
രാത്രി വളരെ വൈകി നാട്ടിൽ നിന്നുള്ള ഒരു ഫോൺ വിളി കേട്ടാണ് ഉണർന്നത്. സമയം ഏകദേശം വെളുപ്പിന് 3 മണി ആയിക്കാണും. വീണ്ടും വീണ്ടും ഫോൺ റിങ് ചെയ്തപ്പോൾ പരിചയം ഇല്ലാത്ത നമ്പർ ആണെങ്കിൽ കൂടി എന്തോ അത്യാവശ്യം ആയിരിയ്ക്കും എന്ന് മനസ്സിലായി. ഫോൺ എടുത്തപ്പോഴാണ് മനസ്സിലായത് അത് തിരുവനതപുരം സ്വദേശിയായ അഭിഭാഷകനാണു വിളിയ്ക്കുന്നത് എന്ന്. അദ്ദേഹത്തിന്റെ സുഹൃത്തും, ബന്ധുവും ഒക്കെയായ മറ്റൊരാൾക്ക് വേണ്ടി ഒരു സഹായം അഭ്യർത്ഥിച്ചാണ് ബന്ധപ്പെടുന്നത് എന്ന് പറഞ്ഞപ്പോൾ ആദ്യം അല്പം ആശങ്ക തോന്നാതെ ഇരുന്നില്ല. ഇനി കാര്യത്തിലേക്കു വരാം.
രാഹുൽ (അവനെ നമുക്ക് രാഹുൽ എന്ന് വിളിയ്ക്കാം)എന്ന ചെറുപ്പക്കാരന് 24 വയസ്സാണ് പ്രായം. ഇന്ത്യൻ ആർമിയിൽ നല്ല റാങ്കിൽ ജോലി ചെയ്തു ജോലിയിൽ നിന്നും വിരമിച്ച കൃഷ്ണ കുറുപ്പിന്റെയും, ഗീത ദമ്പതികളുടെയും ഏക മകൻ. അച്ഛൻ ജോലിയുടെ സ്വഭാവമനുസരിച്ചു രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആയതിനാൽ മകനും അമ്മയും നാട്ടിൽ തനിച്ചായിരുന്നു. ഏക മകനായതിനാൽ അത്യാവശ്യം ലാളിച്ചും,ആവശ്യങ്ങൾ എല്ലാം തന്നെ സാധിച്ചു കൊടുത്തുമാണ് രാഹുലിനെ വളർത്തിയത്.പോളിടെക്നിക് കഴിഞ്ഞു കഴിഞ്ഞു, കാനഡയിൽ വിദ്യാർത്ഥി വിസയിൽ വന്ന ഈ ചെറുപ്പക്കാരന്റെ കഥയാണ് ഇവിടെ പറയുവാൻ പോകുന്നത്.
2014- മുതലാണ് കാനഡയിലേക്ക് വിദ്യാർത്ഥി വിസയിൽ കുട്ടികൾ കൂടുതലായി വന്നു തുടങ്ങിയത്, 2017 മുതൽ 2024 വരെ അതൊരു കുത്തൊഴുക്കായി മാറുകയായിരുന്നു. കോവിഡ് സമയത്തു ഒട്ടനവധി വിദ്യാർത്ഥികൾ ഓൺലൈൻ ആയി നാട്ടിൽ ഇരുന്നു കാനഡ കോളേജിലെ ഡിപ്ലോമകൾ പാസ്സായതും അത്യപൂർവ്വമായ ആയ ഒരു പ്രതിഭാസം ആയിരുന്നു. 2021- 2023 വരെ പ്രായം തിരുത്തിയും,വ്യാജ സർട്ടിഫിക്കറ്റുകളും ആയി കാനഡയിൽ വിദ്യാർത്ഥി വിസകൾ സംഘടിപ്പിച്ച "കുഞ്ഞുങ്ങൾ " വരെയുണ്ട്. കാനഡയിലെ ജോലി സാഹചര്യങ്ങളാണോ, ജീവിത നിലവാരമാണോ, ഇനി അമിതമായ ടാക്സ് ആണോ അവരെ ആകർഷിച്ചത് എന്ന് വ്യക്തമല്ല. പക്ഷെ എല്ലാ വിദ്യാർത്ഥികൾക്കും അറിയാവുന്ന ഒന്നാണ് ഇവിടെ ലഭിയ്ക്കുന്ന വ്യക്തിഗത സാതന്ദ്രവും, അവകാശ സംരക്ഷണവും, പൂമ്പാറ്റകളെ പോലെ പറന്നു നടക്കാം. ആരും ചോദിയ്ക്കില്ല, കിളിക്കൂടുകളിൽ നിന്നും വിശാലമായ ആകാശത്തേയ്ക്ക് പരാതി പറത്തി വിട്ട കിളികളെ പോലെ നടക്കുന്ന നിരവധി വിദ്യാർത്ഥികളെ നമുക്ക് പട്ടണങ്ങളിൽ കാണാം.
രാഹുൽ പഠിച്ചിരുന്നത് വിദ്യാർത്ഥികൾക്കായി വിസകൾ തരപ്പെടുത്തുവാൻ പ്രത്യേകം തല്ലി കൂട്ടിയ ഒരു കോളേജിലെ കോഴ്സ് ആയിരുന്നു. ആഴ്ചയിൽ രണ്ടു ദിവസം കോളേജിൽ പോവുക, ബാക്കി സമയം ജോലികൾ ചെയ്യാം,ഓൺലൈൻ ആയി അസൈഗണ്മെന്റുകൾ ചെയ്യാം. ഇനി 100 ഡോളർ ഇ- ട്രാൻസ്ഫർ ചെയ്‌താൽ അസൈഗണ്മെന്റുകൾ ചെയ്തു കൃത്യ സമയത്തു കൊടുക്കുന്ന നല്ല ബുദ്ധിമാന്മാരായ നൈജീരിയക്കാരും ഉള്ള നാടാണ് കാനഡ. ഇങ്ങനെ ഒക്കെ ഉള്ള അസുലഭ അവസരങ്ങൾ ആസ്വദിച്ച്, ജോലികൾ ചെയ്തു വരവെയാണ് കൂടെ പഠിയ്ക്കുന്ന ഒരു വെള്ളക്കാരി പെൺകുട്ടിയുമായി രാഹുൽ അടുപ്പത്തിലാകുന്നത്. കാനഡയിലെ തന്നെ മറ്റൊരു നഗരത്തിൽ നിന്നും സ്കാർബറോവിൽ വന്നു പഠനാർത്ഥം കൂട്ടുകാർക്കു ഒപ്പം മുറി എടുത്തു പഠിച്ചിരുന്ന "ടീന", (നമുക്ക് ആ പെൺകുട്ടിയെ ടീന എന്ന് വിളിയ്ക്കാം) യ്ക്ക് സഹപാഠികളായ കുറച്ചു ഇന്ത്യൻ കുട്ടികളെ കൂടി കൂട്ടുകാരായി കിട്ടി. അങ്ങിനെ അവൾക്കു ഭാരതത്തിലെ വൈവിധ്യമാർന്ന,ഭക്ഷണം,ഭാഷകൾ,മതം,ഭക്ഷണങ്ങൾ ഒക്കെ മനസ്സിലാക്കുവാനും,ഒപ്പം പല വ്‌ളോഗർമാരും പൊടിപ്പും തൊങ്ങലും വച്ച് സംപ്രേക്ഷണം ചെയ്യുന്ന ഗാർഹിക കുറ്റകൃത്യങ്ങളെ കുറിച്ചും ഒക്കെ മനസ്സിലാക്കുവാൻ കഴിഞ്ഞു.
അന്നൊരു പ്രണയദിനമായിരുന്നു. മാനസികമായി അടുപ്പത്തിലായ രാഹുലും,ടീനയും ഒരു പ്രണയ ദിനം ആഘോഷിയ്ക്കുവാൻ കൂട്ടുകാർക്കൊപ്പം ഒരു ബാറിൽ ഒത്തു കൂടുന്നു. പാതിരാത്രിയും കഴിഞ്ഞു അല്പം അമിതമായി മദ്യപിച്ച ഇരുവരും അന്ന് രാഹുലിന്റെ വാടക മുറിയിൽ തങ്ങുവാനുള്ള സാഹചര്യം അറിഞ്ഞോ അറിയാതെയോ വന്നു ചേരുന്നു. രാഹുലിന്റെ ജീവിതത്തെ മാറ്റിമറിച്ച ഒരു കറുത്ത രാത്രിയായിരുന്നു അത്. ഒരുമിച്ചു ഒരു മുറിയിൽ കഴിയേണ്ടി വന്ന സാഹചര്യത്തിൽ രാഹുൽ എന്ന യുവാവിന്റെ ടീനയോടുള്ള ഇടപെടലുകൾ അവൾ ഒട്ടും പ്രതീക്ഷിച്ചിരിയ്ക്കാത്തതും, മാനസീകമായ അടുപ്പത്തേക്കാൾ കൂടുതൽ ശാരീരികമായ അടുപ്പങ്ങൾക്കു അവൾ വില കല്പിയ്ക്കുന്നതു കൊണ്ട് അവന്റെ പ്രവൃത്തികളെ അവൾ എതിർക്കുകയും, ചെറിയ വാക്കേറ്റവും, പിടി വലിയും ഒക്കെ ആകുകയും ചെയ്യുന്നു. സാഹചര്യത്തിന്റെ അപകടം മനസ്സിലാക്കിയത് കൊണ്ടാകാം, രാഹുൽ തന്റെ തെറ്റുകൾ മനസ്സിലാക്കി പിന്മാറുകയും,മദ്യത്തിന്റെ ലഹരിയിൽ ഉറങ്ങി പോകുകയും ചെയ്തു. വളരെ വൈകി ഉറക്കം വിട്ടു ഉണർന്ന രാഹുലിന്, അപ്പോൾ മാത്രമാണ് മനസ്സിലായത് ടീന അവനോടു പോലും പറയാതെ ആ രാത്രിയിൽ തന്നെ അവളുടെ താമസസ്ഥലത്തേക്ക് തിരികെ പോയി എന്ന്.
പല തവണ അവളെ ഫോണിൽ വിളിച്ചിട്ടും അവൾ ഫോൺ എടുക്കാതെ വന്നപ്പോൾ ആണ് അവനു ഒരു കാര്യം മനസ്സിലായത് തന്റെ ലാപ് ടോപ്പും, സർട്ടിഫിക്കറ്റുകളും അവനു നഷ്ടമായിരിയ്ക്കുന്നു. അവൻ അവളെ വീണ്ടും, വീണ്ടും വിളിയ്ക്കുമ്പോൾ അവൾ ഫോൺ എടുത്തിട്ട് പറഞ്ഞു, ഞാൻ മറ്റൊരു പട്ടണത്തിൽ തന്റെ സുഹൃത്തിനു ഒപ്പമാണ്. നീ എന്നെ അപമാനിയ്ക്കുവാൻ ശ്രമിച്ചു, ആ മാനസിക വിഷമത്തിൽ ആണ് നിന്റെ ലാപ്ടോപ്പും, സർട്ടിഫിക്കറ്റുകളും ഞാൻ എടുത്തു കൊണ്ട് പോന്നത് എന്ന്. രാഹുൽ പല തവണ അവളോട് ക്ഷമചോദിച്ചപ്പപ്പോൾ, മിസ്സിസ്സാഗ എന്ന നഗരത്തിൽ താൻ തന്റെ സുഹൃത്തിന്റെ ഒപ്പം ആണെന്നും, അവിടെ വന്നാൽ നിനക്ക് നിന്റെ സാധനങ്ങൾ വാങ്ങി തിരികെ പോകാം എന്ന് പറയുന്നു.
ഏകദേശം 70 കി മീ അകലെയുള്ള പട്ടണത്തിലേക്കു രാഹുൽ ഒരു ബസ്സു കയറിവരികയാണ്. അവിടെ വച്ചും അവർ തമ്മിൽ വീണ്ടും വാക്കേറ്റം ഉണ്ടാകുകയും, അവൾ പോലീസിൽ വിളിയ്ക്കുകയും ചെയ്യുന്നു. പെട്ടെന്ന് ക്ഷുഭിതനാകുന്ന സ്വഭാവം രാഹുലിന് ഉണ്ടായിരുന്നു. തലേ ദിവസം രാഹുൽ തന്നെ ശാരീരികമായി ഉപദ്രവിയ്ക്കുവാൻ ശ്രമിച്ചു എന്നും,അതിനടുത്ത ദിവസം അവൻ തന്നെ പിന്തുടർന്ന് വീണ്ടും വന്നു പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്നും അവൾ പോലീസിൽ മൊഴി നൽകി. വളരെ വെളുത്ത ശരീര പ്രകൃതമായിരുന്ന ടീനയുടെ ശരീരത്തിലും,കൈത്തണ്ടയിലും നാക്കുളുമായി നടത്തിയ പിടിവലിയുടെ കാരണത്താൽ ചുമന്നു തണിർത്തു കിടന്നിരുന്നു. അതുകൊണ്ടു അവളെ അവർ ഡോക്ടർ പരിഷിധനക്കും വിധേയയാക്കി.
ഇതിനെ തുടർന്ന് ജയിലിൽ ആയ രാഹുൽ നമ്മുടെ നാട്ടിലെ എന്തിനെയും ചോദ്യം ചെയ്തും,ആക്രോശിച്ചും, പ്രതിക്ഷേധിച്ചും ഉള്ള സ്വഭാവ രൂപീകരണത്തിന്റെ ഭാഗമായി ആകാം പോലീസ് സ്റ്റേഷനിലും, തന്റെ നിസ്സഹായത മനസ്സിലാകാത്ത പൊലീസിന് നേരെയും ആക്രോശിക്കുന്നു. അവരുടെ മേൽ തന്റെ നിറമാണ് നിങ്ങളുടെ പ്രശ്നം എന്നും,വെള്ളക്കാർക്കെതിരെയും പഴി പറഞ്ഞു അവഹേളിയ്ക്കുന്നു. അത് പോലീസിനെ കൂടുതൽ ക്ഷുഭിതരാക്കുകയും അങ്ങിനെ രാഹുലിന്റെ പേരിൽ ബലാൽസംഘ ശ്രമം ഉൾപ്പടെ വിവിധ വകുപ്പുകൾ ചേർത്ത് കേസ് എടുക്കുന്നു. ഇങ്ങനെ ജയിലിൽ ആകുന്ന അവസരത്തിലാണ് പോലീസ് നാട്ടിൽ രക്ഷിതാക്കളെ വിളിയ്ക്കുന്നതും, അവർ അഭിഭാഷകൻ മുഖേന അസമയത്തു എന്നെ വിളിയ്ക്കുന്നതും.
ഈ കേസിൽ ചില രാഷ്ട്രീയ ,സാമൂഹിക പ്രവർത്തകരെ ഇടപെടുത്തി, നല്ലൊരു അഭിഭാഷകന്റെ സഹായത്തോടെ രണ്ടു മാസങ്ങൾക്കു ശേഷം രാഹുലിന് ജാമ്യം ലഭിച്ചു എങ്കിലും, യാത്രാ വിലക്കുകളും, ഇപ്പോഴുള്ള മേൽവിലാസത്തിൽ പോലീസ് കേസ് തീരുന്നതു വരെ തുടരുക, ടൊറോന്റോ പോലീസിന്റെ അതിർത്തിയിൽ നിന്നുള്ള മേൽവിലാസത്തിൽ നിന്നും,60 കി.മീ ദൂരെ ഉള്ള പീൽ പോലീസ് ആഫീസിൽ വന്നു ദിവസേന ഒപ്പു വയ്ക്കുക , മൂന്നുമാസംസാമൂഹിക വികസന വകുപ്പിൽ സന്നദ്ധപ്രവർത്തനം ചെയ്യുക , മാനസിക വികസനത്തിന് വേണ്ടി കൗൺസിലിംഗ് അങ്ങിനെ പല തരത്തിൽ ഉള്ള ശിക്ഷകൾ വിധിച്ചു. ശിക്ഷകൾ കഴിയുമ്പോൾ സ്വദേശത്തേക്കു തിരികെ അയക്കുവാനും കേസ് വിധിയായി. കാരണം പെൺകുട്ടിയെയും,അവളുടെ മാതാപിതാക്കളെയും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുവാനും, ശിക്ഷ ഇളവ് കിട്ടുന്ന രീതിയിൽ പ്രവർത്തിക്കുവാനും കഴിഞ്ഞു എന്നത് അനുഗ്രഹമായി.
നമുക്ക് കേൾക്കുമ്പോൾ വളരെ നിസാരമായി തോന്നാമെങ്കിലും, ജയിലിൽ നിന്നും പുറത്തിറങ്ങിയ ഈ ചെറുപ്പക്കാരൻ നേരിട്ടത് അതിലേറെ കഷ്ടതകളാണ്. ജീവിതകാലം മുഴുവൻ ക്രിമിനൽ റെക്കോർഡിൽ ചുവപ്പു മഷി പുരണ്ടു, ഡ്രൈവിങ് ലൈസൻസ് റദ്ദ് ചെയ്യപ്പെട്ടു, പഠനം പാതിവഴിയിൽ മുടങ്ങി, മെച്ചപ്പെട്ട ഒരു തൊഴിൽ ഭാവിയിൽ ലഭിയ്ക്കുവാനുള്ള സാധ്യത ഇല്ലാതെയായി,പൊതു സമൂഹത്തിലുള്ള മാന്യത ഇല്ലാതെയായി.
നമ്മുടെ നാട്ടിലെ നിയമങ്ങളെക്കാൾ വളരെ ശക്തമായ നിയമങ്ങളും,നടപടികളും, സ്ത്രീപുരുഷ ബന്ധങ്ങൾക്ക് ഉള്ള സംരക്ഷണവും ഒന്നും തന്നെ മനസ്സിലാക്കാതെ "കാനഡ ഒരു ഫ്രീ രാജ്യമാണ് " എന്നുള്ള ധാരണയിൽ ഈയലുകൾ പോലെ പറന്നു ഇറങ്ങുമ്പോൾ ഓർക്കുക, ഇവിടെ എല്ലാം ഉണ്ട്, എല്ലാവര്ക്കും സുഖമായി സന്തോഷത്തോടെ ജീവിയ്ക്കാം, പക്ഷെ നിയമവും ഒപ്പത്തിന് ഒപ്പമുണ്ട്. നമ്മുടെ മലയാള വ്‌ളോഗർമാർ, പ്രസിദ്ധിയ്ക്കു വേണ്ടി, പണ സമ്പാദനത്തിനു വേണ്ടി ഇംഗ്ലീഷ് സബ് ടൈറ്റിൽ കൂടി വച്ച് ചെയ്യുന്ന കൊലപാതകം,ഗാർഹിക പീഡന വീഡിയോകൾ ആണ് രാഹുലിനെതിരെ "ടീന" സമർപ്പിച്ച തെളിവുകൾ എന്ന് കൂടി ഓർമ്മപ്പെടുത്തുന്നു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി കരുതേണ്ട, ഗാർഹിക പീഡനങ്ങളുടെ പേരിൽ നിയമക്കുരുക്കിൽ അകപ്പെട്ട നിരവധി "രാഹുൽ, ടീനമാർ ", ഇന്ന് കാനഡയിലെ മലയാളി സമൂഹത്തിൽ വർദ്ധിച്ചു വരികയാണ്. അടുത്ത കുടിലതകളുടെ നേരേഴെത്തുമായി പോലീസ് ഡയറി അടുത്തയാഴ്ച.
Read More: https://www.emalayalee.com/writer/320