Image

കോണ്‍ഗ്രസ്സിനു ഭരണം കീറാമുട്ടിയാകുമോ ? (എം.കെ നാരായണമൂർത്തി)

Published on 13 May, 2026
കോണ്‍ഗ്രസ്സിനു ഭരണം   കീറാമുട്ടിയാകുമോ ? (എം.കെ നാരായണമൂർത്തി)

പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭരിക്കാൻ പോകുന്ന യു.ഡി.എഫിനെ കാത്തിരിക്കുന്നത് ഭരണപരവും ധനപരവും രാഷ്ട്രീയവുമായ കനത്ത വെല്ലുവിളികളാണ്.


കേരളത്തിലെ കോൺഗ്രസ്സ് പതിവ് പോലെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനുള്ള നെട്ടോട്ടത്തിലാണ്. ഏറ്റവും സീനിയറായ രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവായ വി.ഡി സതീശനും എ.ഐ.സി.സി ജനറൽ സെക്രട്ടറിയും ഗാന്ധി കുടുംബത്തിന്റെ അടുപ്പക്കാരനുമായ കെ.സി വേണുഗോപാലുമാണ് കളത്തിൽ. തീരുമാനം ഉടനെ വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭരിക്കാൻ പോകുന്ന യു.ഡി.എഫിനെ കാത്തിരിക്കുന്നത് ഭരണപരവും ധനപരവും രാഷ്ട്രീയവുമായ കനത്ത വെല്ലുവിളികളാണ്. പത്ത് വർഷത്തിനുള്ളിൽ സാങ്കേതികമായി നമ്മുടെ സംസ്ഥാനം വളരെയേറെ മുന്നോട്ട് പോയിട്ടുണ്ട്. വ്യവസ്ഥാപിത ഭരണ രീതികൾ പിൻതുടരാൻ യു.ഡി.എഫിന് സാധിക്കില്ലെന്നത് നൂറ് ശതമാനം ഉറപ്പായ കാര്യമാണ്.മന്ത്രിമാരാകാൻ തയ്യാറെടുത്ത് നിൽക്കുന്നവർ ഈ സാങ്കേതിക മാറ്റത്തെ എങ്ങനെ ഉൾക്കൊള്ളാൻ പോകുന്നു എന്നതാണ് ആദ്യ ചോദ്യം. അത്തരം സാങ്കേതിക പരിജ്ഞാനമുള്ള ഒരു ടീമിനെ യു.ഡി.എഫ് സർക്കാരിന് ലഭിക്കുമോ? കേരളത്തിൽ ഇത്തരം അറിവുള്ളവരിൽ ബഹുഭൂരിപക്ഷവും ഇടതു ചായ്വ് പ്രകടിപ്പിക്കുന്നവരാണ്.കേരളത്തിന്റെ സാങ്കേതിക മേഖലയിൽ വലിയ മാറ്റമാണ് കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ കേരള സ്റ്റാർട്ട് അപ്പ് മിഷൻ കൊണ്ടു വന്നിട്ടുള്ളത്. അതിനെ നയിച്ച അനൂപ് പി അംബിക എന്ന വ്യക്തി സാങ്കേതിക മേഖലയിൽ തന്റെ കഴിവ് തെളിയിച്ച ശേഷമാണ് സ്റ്റാർട്ട് അപ്പ് മിഷന്റെ തലപ്പത്തു വരുന്നത്. ഭംഗിയായി അദ്ദേഹം ആ സ്ഥാപനത്തെ നയിക്കുകയും പല മേഖലകളിലും വ്യത്യസ്തമായ തരത്തിൽ മുന്നോട്ട് കൊണ്ടു പോകുകയും ചെയ്തു. ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം ഒഴിഞ്ഞാൽ അവിടെ പകരം വയ്ക്കാൻ നിലവിൽ കോൺഗ്രസ്സ് പാളയത്തിലാളില്ല. സ്റ്റാർട്ട് അപ്പ് മിഷന്റെ പ്രവർത്തനങ്ങൾ അവതാളത്തിലായാൽ അത് കേരളത്തിന്റെ സാങ്കേതിക വളർച്ചയെ പിന്നോട്ടടിപ്പിക്കും.

ഇതു പോലെ തന്നെയാണ് കിഫ്ബി. കിഫ്ബിയിലൂടെയല്ലാതെ ആരു ഭരിച്ചാലും കേരളത്തിലേക്ക് നിക്ഷേപങ്ങൾ കൊണ്ടു വരിക അസാധ്യമാണ്.നാട്ടിൽ നാമിന്ന് കാണുന്ന അടിസ്ഥാന വികസനത്തിന് വിനിയോഗിച്ച ഫണ്ടിന്റെ 90 ശതമാനവും കിഫ്ബി വഴി കൊണ്ടു വന്നതാണ്.ഡോ.തോമസ് ഐസക്കിന്റെ ചിന്തയിൽ വിരിഞ്ഞ ഈ ആശയത്തെ വേണ്ട ഉൾക്കൊള്ളാൻ യു.ഡി.എഫ് സർക്കാരിന് കഴിയാതെ വന്നാൽ അടിസ്ഥാന സൗകര്യ വികസനം മുരടിപ്പിലേക്ക് മാറും. മാത്രമല്ല സങ്കീർണ്ണമായ ധനനയമാണ് കിഫ്ബിയുടെ കാര്യത്തിലുള്ളത്. നിയോ ലിബറൽ ആശയങ്ങളുടെ പിൻപറ്റിയുള്ള ഈ നയം മനസ്സിലാക്കാനുള്ള അടിസ്ഥാന വിവരം പുതിയ ധനമന്ത്രിയ്ക്ക് ഇല്ലാതെ പോകാനുള്ള സാധ്യത വളരെക്കൂടുതലാണ്. പണ്ട് എൽ.ഡി.എഫ് സർക്കാരിൽ ശിവദാസ മേനോൻ ധനകാര്യം കൈകാര്യം ചെയ്തത് ഇത്തരുണത്തിൽ ഓർത്തു പോകുന്നു. കേന്ദ്രത്തിൽ നിന്നും അവകാശപ്പെട്ട ഫണ്ട് പോലും രാഷ്ട്രീയ കാരണങ്ങളാൽ നിഷേധിക്കപ്പെടും. സംഘപരിവാരത്തിന്റെ നിഷേധാത്മക  രാഷ്ട്രീയത്തിനു  യു .ഡി.എഫ് സർക്കാർ ഇരയാക്കപ്പെടുമെന്ന കാര്യത്തിൽ കർണ്ണാടകയുടേയും തമിഴ്നാടിന്റേയും ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി നമുക്ക് പറയാൻ പറ്റും.അങ്ങനെയെങ്കിൽ ധനസമാഹരണം നടത്താൻ കഴിയുന്ന ഏക സംവിധാനമായ കിഫ്ബിയുടെ ചുക്കാൻ പിടിക്കുന്നവർക്ക് ഉറക്കമില്ലാത്ത രാത്രികളായിരിക്കും വരാൻ പോകുന്നത്.

സൗജന്യങ്ങളുടെ വാഗ്ദാന പെരുമഴയാണ് യു.ഡി.എഫിന്റെ പ്രകടന പത്രികയിൽ. സ്ത്രീകൾക്ക് കെ.എസ്.ആർ.ടി സിയിൽ സൗജന്യ യാത്ര എന്ന വാഗ്ദാനം നിറവേറ്റുന്ന മുറയ്ക്ക് ആ പൊതു മേഖലാ സ്ഥാപനം തകരും.ലാഭവും നഷ്ടവുമില്ലാതെ ശമ്പളവും പെൻഷനും നൽകി ഇപ്പോൾ കഷ്ടിച്ചുി കഴിഞ്ഞു കൂടുന്ന കെ.എസ്.ആർ.ടിസിയിലെ ജീവനക്കാരും പെൻഷൻകാരും വല്ലാതെ കഷ്ടപ്പെടുന്ന അവസരം സൃഷ്ടിക്കപ്പെട്ടാൽ അവിടെ പണിമുടക്കും സമരങ്ങളും നിത്യ സംഭവങ്ങളായി മാറും.നോക്കുക്കുത്തിയായി നിൽക്കാനേ സർക്കാരിന് ആകൂ.ജി.എസ്.ടി വിഹിതത്തിൽ നിന്നും എടുത്ത് കാര്യങ്ങൾ നിവർത്തിക്കാമെന്നാണ് കണക്കുക്കൂട്ടലെങ്കിൽ കേന്ദ്രം കനിയണം.ആശാവർക്കർമാരുടെ ശമ്പളത്തിൽ ഗണ്യമായ വർദ്ധനയാണ് യു.ഡി.എഫിന്റെ മറ്റൊരു പ്രധാന വാഗ്ദാനം. ഇതെങ്ങനെ സാധിക്കുമെന്നതിന് ശാസ്ത്രീയമായ പഠനമില്ലാതെ വോട്ടു ബാങ്ക് ലക്ഷ്യമാക്കി പറഞ്ഞു പോയ വാക്കാണിത്. ഈ വാക്ക് പാലിക്കാൻ ആവശ്യമായ ഫണ്ട് എങ്ങനെ സമാഹരിക്കുമെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ മിണ്ടുന്നില്ല.ഇന്ദിരാ ഗ്യാരന്റി എന്ന പേരിൽ പറ‍‍ഞ്ഞിരിക്കുന്ന പദ്ധതികൾ നടപ്പിലാക്കാൻ ആവശ്യമായ വിഭവ സമാഹരണം ഏതു വിധത്തിൽ നടത്തുമെന്ന് യു.ഡി.എഫ് അനുകൂല സാമ്പത്തിക ശാസ്ത്രജ്ഞന്മാർ ഇതുവരെയും പറഞ്ഞിട്ടില്ല.

പത്ത് വർഷമായി ഭരണമില്ലാതെ നിൽക്കുന്ന മുസ്ളീം ലീഗ് പ്രധാനപ്പെട്ട വകുപ്പുകൾ ചോദിക്കുമെന്നത് ഉറപ്പ്. അഞ്ചു മന്ത്രിമാരെയാണ് ലീഗിന് ലഭിക്കാൻ പോകുന്നത്. ഈ വകുപ്പുകളുടെ പ്രവർത്തനം മലബാർ കേന്ദ്രീകൃതമായാൽ പിന്നെ സംഭവിക്കുന്നത് വലിയ അപകടമാണ്. തിരൂരങ്ങാടി കേന്ദ്രീകരിച്ച് മറ്റൊരു ജില്ല വേണമെന്ന് യൂത്ത് ലീഗിന്റെ പല കമ്മിറ്റികളിലും പ്രമേയം പാസ്സായി കഴിഞ്ഞു. മുസ്ളീം ലീഗ് ജനറൽ സെക്രട്ടറി ഇത് നിഷേധിച്ചിട്ടുമില്ല. അങ്ങനെയൊരു നീക്കം വന്നാൽ അതിന്റെ രാഷ്ട്രീയ ഗുണം ലഭിക്കാൻ പോകുന്നത് സംഘപരിവാരത്തിനായിരിക്കും. കേരളത്തിന്റെ ഏറെക്കുറെ മതനിരപേക്ഷമായ സാമൂഹ്യാന്തരീക്ഷം തകിടം മറിയും. സംഘപരിവാർ ബുദ്ധികേന്ദ്രങ്ങൾ ഹിന്ദു ഏകീകരണത്തിനായി ശ്രമിക്കുകയും അതിൽ അവർ ഏറെ മുന്നോട്ട് പോകുകയും ചെയ്യും. വകുപ്പുകളുടെ ഭരണനിർവ്വഹണത്തിൽ മതനിരപേക്ഷമായ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ ലീഗിന് ഗുണത്തെക്കാളേറെ ദോഷം ഉണ്ടാക്കും. ജിഫ്രിക്കോയ തങ്ങളും ആലിക്കുട്ടി മുസ്ളീയാരുമുൾപ്പടെയുള്ളവർ ഭരണത്തിൽ പ്രത്യക്ഷമായിട്ടല്ലെങ്കിൽ പോലും ഇടപെടലുകൾ നടത്തും. അത് അവരുടെ നിലനിൽപ്പിനാവശ്യവുമാണ്. അങ്ങനെ വന്നാൽ ക്രൈസ്തവ സഭകൾക്കും മൗനം പാലിക്കാൻ കഴിയില്ല. കേരള കോൺഗ്രസ്സ്-ജെയ്ക്ക് മധ്യകേരളത്തിലുള്ളത് ഏഴ് എം.എൽ.എമാരാണ്. സഭയുടെ സമ്മർദ്ദത്തെ അതിജീവിക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ അവർക്കാവില്ല. അത്തരത്തിൽ രാഷ്ട്രീയത്തിനതീതമായി മതപരമായ വേർതിരിവ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. എൻ.എസ്.എസ്സും എസ്.എൻ.ഡി.പിയും സൃഷ്ടിക്കാൻ പോകുന്ന തലവേദനകൾ വേറെ.

പുതിയ മുഖ്യമന്ത്രിയോടൊപ്പം കോൺഗ്രസ്സിന് പുതിയ കെ.പി.സി.സി പ്രസിഡന്റിനേയും കണ്ടുപിടിക്കേണ്ടി വരും. സണ്ണിജോസഫ് മന്ത്രിസഭയിലേക്ക് പോകുമെന്നത് ഉറപ്പ്. നാലാം തവണയും എം.എൽ.എയായ തന്നെ കോൺഗ്രസ്സ് നേതൃത്വം കൈവിടില്ലെന്നാണ് സണ്ണിജോസഫിന്റെ ഉറപ്പ്. അങ്ങനെയെങ്കിൽ പുതിയ കെ.പി.സി.സി പ്രസിഡന്റ് ആവശ്യമായി വരും. ഒരു ദളിത് പ്രതിനിധിയെ കെ.പി.സി.സി പ്രസിഡന്റാക്കണമെന്നതാണ് കൊടിക്കുന്നിൽ സുരേഷിന്റെ ആവശ്യം. തനിക്ക് അർഹതപ്പെട്ടതാണ് ആ കസേരയെന്ന് കൊടിക്കുന്നിൽ കഴിഞ്ഞ കുറച്ച് കാലമായി പറഞ്ഞു നടക്കുന്നത് നമ്മൾ കണ്ടതാണ്. രാഹുൽ ഗാന്ധിക്കും ആ നിർദ്ദേശം സ്വീകാര്യമാകുമെന്നാണ് ഡൽഹിയിൽ നിന്നുള്ള വിവരങ്ങൾ. മുന്നോക്കക്കാരെ ബി.ജെ.പിയോട് അടുപ്പിക്കുന്നതാകും ഈ തീരുമാനമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. എന്തായാലും വരും ദിവസങ്ങൾ കേരളത്തിലെ കോൺഗ്രസ്സിന് നിർണ്ണായകമായിരിക്കും
 

Join WhatsApp News
ഒരു അനിയൻ 2026-05-13 03:59:28
കോൺഗ്രസ്സ് ചേട്ടന്മാർക്ക് ഒരു മുഖ്യനെ തെരഞ്ഞെടുക്കാൻ സാധിക്കുന്നില്ല. അവരെയാണ് കേരളം ഭരിക്കാൻ ജനങ്ങൾ തിരഞ്ഞെടുത്തത്. ഇപ്പോൾ മനസിലായല്ലോ കേരളം എന്താണ് ഒരിക്കലും ഗതിപിടിക്കാത്തത് എന്ന്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക