
ബംഗളൂരു: കന്നഡ നടനും നിര്‍മ്മാതാവുമായ ദിലീപ് രാജ് അന്തരിച്ചു. 47 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ദിലീപ് രാജിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ക്ക് അദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന് കുടുംബം അറിയിച്ചു.
പുനീത് രാജ് കുമാറിനൊപ്പം 2007ല്‍ അഭിനയിച്ച മിലാനയിലൂടെയാണ് ദിലീപ് പ്രശസ്തനായത്. യു-ടേണ്‍, ബോയ് ഫ്രണ്ട് അടക്കം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
പിന്നീട് നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞ അദ്ദേഹം ഡിആര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ നിരവധി ടിവി സീരിയലുകള്‍ നിര്‍മ്മിച്ചു. ഹിറ്റ്‌ലര്‍ കല്യാണ എന്ന സീരിയല്‍ വലിയ ജനപ്രീതി പിടിച്ചുപറ്റിയിരുന്നു. ജനനി, ആര്‍ദ സത്യ, രംഗോളി, കുംകുമ ഭാഗ്യ, മംഗല്യ, മലേബില്ലു, പ്രീതിഗാഗി, രതസപ്തമി എന്നിവയും ജനപ്രീതി നേടിയ സീരിയലുകളാണ്.
നാടകത്തിലും സജീവമായിരുന്ന ദിലീപ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായിരുന്നു. നാട്ടരംഗ, ദൃഷ്ടി എന്നീ തീയേറ്റര്‍ ഗ്രൂപ്പുകളുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു. പ്രമുഖ നാടകനടി നന്ദിതയാണ് അദ്ദേഹത്തെ ടെലിവിഷന്‍ രംഗത്തും അവതരിപ്പിച്ചത്.