
തിരുവനന്തപുരം : തമിഴ്‌നാട് മുഖ്യമന്ത്രിക്കസേരയില്‍ സൂപ്പര്‍താരം സി.ജോസഫ് വിജയ് എന്ന 'ദളപതി വിജയ്' എത്തിയപ്പോള്‍ തിരുവനന്തപുരം കരുമത്തേക്കും ആ സന്തോഷം നീണ്ടു
2012-ല്‍ എ.ആര്‍. മുരുകദോസ് സംവിധാനം ചെയ്ത 'തുപ്പാക്കി'യില്‍ വിജയ്‌യുടെ അച്ഛനായി വേഷമിട്ട കരുമം സ്വദേശി കെ. ശങ്കരനാരായണനാണ് വിജയ്യുടെ സ്ഥാനലബ്ധിയില്‍ സന്തോഷിക്കുന്നത്. സൂപ്പര്‍താരവുമായി അഭിനയിച്ച ഓരോ നിമിഷവും ഓര്‍മിച്ചെടുക്കുകയാണ് അദ്ദേഹം.
അഭിനയരംഗത്ത് നിന്ന് മുഖ്യമന്ത്രി പദവിയിലെത്തിയ വിജയ്യുടെ രാഷ്ട്രീയ വളര്‍ച്ച തന്നെ അദ്ഭുതപ്പെടുത്തിയെന്ന് ശങ്കരനാരായണന്‍ പറയുന്നു. തമിഴ് സിനിമകളിലും നാടകത്തിലും ചെറിയ വേഷങ്ങള്‍ ചെയ്തിരുന്ന ശങ്കരനാരായണന് യാദൃച്ഛികമായാണ് 'തുപ്പാക്കി'യില്‍ അവസരം ലഭിക്കുന്നത്. എ.ആര്‍. മുരുകദോസ് തന്നെ സംവിധാനം ചെയ്ത് സൂര്യ അഭിനയിച്ച ഏഴാം അറിവിലെ പ്രകടനം കണ്ടാണ് തുപ്പാക്കിയില്‍ അവസരം കിട്ടിയത്.
സിനിമയില്‍ ഉടനീളം അഭിനയിക്കാന്‍ പറ്റിയില്ലെങ്കിലും വിജയ്‌ക്കൊപ്പം അഭിനയിച്ച നിമിഷങ്ങള്‍ മറക്കാനാകാത്ത അനുഭവങ്ങളായിരുന്നുവെന്ന് ശങ്കരനാരായണന്‍ പറയുന്നു. പട്ടാളക്കാരനായാണ് വിജയ് സിനിമയില്‍ വേഷമിട്ടത്. വളരെ ശാന്തനായ നടനാണ് വിജയ്. താരപരിവേഷമില്ലാതെയാണ് സഹനടന്മാരോടുപോലും അദ്ദേഹം പെരുമാറുന്നത്
മുഖ്യമന്ത്രിയായി ചുമതലയേറ്റ അദ്ദേഹത്തെ കാണാന്‍ പോകണമെന്നാണ് ആഗ്രഹമെന്നും ശങ്കരനാരായണന്‍ പറഞ്ഞു. 30-ഓളം തമിഴ് സിനിമകളില്‍ ശങ്കരനാരായണന്‍ അഭിനയിച്ചിട്ടുണ്ട്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത മലയാളസിനിമ ട്രാന്‍സിലും വേഷമിട്ടു. ചെന്നൈ റോയപ്പേട്ട സ്വദേശിയായ ശങ്കരനാരായണന്‍ 2014 മുതല്‍ തിരുവനന്തപുരം കരുമം വിഷ്ണുകൃപയില്‍ ആണ് താമസിക്കുന്നത്. ഭാര്യ: ഇന്ദിര. മകള്‍: ലാവണ്യ.