Image

അച്ഛൻ, അമ്മ; പുത്ത കണിക്കൊന്ന (പി.സീമ)

Published on 12 May, 2026
അച്ഛൻ, അമ്മ; പുത്ത കണിക്കൊന്ന (പി.സീമ)

ചില ഓർമ്മക്കാലങ്ങൾ എത്രയോ മനോഹരമാണ്. ഒന്ന് പിന്നോട്ട് തിരിഞ്ഞു നോക്കിയാൽ അവ കൂട്ടായുണ്ടാകും...ചിലപ്പോൾ പൊട്ടിച്ചിരിപ്പിക്കും. മറ്റു ചിലപ്പോൾ കണ്ണ് നനയിക്കും. അങ്ങനെയുള്ള ഒരു ഓർമ്മയാണിത്. (അമ്മ സദാ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത് കൊണ്ട് ഇന്നലെ ഒന്നും എഴുതിയില്ല. അമ്മയ്ക്കായി ഒരു ദിനം എന്തിന് , എപ്പോഴും ഓർമ്മകൾ കൂടെ ഉള്ളപ്പോൾ.)

വിഷുവിനു ആ വർഷം എന്ത് കൊണ്ടോ  ഞാൻ അമ്മവീട്ടിൽ പോയിരുന്നില്ല.എങ്കിലും അച്ഛൻ പടക്കം വാങ്ങി വരുമൊ എന്ന് ഭയമുണ്ടായിരുന്നു.  

നന്നായി പഠിക്കുന്ന കുട്ടി ആയതിനാൽ അച്ഛൻ എന്റെ ഇഷ്ടങ്ങൾക്ക് കൂടുതൽ പരിഗണന നൽകിയിരുന്നു.  അത് കൊണ്ട് തന്നെ അച്ഛൻ ചക്രം  മത്താപ്പൂ  കമ്പിത്തിരി,  പാമ്പ് ഗുളിക ഇവയൊക്കെയാണ്   ആ വർഷം വാങ്ങിയത്.  ഏതായാലും ഒരു നീളൻ കമ്പിന്റെ അറ്റത്തു കുത്തി നിർത്തി വളരെ  സൂക്ഷിച്ച്  ഞാൻ കമ്പിത്തിരികൾ കത്തിച്ചു.  അവ പൊട്ടില്ല എങ്കിലും തീപ്പൊരി വീണാലോ എന്ന്  പേടി .. ചക്രവും കുരവപ്പൂവും ഒരിക്കൽ പൊട്ടിത്തെറിച്ചതോടെ അതിലുള്ള ആത്മ വിശ്വാസം പാതി യും നഷ്ടമായിരുന്നു. ആകെ പ്രിയം തോന്നിയത് പാമ്പ് ഗുളിക കത്തിക്കാൻ മാത്രം. അത് നിലത്തിരുന്നു കത്തി പൊങ്ങി വന്നു ചുരുണ്ടു ചുരുണ്ടു തീർന്നോളും. പുക വരും എന്നേ ഉള്ളു.വേറെ പ്രശ്നങ്ങൾ  ഒന്നും ഇല്ല.

അപ്പോഴാണ്   ശങ്കരമ്മാമൻ ഇടത്തൊണ്ടിൽ നിന്നു കയറി വന്നത്.

"ഒരു ഗുണ്ട് ഉണ്ടേൽ പൊട്ടിച്ചോളൂ കുട്ട്യേ... നാല് പേര് കേൾക്കട്ടെ.."  

"എന്നിട്ട് വേണം എന്റെ ചെവി പൊട്ടിപ്പോകാൻ.." ഞാൻ പിറു പിറുത്തു.  ശങ്കരമ്മാൻ ഇത്തിരി കള്ള് കുടിച്ചിട്ടുണ്ട് എന്ന് നടത്തവും തൂണിൽ ചാരിയുള്ള നിൽപ്പും കണ്ടപ്പോൾ എനിക്ക് മനസ്സിലായി. നിൽപ് ഉറയ്ക്കുന്നില്ല എന്ന് കണ്ട് ആൾ പൂമുഖത്തെ ഭിത്തിയിലേക്കു ചാരി കൈകൾ ഇരു പുറത്തേക്കും നീട്ടി   നിന്നു.

"ശങ്കരമ്മാൻ ഇപ്പൊ  കുരിശിൽ തറച്ച പോലെയാ നിൽക്കുന്നത് ."  ഞാൻ കൈകൊട്ടിച്ചി രിച്ചു.

" യേശു ദേവനോട് ചെയ്ത പോലെ ആണി അടിച്ചേക്കല്ലേ,  അല്ലേലും ഈ ജീവിതം ന്നു പറയണത് തന്നെ ഒരു കുരിശല്ലെ.. അതും ചുമന്നോണ്ട് ഇങ്ങനെ പോകുവല്ലേ..ഓണത്തിനും വിഷുവിനും ഒക്കെ ഇത്തിരി കള്ള് കുടിക്കുമ്പോ എന്നാലും ഒരു സുഗമാ..എല്ലാം മറക്കാം...കാല് നിലത്തുറയ്ക്കൂല്ല എന്നേ ഉള്ളു.. അപ്പോ ഇങ്ങനെ  ചാരി നിൽക്കും."  

ശങ്കരമ്മാന്റെ നാവ് കുഴഞ്ഞു. അപ്പോഴാണ് അനുജൻ ഒരു പാമ്പിന്റെ വളഞ്ഞ രൂപമുള്ള സാധനം കത്തിച്ചത്. ഒറ്റക്കുതിപ്പിന്  അത്  പിന്നോട്ടു തീ തുപ്പി പൂമുഖത്തെ തറയിലൂടെ കിഴക്കോട്ടു പാഞ്ഞു. ശങ്കരമ്മാന്റെ കാലിൽ ചെന്നു കയറി. ഒറ്റക്കുതിപ്പിന് ശങ്കരമ്മാൻ മുറ്റത്തേക്ക് ചാടി

"എന്നാലും അതെന്നാ സാധനമാ കുട്ടപ്പാ.. ആ ടിപ്പു ചെക്കൻ കത്തിച്ചു വിട്ടത്..ഇപ്പോ പാമ്പ് വന്നു %₹#&%%₹# ൽ കേറിയേനെ. പാമ്പിനെ പിടിക്കാൻ വേറൊരു പാമ്പോ."

"ടിപ്പു ന്നു പട്ടീടെ പേരാ.. എന്റെ പേര് ടിങ്കു ന്നാ.." അനിയൻ മുഖം വീർപ്പിച്ചു പറഞ്ഞു.

"പോട്ടെടാ കൊച്ചേ.. പ്പു ന്നു  ഞാൻ പറഞ്ഞത് മാറ്റി ങ്കു എന്ന് നീ ചേർത്തോ. കള്ള് കുടിച്ചപ്പോ മുപ്പത്തി രണ്ട് നാക്കിന്റെ ഇടയ്ക്ക് ഒരു പല്ല് തെറ്റിയതാ.  ഇപ്പൊ പറഞ്ഞതും തെറ്റി എന്നാ തോന്നുന്നേ. തിരുത്തിക്കോ..."  ശങ്കരമ്മാൻ വഴിയളന്നു  കൊന്ന മരച്ചുവട്ടിലെ ഇരുട്ടിലേക്ക് ഇറങ്ങിപ്പോയി.

എന്നോ  അച്ഛൻ നട്ട  ആ കണിക്കൊന്ന അച്ഛൻ മരിച്ച വർഷമാണ് ആദ്യമായി പൂത്തത്.  ഇപ്പോൾ അതവിടെ ഉണ്ടോ എന്നറിയില്ല.. എങ്കിലും  അച്ഛൻ എന്ന ഓർമ്മയിൽ നിന്നു ഒരു കുടന്ന കണിക്കൊന്നപ്പൂക്കൾ  ഈ വർഷവും ഇറുത്തെടുത്തു..എന്തേ  നീ പൂക്കാൻ വൈകിയതെന്ന് അകലെയിരുന്ന് അവളോട് ചോദിച്ചു. പാടാൻ മറന്നോ വഴിയറിയാഞ്ഞോ എങ്ങോട്ടോ പറന്നു പോയ ഒരു വിഷുപ്പക്ഷിയെ  ഇനിയും വരുമെന്നോർത്തു പിന്നെയും കാത്തിരിക്കുന്നു ..

ഇത്തവണയും വീട് എന്നെയോ അതോ ഞാൻ വീടിനെയോ  വിളിച്ചുണർത്തി ഒരു വിഷുക്കണി കൂടി കാണിച്ചു .  ഇനിയെത്ര നാൾ പരസ്പരം തണലും തുണയു മാകുമെന്ന്  തമ്മിൽ തമ്മിൽ ചോദിച്ചു . എന്നോ കാലം വരഞ്ഞിട്ട  നിറമാർന്ന ചിത്രങ്ങൾ ജലരേഖകൾ മാത്രമാകുന്നു.  എന്നാലും ഉയർത്തെണീൽക്കണം. ആകാശങ്ങൾ അന്യമെങ്കിലും മായുന്ന മേഘങ്ങളെ തൊട്ട് ചിറകു വിടർത്തി പറക്കണം.  
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക