
ടെക്സസ്: ടെക്സസിലെ സതേൺ മെത്തഡിസ്റ്റ് യൂണിവേഴ്‌സിറ്റിയിലെ അക്കൗണ്ടിംഗ് വിഭാഗത്തിൽ ഇന്ത്യൻ വംശജരായ അധ്യാപകർക്ക് പ്രത്യേക പരിഗണന നൽകുന്നുവെന്ന് ആരോപിച്ച് ചൈനീസ്-അമേരിക്കൻ പ്രൊഫസർ കോടതിയെ സമീപിച്ചു.
യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. സീൻ വാംഗ് ആണ് അക്കൗണ്ടിംഗ് ഡിപ്പാർട്ട്‌മെന്റ് ചെയർമാൻ ഡോ. ഹേമന്ത് ദേശായിക്കെതിരെ വിവേചനപരമായ പെരുമാറ്റം ആരോപിച്ച് കേസ് നൽകിയത്. സമാനമായ യോഗ്യതകളും പ്രസിദ്ധീകരണങ്ങളുമുണ്ടായിട്ടും തന്നെ തഴഞ്ഞ് മൂന്ന് ഇന്ത്യൻ വംശജരായ പ്രൊഫസർമാർക്ക് സ്ഥിരനിയമനം നൽകിയെന്നും തനിക്ക് ഇന്ത്യൻ വംശജരായ സഹപ്രവർത്തകരേക്കാൾ ഉയർന്ന ജോലിഭാരവും കടുത്ത മാനദണ്ഡങ്ങളും ഏർപ്പെടുത്തിയെന്നുമാണ് വാംഗിന്റെ പ്രധാന ആരോപണം.
പുതിയ കെട്ടിടത്തിൽ ഓഫീസുകൾ അനുവദിച്ചപ്പോൾ ഇന്ത്യൻ വംശജരായ അധ്യാപകർക്ക് മികച്ച സൗകര്യങ്ങളുള്ള മുറികൾ നൽകിയെന്നും താനുൾപ്പെടെയുള്ള കിഴക്കൻ ഏഷ്യൻ അധ്യാപകരെ സൗകര്യങ്ങൾ കുറഞ്ഞ ഭാഗത്തേക്ക് മാറ്റിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഡോ. വാംഗിന്റെ ആരോപണങ്ങൾ യൂണിവേഴ്‌സിറ്റി അധികൃതർ തള്ളി. അദ്ദേഹത്തിന്റെ പ്രകടനം പ്രതീക്ഷിച്ച നിലവാരത്തിൽ അല്ലായിരുന്നുവെന്നും അതുകൊണ്ടാണ് സ്ഥിരനിയമനം നൽകാതിരുന്നതെന്നുമാണ് സർവ്വകലാശാലയുടെ വിശദീകരണം. വംശീയമായ മുൻഗണന നൽകുന്നതിലൂടെ സർവ്വകലാശാലയിലെ തുല്യനീതി ഇല്ലാതാകുന്നു എന്ന് ചൂണ്ടിക്കാട്ടിയുള്ള ഈ കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്.