Image

പോര് അടങ്ങിയിട്ട് പ്രഖ്യാപനം മതിയെന്ന് ഹൈക്കമാന്‍ഡ്; എട്ടാം ദിവസവും മുഖ്യമന്ത്രി ചര്‍ച്ച വട്ടമെത്തിയില്ല

(എ.എസ് ശ്രീകുമാര്‍) Published on 11 May, 2026
പോര് അടങ്ങിയിട്ട് പ്രഖ്യാപനം മതിയെന്ന് ഹൈക്കമാന്‍ഡ്; എട്ടാം ദിവസവും മുഖ്യമന്ത്രി ചര്‍ച്ച വട്ടമെത്തിയില്ല

നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് എട്ടാം ദിവസമായ ഇന്ന് രാഷ്ട്രീയ കേരളം ഒരത്ഭുതത്തിന് സാക്ഷ്യം വഹിച്ചു. കെയര്‍ ടേക്കര്‍ മുഖ്യമന്ത്രിയായ പിണറായി വിജയന്‍ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ആദ്യമായി പരസ്യ പ്രതികരണം നടത്തി. ഡല്‍ഹിയില്‍ ചേര്‍ന്ന സി.പി.എം പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം കേരളത്തിലേയ്ക്ക് മടങ്ങുന്നതിനിടെ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ചിരിച്ചുകൊണ്ട് ''പിന്നെ കാണാം...''എന്നാണ് പിണറായി പറഞ്ഞത്. ഡല്‍ഹിയില്‍ തങ്ങിയ രണ്ട് ദിവസവും മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണത്തിനായി ശ്രമിച്ചിരുന്നെങ്കിലും പിണറായി മറുപടി നല്‍കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ കേരളത്തിലേക്ക് മടങ്ങുന്നതിന് തൊട്ടുമുന്‍പ് അദ്ദേഹം ആദ്യമായി മൗനം വെടിയുകയായിരുന്നു. കനത്ത തോല്‍വിയുടെ ഷോക്ക് കുറേശെക്കുറേശെ മാറി വരുന്നതിന്റെ ലക്ഷണമാണിത്.

അതേസമയം തൃശൂരില്‍ ഒരു രസകരമായ സംഭവവും ഉണ്ടായി. 'കെ.സി നയിക്കട്ടെ...' എന്ന ഫ്‌ളക്‌സുമായി ഇന്നലെ അര്‍ദ്ധരാത്രി സി.പി.എം നേതാവ് സി.സി.ടി.വിയില്‍ കുടുങ്ങിയതാണ് കോമഡിയായത്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ ചര്‍ച്ചകള്‍ സജീവമായിരിക്കെ, തൃശൂര്‍ വാടാനപ്പള്ളിയില്‍ കെ.സി വേണുഗോപാലിനെ അനുകൂലിച്ച് ഫ്‌ളക്‌സ് സ്ഥാപിച്ച സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം അരവശ്ശേരി മുഹമ്മദിന്റെ പദ്ധതിയാണ് പൊളിഞ്ഞത്. 'സേവ് കോണ്‍ഗ്രസ്' എന്ന പേരിലാണ് ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത്. ഫ്‌ളക്‌സ് വിലക്കിയ സാഹചര്യത്തില്‍ കോണ്‍ഗ്രസിലെ മുഖ്യമന്ത്രിപ്പോര് കടുപ്പിക്കുകയായിരുന്നു ടിയാന്റെ ഗൂഢലക്ഷ്യം. നടന്‍ പൃത്ഥ്വിരാജിന്റെ ഒരു പുതിയ പരസ്യത്തില്‍ പറയുന്നതുപോലെ ''മുകളിലിരിക്കുന്നവന്‍ എല്ലാം കണ്ടു...'' ഇത്തരം വ്യാജ പ്രചാരണങ്ങളിലൂടെ സി.പി.എം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് യു.ഡി.എഫ് നേതൃത്വം ആരോപിക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പ് വിധി വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാത്തതില്‍ മുസ്ലീം ലീഗ് കടുത്ത അതൃപ്തി അറിയിച്ചു. എവിടെ ചെന്നാലും ആളുകള്‍ അതൃപ്തി പറയുകയാണെന്നും എം.എല്‍.എമാരുടെ പരിപാടിയ്ക്കില്ലെന്ന് അണികള്‍ പറയുന്ന സാഹചര്യത്തിലേക്ക് എത്തിയെന്നും മുസ്ലീംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുള്‍ ഹമീദ് പറഞ്ഞു. ആഹ്ലാദപ്രകടനം പോലും നടത്താന്‍ കഴിയാത്ത സ്ഥിതിയിലാണ് പ്രവര്‍ത്തകരെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയില്‍ സ്ത്രീകളടക്കം നേരിട്ട് വിളിച്ച് ചോദിക്കുകയാണ്, ഇതിനാണോ വോട്ട് ചെയ്യിച്ചതെന്ന്. സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ട സന്ദര്‍ഭത്തില്‍ അത് അനിശ്ചിതമായ നീട്ടിക്കൊണ്ടുപോകുന്നത് എല്ലാതലങ്ങളിലും പ്രതിഫലിക്കുകയാണ്. ഒരുപരിധിവരെ മാത്രമേ പിടിച്ചുനില്‍ക്കാന്‍ കഴിയൂ. ജനവിധി മറന്ന് പ്രവര്‍ത്തിക്കരുത്  പി അബ്ദുള്‍ ഹമീദ് പറഞ്ഞു.

കേരളത്തോടൊപ്പം വോട്ടെണ്ണിയ തമിഴ്‌നാട്ടില്‍ തമിഴ് വെട്രി കഴകത്തിന്റെ വിജയ്‌യും ബംഗാളില്‍ ബി.ജെ.പിയുടെ സുവേന്ദു അധികാരിയും മുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തുകഴിഞ്ഞു. അസമില്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയുടെ മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശര്‍മ്മ നാളെ സത്യപ്രതിജ്ഞ ചെയ്യും. പുതുച്ചേരിയില്‍ എന്‍.ആര്‍ കോണ്‍ഗ്രസ് നേതാവ് എന്‍ രംഗസ്വാമിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍  മെയ് 13-ന്   അധികാരമേല്‍ക്കും. എന്നിട്ടും കേരളത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് ഇന്നും നേരം വെളുത്തില്ല. എന്നാല്‍ മുഖ്യനെ പ്രഖ്യാപിക്കാത്തതിന് ഒരു ഗംഭീര ന്യായമാണ് ഹൈക്കമാന്‍ഡ് പറയുന്നത്. സംസ്ഥാന കോണ്‍ഗ്രസിലെ പോര് അടങ്ങിയ ശേഷം പ്രഖ്യാപനം മതിയെന്നാണ് ഹൈക്കമാന്‍ഡിലെ ധാരണ.

''ആദ്യം നിങ്ങളൊന്ന് റിലാക്‌സ് ചെയ്യൂ. വലിയ യുദ്ധം കഴിഞ്ഞ് വന്നതല്ലേ...'' എന്നാണ് കേരളത്തിലെ നേതാക്കളോട് രാഹുല്‍ ഗാന്ധി തമാശിച്ചത്. മുഖ്യമന്ത്രിക്കസേരയില്‍ ഉന്നംവച്ച് നില്‍ക്കുന്ന മൂവരുടെയും ചങ്കിടിപ്പ് തൊട്ടറിഞ്ഞ് പിരിമുറുക്കത്തിന് അയവുവരുത്താനായിരുന്നു രാഹുലിന്റെ ശ്രമം. അതാകട്ടെ വിജയിക്കുകയും ചെയ്തു. നേതാക്കളുടെ വലിഞ്ഞുമുറുകിനിന്ന മുഖപേശികള്‍ പയ്യെ അയഞ്ഞു തുടങ്ങിയപ്പോള്‍ രാഹുല്‍ കണക്കിന് ഡോസ് കൊടുത്തു. കേരളത്തില്‍ നടന്ന പൊരിഞ്ഞ ഫ്‌ളക്‌സ് യുദ്ധത്തില്‍ അദ്ദേഹം നീരസം പ്രകടിപ്പിച്ചു. തെരുവില്‍ അന്തരീക്ഷം മോശമാക്കിയെന്നും നിങ്ങള്‍ അറിയാതെയാണവര്‍ ഇറങ്ങിയതെങ്കില്‍ പിന്തിരിപ്പിക്കണമായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു. റോഡില്‍ അളെയിറക്കിക്കൊണ്ടുള്ള സമ്മര്‍ദം വഴി ഹൈക്കമാന്‍ഡിനെക്കൊണ്ട് തീരുമാനമെടുപ്പിക്കാമെന്ന് കരുതരുതെന്നും രാഹുല്‍ താക്കീതിന്റെ സ്വരത്തില്‍ പറഞ്ഞു.

എന്നിട്ട് ഇന്നീ നിമിഷം വരെയും താക്കോല്‍ സ്ഥാന മോഹികള്‍ പിടിവിട്ടിട്ടില്ല. മൂന്ന് നേതാക്കളും പഴയ നിലപാടില്‍ത്തന്നെയാണ്. ഈ ഘട്ടത്തില്‍ ഹൈക്കമാന്‍ഡ് ഒരു പാക്കേജ് മുന്നോട്ടുവയ്ക്കുമെന്നാണ് സൂചന. കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കി വി.ഡി സതീശനെക്കൂടി മന്ത്രിസഭയില്‍ ചേരത്തക്കവിധമുള്ള ഒരു ഫോര്‍മുലയുണ്ടാക്കുമത്രേ. ആഭ്യന്തരം പോലെയുള്ള കിടിലന്‍ വകുപ്പ്, ഉപമുഖ്യമന്ത്രി സ്ഥാനം തുടങ്ങിയവ പരിഗണനയിലുണ്ട്.  പാര്‍ട്ടിയില്‍ ഉയര്‍ന്ന പദവിയില്‍ ഏഴുവര്‍ഷത്തില്‍ കൂടുതല്‍ ഒരാള്‍ തുടരരുതെന്ന പ്രമേയം എ.ഐ.സി.സി സമ്മേളനം പാസാക്കിയിരുന്നു. കെ.സി വേണുഗോപാല്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനത്ത് 7 വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്നു. അതിനാല്‍ കെ.സിയെ മാറ്റി ആ സ്ഥാനത്ത് രമേശ് ചെന്നിത്തലയെ പ്രതിഷ്ഠിച്ചേക്കാം.

ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കുകയാണെങ്കില്‍ വി.ഡി സതീശന് മന്ത്രിസഭയില്‍ മുന്തിയ പരിഗണന ലഭിക്കും. ഇനി സതീശനാണ് മുഖ്യമന്ത്രിയാവുന്നതെങ്കില്‍ രമേശിനെ ഉള്‍ക്കൊള്ളിക്കുന്ന നിര്‍ദേശങ്ങളും ഹൈക്കമാന്‍ഡ് ആരായുന്നുണ്ട്. മറ്റൊന്ന് മുതിര്‍ന്ന നേതാക്കളെ പിന്തള്ളി ഹൈക്കമാന്‍ഡ് പിന്തുണയോടെ കെ.സി വേണുഗോപാല്‍ മുഖ്യമന്ത്രിയായാല്‍ ഏത് മണ്ഡലത്തില്‍ നിന്ന് മല്‍സരിച്ച് എം.എല്‍.എ ആവുമെന്ന വലിയ ചോദ്യമുണ്ട്. കെ.സി  മുഖ്യമന്ത്രിയായാലും ആറ് മാസത്തിനുള്ളില്‍ തിരെഞ്ഞെടുപ്പില്‍ ജയിക്കേണ്ടി വരുമെന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ കീറാമുട്ടിയാണ്.

വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുന്ന സര്‍ക്കാരിന് മുന്നില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പടലപ്പിണക്കങ്ങള്‍ കൂടുതല്‍ ആളിക്കത്തുന്നത് അപ്പോഴായിരിക്കും. 17 വര്‍ഷങ്ങള്‍ക്കുശേഷം സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള കെ.സി വേണുഗോപാലിന്റെ മടങ്ങിവരവ് ആഗ്രഹിക്കുന്നവര്‍ ഏറെയുണ്ട്. നിയമസഭാ കക്ഷിയിലെ എം.എല്‍.എമാരുടെ ഭൂരിപക്ഷമനുസരിച്ച് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ പരമ്പരാഗതമായ രീതി. നിരീക്ഷകര്‍ക്ക് മുന്നില്‍ ഭൂരിഭാഗം എം.എല്‍.എമാരും കെ.സിയെയാണ് പിന്തുണച്ചത് എന്ന തരത്തിലുള്ള വിവരങ്ങളാണ് കെ.സി പക്ഷത്തിന്റെ അവകാശവാദം. എന്നാല്‍ കെ.സിക്ക് വേണ്ടി ആര് ത്യാഗം ചെയ്യും..? അതിന് വലിയ 'വില' കൊടുക്കേണ്ടി വരും. ആ വ്യക്തിയെ ജയിപ്പിച്ച മണ്ഡലത്തിലെ വോട്ടര്‍മാര്‍ കട്ടക്കലിപ്പിലായി മറിച്ച് ചിന്തിച്ചാല്‍ എല്ലാം കുളമാകകയും ചെയ്യും.

പണ്ട് കെ മുരളീധരന് സംഭവിച്ചത് ഒരു പാഠമായി എല്ലാവരുടെയും മുന്നിലുണ്ട്. 2001-2004 കാലഘട്ടത്തില്‍ എ.കെ. ആന്റണി മൂന്നാംവട്ടം കേരള മുഖ്യമന്ത്രിയായിരുന്നുപ്പോള്‍ കെ മുരളീധരനായിരുന്നു കെ.പി.സി.സി പ്രസിഡന്റ്. ഐ ഗ്രൂപ്പിന്റെ കടുത്ത സമ്മര്‍ദത്തെത്തുടര്‍ന്ന് 2004 ഫെബ്രുവരി 11-ന് എ.കെ ആന്റണി മന്ത്രിസഭയിലെ വൈദ്യുതി വകുപ്പ് മന്ത്രിയായി മുരളീധരനെ തിരുകിക്കയറ്റി. എന്നാല്‍ ആറു മാസത്തിനകം നടന്ന ഉപതിരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി മണ്ഡലത്തില്‍നിന്നും നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടതിനാല്‍ 2004 മെയ് 14-ന് അദ്ദേഹം മന്ത്രിസ്ഥാനം രാജിവെച്ചു. കേരളത്തില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഏക മന്ത്രിയെന്ന 'ഖ്യാതി'യും കെ മുരളീധരന്‍ സ്വന്തമാക്കി. ആ പ്രശസ്തി കെ.സിക്ക് വേണമെന്നുണ്ടോ..? പടിക്കലല്ല, സെക്രട്ടേറിയറ്റില്‍ കയറി കലമുടയ്ക്കണോ..? ചോദ്യങ്ങള്‍ ഒരുപാട് ഉയരുകയാണ്.
 

 


 

Join WhatsApp News
Fair Deal 2026-05-11 15:50:44
Record all the assets of all 3 candidates and choose one for two years (under probation)and check the assets again. Select one of the remaining two. Follow the same guidelines and end up with the third one. Evaluate the accomplishments of each one. Whoever has shown more, must be given another two years. Same rules apply at the end of their term.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക