Image

മുഖ്യമന്ത്രിയാര്? ഒറ്റ പേരിലേക്ക് എത്തി ഹൈക്കമാന്‍ഡ്; വിഡിയെ വിട്ടൊരു കളിയില്ലെന്ന് ലീഗും ജോസഫും

Published on 13 May, 2026
മുഖ്യമന്ത്രിയാര്? ഒറ്റ പേരിലേക്ക് എത്തി ഹൈക്കമാന്‍ഡ്; വിഡിയെ വിട്ടൊരു കളിയില്ലെന്ന് ലീഗും ജോസഫും

 

ന്യൂഡല്‍ഹി: പതിനാറാം നിയമസഭയില്‍ കേരളത്തെ ആര് നയിക്കുമെന്ന് ഇന്നറിയാം. കോണ്‍ഗ്രസ് നിയമസഭാ കക്ഷിനേതാവിനെ ഹൈക്കമാന്‍ഡ് ഇന്ന് പ്രഖ്യാപിക്കും. എഐസിസിയില്‍ കെ.സി വേണുഗോപാലിനുണ്ടായിരുന്ന അപ്രമാദിത്യം മാറിയതും വി.ഡി സതീശനു വേണ്ടി വാദങ്ങള്‍ ഉയര്‍ന്നതുമാണ് ഇന്നലെ നടന്ന നിര്‍ണായക ചര്‍ച്ചകളിലെ ഫലം. മാരത്തണ്‍ ചര്‍ച്ചകള്‍ക്കു ശേഷം ഒരൊറ്റ പേരിലേക്ക് ഹൈക്കമാന്‍ഡ് എത്തി. ഉച്ചയോടെ മുഖ്യമന്ത്രി പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

കെ.സി വേണുഗോപാല്‍ മുഖ്യമന്ത്രി ആകട്ടെ എന്ന നിലപാടിലായിരുന്നു രാഹുല്‍ ഗാന്ധി. എന്നാല്‍ നിര്‍ണായക ഘടകകക്ഷികളായ മുസ്ലീം ലീഗും കേരള കോണ്‍ഗ്രസ് ജോസഫും സ്വീകരിച്ച വി.ഡി സതീശന്‍ അനുകൂല നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് ഹൈക്കമാന്‍ഡില്‍ മനംമാറ്റം വന്നത്.

മുന്നണിയെ നയിച്ച വി.ഡി സതീശന്‍ തന്നെ മുഖ്യമന്ത്രിയാകണമെന്നും ജനവിധി മാനിക്കണമെന്നും ലീഗ് ചൂണ്ടിക്കാട്ടി. സോണിയ ഗാന്ധി ഇന്നലെ ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളെ വിളിച്ചിരുന്നു. നിര്‍ണായക ശക്തിയായ മുസ്ലീം ലീഗിനെ പിണക്കാനും സോണിയ ഗാന്ധിക്ക് കഴിയില്ല. പ്രിയങ്ക ഗാന്ധിയുടെ സിറ്റിംഗ് സീറ്റായ വയനാട്ടില്‍ ലീഗ് ശക്തികേന്ദ്രവുമാണ്. ഗാന്ധി കുടുംബത്തിന് ടെന്‍ഷനില്ലാതെ മത്സരിക്കാവുന്ന മണ്ഡലമാണിത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ഇന്ന് കൂടിക്കാഴ്ച നടത്തും. നിലവില്‍ ഹൈകമാന്‍ഡ് ഒരു പേരിലേക്ക് എത്തിയിട്ടുണ്ടെന്നും ഇതിന് എഐസിസി അധ്യക്ഷന്റെ അംഗീകാരം ലഭിച്ചാലുടന്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പത്ത് ദിവസമായിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കഴിയാത്തതില്‍ വോട്ടര്‍മാര്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ട്. വൈകുന്നതിലുള്ള അതൃപ്തി മുസ്ലിം ലീഗ് നേതൃത്വത്തിനുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ പാണക്കാട് ഇന്ന് അടിയന്തര നേതൃയോഗം ചേരുകയാണ്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക