Image

അയാൾ എന്തിനാണ് വന്നത്? (നടപ്പാതയിൽ ഇന്ന് - 141: ബാബു പാറയ്ക്കൽ)

Published on 13 May, 2026
 അയാൾ എന്തിനാണ് വന്നത്? (നടപ്പാതയിൽ ഇന്ന് - 141: ബാബു പാറയ്ക്കൽ)

നടക്കാൻ പോയപ്പോൾ നടപ്പാതയിൽ പിള്ളേച്ചൻ പറഞ്ഞ കഥയാണ്. അറുപതു വർഷം മുൻപ് നടന്നതാണത്രേ! 
പരമു നായർ അന്തരിച്ചു. രാവിലെ ഗ്രാമത്തിൽ കാട്ടുതീ പോലെ ആ വാർത്ത പ്രചരിച്ചു. വിവരം കേട്ടറിഞ്ഞ എല്ലാവരും അങ്ങോട്ടു പ്രവഹിച്ചു. പരമു നായർ ആ നാട്ടിലെ അറിയപ്പെടുന്ന വ്യക്തി ആയിരുന്നെങ്കിലും ആർക്കും അദ്ദേഹത്തെ ഉള്ളു കൊണ്ട് ഇഷ്ടമല്ലായിരുന്നു. കാർക്കശ്യക്കാരനായിരുന്ന അദ്ദേഹം പിതൃസ്വത്തായി ലഭിച്ച 99 ഏക്കർ സ്ഥലത്തെ കൃഷിയിൽ നിന്നും ലഭിച്ച പണം മുഴുവൻ ധൂർത്തടിച്ചു ജീവിച്ചു. അദ്ദേഹത്തിൽ നിന്നും എന്തെങ്കിലും ഗുണമുണ്ടാകുമെന്നു ധരിച്ച കുറേപേർ അദ്ദേഹത്തിന്റെ സ്‌തുതിപാഠകരായി കൂടെയുണ്ടായിരുന്നു. അദ്ദേഹം ആ ഗ്രാമത്തിലെ വലിയ സംഭവമാണെന്നും എല്ലാവർക്കും അദ്ദേഹത്തെ വലിയ പ്രിയമാണെന്നും അവർ അദ്ദേഹത്തെ പറഞ്ഞു വിശ്വസിപ്പിച്ചു. അവരോടു മാത്രം സംസാരിച്ചിരുന്ന അദ്ദേഹത്തിന് പുറം ലോകത്തെ യഥാർത്ഥ ചിത്രം ഒരിക്കലും മനസ്സിലാക്കാനുള്ള അവസരം ഉണ്ടായില്ല. ഒരിക്കൽ ഗ്രാമത്തിലെ റോഡിൽ കൂടി  പോയ അദ്ദേഹത്തിന്റെ ജീപ്പിന് എന്തോ കേടു പറ്റിയപ്പോൾ ആ ഗ്രാമത്തിൽ സ്വന്തമായി ജീപ്പുള്ള ആ ഒരേ ഒരാളെ ഒരു മനുഷ്യനും സഹായിക്കാൻ വന്നില്ലെന്നു മാത്രമല്ല, എല്ലാവരും വഴി മാറി നടന്നത് അദ്ദേഹത്തെ ചിന്താകുലനാക്കി. 
അന്ന് രാത്രി അദ്ദേഹത്തിന് ഉറങ്ങാൻ കഴിഞ്ഞില്ല. രാത്രിയിൽ മൂത്രം ഒഴിക്കാൻ മുറ്റത്തേക്കിറങ്ങിയ പരമു നായർ ഏതോ കറുത്ത ഒരു രൂപം ഇരുട്ടിൽ ഓടിമറയുന്നതു കണ്ടു ഭയന്ന് വിറച്ചു. അടുത്തുള്ള കുറ്റിക്കാട്ടിൽ നിന്നും അനേകം വേട്ടപ്പട്ടികൾ അയാളുടെ പുറകെ വരുന്നതുപോലെ അയാൾക്ക് തോന്നി. ധാർഷ്ട്യതയുടെ പര്യായമായ അയാൾ അവരോട് 'കടക്കൂ പുറത്ത്' എന്നു പറഞ്ഞെങ്കിലും ശബ്‌ദം വെളിയിലേക്കു വന്നില്ല. പിറ്റേന്ന് പനി പിടിച്ചു കിടപ്പിലായ അയാൾ അന്ന് രാത്രിയിലെ ഉറക്കത്തിൽ ആ വേട്ടപ്പട്ടികളെ അനുഗമിച്ചു. രാവിലെ അദ്ദേഹത്തിന്റെ മരണ വാർത്തയാണ് ഗ്രാമം ശ്രവിച്ചത്. വീട്ടുമുറ്റത്തെ പ്ലാവിൽ തൂങ്ങിമരിക്കുകയായിരുന്നുവത്രേ! അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്നും ആരെങ്കിലും കഴിവുള്ള അനന്തരവർ മുന്നോട്ടു വന്ന് ആ തറവാടിന്റെ ഭരണം ഏറ്റെടുക്കുമെന്ന് ആ ഗ്രാമത്തിലെ ജനങ്ങൾ വിശ്വസിച്ചു.

