Image

പതിവില്ലാ കാഴ്ചകൾ (കവിത: എ. കെ. അനിൽകുമാർ)

Published on 12 May, 2026
പതിവില്ലാ കാഴ്ചകൾ   (കവിത: എ. കെ. അനിൽകുമാർ)

നേരം പുലർന്നു.
പതിവു തെറ്റിച്ച്
പാൽക്കാരന്റെ
സൈക്കിൾ മണിക്കു പകരം
ബൈക്കിന്റെ ഹോൺ.
മുറ്റത്തുവീണ പത്രം
പതിവുവായനയിലില്ലാത്തത്.
കണ്ണട തിരഞ്ഞുചെന്നപ്പോ
നരച്ച കട്ടികണ്ണടയ്ക്കുപകരം
കറുത്ത മിനുസമുള്ള ഫ്രെയിമിൽ
തിളങ്ങുന്ന നേർത്ത കണ്ണട.
പഴകിച്ചുളിഞ്ഞ കിടക്കവിരികൾ
പുത്തൻ മണത്തോടെ
ചുളിവില്ലാതെ
പരന്നു കിടക്കുന്നു.
അടുക്കളയിൽ പാത്രങ്ങൾക്ക്
പഴയ ഒച്ചയും ബഹളവുമില്ല.
പതിവില്ലാത്തൊരു അച്ചടക്കം.
ഭക്ഷണത്തിന്
പുതിയ മെനു, പുതിയ രുചി.
ടിവി വാർത്തകളിൽ
പതിവു പീഡന വാർത്തകളില്ല.
ടിവി അന്തിച്ചർച്ചകളിൽ
പതിവു ആക്രോശങ്ങളില്ല.
അവതാരകർക്ക് സൗമ്യഭാവം.
രാത്രി കിടപ്പറയിൽ
പതിവു ആക്രാന്തത്തിനു പകരം
ആൺപെൺ ദേഹത്തിന്
പുതുഗന്ധം.

രാത്രിയുറക്കത്തിലേക്ക്
മുങ്ങിത്താഴുംമുൻപ്
കണ്ണുകളിറുക്കിയടച്ചു പ്രാർത്ഥിച്ചു :
പതിവില്ലാത്ത
ഈ സ്വപ്‌നക്കാഴ്ചകളിൽ നിന്നും
എന്നെയൊന്നുണർത്തൂ വേഗം...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക