Image

അധികാരം ആവേശവും ആർത്തിയുമായാൽ ആവശ്യക്കാർ കൂടും (ബ്ലെസ്സൺ ഹ്യൂസ്റ്റൺ)

Published on 13 May, 2026
അധികാരം ആവേശവും ആർത്തിയുമായാൽ ആവശ്യക്കാർ കൂടും (ബ്ലെസ്സൺ ഹ്യൂസ്റ്റൺ)

നിയമ സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് നേതൃത്വം നൽകുന്ന യു ഡി എഫ് വൻ  വിജയം നേടി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രവചിച്ചതുപോലെ നൂറിൽ കൂടുതൽ സീറ്റുകൾ നേടി ചരിത്ര വിജയം ഉ ഡി എഫ് അധികാരത്തിലെത്തിയിട്ടുണ്ട്. എന്നാൽ ഇതുവരെയും യു ഡി എഫിന് നേതൃത്വം നൽകുന്ന കോൺഗ്രസ്സിന് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ കഴിഞ്ഞിട്ടില്ല. ഈ  ലേഖനം പുറത്ത് വരുമ്പോഴേക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് കരുതുന്നു. തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് മാത്രം 62 സീറ്റ് നേടി മിന്നും വിജയം നേടിയപ്പോൾ മുഖ്യമന്ത്രിയായി മൂന്ന് പേരാണ് രംഗത്ത് വന്നത്. വി ഡി സതീശൻ, രമേശ് ചെന്നിത്തല കെ സി വേണുഗോപാൽ എന്നീ മൂന്ന് പേര് വന്നതോടെ മുഖ്യ മന്ത്രി കസ്സേരക്ക് മത്സരമായി. മൂന്നുപേരെയും പിന്താങ്ങി അണികൾ രംഗത്ത് വന്നതോടെ അത് സംഘർഷ ഭരിതമായി. കോൺഗ്രസ്സ് ദേശീയ നേതൃത്വം എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായി. ഹൈകമാൻഡ് കമാൻഡ് ചെയ്യാനാകാത്ത അവസ്ഥയിലുമായി. സി പി എം ഉൾപ്പെടെയുള്ള എതിരാളികൾ വിമർശനം കൊണ്ട് തങ്ങളുടെ തോൽവി മറക്കാൻ ശ്രമിച്ചു.

കേരളത്തിൽ മുഖ്യമന്ത്രി കസ്സേരക്കുവേണ്ടിയുള്ള മത്സരം തുടങ്ങിയത് ഇതാദ്യമല്ല. 57ൽ കേരത്തിലെയും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ചരിത്രത്തിലെ ആദ്യ മന്ത്രി സഭാ രൂപീകരണത്തിൽ തൊട്ട് ആ മത്സരമുണ്ടായിരുന്നു. ആദ്യ മുഖ്യ മന്ത്രിയായി ഇ എം സ്സിനെ തിരഞ്ഞെടുക്കുമ്പോൾ അന്ന്. അന്ന് ടി വി തോമസിന് മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യവുമായി ഒരു വിഭാഗം രംഗത്ത് വന്നു. പിൽക്കാലത്ത് സി പി ഐ ക്കാരായ എം എൻ ഉൾപ്പെടെ യുള്ളവരായിരുന്നു. എന്നാൽ എ കെ ജി ഇ എം എസിനെ പിന്തുണച്ചതോടെ അത് ചായക്കോപ്പയിലെകൊടുംങ്കാറ്റായി. അത് മുളയിലേ കരഞ്ഞുപോയി എന്ന് തന്നെ പറയാം. പിന്നീട് വന്ന ആർ ശങ്കറിന്റെ മന്ത്രി സഭയിലും മുഖ്യ മന്ത്രി സ്ഥാനത്തിനുവേണ്ടി മത്സരമുണ്ടായിരുന്നു. അത് ശങ്കറും പി ടി ചാക്കോയും തമ്മിലായിരുന്നു ആദ്യ നിയമ സഭയിലെ പ്രതിപക്ഷ നേതാവായിരുന്നു പി ടി ചാക്കോ. പനമ്പള്ളി ഉൾപ്പെടെയുള്ള ശക്തരായ നേതാക്കൾ ശങ്കറിനൊപ്പം നിന്നപ്പോൾ കെ എം ജോർജ് ഉൾപ്പെടെ ഒരു വിഭാഗം പി ടി ചാക്കോയ്‌ക്കൊപ്പം ചേർന്നു. അതോടെ മുഖ്യമന്ത്രി കസേരക്ക് പിടിവലിയായി. ഇന്ദിര ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ്സിന്റെ ദേശീയ നേതൃത്വം ശങ്കറിനൊപ്പവും മന്നം കത്തോലിക്ക സഭ ഉൾപ്പെടെയുള്ള സമുദായ നേതൃത്വങ്ങൾ പി ടി ക്കൊപ്പം നിന്ന്.  ഒടുവിൽ ശങ്കർ മുഖ്യമന്ത്രിയായി. എന്നാൽ അത് കോൺഗ്രസ്സിൽ പിൽക്കാലത്ത് പിളർപ്പിന് വരെ കാരണമായി. 

പിന്നീട് അടിയന്തരാവസ്ഥക്ക് ശേഷം നടന്ന  77 ലെ തിരഞ്ഞെടുപ്പിൽ നേടിയ വൻ വിജയത്തിന് ശേഷവും മുഖ്യമന്ത്രി കസ്സേരക്കുവേണ്ടി മത്സരം നടന്നു. അന്ന് കരുണാകരൻ ആന്റണിയും തമ്മിലായിരുന്നു കോൺഗ്രസ്സിലെ മുതിർന്ന നേതാക്കൾ കരുണാകരനെ പിന്തുണച്ചപ്പോൾ യുവ നേതൃത്വ നിര ആന്റണിയെ പിന്തുണച്ചുകൊണ്ട് വന്നു. പ്രധാന മന്ത്രി ഇന്ദിരാഗാന്ധി കരുണാകരനെ പിന്തുണച്ചതോടെ അദ്ദേഹം മുഖ്യമന്ത്രിയായി. അടിയന്തരാവസ്ഥയിൽ നടന്ന രാജൻ കൊലക്കേസിൽ കരുണാകരനെതിരെ കോടതി പരാമർശം വന്നപ്പോൾ അദ്ദേഹം രാജി വയ്ക്കുകയും ആന്റണി മുഖ്യമന്തിയാകുകയും ചെയ്തു.

87 ലെ തിരഞ്ഞെടുപ്പിൽ സി പി എം നേതൃത്വം നൽകുന്ന ഇടതുപക്ഷത്തിന്റെ വൻ വിജയത്തിന്  ശേഷവും മുഖ്യമന്ത്രി സ്ഥാനം തർക്കത്തിന് ഇടവരുത്തി. അന്ന് ഇ കെ നായനാരും ടി കെ രാമകൃഷ്ണൻ ഗ്രുപ്പുമായിരുന്നു. ഇ കെ നായനാരെ ഇ എം എസ് ഉൾപ്പെടെയുള്ളവർ പിന്തുണച്ചപ്പോൾ ഗൗരിയമ്മയും വി സും ഉൾപ്പെടെയുള്ളവർ ടി കെ യെ പിന്തുണച്ചു. പാർട്ടിക്കകത്ത് അത് ചേരിപ്പോരുണ്ടാക്കിയെങ്കിലും പുറത്തേയ്ക്ക് അത് പോയില്ല. ഒടുവിൽ നായനാർ മുഖ്യമന്ത്രിയായി. 91 ലെ കേരള നിയമ സഭ ഇലക്ഷനിൽ കോൺഗ്രസ് വിജയിച്ചപ്പോഴും മുഖ്യമന്ത്രി കസേരക്ക് വേണ്ടി മത്സരമുണ്ടായി. അന്നും കരുണാകരനും ആന്റണിയും തമ്മിലായിരുന്നു. പ്രധാനമന്ത്രിയായ സോണിയ ഗാന്ധിയും നരസിംഹറാവുവും കരുണാകരനെ പിന്തുണച്ചപ്പോൾ അദ്ദേഹത്തിന് നറുക്ക് വീണു. ചാരക്കേസിൽ കരുണാകരൻ രാജിവച്ചപ്പോൾ ആന്റണി മുഖ്യമന്ത്രിയായി.

96 ലെ നിയമ സഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഭൂരിപക്ഷം ലഭിച്ചപ്പോഴും ഈ മത്സരമുണ്ടായിരുന്നു. മുഖ്യമന്ത്രിയാകേണ്ട അച്യുതാനന്ദൻ മാരാരിക്കുളത്ത് തോറ്റപ്പോൾ പകരം ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാൻ സി പി എമ്മിൽ ശ്രമം നടന്നു. ഗൗരിയമ്മയുടെ എതിരാളികൾ സുശീല ഗോപാലനെ കൊണ്ടുവന്നെങ്കിലും ഒടുവിൽ ഇരുവരെയും മറികടന്ന് നായനാർ മുഖ്യമന്ത്രിയായി. അന്ന് സി പി എം പ്രവർത്തകർ ചേരി തിരിഞ് രംഗത്തുവരികയുണ്ടായി. കേരം തിങ്ങും കേരള നാട്ടിൽ കെ ആർ ഗൗരി ഭരിക്കുമെന്ന് മുദ്രാവാക്യം പോലും വിളിച്ചുകൊണ്ടായിരുന്നു അവർ രംഗത്ത് വന്നത്.

2016 ൽ ഇടതുപക്ഷം അധികാരത്തിൽ കയറിയപ്പോഴും മുഖ്യമന്ത്രി ആകാൻ പിണറായിയും അച്യുതാനന്ദനും തമ്മിൽ മത്സരിച്ചു. ഒടുവിൽ പി ബി പിണറായിയെ മുഖ്യമന്ത്രിയാക്കി. വി എസ്സിനെ മുൻ നിർത്തിഇടതുപക്ഷം അധികാരം നേടിയപ്പോൾ വി എസിനെ കറിവേപ്പില പോലെ തഴഞ്ഞു എന്നായിരുന്നു വി എസ് അനുകൂലികൾ പറഞ്ഞു നടന്നത്. ഏറ്റവും ഒടുവിൽ ഈ തിരഞ്ഞെടുപ്പിൽ സതീശൻ ചെന്നിത്തല വേണുഗോപാൽ മൂന്ന് പേർ രംഗത്ത് വന്നു. ഇതിന് മുൻപുള്ള കാലങ്ങളിൽ  രണ്ടുപേരായിരുന്നു എങ്കിൽ ഇപ്പോൾ മൂന്നായി. ഇനിയും അത് കൂടാനാണ് സാധ്യത . കാരണം അധികാരം ആദര്ശതിഷ്ഠിതമല്ല അത് ആവേശവും ആർത്തിയുമാണ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക