Image

സിംഹഗര്‍ജ്ജനവുമായി സിംഗിളായി വിജയ്‌ (തമിഴ് നാട് നിയമസഭാതെരഞ്ഞെടുപ്പ് : പി കെ ശ്രീനിവാസൻ)

Published on 12 May, 2026
സിംഹഗര്‍ജ്ജനവുമായി  സിംഗിളായി വിജയ്‌  (തമിഴ് നാട് നിയമസഭാതെരഞ്ഞെടുപ്പ് : പി കെ ശ്രീനിവാസൻ)

രണ്ടു വർഷം മുമ്പ് സിനിമയിൽനിന്ന് കയറിവന്ന  ജോസഫ്   സി  വിജയ്  ദ്രാവിഡത്തനിമയുടെ ശക്തമായ അടിത്തറ തകർത്തുകൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്.234 സീറ്റുകളിൽ 107 സീറ്റുകൾ കരസ്ഥമാക്കിക്കൊണ്ട് ടിവികെ തേരോട്ടം നടത്തിയപ്പോൾ വാസ്തവത്തിൽ ഞെട്ടിപ്പോയത് പാരമ്പര്യത്തിൻെറ പട്ടു കുപ്പായവുമണിഞ്ഞ് രാഷ്ട്രീയം കയ്യാളിയിരുന്ന വേതാളങ്ങളായിരുന്നു


ത് അത്ഭുതങ്ങളുടേയും അമ്പരപ്പുകളുടേയും കാലമാണ്. സംഭവിച്ചുകഴിഞ്ഞതിനു ശേഷം മാത്രമേ നേതാക്കൾക്ക് അത് ബോധ്യമാകുകയുള്ളു. നടൻ ജോസഫ് സി വിജയിന്‍റെ  ടിവികെയുടെ (തമിഴക വെട്രി കഴകം) വമ്പൻ വിജയവും മുഖ്യമന്ത്രി മുത്തുവേൽ കരുണാനിധി സ്റ്റാലിൻെറ സിംഹാസനത്തിൽ നിന്നുള്ള വീഴ്ചയും തമിഴകത്തെ എന്നല്ല ഇന്ത്യൻ രാഷ്ട്രീയത്തെത്തന്നെ തകിടം മറിച്ചിരിക്കുന്നു. അമ്പതിലേറെ വർഷങ്ങളായി ദ്രാവിഡകക്ഷികൾ മാറിമാറി ഭരണക്കസേര കൈക്കലാക്കുന്ന തമിഴ്നാട്ടിൽ അതിനെയൊക്കെ നിർദ്ദയം തകർക്കുന്ന മട്ടിലാണ് നടൻ വിജയുടെ കടന്നുവരവ്. ഈ വിജയം ടിവികെയുടെ അണികളേയും അമ്പരപ്പിച്ചിട്ടുണ്ട്. രണ്ടു വർഷം മുമ്പ് സിനിമയിൽനിന്ന് കയറിവന്ന  ജോസഫ്   സി  വിജയ്  ദ്രാവിഡത്തനിമയുടെ ശക്തമായ അടിത്തറ തകർത്തുകൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ദ്രാവിഡനാടിൻെറ ശക്തനായ മുഖ്യമന്ത്രി സ്റ്റാലിനെപ്പോലും ഗോദയിൽ നിലംപരിശാക്കാൻ മപ്പടിച്ചിറങ്ങിയ വിജയ്ൻെറ ആത്മവിശ്വാസത്തെയാണ് നാം സമ്മതിക്കേണ്ടത്. 34.90 ശതമാനം വോട്ടുകൾ നേടി ദ്രാവിഡകക്ഷികളെ മുട്ടുകുത്തിക്കുമ്പോൾ രണ്ടാം സ്ഥാനത്തെത്തിയ ഡിഎംകെക്ക് 31.39 ശതമാനം വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്.

234 സീറ്റുകളിൽ 107 സീറ്റുകൾ കരസ്ഥമാക്കിക്കൊണ്ട് ടിവികെ തേരോട്ടം നടത്തിയപ്പോൾ വാസ്തവത്തിൽ ഞെട്ടിപ്പോയത് പാരമ്പര്യത്തിൻെറ പട്ടു കുപ്പായവുമണിഞ്ഞ് രാഷ്ട്രീയം കയ്യാളിയിരുന്ന വേതാളങ്ങളായിരുന്നു. ഡിഎംകെയുടെ ഉരുക്കു കോട്ടകളെ പോലും വിറപ്പിക്കുന്ന തരത്തിലാണ് വിജയ് മുന്നേറിയത്. വർഷങ്ങളായി ചെന്നൈ നഗരത്തിലെ ഡിഎംകെ കോട്ടകളായിരുന്ന 16 മണ്ഡലങ്ങളിൽ പതിനാലിലും ടിവികെ വിജയം കൈവരിച്ചു. സ്റ്റാലിൻ കുളത്തൂരിൽ വമ്പൻ പരാജയം വരിച്ചു. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും മന്ത്രി ശേഖർബാബുവും മാത്രമാണ് നഗരത്തിൽ കഷ്ടിച്ച് രക്ഷപ്പെട്ടത്. ജനനായകനെന്ന പേരും പെരുമയും മതനിരപേക്ഷകനെന്നുമൊക്കെയുള്ള പരിവേഷം തന്നെ ജയിപ്പിക്കുമെന്ന മൂഢവിശ്വാസമാണ് സ്റ്റാലിനെ തകർത്തുകളഞ്ഞത്. സ്റ്റാലിൻ മാത്രമല്ല  പതിനഞ്ചു മന്ത്രിമാരും തോറ്റു തുന്നംപാടി.

പത്തോളം എക്സിറ്റ് പോളുകളിൽ എട്ട് എണ്ണത്തിലും ഡിഎംകെ വിജയിക്കുംമെന്നാണ് പ്രവചിച്ചിരുന്നത്. ആക്സിസ് മൈ ഇന്ത്യ മാത്രമാണ് വിജയുടെ ടിവികെക്ക് ഭൂരിപക്ഷം ഉണ്ടാകുമെന്ന് പ്രവചിച്ചത്. 98 മുതൽ 120 വരെ സീറ്റുകൾ കിട്ടുമെന്നാണ് എക്സിറ്റ് പോളുകളിൽ കണ്ടത്. 10 എക്സിറ്റ് പോളുകളിൽ നാലോളം സംഘങ്ങൾ വിജയിന് 10 സീറ്റ് പോലും ലഭിക്കില്ല എന്നാണ് പ്രവചിച്ചത്. ജെവിസി (3-7) മാട്രിസ് (10-12), പീപ്പിൾസ് പൾസ് (0-3) പി മാർക്ക് (1-4), കാമാക്യ അനലറ്റിക്സ് (0), പീപ്പിൾസ് ഇൻസൈറ്റ് (10-14), പ്രജാ പോൾ (0), സിഎൻഎൻ ന്യൂസ് 18 (4), പോൾ ഓഫ് പോൾസ് (4), എൻഡിടിവി (4) എന്നിവരായിരുന്നു പ്രവചനം നടത്തിയ മറ്റ് എക്സിറ്റ് പോൾ ഏജൻ്റുമാർ. അവരുടെ കണക്കുകൂട്ടലുകൾ മാത്രമല്ല മറ്റ് മാധ്യമങ്ങളുടെ റിപ്പോർട്ടുകളെയും അട്ടിമറിച്ചുകൊണ്ടാണ് വിജയ് തൻെറ നില ഉറപ്പിച്ചിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് മുന്നണികള്‍  മത്സരിച്ചപ്പോൾ ടിവികെ ഒറ്റയ്ക്കാണ് മത്സരത്തിനിറങ്ങിയത്. 234 സീറ്റുകളിൽ മന്ത്രിസഭ രൂപീകരിക്കാൻ 118 സീറ്റുകളാണ് വേണ്ടത്. പതിനൊന്നു എംഎൽഎമാരുടെ പിന്തുണകൂടി ഉണ്ടായാൽ വിജയ്ന് മന്ത്രിസഭ രൂപീകരിക്കാൻ കഴിയും. എന്തായാലും ഡിഎംകെ മുന്നണിയിലെ കോൺഗ്രസ് ഉൾപ്പടെയുള്ള അസംതൃപ്തരായ ഘടകകക്ഷികളിൽ പലരും രംഗത്ത് എത്തിയിട്ടുണ്ട്. ഫലപ്രഖ്യാപനം നടക്കുമ്പോൾ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിജയുമായി സംസാരിക്കുകയും പാർട്ടിയുടെ വമ്പിച്ച വിജയത്തിൽ അഭിനന്ദിക്കുകയും ചെയ്തിരുന്നു. അതിനുശേഷം രാഹുൽ X ൽ എഴുതി: “ഞാൻ വിജയുമായി സംസാരിക്കുകയും അദ്ദേഹത്തിൻെറ  അസാധാരണമായ വിജയത്തിന് അഭിനന്ദനങ്ങൾ നേരുകും ചെയ്തു. ഉയർന്നുവരുന്ന യുവത്വത്തിൻെറ ശബ്ദം അവഗണിക്കാൻ ആർക്കുമാകില്ലെന്നാണ് ഈ വിജയം വ്യക്തമാക്കുന്നത്”

ടിവികെ നേടിയ അസാധാരണമായ വിജയത്തിൻെറ രഹസ്യം അന്വേഷിക്കുകയാണ് തമിഴകത്തെ രാഷ്ട്രീയചാണക്യന്മാർ. ദ്രാവിഡപ്പാർട്ടികളുടെ കോട്ടയിൽ വിജയിന് ഒന്നും ചെയ്യാൻ കഴിയില്ലെന്ന ചിന്താഗതി വച്ചുപുലർത്തിയിരുന്നവരുടെ വായടപ്പിക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം. യഥാർത്ഥത്തിൽ ഭരണവിരുദ്ധ വികാരമല്ല വിജയ് അനുകൂല തരംഗമാണ് തമിഴകത്ത് പ്രകടമായത്. വിജയൻെറ പേര് പോലും പറയാതെയായിരുന്നു സ്റ്റാലിൻെറ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ. സ്റ്റാലിനെ കുളത്തൂരിൽ പരാജയപ്പെടുത്തിയ പരിചയസമ്പന്നനായ രാഷ്ട്രീയക്കാരനാണ് വിഎസ് ബാബു. ഡിഎംകെ സ്ഥാനാർത്ഥിയായി 2006 ൽ ഈ മണ്ഡലത്തിൽ നിന്ന് മത്സരിച്ചുവിജയിച്ച ബാബു 2026  ഫെബ്രുവരിയിലാണ് വിജയ്ൻെറ ടിവികെയിൽ ചേരുന്നത്. 2011  മുതൽ മൂന്നുതവണ കുളത്തൂർ മണ്ഡലത്തിൽ നിന്നാണ് സ്റ്റാലിൻ വിജയിച്ചുവന്നിട്ടുള്ളത്. അതിനാൽ ഇത്തവണ ജയിക്കുമെന്ന ആത്മവിശ്വാസം വേണ്ടത്ര ഉണ്ടായിരുന്നു.  എന്നാൽ വിജയ് മത്സരിച്ച പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും വൻ ഭൂരിപക്ഷമാണ് ലഭിച്ചത്.

വിജയിൻെറ 94 പേജുള്ള പ്രകടനപത്രികയിൽ നിരവധി വാഗ്ദാനങ്ങളാണ് ഒഴുകിയെത്തിയത്. സ്ത്രീകൾക്കുള്ള ക്ഷേമപ്രവർത്തനങ്ങൾ, യുവാക്കളുടെ തൊഴിൽ വികസനം, പൊലീസ് സേനയുടെ പരിഷ്ക്കരണം, സാമ്പകത്തിക മുന്നേറ്റം തുടങ്ങിയ നിരവധി ഘടകങ്ങൾ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരുന്നു. ഭരണത്തിൽ എത്തിയാൽ അതൊക്കെ നിറവേറ്റാൻ കഴിയുമോ എന്നാണ് ജനം ചോദിക്കുന്നത്.