എന്നാൽ കാര്യങ്ങൾ മാറി മറിഞ്ഞത് പെട്ടെന്നായിരുന്നു.  പരമു നായരുടെ പതിനാറടിയന്തിരത്തിനുള്ള ഒരുക്കങ്ങൾ പന്തൽ ഉൾപ്പെടെ വിപുലമായി നടന്നു. വിവിധതരം ഇനങ്ങളോടുകൂടിയ സദ്യ കാര്യമായി തന്നെ നടന്നു. പായസം തന്നെ പല ഇനങ്ങളിലായിരുന്നു. ഗ്രാമത്തിലെ ജനങ്ങൾ എല്ലാവരും ആ സദ്യയിൽ പങ്കു കൊണ്ടു. പരമു നായരുടെ ഭാര്യ സുമതി സുന്ദരിയും യുവതിയുമായിരുന്നു. ആ ഗ്രാമത്തിലെ പലർക്കും അവർക്കൊരു സ്വപ്ന ദേവതയായിരുന്നു. എന്നാൽ അടിയന്തിരത്തിനു വിളമ്പാൻ വന്ന ഒരു ഗോപാലൻ നായർ അടിയന്തിരം കഴിഞ്ഞിട്ടും തിരിച്ചു പോയില്ല. അയാൾ ആലപ്പുഴയിൽ നിന്നും വന്നതാണ്. അകാലത്തിൽ അന്തരിച്ച പരമു നായരുടെ ഭാര്യയേയും മൂന്നു മക്കളെയും അയാൾ ആശ്വസിപ്പിച്ചു. സുമതിയുടെ സാമീപ്യവും സ്നേഹവും ആഗ്രഹിച്ച ആ ഗ്രാമത്തിലെ പല യുവാക്കളും ആലപ്പുഴയിൽ നിന്ന് വന്ന ഗോപാലൻ നായരുടെ അവിടത്തെ താമസത്തെ വിമർശിച്ചു. സുമതിയുടെ അമ്മയുടെ ഏതോ അകന്ന ബന്ധത്തിൽ ഉള്ളയാളാണ് എന്നാണ് ഗോപാലൻ നായർ സ്വയം പരിചയപ്പെടുത്തിയത്. പക്ഷേ, സുമതിക്ക്‌ അങ്ങനെയൊരു ബന്ധുവിനെ ഒരു പരിചയവുമില്ലായിരുന്നു. സുമതിയുടെ ഏതോ അകന്ന ഒരു അമ്മായി ആലപ്പുഴയിൽ ഉണ്ടെന്നു കേട്ടിട്ടുണ്ട്. അവരുടെ വീട്ടിൽ അടുക്കളയിൽ പാത്രം കഴുകിയും മീൻ വെട്ടിക്കൊടുത്തും പറമ്പിൽ തേങ്ങാ ഇടീച്ചും മറ്റും പല സേവനം ചെയ്‌ത്‌ ആശ്രിതനായി കഴിയുന്നവനാണത്രെ! എന്നാൽ ആരുടെയെങ്കിലും സഹായം ആവശ്യമായിരുന്ന സുമതിക്ക്‌ ഗോപാലൻ നായരുടെ പിന്തുണ അനുഗ്രഹമായി. അയാൾ പതുക്കെ പതുക്കെ പരമു നായരുടെ കുടുംബത്തിലെ കാര്യസ്ഥനായി മാറി. 

കുറച്ചു കഴിഞ്ഞപ്പോൾ പരമു നായരുടെ മകൻ കൃഷ്‌ണൻകുട്ടിയെ സ്‌കൂളിൽ ചേർക്കണമായിരുന്നു. ഏതാണ്ട് രണ്ടു കിലോമീറ്റർ ദൂരെയുള്ള സ്‌കൂളിൽ കുട്ടിയേയും കൂട്ടി ഗോപാലൻ നായർ ചെന്നു. കുട്ടിയുടെ അച്ഛൻ ആരാണെന്ന ചോദ്യത്തിന്, ‘ഗോപാലൻ നായർ’ എന്ന ഉത്തരമാണ് അദ്ദേഹം ആ സ്‌കൂൾ അധികൃതർക്ക് നൽകിയത്. അങ്ങനെ ഗോപാലൻ നായർ കൃഷ്‌ണൻകുട്ടിയുടെ അച്ഛനായി. സുമതി എതിരൊന്നും പറഞ്ഞില്ല. ആലപ്പുഴയിൽ നിന്നും വന്ന ഗോപാലൻ നായരെ നാട്ടുകാർ ‘ആലപ്പി അച്ഛൻ' എന്ന് വിളിച്ചു. സുമതിയെ മോഹിച്ചു നടന്ന പലരും അദ്ദേഹത്തെ അസൂയയോടെയാണ് കണ്ടതെങ്കിലും പതുക്കെ പതുക്കെ സുമതിയുടെ ഭർത്താവായി അംഗീകരിക്കേണ്ടതായി വന്നു. ഒന്നാം തീയതി തോറും സുമതിയെയും കൂട്ടി ബൈക്കിൽ ഗോപാലൻ നായർ അമ്പലത്തിൽ പോകുന്നത് ഗ്രാമത്തിലെ ജനങ്ങൾ നോക്കി നിന്നു.  "നോക്കെടാ, മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടു പോകുന്നത്." അത് നോക്കി ആ ഗ്രാമത്തിലെ ചെറുപ്പക്കാരായ പലരും വായിൽ വെള്ളമിറക്കി നിന്നു. അന്നു മുതൽ ആണെന്ന് തോന്നുന്നു, മലയാള ഭാഷയിൽ ഒരു പുതിയ പഴഞ്ചൊല്ല് രൂപപ്പെട്ടത്. "അച്ഛന്റെ അടിയന്തിരത്തിനു വിളമ്പാൻ വന്നവൻ അമ്മയ്ക്കു നായരായി" എന്ന്. 

ആ ഗ്രാമത്തിലെ ചിലർ ഗ്രാമപ്രമുഖനായ വക്കീൽ സുകുമാരപിള്ളയുടെ  അടുക്കൽ പോയി പരാതിപ്പെട്ടു. ഗോപാലൻ നായരെ ആ ഗ്രാമത്തിൽ നിന്നും കെട്ട് കെട്ടിക്കണം. അയാളെ ആലപ്പുഴയിലേക്കു തിരിച്ചയയ്ക്കണം. വക്കീൽ എല്ലാം കേട്ടതിനു ശേഷം പറഞ്ഞു, "ഏതായാലും അയാളും ഒരു നായരാണല്ലോ!" എല്ലാവരും മടങ്ങിപ്പോയി. ക്രമേണ ഗോപാലൻ നായർക്ക് അനവധി ശിങ്കിടികൾ ഉണ്ടായി. സ്തുതി പാഠകരായ അവർ ഗോപാലൻ നായരുടെ പല ദുഷ്പ്രവർത്തികളും ന്യായീകരിച്ചു കൊണ്ടിരുന്നു. അവർക്കൊക്കെ നല്ല രീതിയിൽ അയാൾ പാരിതോഷികങ്ങൾ നൽകിക്കൊണ്ടിരുന്നു. ധൂർത്തിനു പണം തികയാതെ വന്നപ്പോൾ പരമു നായരുടെ കുടുംബ സ്വത്ത് പതുക്കെ പതുക്കെ വിൽക്കാൻ തുടങ്ങി. 30 വർഷം കൊണ്ട് 99 ഏക്കർ വെറും 9 ഏക്കർ ആയി കുറഞ്ഞു. പരമു നായരുടെ വിറ്റു തുലച്ച 90 ഏക്കറും വാങ്ങിയത് ഗൾഫിൽ ജോലിക്കു പോയ അഹിന്ദുക്കളായ ചെറുപ്പക്കാരായിരുന്നു. 

ഒടുവിൽ കൃഷ്ണൻകുട്ടിക്കു കിട്ടിയ ഒന്നര ഏക്കറിൽ കൃഷി ചെയ്‌താണ്‌ അദ്ദേഹം കുടുംബം പുലർത്തിയത്. ആലപ്പുഴയിൽ നിന്നും വന്ന ഗോപാലൻ നായർ എന്തിനാണ് അന്ന് വന്നത്? സുമതിയുടെ കുടുംബത്തിനെ സഹായിക്കാനോ അതോ പരമു നായരുടെ ഐശ്വര്യം കവർന്നെടുത്തു നശിപ്പിക്കാനോ? കൃഷ്ണൻ കുട്ടിയുടെ ചോദ്യത്തിന് ഇന്നും ഉത്തരമില്ല. ഗോപാലൻ നായർ പുകച്ചുരുളുകളായി അന്തരീക്ഷത്തിൽ ലയിച്ചിട്ട് ഒരു ദശാബ്ദത്തിലധികമായി. പക്ഷേ, ചോദ്യം ഇന്നും അന്തരീക്ഷത്തിൽ ഗതികിട്ടാത്ത പ്രേതമായി അലയുന്നു. “അയാൾ എന്തിനാണ് വന്നത്?”
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക