
പ്രശസ്ത സംവിധായിക മീരാ നായരുടെ പുതിയ ചിത്രം 'അമ്രി' പ്രഖ്യാപിച്ചു. ലോകപ്രശസ്ത ചിത്രകാരി അമൃത ഷെർഗില്ലിന്റെ ജീവിതവും കലയും പ്രമേയമാകുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ പ്രിയങ്ക ചോപ്ര ജോനാസ്, ജയദീപ് അഹ്ലാവത്, ജിം സർഭ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ ആദ്യ പോസ്റ്ററും ഇതിനോടൊപ്പം അണിയറപ്രവർത്തകർ പുറത്തുവിട്ടു. കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി താൻ ചെയ്ത എല്ലാ സിനിമകളും അമൃത ഷെർഗില്ലിന്റെ കലയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുള്ളതാണെന്ന് മീരാ നായർ പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയുടെ ആത്മാവിനെ തന്റെ ക്യാൻവാസുകളിലൂടെ ആവിഷ്കരിച്ച അമൃത ഷെർഗില്ലാണ് കാഴ്ചയുടെ ലോകം തനിക്ക് തുറന്നുതന്നതെന്നും അവർ കൂട്ടിച്ചേർത്തു.
പുതുമുഖ താരം അഞ്ജലി ശിവരാമനാണ് ചിത്രത്തിൽ അമൃത ഷെർഗില്ലായി വേഷമിടുന്നത്. പ്രിയങ്ക ചോപ്ര 'മാഡം അസൂരി' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനൊപ്പം സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൂടിയാണ്. എമിലി വാട്സൺ അമൃതയുടെ അമ്മയായും ജയദീപ് അഹ്ലാവത് അച്ഛനായും വേഷമിടുമ്പോൾ അഞ്ജന വസൻ, ജിം സർഭ് എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഹംഗറി, ഫ്രാൻസ്, ഇന്ത്യ എന്നിവിടങ്ങളിലായി പടർന്നു കിടക്കുന്ന അമൃതയുടെ ജീവിതയാത്രയാണ് സിനിമയുടെ പശ്ചാത്തലം. പാരീസിലെ അക്കാദമി ഡെസ് ബീക്സ് ആർട്സിലെ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിനിയായിരുന്ന അമൃത, യൂറോപ്യൻ പരിശീലനത്തിലൂടെ ഇന്ത്യയുടെ തനിമയുള്ള ദൃശ്യഭാഷ സൃഷ്ടിച്ച കലാകാരിയാണ്.
അമൃതയുടെ കലയിലെ വളർച്ചയും വ്യക്തിജീവിതത്തിലെ പോരാട്ടങ്ങളും സമകാലിക വ്യവസ്ഥിതികളോടുള്ള അവരുടെ കലാപവും ചിത്രത്തിൽ കാണാം. സമുദ്രിക അറോറ, മൈക്കൽ നോസിക്, മീരാ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മീരാ നായരും ക്ലാര റോയറും ചേർന്ന് തിരക്കഥയൊരുക്കിയ ഈ ചിത്രം ഇന്ത്യയിലും ഹംഗറിയിലുമായി ചിത്രീകരണം അവസാന ഘട്ടത്തിലാണ്. അമൃത ഷെർഗില്ലിന്റെ ജീവിതം ഇന്നത്തെ തലമുറയ്ക്കും പ്രചോദനമാണെന്നും ഈ കഥ മീരാ നായരുടെ കൈകളിൽ സുരക്ഷിതമാണെന്നും ചിത്രത്തിന്റെ അണിയറപ്രവർത്തകർ പ്രത്യാശ പ്രകടിപ്പിച്ചു.