സ്ത്രീകളെയാണ് വിജയ് ഉന്നംവച്ചത്. 60 വയസ്സിന് താഴെയുള്ള കുടുംബിനികൾക്ക് പ്രതിമാസം 2000 രൂപ നൽകും. അവർക്ക് ബസ്സുകളിൽ സൌജന്യയാത്ര. സ്ത്രീകൾ വിവാഹിതരാകുമ്പോൾ ഒരു പവൻ സ്വർണവും പട്ടുസാരിയും സൗജന്യമായി നൽകും. ഗർഭിണികൾക്ക് 25000 രൂപ സഹായധനം. നവജാതശിശുക്കൾക്ക് സ്വർണമോതിരം. വനിതകളുടെ സംരക്ഷണത്തിനു അഞ്ഞൂറ് പൊലീസ് സേന. സ്കൂളുകളിലെ കൊഴിഞ്ഞുപോക്ക് അവസാനിപ്പിക്കാൻ രക്ഷാകർത്താക്കൾക്ക് 1500 രുപ സഹായധനം. ഒരു കുടുംബത്തിന് ആറ് ഗ്യാസ് സിലിണ്ടറുകൾ സൗജന്യമായി നൽകും. പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം കൊടുക്കാൻ റെസിഡൻഷ്യൽ സ്കൂളുകൾ സ്ഥാപിക്കും. 20 ലക്ഷം രൂപ വരെ സെക്യൂരിറ്റി ഇല്ലാതെ ലോൺ കൊടുക്കാനുള്ള സംവിധാനം ഉണ്ടാക്കും. ബിരുദധാരികളായവർക്ക് പ്രതിമാസം 4000 രൂപ സാമ്പത്തിക സഹായം നൽകും. മദ്യവും മയക്കുമരുന്നും നിയന്ത്രിക്കാനുള്ള പദ്ധതികൾ തയ്യാറാക്കും. 50 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. അഞ്ച് ഏക്കർ താഴെയുള്ള കർഷകർക്ക് ഏക്കറിന് 4500 രൂപ കാർഷിക ലോൺ. തൊഴിൽ ഇല്ലാത്ത ഡിപ്ലോമ ഹോൾഡേഴ്സിന് പ്രതിമാസം 2000 രൂപ. കുടുംബങ്ങൾക്ക് 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്, വൈദ്യുതിക്കുള്ള നികുതി ഒഴിവാക്കും. തുടങ്ങിയ നിരവധി ആനുകൂല്യങ്ങളാണ് പ്രകടനപത്രികയിൽ വിജയ് ഉയർത്തി കാണിക്കുന്നത്.

വിജയ്ൻെറ മനസ്സു കണ്ടെത്താൻ ദ്രാവിഡസഖ്യങ്ങൾക്ക് കഴിഞ്ഞില്ല എന്നതാണ് വാസ്തവം. യുവാക്കളെയാണ് വിജയ് ലക്ഷ്യമിട്ടത്. പാട്ടും നൃത്തവുമൊക്കെയായി  അവര്‍ തെരഞ്ഞെടുപ്പ് യോഗങ്ങൾ സമ്പന്നമാക്കി. സ്ത്രീകളും കുട്ടികളും സ്വന്തം താരത്തെ ഗ്രാമങ്ങളിൽ പോലും എതിരേറ്റു. എതിർ കക്ഷികൾ നൽകിയ പാരിതോഷികങ്ങൾ സ്വീകരിച്ചുകൊണ്ടുതന്നെ അവർ വിജയിക്ക് വോട്ടു ചെയ്തു. ന്യൂജനറേഷൻ വോട്ടും പുതിയ സമ്മതിദായകരുടെ പിൻബലവുമാണ് വിജയ്നെ തുണച്ച്ത. മേൽത്തട്ടുകാരും വിജയ്നെ പിന്തുണച്ചു. തുടക്കത്തിൽ ആവേശമൊന്നും വിജയ്ൻെറ പാർട്ടിയിൽ കണ്ടിരുന്നില്ലെങ്കിലും തുടർന്നുള്ള നീക്കങ്ങൾ ചടുലമായിരുന്നു. കരൂർ ദുരന്തത്തിൽ 41 സാധാരണക്കാർ ജനത്തിരക്കിൽപ്പെട്ട് കൊല്ലപ്പെട്ടതിന് കാരണമായ സംഭവം വിജയ്നെ വിട്ടുമാറാതെ വേട്ടയാടിയിരുന്നു. മരിച്ചവർക്ക് ലക്ഷങ്ങൾ സഹായം പ്രഖ്യപിച്ചുകൊണ്ടാണ് വിജയ് മുന്നേറിയത്. അപകടത്തിൽ ഡിഎംകെ സർക്കാർ കാണിച്ച അനാസ്ഥയും വിജയ് എടുത്തുകാട്ടിയിരുന്നു.

ബിജെപിയുടെ തലത്തൊട്ടപ്പന്മാർ സിബിഐ ഉൾപ്പെടയുള്ള അന്വേഷണസംഘങ്ങളെ വിട്ടു വേട്ടയാടാൻ ശ്രമിച്ചിട്ടും വിജയ് തൻെറ നിലപാടുകൾ മാറ്റാൻ തയ്യാറായിരുന്നില്ല. വിജയ് തൻെറ രാഷ്ട്രീയപ്രവേശനത്തിനു ഉതകുമെന്നുവിശ്വസിച്ചു പൂർത്തിയാക്കിയ ജനനായകൻ എന്ന ചിത്രം സെൻസർ പ്രശ്നത്തിൻെറ പേരിൽ പെട്ടിയിൽ കിടക്കുകയാണ്. തങ്ങളുടെ സഖ്യത്തിൽ ചേരാനുള്ള ക്ഷണം വിജയ് നിരസിച്ചു എന്നതിൻെറ പേരിൽ ബിജെപിയാണ് ഇതിൻെറ പിന്നിൽ കളിച്ചതെന്ന് വിജയ്ൻെറ ആരാധകർ വിശ്വസിക്കുന്നു. അഞ്ഞൂറ് കോടിയോളം ചെലവിട്ട് നിർമ്മിച്ച ഈ ചിത്രം വ്യാജന്മാർ ചില സൈറ്റുകളിൽ പ്രദർശിപ്പിച്ച് നിർമ്മാതാക്കളെ വെട്ടിലാക്കി. അതിൻെറ പിന്നിലും ഭരണകൂടങ്ങളുടെ കളിയുണ്ടായി എന്ന് വിജയ് വിശ്വസിക്കുന്നു. എങ്കിലും ആരെയും കൂസാതെ വിജയ് മുന്നേറി. “സിംഗം സിഗിളാതാൻ വരും” (സിംഹം ഒറ്റക്കേ വരാറുള്ളൂ) എന്ന വിജയ്ൻെറ പ്രഖ്യാപനം തമിഴ്ജനതയെ കീഴ്പ്പെടുത്തിയിരിക്കുകയാണ്. മന്ത്രിസഭ രൂപീകരിക്കാൻ ഡിഎംകെ സഖ്യകക്ഷികളിൽ പലരും രംഗത്തു വന്നിട്ടുണ്ട്. തങ്ങളുടെ ആധിപത്യം ഉറപ്പിക്കാൻ ബിജെപിയും ശ്രമങ്ങൾ ആരംഭിച്ചിരിക്കുന്നു. എന്നാൽ ബിജെപി പ്രത്യയശാസ്ത്ര ശത്രുവെന്നാണ് വിജയ് പ്രഖ്യാപിച്ചിരിക്കുന്നത്.  

തിരഞ്ഞെടുപ്പിൻെറ ചുറ്റുവട്ടങ്ങൾ ആരംഭിക്കുമ്പോൾ തന്നെ 20 ഓളം സഖ്യകക്ഷികളെ സ്റ്റാലിൻ തൻെറ കുടക്കീഴിൽ നിർത്തിക്കൊണ്ടാണ് വിജയ് സാധ്യത ക്ക് കളമൊരുക്കിയത്. എന്നാൽ തുടക്കം മുതൽ ഭരണത്തിൽ തങ്ങൾക്കും പങ്കാളിത്തം വേണമെന്ന് ആവശ്യവുമായി ചില കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നിരുന്നു പക്ഷേ അധികാരം പങ്കിടുന്ന പ്രശ്നമില്ലെന്ന് പിടിവാശിയിൽ ആയിരുന്നു സ്റ്റാലിൻ. മാത്രമല്ല 30 നിയമസഭാ മണ്ഡലങ്ങൾ തങ്ങൾക്ക് വേണമെന്ന് കോൺഗ്രസുകാർ ആവശ്യപ്പെട്ടെങ്കിലും 27 സീറ്റിൽ ഒതുക്കിയാണ് ആ പ്രശ്നം അവസാനിപ്പിച്ചത്. എന്നാൽ കോൺഗ്രസ് തന്നെയാണ് ഡിഎംകെയുടെ പാലം വലിച്ച് പരാജയത്തിൽ എത്തിച്ചതെന്ന് രഹസ്യസംസാരമുണ്ട്. തങ്ങളുടെ ശക്തികൊണ്ടാണ് ഡിഎംകെ സഖ്യം വിജയിക്കുന്നതെന്നും ഹൈക്കമാൻഡ് ഇടപെട്ടതിനാലാണ് ഭരണപങ്കാളിത്തം എന്ന ആവശ്യത്തിൽനിന്ന് പിന്മാറിയതെന്നും കോൺഗ്രസ് നേതാക്കൾ പിന്നീട് പറഞ്ഞിരുന്നു.  ഡിഎംകെയുടെ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ രാഹുൽ ഗാന്ധി പങ്കെടുക്കാതിരുന്നത്. സംശയങ്ങൾക്ക് കാരണമായി. എന്തായാലും വർഷങ്ങളായി അടിമകളെപ്പോലെ ഒപ്പം നടന്നിരുന്ന തങ്ങൾക്ക് അധികാരത്തിൻെറ സുഖശീതളച്ഛായയിലേക്ക് സഞ്ചരിക്കാൻ വിജയ് സഹായിക്കുമെന്നാണ് കോൺഗ്രസ് കരുതുന്നത്. ഡിഎംകെയുടെ വമ്പൻ പരാജയത്തോടെ തമിഴകത്ത് രാഷ്ട്രീയ ധ്രൂവീകരണം നടക്കുമെന്ന് ഉറപ്പായിരിക്കുന്നു.

ചെറുകിട നടനും പ്രൊഡ്യൂസറും ആയിരുന്ന മകൻ ഉദയനിധിയെ ഉപ മുഖ്യമന്ത്രിയായി സ്റ്റാലിന്‍  അവരോധിച്ച നടപടി പാർട്ടിയിലും അണികൾക്കിടയിലും അസംതൃപ്തിയാണ് സൃഷ്ടിച്ചത്. പാർട്ടിയിലെ മുതിർന്ന പല നേതാക്കളെയും വെട്ടി നിരത്തിയാണ് മകനെ മുൻപന്തിയിൽ എത്തിച്ചത്. ഇതും പാർട്ടിയിലെ സാധാരണക്കാരായ അംഗങ്ങളെ ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട്. അഴിമതിക്കാരായ മന്ത്രിമാരെയും പാർട്ടി നേതാക്കളെയും സംരക്ഷിക്കുന്നതിൽ മുൻപിൽ ആയിരുന്നു സ്റ്റാലിൻ. അഴിമതി കേസിൽ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട സെന്തിൽ ബാലാജിയെ ജാമ്യം കിട്ടിയപ്പോൾ വീണ്ടും മന്ത്രിയാക്കുകയും കോടതി ഇടപെട്ടതിൻെറ പേരിൽ ഒഴിവാക്കുകയും ചെയ്ത സംഭവം ജനങ്ങൾക്കിടയിൽ മോശം പ്രതികരണമാണ് സൃഷ്ടിച്ചത്.

എന്തായാലും വിജയ്ൻെറ രംഗപ്രവേശം തമിഴകത്ത് പുതിയൊരു സമവാക്യം സൃഷ്ടിക്കുമെന്നുറപ്പാണ്. അധികാരത്തിൻെറ ശീതളച്ഛായകളിൽവിഹരിച്ച  ദ്രാവിഡകക്ഷികളും തമിഴകം  ഏതുവിധേനെയും പിടിച്ചെടുക്കാമെന്ന് വ്യാമോഹിക്കുന്ന ബിജെപിയും വിജയിന്‍റെ സ്വപ്നങ്ങള്‍ അട്ടിമറിക്കാന്‍ പുതിയ തന്ത്രങ്ങള്‍   മെനയുമെന്നതിൽ സംശയമില്ല.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക