Image

ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍ പന്ത്രണ്ടാം വാര്‍ഷികം ആഘോഷിച്ചു.

പി പി ചെറിയാന്‍ Published on 13 May, 2026
 ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍ പന്ത്രണ്ടാം വാര്‍ഷികം ആഘോഷിച്ചു.

ഡിട്രോയിറ്റ്: ആഗോളതലത്തില്‍ പ്രാര്‍ത്ഥനയുടെയും കൂട്ടായ്മയുടെയും സന്ദേശമെത്തിക്കുന്ന ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍  അതിന്റെ പ്രവര്‍ത്തനപഥത്തില്‍ പന്ത്രണ്ട് വര്‍ഷങ്ങള്‍ പിന്നിട്ടതിന്റെ കൃതജ്ഞതാ നിര്‍ഭരമായ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. 2026 മെയ് 12 ചൊവ്വാഴ്ച നടന്ന 626-ാമത് സെഷന്‍ വിശ്വാസികളുടെ വലിയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
 കഴിഞ്ഞ പന്ത്രണ്ട് വര്‍ഷക്കാലം ദൈവം നല്‍കിയ വിശ്വസ്തതയ്ക്കും അനുഗ്രഹങ്ങള്‍ക്കും നന്ദി അര്‍പ്പിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഫോണ്‍ കോണ്‍ഫറന്‍സിംഗിലൂടെ ഈ സംഗമത്തില്‍ അണിചേര്‍ന്നു.

വാഷിംഗ്ടണ്‍ ഡി.സി.യില്‍ നിന്നുള്ള പ്രമുഖ വചനപ്രഘോഷകന്‍ റവ. ഫാദര്‍ ഡോ. അലക്‌സാണ്ടര്‍ കുര്യന്‍ വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യാതിഥിയായിരുന്നു.യെശയ്യാ പ്രവാചകന്റെ പുസ്തകത്തിന്റെ 16  അദ്ധ്യായത്തിന്റെ 22 വാക്യത്തെ ആസ്പദമാക്കി  ജീവിതത്തിലെ പ്രതിസന്ധികളില്‍ പ്രാര്‍ത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ചും ദൈവിക കരുതലിനെക്കുറിച്ചും അദ്ദേഹം നല്‍കിയ സന്ദേശം വിശ്വാസികള്‍ക്ക് വലിയ ആത്മീയ ഉണര്‍വ്വേകി.

ഡിട്രോയിറ്റില്‍ നിന്നുള്ള സി. വി. സാമുവല്‍ സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഏവരെയും സ്വാഗതം ചെയ്തു.ഹൂസ്റ്റണ്‍ സോവേഴ്‌സ് ഹാര്‍വെസ്റ്റ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചിലെ റവ. കെ. ബി. കുരുവിള പ്രാര്‍ത്ഥനയ്ക്കും ആശംസകള്‍ക്കും നേതൃത്വം നല്‍കി.

ബാള്‍ട്ടിമോറില്‍ നിന്നുള്ള ശമുവേല്‍ എ. തോമസ് നിശ്ചയിക്കപ്പെട്ട സങ്കീര്‍ത്തനങ്ങള്‍ 34:1-9 ഭാഗം വായിച്ചു.
ഫിലാഡല്‍ഫിയയില്‍ നിന്നുള്ള ജോസ് തോമസ് ഗാനാലാപനത്തിലൂടെയും ആശംസകളിലൂടെയും ശുശ്രൂഷയില്‍ പങ്കുചേര്‍ന്നു.

ഐ.പി.എല്‍ ന്യൂയോര്‍ക്കിലെ പാസ്റ്റര്‍ ഡോ. എം. എസ്. സാമുവല്‍, ഡള്ളസില്‍ നിന്നുള്ള പി. പി. ചെറിയാന്‍ എന്നിവര്‍ വാര്‍ഷികാഘോഷങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
അറ്റ്ലാന്റയില്‍ നിന്നുള്ള എബ്രഹാം മാത്യു (സണ്ണി) പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി.

ഹൂസ്റ്റണിലെ ടി. എ. മാത്യു നന്ദിയും അറിയിപ്പുകളും നടത്തി. തുടര്‍ന്ന് റവ. ജേക്കബ് ജോര്‍ജ് (ഹൂസ്റ്റണ്‍) സമാപന പ്രാര്‍ത്ഥനയും ആശീര്‍വാദവും നല്‍കി സമ്മേളനം അവസാനിപ്പിച്ചു. മിസ്റ്റര്‍ ഷിജു ജോര്‍ജ്, മിസ്റ്റര്‍ ജോസഫ് ടി. ജോര്‍ജ് (രാജു) എന്നിവര്‍ സാങ്കേതിക സഹായങ്ങള്‍ ഏകോപിപ്പിച്ചു.

ഐ.പി.എല്‍-ന്റെ 627-ാമത് സെഷന്‍ അടുത്ത ചൊവ്വാഴ്ച (2026 മെയ് 19) നടക്കും. ടൊറന്റോ കനേഡിയന്‍ മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ. സുബിന്‍ ജോണ്‍ മുഖ്യപ്രഭാഷണം നടത്തും.പന്ത്രണ്ട് വര്‍ഷമായി ഐ.പി.എല്‍ പ്രാര്‍ത്ഥനാ ശുശ്രൂഷയെ പിന്തുണയ്ക്കുന്ന എല്ലാവര്‍ക്കും ഭാരവാഹികള്‍ നന്ദി രേഖപ്പെടുത്തി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക