
നിയമസഭാതെരഞ്ഞെടുപ്പിന്റെ പ്രചാരണഘോഷങ്ങളും വോട്ടെടുപ്പും ഫലപ്രഖ്യാപനവും വിജയാഘോഷങ്ങളും കഴിഞ്ഞു. വൻ വിജയത്തോടെ അധികാരത്തിലെത്തിയ യു ഡി എഫ് സർക്കാർ രൂപീകരണത്തിന്റെ നൂലാമാലകളിലേക്ക് കടക്കുകയാണ്. പരാജയപ്പെടുകയും അധികാരം നഷ്ടപ്പെടുകയും ചെയ്ത എൽ ഡി എഫിന് ഇനി എന്താണ് ചെയ്യാനുള്ളത്? മുൻ നിയമസഭയിൽ 99 സീറ്റുകളുണ്ടായിരുന്ന അവരുടെ ഇപ്പോഴത്തെ അംഗബലം 35 മാത്രം.സി പി എം 26, സി പി ഐ 8, ആർ ജെ ഡി 1.ബാക്കി ഘടകകഷികൾ നിയമസഭയെ സംബന്ധിച്ചിടത്തോളം അദൃശ്യരായിരിക്കുന്നു. മുന്നണിയെ നയിക്കുന്ന കക്ഷിയായ സി പി എമ്മിന്റെ നേതൃത്വം പരാജയകാരണങ്ങൾ വിശകലനം നടത്തുകയും പിഴവുകൾ തിരുത്തി മുന്നോട്ടുപോകുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഇത് പരാജയപ്പെടുമ്പോൾ അവർ ഉരുവിടുന്ന പതിവ് പല്ലവിയാണ്. എന്നാൽ ഈ പരാജയം ഒരു പതിവ് പരാജയമാണ്. പാർട്ടി കോട്ടകളുടെ അസ്ഥിവാരം തന്നെ ഇളകിപ്പോയ പരാജയമാണിത്.
ഇതുവരെ പരാജയമറിയാത്ത നിയോജകമണ്ഡലങ്ങളിൽ പാർട്ടി തറപറ്റി. പയ്യന്നൂർ, തളിപ്പറമ്പ്, അമ്പലപ്പുഴ എന്നീ മണ്ഡലങ്ങളിൽ സിപിഎമ്മിനെ പരാജയപ്പെടുത്തിയത് തെരഞ്ഞെടുപ്പിനോടടുത്ത ദിവസങ്ങളിൽ പാർട്ടിയോടിടഞ്ഞ് പുറത്തുവന്ന പാര്ട്ടിയിലെ പ്രമുഖരാണ്. അവർ നേടിയ വൻ വിജയം സൂചിപ്പിക്കുന്നത് യു ഡി എഫിന്റെ മാത്രമല്ല, സി പി എമ്മിലെ സാധാരണ പ്രവർത്തകരുടെ വോട്ടും അവർക്ക് ലഭിച്ചു എന്നാണ്. ഈ മണ്ഡലങ്ങളിൽ മത്സരിച്ചുജയിച്ച വി കുഞ്ഞികൃഷ്ണൻ, ടി കെ ഗോവിന്ദൻ, ജി സുധാകരൻ മൂന്നുപേരും പ്രായം 70 കടന്നവർ. ദീർഘകാലം പാർട്ടിയിൽ പ്രമുഖസ്ഥാനങ്ങളിൽ പ്രവർത്തിച്ചവർ. പാർട്ടിയിൽ അഴിമതിയും സ്വജനപക്ഷപാതവും നടക്കുന്നതായി അവർ ആരോപിക്കുന്നു.പാർട്ടി എം എൽ എ രക്തസാക്ഷി ഫണ്ട് തട്ടിയെടുത്തതായാണ് കുഞ്ഞികൃഷ്ണൻ ആരോപിക്കുന്നത്. പാർട്ടിയുടെ സംസ്ഥാനസെക്രട്ടറി നടത്തുന്ന സ്വജനപക്ഷപാതമായിരുന്നു ടി കെ ഗോവിന്ദൻ ഉന്നയിച്ച മുഖ്യആരോപണം. പാർട്ടിയുടെ ശക്തികേന്ദ്രമായ ആലപ്പുഴജില്ലയിൽ നടക്കുന്ന നെറികേടുകളെ വിമര്ശിച്ചുകൊണ്ടാണ് സുധാകരൻ രംഗത്തുവന്നത്. ഒരു നല്ല വിഭാഗം പാർട്ടിപ്രവർത്തകർ ഇവർ പറയുന്നത് വിശ്വസിക്കുന്നു എന്നാണ് തെരഞ്ഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. മറ്റൊരു ചുവപ്പുകോട്ടയായി അറിയപ്പെടുന്ന തൃക്കരിപ്പൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി സന്ദീപ് വാരിയർ നേടിയ വിജയവും അമ്പരപ്പിക്കുന്നതാണ്.
സമീപകാലത്ത്, ബി ജെ പി വിട്ട് കോൺഗ്രസ്സിൽ വന്ന സന്ദീപ് വാരിയരുടെ വിജയവും സി പി എം അണികളുടെ വോട്ടുകൾ കൊണ്ടുകൂടിയാണ്. ഈ വിജയങ്ങൾക്കും ആരോപണങ്ങൾക്കും യുക്തിസഹമായ, പരസ്യമായ ഒരു വിശദീകരണത്തിന് സി പി എം തയാറാവുകയില്ല. എല്ലാം പാർട്ടിക്കുള്ളിൽ ചർച്ചചെയ്യും എന്നാകും അവരുടെ നിലപാട്. എന്നാൽ പാർട്ടി നിലനിൽക്കണമെങ്കിൽ സാധാരണ പാർട്ടി പ്രവർത്തകരോട് ഇപ്പോഴത്തെ പ്രതിസന്ധി വിശദീകരിക്കേണ്ടി വരും. സിനിമയിൽ ശ്രീനിവാസന്റെ ഒരു കഥാപാത്രം പറഞ്ഞതുപോലെ താത്വികമായ അവലോകനമല്ലാതെ, എന്തുകൊണ്ട് തോറ്റുപോയി എന്ന് ലളിതമായി വിശദീകരിക്കേണ്ടിവരും.
നേതാക്കളുടെ അഴിമതിയും സ്വജനപക്ഷപാതവും അധികാരമോഹവും ആണ് പാർട്ടിയെ ഈ നിലയിലേക്ക് എത്തിച്ചിരിക്കുന്നത്. ആദര്ശ രാഷ്ട്രീയം എന്നത് ആർക്കും വേണ്ടാതായിരിക്കുന്നു. എ കെ ജിയും ഇ എം എസ്സും ഒക്കെ പാർലമെന്ററി രാഷ്ട്രീയത്തെ എങ്ങനെയാണ് കൈകാര്യം ചെയ്തിരുന്നത്? ഐ കെ നായനാരും വി എസ് അച്യുതാനന്ദനും മുഖ്യമന്ത്രിമാരെന്ന നിലയിൽ എങ്ങനെ ഭരിച്ചു? ജീവിച്ചു? നായനാരെക്കുറിച്ചുള്ള ഒരു സംഭവം ഓർമ്മവരുന്നു. ഞാൻ കണ്ണൂരിൽ പത്രപ്രവർത്തകനായിരിക്കെ ആയിരുന്നു നായനാരുടെ എഴുപതാം പിറന്നാൾ. നായനാർ അതൊന്നും ശ്രദ്ധിക്കുന്ന ആളല്ല. പത്രക്കാരും അതത്ര ശ്രദ്ധിച്ചില്ല. എങ്ങനെയോ ആ ദിവസം എന്റെ ശ്രദ്ധയിൽ വന്നു. നായനാരുടെ പത്നി ശാരദടീച്ചറുമായി സംസാരിച്ച് ഞാൻ ഒരു റിപ്പോർട്ട് തയാറാക്കി. തലേദിവസം തന്നെ ഒന്നാം പേജിൽ അത് വാർത്തയായി. അടുത്ത ദിവസം കണ്ണൂരിലുണ്ടായിരുന്ന അദ്ദേഹം പത്രക്കാരുടെ സംസാരിക്കുന്നതിനിടയിൽ ഈ പിറന്നാൾ കാര്യം ഞാൻ എടുത്തിട്ടു. അദ്ദേഹം ചോദിച്ചു : " ഇതിലെന്ത് വാർത്ത? കമ്യൂണിസ്റുകാർക്ക് ഇത്തരം ആഘോഷങ്ങളൊന്നും ഇല്ലെന്നറില്ലേ? വേറെ പണിയൊന്നുമില്ലേ? " ഇന്നും പാർട്ടി നേതാക്കൾ ഇത്തരം ആഘോഷങ്ങൾ നടത്താറില്ലെങ്കിലും ഭരണം തന്നെ ഒരാഘോഷമാക്കുന്നു. ആര്ഭാടങ്ങൾക്കായി കോടിക്കണക്കിന് സർക്കാർ പണം ചെലവിടുന്നു.
പത്തുവർഷത്തെ തുടർച്ചയായ ഭരണം എന്ന 'ചരിത്രനേട്ട'വുമായാണ് പിണറായി വിജയൻ അധികാരക്കസേരയിൽനിന്ന് ഇറങ്ങുന്നത്. എന്നാൽ ആ ഭരണംകൊണ്ട് ജനങ്ങൾക്ക് എന്ത് ഗുണമാണ് ഉണ്ടായത് ? ജീവിത സാഹചര്യം മെച്ചപ്പെട്ടിട്ടുണ്ടോ? വിലക്കയറ്റം നിയന്ത്രിക്കാനോ ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കാനോ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനോ കഴിഞ്ഞിട്ടുണ്ടോ? സർക്കാർ തന്നെ തയാറാക്കുന്ന പ്രോഗ്രസ് റിപ്പോർട്ടിൽ ഇതിലൊക്കെ 100 മാർക്ക് വിജയം കാണാമെങ്കിലും ജനങ്ങളുടെ അനുഭവം എന്താണ്? ജനങ്ങൾ തങ്ങളുടെ അനുഭവം സാക്ഷ്യപ്പെടുത്തിയതാണ് ഈ തെരഞ്ഞഞെടുപ്പ് ഫലം. എല്ലാം ഭദ്രമാണെന്ന് പിണറായി സർക്കാർ പറയുമ്പോഴും ഒന്നും ഭദ്രമല്ലെന്നാണ് ഈ ഫലം വ്യക്തമാക്കുന്നത്.
സി പിഎം നേതൃത്വം ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്ന് പാർട്ടിയെ എങ്ങനെ വീണ്ടെടുക്കും? ഇപ്പോൾ ഇന്ത്യയിൽ ഒരു സംസ്ഥാനത്തും പാർട്ടിക്ക് ഭരണമോ ഭരണപങ്കാളിത്തമോ ഇല്ല. തമിഴ്‌നാട് അടക്കം ചില സംസ്ഥാനങ്ങളിൽ ഒന്നോ രണ്ടോ നിയമസഭാസീറ്റുകൾ മാത്രം. പാർലമെന്റിന്റെ കാര്യമെടുത്താൽ നിലവിലെ ലോക്സഭയിൽ 4 അംഗങ്ങൾ(കേരളം 1, തമിഴ്‌നാട് 2, രാജസ്ഥാൻ 1). രാജ്യസഭയിൽ 3 അംഗങ്ങൾ. തമിഴ്‌നാട്ടിൽ ഡി എം കെ നിയമസഭാതെരഞ്ഞ്ഞെടുപ്പിൽ തകർന്നടിഞ്ഞതോടെ അവരുടെ ഔദാര്യന്തത്തിൽ ഇനി അടുത്ത തവണ ലോകസഭയിലേക്ക് ജയിച്ച് കയറാൻ സാധിക്കുമോ എന്ന സംശയം. നിലവിലെ രാജ്യസഭാംഗങ്ങളുടെ കാലാഅവധി കഴിയുന്ന മുറക്ക് പകരം ആളെ കയറ്റിവിടാൻ കേരളം നിയമസഭയിൽ നിലവിലെ അംഗബലം മതിയാകുമോ?
ബംഗാളും ത്രിപുരയും കൈവിട്ടപോലെ കേരളവും സി പിഎമ്മിനെ കൈവിടുകയാണോ? എങ്കിൽ നിലനിൽപ്പിന്റെ പ്രശ്നമാണ് സി പി എം ഇപ്പോൾ നേരിടുന്നത്. ഈ പ്രശനം നേരിടാൻ ആദ്യം വേണ്ടത് കേരളത്തിൽ വേരറ്റുപോകാതെ ഇരിക്കുക എന്നതാണ്. കോൺഗ്രസ്സിനെ നിയമസഭയിലെ 9 സീറ്റുകളിൽനിന്നും കെ കരുണാകരൻ പിടിച്ചുയർത്തിയ കഥ അറിയാമല്ലോ. അതുപോകട്ടെ. കഴിഞ്ഞ 10 വർഷമായി അധികാരത്തിൽനിന്ന് അകറ്റിനിർത്തപ്പെട്ട കോൺഗ്രസ്സിനെ തിരിച്ചുകൊണ്ടുവരാൻ പ്രതിപക്ഷനേതാവ് വി ഡി സതീശൻ നടത്തിയ ഭഗീരഥപ്രയത്നം നാമെല്ലാം കണ്ടതല്ലേ. അങ്ങിനെ ആരുണ്ട് പരാജയത്തിന്റെ ഈ പടുകുഴിയിൽനിന്ന് സി പി എമ്മിനെ കരകയറ്റാൻ? താപ്പാനകൾ നിരന്നുനിൽക്കുന്ന പാർട്ടിയുടെ നേതൃനിരയാകെ പുതുക്കിപ്പണിയുക ഒട്ടും എളുപ്പമല്ല. താത്വികാവലോകങ്ങളെല്ലാം മാറ്റിവെച്ച് പാർലമെന്ററി രാഷ്ട്രീയത്തിന്റെ തന്ത്രങ്ങൾ കൊണ്ടുവേണം ഇവിടെ പയറ്റാൻ.
ഇത്രയും സിപിഎമ്മിന്റെ കാര്യം. കൂടെ യുള്ള സി പി ഐയുടെ കാര്യമോ? അവർ സി പി എമ്മിന്റെ മാറ്റം കണ്ടുപഠിച്ചുകൊള്ളും. മുന്നണിയിലെ ഏകാംഗകക്ഷികൾ മിക്കതും തോറ്റുപോയി. അവരെ ഇനി പേറാതിരിക്കുകയാണ് നല്ലത്. മെസ്സിയെ കേരളത്തിൽ കൊണ്ടുവന്ന കളിപ്പിക്കാമെന്നുപറഞ്ഞ് ഒരു മന്ത്രി സർക്കാരിനെ ആകെ അപഹാസ്യമാക്കി. മറ്റൊരു മന്ത്രി പെണ്ണുകേസിലൊക്കെപ്പെട്ട് സർക്കാരിനെ നാണംകെടുത്തി. ഇനിയും മറ്റൊരുമന്ത്രി അടിവസ്ത്രക്കേസിൽപെട്ട് ശിക്ഷ ഏറ്റുവാങ്ങി. ഈ ഉണങ്ങിയ കൊമ്പുകളൊക്കെ മുറിച്ചുമാറ്റി പാർട്ടിയുടെ ചുവട്ടിൽ വെള്ളവും വളവും നല്‌കുക ; എങ്കിൽ കേരളത്തിലെങ്കിലും അത് തഴച്ചുവളരാം. അല്ലെങ്കിൽ.....