഗികമാക്കാന്‍ എന്ന് ലോകം കണ്ടിട്ടില്ലാത്ത സീതയ്ക്കു പോലും നിസ്സാരമായി ഊഹിക്കാന്‍ കഴിയുമായിരുന്നു. മനപ്പൂര്‍വ്വം ചതിക്കാനോ വഞ്ചിക്കാനോ ഉണ്ണ്യേട്ടന് കഴിയില്ലെന്ന് സീതയ്ക്കറിയാം. തങ്ങള്‍ക്കു ചുറ്റുമൊരു ലോകമുണ്ട്, സമൂഹമുണ്ട്‌. അവിടെ ഉണ്ണ്യേട്ടന്‍ തോല്‍ക്കും. പക്ഷേ എന്ത് വന്നാലും താന്‍ നേരിടും എന്ന് സീത ഉറപ്പിച്ചു.

അതേസമയം ശൗരി സീതയെപ്പറ്റിയും ചിന്തിക്കുകയായിരുന്നു. ലോകത്തിന്‍റെ ഇരുണ്ട വശങ്ങള്‍ കണ്ടിട്ടില്ലാത്ത പാവം പെണ്ണ്. ചതിയും കാപട്യവും ഒന്നുമറിയാത്തവള്‍. നിഷ്ക്കളങ്കതയുടെ നിറകുടം. എന്തൊക്കെയായാലും ആരൊക്കെ എതിര്‍ത്താലും താനിവളെ ജീവിതത്തില്‍ കൈവെടിയില്ല എന്നവനുമപ്പോള്‍  തീരുമാനിച്ചു.

“വരൂ... ഞാന്‍ കൊണ്ടുവിടാം’. നാളെ ഉത്സവം കൊടിയിറങ്ങുകയല്ലേ?. അതുകഴിഞ്ഞാല്‍ ഞാന്‍ മടങ്ങും”. ചിതറിവീണ വസ്ത്രം പെറുക്കിയെടുത്ത് ദേഹത്തിടുകയായിരുന്ന സീതയോട് ശൌരി പറഞ്ഞു. കിഴക്കിരുളിന്‍റെ കരിമ്പടം ഊര്‍ന്നിറങ്ങാന്‍ തുടങ്ങിയിരുന്നു, അപ്പോള്‍.  

അന്നത്തെ ആ സംഭവത്തിനു ശേഷം എപ്പോ നോക്കിയാലും സീത കൊട്ടാരത്തില്‍ തന്നെയാണ്.

നിന്നെയെന്നാ കൊട്ടാരത്തില്‍ ദത്തെടുത്തോ? കാക്കോച്ചി ചോദിച്ചു. “താമസിയാതെ എടുത്തേക്കും” സീത കൊടുത്ത മറുപടി കേട്ട് അവരുടെ മകള്‍ മല്ലി തലയറഞ്ഞു ചിരിച്ചു.

“നീയെന്തിനാ മല്ലിക്കൊത്തേ ഇങ്ങനെ ചിരിക്കുന്നത്?. പല്ലുതാഴെപ്പോമേ!” സീതയവളെ കളിയാക്കി.

മല്ലി സ്വിച്ചിട്ടപോലെ വായടച്ചു.

മടങ്ങിപ്പോകും മുന്‍പ് ശൗരിയെ കാണാന്‍ അച്ഛന്‍ തമ്പുരാനെത്തിയതറിഞ്ഞു. സീതയങ്ങോട്ടു യാത്രയയക്കാന്‍ പോയതേയില്ല. ഒളിഞ്ഞും തെളിഞ്ഞും അവള്‍ തന്‍റെ ഉണ്ണ്യേട്ടനെ കാണാന്‍ പകലെല്ലാം അവസരം നോക്കി നടന്നു. ചുള്ളിലൊടിയ്ക്കാനെന്ന വ്യാജേന പറമ്പിലും ഇല പറിക്കാനെന്നമട്ടില്‍ വാഴക്കൂട്ടത്തിലും പൂവിറുക്കാനെന്ന ഭാവേന തൊടിയിലും ചുറ്റിപ്പറ്റിയങ്ങനെ  നിന്നു. ശൗരി  കുളിയ്ക്കാനെത്തുന്ന നേരംനോക്കി മുല്ലപ്പൂവിറുക്കാനെന്ന ഭാവത്തില്‍ സീത മുല്ലച്ചോട്ടില്‍ ചെന്നു നില്‍ക്കുമ്പോഴാണ്, ആരെങ്കിലും കാണുന്നുണ്ടോ എന്ന് ദിക്കും പക്കോം നോക്കി ശൗരി അടുത്തേയ്ക്ക് ചെന്ന് ചുണ്ടനക്കാതെ പതിയെ മന്ത്രിച്ചത്.

‘ഞാനിന്നു വൈകുന്നേരം പോകുമേ’

പുഞ്ചിരിച്ചു നിന്ന സീതയുടെ മുഖം പെട്ടെന്ന്‍ മ്ലാനമായി.

എനിക്ക് വല്ലാത്ത പേടി തോന്നുന്നു ഉണ്ണ്യേട്ടാ..

അതെന്തിനാ? അതൊന്നും വേണ്ട! ഞാനില്ലേ നിന്‍റെകൂടെ? ആശ്വാസം പകരുന്ന വാക്കുകള്‍ അങ്ങേയറ്റം ഇച്ഛാശക്തിയുള്ളതും മനോധൈര്യം  പകരുന്നതുമായിരുന്നു. പക്ഷേ ഉറപ്പിക്ക വയ്യ. കാരണം, അദ്ദേഹത്തെ പൊതിഞ്ഞു നില്‍ക്കുന്ന ശക്തിദുര്‍ഗ്ഗങ്ങള്‍ ആപത്ക്കാരികളാണ്.

ഇനിയെന്നാ? അവള്‍ ഏങ്ങിക്കൊണ്ടാണതു ചോദിച്ചത്.

‘നിന്നെക്കാണാതെയിനി എനിക്കാവുമോ? കാണണമെന്ന് തോന്നുമ്പോഴോക്കെ വരും.’ ഒരു മഞ്ഞുകണം നെഞ്ചില്‍ പതിച്ച സുഖം തോന്നി സീതയ്ക്കത് കേട്ടപ്പോള്‍.

സീത കണ്ണീരിനിടയിലൂടെ പുഞ്ചിരിച്ചു, വിഷാദം കലര്‍ന്ന ചിരി.

തുടരും.....

Read More: https://www.emalayalee.com/writer/318

 

Join WhatsApp News
Sunil 2026-05-14 16:19:08
Seetha is a very vulnerable girl. Thousands of similar girls in our country. Lack of education and parental guidance prepare them to disaster. Good luck to her.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക