
ലിവർമോർ, കാലിഫോർണിയ: കാലിഫോർണിയയിലെ ലിവർമോറിലെ റോബർട്സൺ പാർക്കിൽ എം.എഫ്.സി കാലിഫോർണിയ സംഘടിപ്പിച്ച പ്രഥമ MFC California 7v7 സോക്കർ ടൂർണമെന്റ് 2026 വലിയ വിജയമായി മാറി
അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി-ഇന്ത്യൻ സമൂഹാംഗങ്ങളും കുടുംബങ്ങളും കായികപ്രേമികളും ഒന്നിച്ചുകൂടിയ ഈ ടൂർണമെന്റ് ആവേശവും സൗഹൃദവും ഐക്യവും നിറഞ്ഞ ഒരു ആഘോഷമായി.
സിനിമ താരങ്ങളായ ശ്രീ തമ്പി ആന്റണി ,ശ്രീ പ്രകാശ് ബാരെ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തത് ചടങ്ങിന് കൂടുതൽ നിറം പകർന്നു
കായികമേഖലയിലൂടെ ആരോഗ്യകരമായ ജീവിതശൈലി, സൗഹൃദം, ഐക്യം, സംസ്കാരപരമായ ബന്ധം എന്നിവ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന എം.എഫ്.സി കാലിഫോർണിയയുടെ വളർച്ചയിൽ ഈ ടൂർണമെന്റ് ഒരു വലിയ നാഴികക്കല്ലായി

ടൂർണമെന്റിൽ കാലിഫോർണിയ ലെജന്ഡ്സ് , സാക്രമെന്റോ സർഗം ടൈഗേഴ്‌സ്, , ബേ മലയാളി FC ,കിങ്‌സ് ബേ FC, സുലൈമാനി FC, MFC മാസ്റ്റേഴ്സ് എന്നീ ടീമുകൾ പങ്കെടുത്തു
സെമിഫൈനൽ മത്സരങ്ങൾ ആവേശകരമായ മുഹൂർത്തങ്ങളിലൂടെ പ്രേക്ഷകരെ ആവേശഭരിതരാക്കി. തുടർന്ന് നടന്ന ഫൈനലിൽ മികച്ച ടീം പ്രകടനവുമായി കാലിഫോർണിയ ലെജൻഡ്സ് ടൂർണമെന്റിന്റെ ചാമ്പ്യന്മാരായി കിരീടം ചൂടി. MFC മാസ്റ്റേഴ്സ് റണ്ണറപ്പ് സ്ഥാനവും സ്വന്തമാക്കി.
ടൂർണമെന്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച കുട്ടികളുടെ സോക്കർ മത്സരങ്ങൾ പുതിയ തലമുറയിൽ വലിയ ആവേശം സൃഷ്ടിച്ചു. അഞ്ച് വയസ്സ് മുതൽ അറുപത്തിനാല് വയസ്സ് വരെ പ്രായമുള്ള കളിക്കാരെ ഒരേ വേദിയിൽ ഉൾക്കൊള്ളാൻ കഴിഞ്ഞത് എം.എഫ്.സി കാലിഫോർണിയയ്ക്ക് ഏറെ അഭിമാനകരമായ നിമിഷമായിരുന്നുവെന്ന് സംഘടനാ പ്രതിനിധി സുനിൽ മോഹൻ പറഞ്ഞു
വൈകുന്നേരം 4:30 ന് നടന്ന സമാപനച്ചടങ്ങ് ടൂർണമെന്റിന്റെ ഏറ്റവും അഭിമാനകരമായ നിമിഷമായി മാറി. ചടങ്ങിൽ എം.എഫ്.സി കാലിഫോർണിയയുടെ ദൗത്യവും ലക്ഷ്യവും സംഘാടകർ വിശദീകരിച്ചു. സോക്കറിലൂടെ സമൂഹ ഐക്യം വളർത്തുക, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, യുവാക്കളിൽ നേതൃത്വഗുണങ്ങളും കൂട്ടായ്മയും വളർത്തുക എന്നിവയാണ് സംഘടനയുടെ പ്രധാന ലക്ഷ്യങ്ങളെന്ന് പ്രസിഡന്റ് : ബേസിൽ റോയ് , സെക്രട്ടറി : ജംഷീദ് കെ വി ,ട്രഷറർ : ഷിബിൻ രമേശൻ എന്നിവർ പറഞ്ഞു.

പ്രധാന അതിഥികളായി ഹാരി ധില്ലൻ, തമ്പി ആന്റണി ,മാഹി മാധവൻ, പ്രകാശ് ബാരെ ,നൗഫൽ,പദ്മപ്രിയ, ജി . ഗോപകുമാർ ,പ്രേമ തെക്കേക്ക് , രാകേഷ് എന്നിവർ പങ്കെടുത്തു. കൂടാതെ മങ്ക, മോഹം,, ഫോമാ, , ബേമലയാളി ,ലയൺസ് ക്ലബ് , ആര്ട്ട് ലവേഴ്സ് ഓഫ് അമേരിക്ക,കേരള മുസ്ലിം അസോസിയേഷൻ എന്നീ പ്രമുഖ സംഘടനകളുടെ പ്രതിനിധികളും സമാപനച്ചടങ്ങിലും അവാർഡ് വിതരണത്തിലും സാന്നിധ്യം അറിയിച്ചു.അവരുടെ സാന്നിധ്യം കമ്മ്യൂണിറ്റി ഐക്യത്തിന്റെയും കായിക പ്രവർത്തനങ്ങളോടുള്ള ശക്തമായ പിന്തുണയുടെയും പ്രതീകമായി മാറി.
എം എഫ് സി കാലിഫോര്ണിയയ്ക്കകത്തും പുറത്തുമുള്ള ഇൻഡോ-യു എസ് സോക്കർ കമ്മ്യുണിട്ടിയുടെ ഭാഗമായി വിവിധ സോക്കർ ടൂർണമെന്റുകളിൽ ശക്തമായ സാന്നിധ്യമാണ്. മലയാളി കുട്ടികളുടെ ഇടയിലും ചെറുപ്പക്കാർക്കിടയിലും പ്രായ-ലിംഗ ഭേദമന്യേ സോക്കറിനോടുള്ള താല്പര്യം വളർത്തുക എന്നതാണ് പ്രഥമ ദൗത്യം. ഇതിന്റെ ഭാഗമായി ബാൾട്ടിമൂറിൽ നടക്കുന്ന നോർത്ത് അമേരിക്കൻ സോക്കർ ലീഗിൽ ഈ വര്ഷം പങ്കെടുക്കുന്നതിനുള്ള തയാറെടുപ്പിലാണ് എം എഫ് സി.
കൂടുതൽ വിവരങ്ങൾക്ക് https://www.mfccalifornia.com/