Image

ഇതും കടന്നുപോകും; ആറാം തവണയും ഓറല്‍ കാന്‍സര്‍ പോരാട്ടത്തില്‍ ഭാര്യയ്ക്ക് പിന്തുണയുമായി നടന്‍ ഷാരീബ് ഹാഷ്മി

Published on 13 May, 2026
ഇതും കടന്നുപോകും; ആറാം തവണയും ഓറല്‍ കാന്‍സര്‍ പോരാട്ടത്തില്‍ ഭാര്യയ്ക്ക് പിന്തുണയുമായി നടന്‍ ഷാരീബ് ഹാഷ്മി

 

കാന്‍സര്‍ പോരാട്ടത്തെക്കുറിച്ചും, ആവര്‍ത്തിച്ചുള്ള തിരിച്ചടികളെക്കുറിച്ചും, ശസ്ത്രക്രിയകളെക്കുറിച്ചും, പരസ്പരം താങ്ങായി നിന്നതിനെക്കുറിച്ചും മനസ്സ് തുറന്ന് ഷാരീബ് ഹാഷ്മിയും ഭാര്യ നസ്റീനും

ജബ് തക് ഹേ ജാന്‍ എന്ന ചിത്രത്തില്‍ ഷാരൂഖ് ഖാന്റെ സുഹൃത്തായും റൂംമേറ്റായും അഭിനയിച്ചാണ് ഷാരീബ് ഹാഷ്മി ആദ്യമായി പ്രേക്ഷകശ്രദ്ധ നേടിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം, ദി ഫാമിലി മാന്‍ എന്ന പരമ്പരയിലെ പ്രകടനത്തിലൂടെ ഷാരീബ് ഓരോ വീട്ടിലെയും പരിചിത നാമമായി മാറി. എന്നാല്‍ അദ്ദേഹത്തിന്റെ അഭിനയജീവിതം ഒരു വലിയ വഴിത്തിരിവിലേക്ക് കടക്കുമ്പോള്‍, വീട്ടിലെ സാഹചര്യം വളരെ ദുഷ്‌കരമാകുകയായിരുന്നു.

2018-ല്‍ ഷാരീബിന്റെ ഭാര്യ നസ്റീന് ഓറല്‍ ക്യാന്‍സര്‍ (വായയിലെ ക്യാന്‍സര്‍) സ്ഥിരീകരിച്ചു. ഏകദേശം അതേ സമയത്താണ് ദി ഫാമിലി മാന്‍ ഉള്‍പ്പെടെയുള്ള വലിയ അവസരങ്ങള്‍ നടനെ തേടിയെത്തിയത്. അടുത്തിടെ 'ഹോട്ടര്‍ഫ്‌ലൈ'ക്ക് നല്‍കിയ അഭിമുഖത്തില്‍, കാന്‍സറിനോടുള്ള പോരാട്ടം, ആവര്‍ത്തിച്ചുള്ള തിരിച്ചടികള്‍, സാമ്പത്തിക പ്രതിസന്ധി, വര്‍ഷങ്ങളോളം തങ്ങളെ മുന്നോട്ട് നയിച്ച വൈകാരിക കരുത്ത് എന്നിവയെക്കുറിച്ച് ഷാരീബ് ഹാഷ്മിയും ഭാര്യ നസ്റീനും മനസ്സു തുറന്നു.

'രോഗവിവരം അറിഞ്ഞപ്പോള്‍ അദ്ദേഹം തകര്‍ന്നുപോയി'

രോഗം സ്ഥിരീകരിച്ച ദിവസത്തെക്കുറിച്ച് നസ്റീന്‍ ഓര്‍ത്തെടുത്തു. നസ്റീന്റെ ബയോപ്‌സി റിപ്പോര്‍ട്ട് വന്ന ദിവസം ഷാരീബ് ദി ഫാമിലി മാന്‍ ടീമിനൊപ്പം ഉച്ചഭക്ഷണത്തിന് പോകാനിരിക്കുകയായിരുന്നു. '2018-ല്‍ ഒരു ബയോപ്‌സിക്ക് ശേഷമാണ് എനിക്ക് ഓറല്‍ ക്യാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തിയത്. റിപ്പോര്‍ട്ടുമായി ഞാന്‍ വീട്ടിലെത്തുമ്പോള്‍ അദ്ദേഹം ഭക്ഷണത്തിന് പോകാന്‍ ഇറങ്ങുകയായിരുന്നു. പോകാതിരിക്കാന്‍ പറ്റുമോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ഫാമിലി മാന്‍ ടീം മുഴുവന്‍ വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എങ്കില്‍ പോയിട്ട് വരൂ, വന്നതിന് ശേഷം സംസാരിക്കാം എന്ന് ഞാന്‍ പറഞ്ഞു.'

എന്നാല്‍ യാത്രാമധ്യേ റിപ്പോര്‍ട്ടിന്റെ കാര്യം പെട്ടെന്ന് ഓര്‍ത്ത ഷാരീബ് പാതിവഴിയില്‍ നിന്ന് വീട്ടിലേക്ക് തിരികെ ഓടിയെത്തി. 'അദ്ദേഹം വീട്ടിലെത്തിയപ്പോള്‍ ഞാന്‍ റിപ്പോര്‍ട്ടിലെ വിവരം പറഞ്ഞു, അദ്ദേഹം പൊട്ടിക്കരഞ്ഞു. വിഷമിക്കേണ്ടെന്നും എല്ലാം ശരിയാകുമെന്നും പറഞ്ഞ് ഞാനാണ് അദ്ദേഹത്തെ ആശ്വസിപ്പിച്ചത്. അദ്ദേഹം വല്ലാതെ തളര്‍ന്നുപോയിരുന്നു,' നസ്റീന്‍ പറഞ്ഞു.

പിന്തുണ ആവശ്യമായിരുന്ന വ്യക്തി നസ്റീന്‍ ആയിരുന്നിട്ടും, കുടുംബാംഗങ്ങള്‍ക്കെല്ലാം വൈകാരികമായ കരുത്ത് നല്‍കിയത് അവരാണെന്ന് ഷാരീബ് ഹാഷ്മി പറയുന്നു. 'പിന്തുണ ആവശ്യമുണ്ടായിരുന്ന ആള്‍ തന്നെയാണ് ഞങ്ങളെ എല്ലാവരെയും പിന്തുണച്ചത്. ഇതുവരെ അവള്‍ അഞ്ച് ശസ്ത്രക്രിയകള്‍ക്ക് വിധേയയായി. അഞ്ച് തവണ രോഗം തിരിച്ചുവന്നു, ഇപ്പോള്‍ ആറാം തവണയും കാന്‍സര്‍ ബാധിച്ചിരിക്കുന്നു. ഇത്തവണ അത് എല്ലായിടത്തേക്കും പടര്‍ന്നു. ചികിത്സ നടന്നു വരികയാണ്, സ്വാഭാവികമായും പല ചിന്തകളും മനസ്സിലേക്ക് വരും,' ഷാരീബ് പറഞ്ഞു.

നസ്റീന്റെ നിശ്ചയദാര്‍ഢ്യമാണ് കുടുംബത്തിന് മുഴുവന്‍ കരുത്ത് നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'അവളുടെ കാന്‍സര്‍ വളരെ തീവ്രമായ ഒന്നാണ്, അതുകൊണ്ടാണ് അത് വീണ്ടും വീണ്ടും വരുന്നത്. എന്നാല്‍ അത്രയും ധൈര്യത്തോടെയാണ് അവള്‍ അതിനെ നേരിട്ടത്. അവള്‍ അത്ര ശക്തമായി പോരാടുന്നത് കൊണ്ട് ഞങ്ങള്‍ എല്ലാവരും അവള്‍ക്കൊപ്പം പോരാളികളായി മാറി.'

ഓരോ ആശുപത്രി സന്ദര്‍ശനത്തിലും ശസ്ത്രക്രിയയിലും ഷാരീബ് തനിക്കൊപ്പം നിന്നതിനെക്കുറിച്ച് നസ്റീന്‍ സംസാരിച്ചു. 'അദ്ദേഹം എത്ര തിരക്കിലാണെങ്കിലും ഷൂട്ടിംഗ് ഉണ്ടെങ്കിലും എങ്ങനെയെങ്കിലും ആശുപത്രിയില്‍ എത്തുമായിരുന്നു. അഡ്മിറ്റ് ആകുന്നത് മുതല്‍ ഡിസ്ചാര്‍ജ് ആകുന്നത് വരെ അദ്ദേഹം തന്റെ ബാഗുമായി അവിടെ ഇരിക്കും, എങ്ങോട്ടും മാറില്ല.'

വീട്ടില്‍ പോയി വിശ്രമിക്കാന്‍ പലരും നിര്‍ബന്ധിച്ചാലും ഷാരീബ് സമ്മതിക്കില്ലായിരുന്നു എന്ന് അവര്‍ ഓര്‍ക്കുന്നു. 'പലരും അദ്ദേഹത്തോട് പറയും, 'ദയവായി വീട്ടില്‍ പോയി കുറച്ചുനേരം വിശ്രമിക്കൂ' എന്ന്, പക്ഷേ അദ്ദേഹം പറയും 'ഇല്ല, ഞാന്‍ ഇവിടെ നിന്ന് പോകില്ല' എന്ന്. ആശുപത്രിയില്‍ നിന്ന് അദ്ദേഹം ഒരടി അനങ്ങില്ലായിരുന്നു.' കഠിനമായ ചികിത്സാ സമയങ്ങളില്‍ അദ്ദേഹം കൂടെയുള്ളത് തനിക്ക് വലിയ ആശ്വാസമായിരുന്നുവെന്ന് നസ്റീന്‍ കൂട്ടിച്ചേര്‍ത്തു.

'അഞ്ച് ശസ്ത്രക്രിയകള്‍ എന്റെ മുഖം മാറ്റിമറിച്ചു'
ക്യാന്‍സറുമായുള്ള ഈ നീണ്ട പോരാട്ടത്തിന്റെ വൈകാരികവും സാമ്പത്തികവുമായ ആഘാതങ്ങളെക്കുറിച്ചും നസ്റീന്‍ സംസാരിച്ചു. 'ഈ യാത്രയും ചികിത്സയും വളരെ ദൈര്‍ഘ്യമേറിയതാണ്. ഇത് അത്ര എളുപ്പമല്ല. ഓരോ ഒന്നര വര്‍ഷം കൂടുമ്പോഴും കാന്‍സര്‍ തിരിച്ചുവരുന്നു, ഓരോ തവണയും ചികിത്സയ്ക്കായി വലിയ തുക ചിലവാകുന്നു. എല്ലാ മെഡിക്കല്‍ ചിലവുകളും ഒറ്റയ്ക്ക് വഹിക്കേണ്ടി വരുമ്പോള്‍ അത് സാമ്പത്തികമായി വലിയ പ്രത്യാഘാതം ഉണ്ടാക്കുന്നു.'

ഒരാളുടെ പക്കല്‍ നിന്നുപോലും കടം വാങ്ങാതെ ചികിത്സാ ചിലവുകള്‍ കൈകാര്യം ചെയ്തതിന് ഷാരീബിനെ നസ്‌റീന്‍ പ്രശംസിച്ചു. 'ആരോടും ഒരു രൂപ പോലും കടം വാങ്ങാതെയാണ് അദ്ദേഹം എന്റെ ചികിത്സ മുഴുവന്‍ നടത്തിയത്, അത് എനിക്ക് വലിയ കാര്യമാണ്.' ആവര്‍ത്തിച്ചുള്ള ശസ്ത്രക്രിയകള്‍ തന്നെ വൈകാരികമായി ബാധിച്ചതായും നസ്റീന്‍ സമ്മതിച്ചു.

ചില ദിവസങ്ങളില്‍ ഇത് വളരെ ബുദ്ധിമുട്ടായി തോന്നാറുണ്ട് എന്നത് ഞാന്‍ നിഷേധിക്കുന്നില്ല. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം, മുഖത്ത് അഞ്ച് ശസ്ത്രക്രിയകള്‍ നടക്കുക, മുഖം ഇത്രയധികം മാറുന്നത് കാണുക, സംസാരത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുക - ഇതെല്ലാം നിങ്ങളെ ആഴത്തില്‍ ബാധിക്കും. ചിലപ്പോള്‍ എന്റെ പഴയ ചിത്രങ്ങള്‍ നോക്കുമ്പോള്‍ ഞാന്‍ വിചാരിക്കും, 'ഞാന്‍ എത്ര സുന്ദരിയായിരുന്നു, ഇപ്പോള്‍ എത്ര വ്യത്യസ്തയായാണ് കാണപ്പെടുന്നത്' എന്ന്.'

ങ്കിലും, ജീവിതത്തോടും കുടുംബത്തോടും താന്‍ ഇപ്പോഴും നന്ദിയുള്ളവളാണെന്ന് അവര്‍ പറഞ്ഞു. 'പക്ഷേ എനിക്ക് എന്നില്‍ വലിയ ആത്മവിശ്വാസമുണ്ട്. പഴയ കാര്യങ്ങള്‍ ആലോചിക്കുമ്പോള്‍, ഞാന്‍ ജീവനോടെയുണ്ടല്ലോ, കുടുംബത്തോടൊപ്പം സന്തോഷമായിരിക്കാന്‍ കഴിയുന്നുണ്ടല്ലോ എന്ന് ഞാന്‍ തിരിച്ചറിയുന്നു. ഒരു പരിധി കഴിഞ്ഞാല്‍ ഈ ബാഹ്യമായ കാര്യങ്ങള്‍ക്കൊന്നും പ്രസക്തിയില്ല.'

2003 ഡിസംബര്‍ 27-നായിരുന്നു ഷാരീബും നസ്റീനും വിവാഹിതരായത്. ഇവര്‍ക്ക് ഒരു മകളും മകനുമുണ്ട്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക