
രാജ്യത്തെ മെഡിക്കൽ പ്രവേശന രംഗത്തിന്റെ പ്രധാന കവാടമായി കണക്കാക്കപ്പെടുന്ന നീറ്റ് (NEET-UG) പരീക്ഷ വീണ്ടും വിവാദങ്ങളുടെയും ആശങ്കകളുടെയും കേന്ദ്രമായി മാറിയിരിക്കുകയാണ്. ചോദ്യപേപ്പർ ചോർച്ചയെ തുടർന്നുണ്ടായ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ പരീക്ഷ റദ്ദാക്കേണ്ടിവന്ന സംഭവം രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും വലിയ മാനസിക സമ്മർദ്ദത്തിലാഴ്ത്തിയിരിക്കുകയാണ്. ഏകദേശം 22 ലക്ഷം വിദ്യാർത്ഥികളാണ് ഈ പരീക്ഷയെ ആശ്രയിച്ച് വർഷങ്ങളായുള്ള സ്വപ്നങ്ങളും പ്രതീക്ഷകളും മനസിലേറ്റി പഠിച്ചിരുന്നത്. എന്നാൽ അധികൃതരുടെ അനാസ്ഥയും പരീക്ഷാ സംവിധാനത്തിലെ ഗുരുതര വീഴ്ചകളും കാരണം ഇന്ന് അവർ അനിശ്ചിതത്വത്തിന്റെയും ഭയത്തിന്റെയും നടുവിലാണ്.
ഒരു സാധാരണ വിദ്യാർത്ഥിക്കായി മെഡിക്കൽ പ്രവേശനം വെറും കോഴ്സ് തിരഞ്ഞെടുപ്പല്ല അത് ജീവിതലക്ഷ്യമാണ്. നിരവധി വിദ്യാർത്ഥികൾ ബാല്യകാലം മുതൽ ഡോക്ടർ ആവണമെന്ന സ്വപ്നം മനസിലേറ്റിയാണ് പഠനം മുന്നോട്ടുകൊണ്ടുപോകുന്നത്. പ്ലസ് ടു പഠനത്തിനൊപ്പം ദിവസവും മണിക്കൂറുകളോളം കോച്ചിംഗ് ക്ലാസുകൾ, മോഡൽ പരീക്ഷകൾ, ഉറക്കമില്ലാത്ത രാത്രികൾ, മാനസിക സമ്മർദ്ദം ഇതെല്ലാം സഹിച്ചാണ് അവർ നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നത്. ചിലർ ഒരു വർഷം ഡ്രോപ്പ് എടുത്ത് മുഴുവൻ സമയവും പഠനത്തിനായി മാറ്റിവെക്കുന്നു. പല രക്ഷിതാക്കളും സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടന്ന് മക്കളുടെ ഭാവിക്കായി ലക്ഷങ്ങൾ ചെലവഴിക്കുന്നു. അത്തരമൊരു പരീക്ഷയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുമ്പോൾ അത് വിദ്യാർത്ഥികളുടെ മനസ്സിൽ ഉണ്ടാക്കുന്ന മുറിവ് വളരെ വലുതാണ്.
ചോദ്യപേപ്പർ ചോർച്ച പോലുള്ള സംഭവങ്ങൾ പരീക്ഷാ സംവിധാനത്തിന്റെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്.
രാജ്യത്തെ ഏറ്റവും കർശനമായ പരീക്ഷകളിൽ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന നീറ്റിൽ പോലും ഇത്തരം ഗുരുതര ക്രമക്കേടുകൾ ഉണ്ടാകുന്നത് അധികൃതരുടെ ഉത്തരവാദിത്തക്കുറവിനെയും അശ്രദ്ധയെയും വ്യക്തമാക്കുന്നു. ഡിജിറ്റൽ കാലഘട്ടത്തിൽ അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന രാജ്യത്ത്, കോടിക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി നിർണ്ണയിക്കുന്ന പരീക്ഷയുടെ ചോദ്യപേപ്പർ പോലും സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയാത്തത് ഗുരുതരമായ പരാജയമാണ്.ഇത്തരത്തിലുള്ള സംഭവങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് സാധാരണ കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെയാണ്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നിരവധി വിദ്യാർത്ഥികൾ വളരെ പരിമിതമായ സാഹചര്യങ്ങളിൽ നിന്നാണ് പഠനം നടത്തുന്നത്. ഗ്രാമപ്രദേശങ്ങളിൽ വൈദ്യുതി മുടക്കങ്ങൾക്കിടയിലും, ചെറിയ വീടുകളിലും, കുറഞ്ഞ സൗകര്യങ്ങളിലുമാണ് പലരും പഠിച്ച് മുന്നേറുന്നത്. അവർക്ക് ഒരു വർഷം നഷ്ടപ്പെടുന്നത് ജീവിതത്തിന്റെ ദിശ തന്നെ മാറാൻ കാരണമാകാം. വീണ്ടും പരീക്ഷ എഴുതേണ്ടിവരുമ്പോൾ അതിന് ആവശ്യമായ മാനസിക ശക്തിയും സാമ്പത്തിക ശേഷിയും എല്ലാവർക്കും ഒരുപോലെ ഉണ്ടാകണമെന്നില്ല.
പരീക്ഷ റദ്ദാക്കപ്പെടുന്ന നിമിഷം മുതൽ വിദ്യാർത്ഥികളുടെ മനസ്സിൽ ഒരുപാട് ചോദ്യങ്ങളാണ് ഉയരുന്നത്. വീണ്ടും പരീക്ഷ എപ്പോൾ നടക്കും? വീണ്ടും മുഴുവൻ തയ്യാറെടുപ്പും ആവശ്യമാവുമോ? നേരത്തെ എഴുതിയ പരിശ്രമത്തിന് എന്ത് വില? ഇത്രയും മാസങ്ങളായി അനുഭവിച്ച മാനസിക സമ്മർദ്ദം വീണ്ടും നേരിടേണ്ടിവരുമോ? ഇത്തരത്തിലുള്ള ആശങ്കകൾ പലരെയും വിഷാദത്തിലേക്കും നിരാശയിലേക്കും തള്ളിവിടുന്നുണ്ട്. ചില വിദ്യാർത്ഥികൾ ആത്മവിശ്വാസം പോലും നഷ്ടപ്പെടുത്തുന്ന സാഹചര്യമാണുണ്ടാകുന്നത്.
ഇതിന്റെ മറ്റൊരു വശം വിദ്യാഭ്യാസരംഗത്തെ അസമത്വമാണ്. സത്യസന്ധമായി പഠിച്ച് പരീക്ഷയെ നേരിടുന്ന വിദ്യാർത്ഥികളുടെ ഇടയിൽ അനധികൃത മാർഗങ്ങളിലൂടെ നേട്ടം കൈവരിക്കുന്നവർ കടന്നുവരുമ്പോൾ അധ്വാനത്തിന്റെയും കഴിവിന്റെയും മൂല്യം നഷ്ടപ്പെടുന്നു. “കഷ്ടപ്പെട്ടാൽ വിജയിക്കാം” എന്ന വിശ്വാസം തകരുന്നു. ഇത് വെറും പരീക്ഷാ ക്രമക്കേടല്ല; യുവതലമുറയുടെ ആത്മവിശ്വാസത്തെ തകർക്കുന്ന സാമൂഹിക പ്രശ്നമാണ്.
രക്ഷിതാക്കളും ഈ സാഹചര്യത്തിൽ വലിയ മാനസിക സമ്മർദ്ദമാണ് അനുഭവിക്കുന്നത്. മക്കളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വീണ്ടും കോച്ചിംഗ് ഫീസുകൾ കണ്ടെത്തേണ്ട സാഹചര്യം, പഠനച്ചെലവുകൾ, താമസസൗകര്യങ്ങൾ ഇവയൊക്കെ പല കുടുംബങ്ങളെയും സാമ്പത്തിക പ്രതിസന്ധിയിലാഴ്ത്തുന്നു. ദിവസവേതന ജോലികൾ ചെയ്ത് മക്കളെ പഠിപ്പിക്കുന്ന നിരവധി മാതാപിതാക്കൾക്ക് ഇത്തരം സംഭവങ്ങൾ വലിയ തിരിച്ചടിയാണ്. അവരുടെ വർഷങ്ങളായുള്ള അധ്വാനം ഒരു ഭരണപരമായ വീഴ്ചയുടെ പേരിൽ അനിശ്ചിതത്വത്തിലാകുന്നത് ഏറെ വേദനാജനകമാണ്.
രാജ്യത്ത് ഇതാദ്യമായല്ല പരീക്ഷാ ക്രമക്കേടുകൾ ഉണ്ടാകുന്നത്. വിവിധ സംസ്ഥാനങ്ങളിലെ പൊതുപരീക്ഷകളിലും റിക്രൂട്ട്മെന്റ് പരീക്ഷകളിലും മത്സരപരീക്ഷകളിലും മുൻപും ചോദ്യപേപ്പർ ചോർച്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നിട്ടും അതിൽ നിന്ന് പാഠം പഠിച്ച് ശക്തമായ സുരക്ഷാ സംവിധാനം ഒരുക്കാൻ കഴിയാത്തത് അധികാരികളുടെ പരാജയമാണ്. പരീക്ഷാ നടത്തിപ്പിൽ സാങ്കേതിക വിദ്യകൾ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കേണ്ട സമയമാണിത്. ചോദ്യപേപ്പർ തയ്യാറാക്കൽ മുതൽ പരീക്ഷാകേന്ദ്രങ്ങളിൽ എത്തിക്കൽ വരെയുള്ള എല്ലാ ഘട്ടങ്ങളിലും കർശനമായ നിരീക്ഷണ സംവിധാനം വേണം.അതേസമയം, പരീക്ഷ റദ്ദാക്കൽ മാത്രം പരിഹാരമല്ല. ക്രമക്കേടിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ നൽകണം. വിദ്യാഭ്യാസ മേഖലയെ പണത്തിന്റെ വ്യാപാരമാക്കുന്ന പരീക്ഷാ മാഫിയകളെ ഇല്ലാതാക്കാതെ ഇത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിക്കപ്പെടും.
ചോദ്യപേപ്പർ ചോർച്ചയിൽ പങ്കുള്ള ഉദ്യോഗസ്ഥരെയും സംഘങ്ങളെയും നിയമത്തിന് മുന്നിലെത്തിക്കാൻ സർക്കാർ തയ്യാറാകണം. കുറ്റക്കാർക്ക് ശക്തമായ ശിക്ഷ ലഭിക്കുമ്പോഴേ ഭാവിയിൽ ഇത്തരം കുറ്റങ്ങൾ കുറയൂ.
പരീക്ഷാ സംവിധാനത്തിൽ കൂടുതൽ സുതാര്യതയും വിദ്യാർത്ഥികൾക്ക് വിശ്വാസവും ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. ദേശീയ തലത്തിലുള്ള പരീക്ഷകൾ കൈകാര്യം ചെയ്യുന്ന ഏജൻസികൾ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കതീതമായി സ്വതന്ത്രവും ഉത്തരവാദിത്തപരവുമായ രീതിയിൽ പ്രവർത്തിക്കണം. വിദ്യാർത്ഥികളുടെ ഭാവി പരീക്ഷണവസ്തുവാക്കുന്ന സമീപനം അവസാനിക്കണം. ഓരോ വിദ്യാർത്ഥിയുടെയും സമയത്തിനും അധ്വാനത്തിനും വിലയുണ്ടെന്ന് ഭരണകൂടം മനസിലാക്കണം.
ഈ സംഭവത്തിന്റെ മറ്റൊരു പ്രധാന വശം വിദ്യാർത്ഥികളുടെ മാനസികാരോഗ്യമാണ്. ഇന്ന് മത്സരങ്ങളുടെ ലോകത്താണ് യുവതലമുറ ജീവിക്കുന്നത്. ഉയർന്ന മാർക്കുകൾ, പ്രവേശനപരീക്ഷകൾ, റാങ്കുകൾ ഇവയെല്ലാം ചേർന്ന് വിദ്യാർത്ഥികളിൽ വലിയ മാനസിക സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്. അതിനിടയിൽ പരീക്ഷ റദ്ദാകുന്നത് പലർക്കും വലിയ മാനസിക ആഘാതമാകും. അതിനാൽ സർക്കാർ വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് സംവിധാനങ്ങളും മാനസിക പിന്തുണയും ഉറപ്പാക്കണം. പരീക്ഷയുടെ ഭാവിയെക്കുറിച്ചുള്ള വ്യക്തമായ അറിയിപ്പുകൾ സമയബന്ധിതമായി നൽകുകയും അഭ്യൂഹങ്ങൾ തടയുകയും വേണം.
സമൂഹവും ഈ വിഷയത്തെ ഗൗരവത്തോടെ കാണണം. പരീക്ഷകളിൽ വിജയിക്കുന്ന വിദ്യാർത്ഥികളുടെ പിന്നിൽ വർഷങ്ങളായുള്ള ത്യാഗങ്ങളുണ്ട്. അവരെ വെറും കണക്കുകളായി കാണാൻ പാടില്ല. ഒരു പരീക്ഷ റദ്ദാകുമ്പോൾ നഷ്ടമാകുന്നത് ഒരു ദിവസം മാത്രമല്ല; ലക്ഷക്കണക്കിന് സ്വപ്നങ്ങളും ആത്മവിശ്വാസവുമാണ്. അതിനാൽ വിദ്യാർത്ഥികളുടെ അധ്വാനത്തെ മാനിക്കുന്ന വിദ്യാഭ്യാസ സംസ്കാരം രാജ്യത്ത് വളരേണ്ടതുണ്ട്.
വിദ്യാഭ്യാസം ഒരു രാജ്യത്തിന്റെ ഭാവിയെ നിർണ്ണയിക്കുന്ന ശക്തിയാണ്. ആ മേഖലയിലെ വിശ്വാസ്യത നഷ്ടപ്പെടുമ്പോൾ യുവതലമുറയുടെ പ്രതീക്ഷകളും തകരും. നീറ്റ് പോലുള്ള ദേശീയ പരീക്ഷകളിൽ സുതാര്യതയും സുരക്ഷയും ഉറപ്പാക്കുക എന്നത് സർക്കാർ സംവിധാനങ്ങളുടെ അടിസ്ഥാന ഉത്തരവാദിത്തമാണ്. പരീക്ഷാ ക്രമക്കേടുകൾ ആവർത്തിക്കപ്പെടുമ്പോൾ നഷ്ടമാകുന്നത് വിദ്യാർത്ഥികളുടെ വിശ്വാസം മാത്രമല്ല, രാജ്യത്തിന്റെ വിദ്യാഭ്യാസ വ്യവസ്ഥയുടെ വിശ്വാസ്യത കൂടിയാണ്.
ഇന്ന് ആശങ്കയിൽ കഴിയുന്ന 22 ലക്ഷം വിദ്യാർത്ഥികളുടെ കണ്ണീരിന് മറുപടി നൽകേണ്ടത് അധികാരികളാണ്. അവരുടെ നഷ്ടപ്പെട്ട സമയം തിരികെ നൽകാൻ കഴിയില്ലെങ്കിലും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടികൾ കൈക്കൊള്ളണം.
പരീക്ഷാ സംവിധാനങ്ങളെ കൂടുതൽ സുരക്ഷിതവും സുതാര്യവുമാക്കുകയും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്താൽ മാത്രമേ വിദ്യാർത്ഥികളുടെ വിശ്വാസം വീണ്ടെടുക്കാൻ കഴിയൂ.
വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണ്; തകർന്നുപോകേണ്ടതല്ല. രാജ്യത്തിന്റെ ഭാവിയെ നിർമിക്കുന്ന യുവതലമുറയെ അനാസ്ഥയുടെ ഇരകളാക്കാതെ അവരുടെ അധ്വാനത്തിനും പ്രതീക്ഷകൾക്കും വില നൽകുന്ന വിദ്യാഭ്യാസ സംവിധാനമാണ് നമുക്ക് ആവശ്യം.