Image

ഭാനുമതി - ആൻസി സാജൻ ( റിവ്യൂ: നിർമ്മല )

Published on 11 May, 2026
ഭാനുമതി - ആൻസി സാജൻ ( റിവ്യൂ: നിർമ്മല )

"കവിതയെന്നത് നന്മയും സ്നേഹവുമാണ്."   ഭാനുമതി എന്ന കവിത സമാഹാരത്തിൻ്റെ തുടക്കത്തിൽ ആൻസി സാജൻ ഇങ്ങനെയാണ് തൻ്റെ  കൃതിയെ നിർവ്വചിക്കുന്നത്.   ഇതിലും മനോഹരമായി എങ്ങനെയാണ്  സാഹിത്യത്തെ കവിതയെ  വിലയിരുത്തുന്നത് ?  എന്തിനാണ് ഒരാൾ എഴുതുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരവും ഈ കൃതിയിലുണ്ട്.  

കവിത മാത്രമല്ല  ആൻസി കഥയും, ലേഖനങ്ങളും എഴുതാറുണ്ട്.ലേഖനങ്ങളിൽ ഈ എഴുത്തുകാരി പല സാമൂഹിക പ്രശ്നങ്ങളേയും വ്യവച്ഛേദിക്കുകയും, വിമർശിക്കുകയും അതിനൊപ്പം എങ്ങനെ പരിഹരിക്കണമെന്നും വിശദീകരിക്കുകയും ചെയ്യാറുണ്ട്. അത്  ആന്സിയുടെ എഴുത്തിൻറെ അടിസ്ഥാനപരമായ ഉദ്ദേശ്യം  നന്മയും സ്നേഹവുമായതുകൊണ്ടാണ് .നന്മയും സ്നേഹവും പലതായി പെരുകി വായനക്കാരുടെ ഹൃദയങ്ങളിൽ അത് നിറയുകയും, പരക്കുകയും  അവിടെ നിന്നും പുറത്തേക്ക് പറക്കുകയും ചെയ്യുന്നു.

അതാത് കാലത്തെ മനുഷ്യ ജീവിതം തന്നെയാണ് എഴുത്തിൻറെ ആധാര രൂപം എന്ന് ആൻസി ഒരിക്കൽ എഴുതിയിട്ടുണ്ട്. എഴുത്തിൽ ജീവിതത്തെ ചേർത്തു നിർത്തുമ്പോൾ അത് എത്രയും മനോഹരവും വായനക്കാർക്ക് ഹൃദ്യവും തൻറെതന്നെ ജീവിതത്തോട് കൂട്ടി വായിക്കാനാവുന്നതുമായിരിക്കും. അതുകൊണ്ടു തന്നെ അത് നിത്യ ജീവിതത്തിലെ ദുഃഖത്തെയും ക്ലേശത്തെയും ലഘൂകരിക്കാനും ആശ്വസിപ്പിക്കാനുമുള്ള ഉപകരണമായി മാറും. ആൻസി സാജൻറെ കൃതികൾ എല്ലാം  ഇത്തരം ജീവിതാർദ്രത നിറഞ്ഞവയാണ്. ഭാവനയിൽ പൊതിഞ്ഞു പിടിക്കുന്ന സത്യങ്ങൾ എന്ന് ആൻസി അതിനെ വിശേഷിപ്പിക്കുമ്പോൾ അതിൻ്റെ  അടിസ്ഥാനം സത്യത്തിൽ ഉറച്ചതാണെന്നും നീതിക്കു വേണ്ടിയുള്ളതാണെന്നും വ്യക്തമാണ്.  

നമ്മൾ സാധാരണ വായിക്കാറുള്ള കവിതകളിൽ നിന്നും വ്യത്യസ്തമായി, ഭാനുമതിയിലെ കവിതകൾ  യേശുവിനെയും ബൈബിളിലെ ബിംബങ്ങളുടെ ഒപ്പം ഊണുമേശപ്പുറത്തെ മൗനങ്ങളിലേക്കും,പുറം ലോകങ്ങളിലെക്കും വീടുകളുടെ ഹൃദയങ്ങളിലേക്കും,   സ്ത്രീക്ക് മാത്രം സാധ്യമാകുന്ന വഴികളിലൂടെ തീവണ്ടി കയറിപ്പോകുന്നു.   ഭാനുമതി എന്ന കവിത സമാഹാരത്തിൻറെ അവസാനത്തിൽ  പ്രൊഫസർ ജെന്നി സാറാ പോളിൻറെ അർത്ഥഭാവ സമ്പുഷ്ടമായ പഠനമുണ്ട്.  അതിനപ്പുറത്തേക്ക്  ഇതിലെ  28 കവിതകളിലൂടെയുള്ള യാത്രയെപ്പറ്റി എനിക്കെന്തെങ്കിലും പറയാൻ കഴിയും എന്ന് തോന്നുന്നില്ല.    

എഴുതി നിർത്തിയ ഇടങ്ങളിൽ  നിന്നും കവിത പൂത്തു തളിർക്കുന്നത് വായനക്കാരുടെ ഹൃദയങ്ങളിലാണ്,ആൻസിയുടെ ഈ വരികൾ എത്ര ശരിയാണ്.ഈ കവിതകൾ താളുകളെ മറികടന്ന് വായനക്കാരുടെ ഹൃദയങ്ങളിൽ പൂത്തുലഞ്ഞൂ, കായായ് പരിണമിച്ചു പുതു കവിതകൾ കിളിർക്കുന്നതും ഞാൻ കാണുന്നു.വായനക്കാർക്ക് ഭാനുമതിയിലേക്ക് സ്വാഗതം.

2022 -ലെ ദേവകി വാര്യർ കഥാ പുരസ്‌കാരം ,   2024 -ലെ ഇ-മലയാളിയുടെ കഥക്കുള്ള ജൂറി അവാർഡ്  എന്നിവ ലഭിച്ചിട്ടുള്ള ആൻസി സാജൻറെ ഭാനുമതിയെന്ന ആദ്യ കവിത സമാഹാരം മറ്റൊരു വിജയമാണ്.   മറ്റുള്ളവരെ  എഴുതാൻ നിരന്തരം പ്രോത്സാഹിപ്പിക്കുകയും  അവരുടെ പുസ്തകങ്ങൾക്കും  എഴുത്തിനുംവേണ്ടി സമയം നിർലോഭം ചിലവഴിക്കുകയും  ചെയ്യുന്ന ഇഷ്ടസുഹൃത്തിൻറെ  ആദ്യ കവിത സമാഹാരം പ്രകാശനം ചെയ്യാൻ അവസരം കിട്ടിയത് ഭാഗ്യമായി ഞാൻ കരുതുന്നു. ആൻസിയുടെ ഭാനുമതി എത്രയും കൂടുതൽ വായനക്കാരിലേക്ക് എത്തുകുയും ജയഭേരിയോടെ കൂടുതൽ പതിപ്പുകളിലേക്ക് പടരുകയും ചെയ്യട്ടെ.     

ഭാനുമതി - കവിതകൾ,  ആൻസി സാജൻ
മാക്ബെത് പബ്ലിക്കേഷൻസ്


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക