Image

അമ്മയെന്ന സത്യം (ഉഷാചന്ദ്രൻ)

Published on 10 May, 2026
അമ്മയെന്ന സത്യം (ഉഷാചന്ദ്രൻ)

അമ്മയെന്നാല്‍ ഉണ്മയാണ്. എന്‍റെ അമ്മയും ഞാനെന്ന അമ്മയും രണ്ടല്ല. മക്കളുടെ ഹൃദയനൊമ്പരം അവര്‍ പറയാതെ അറിയുകയും, മാനസിക-ശാരീരിക വേദനയില്‍ അവരറിയാതെ ചുണ്ടിലും ഒപ്പം മനസ്സിലും നിമന്ത്രണമാകുന്ന ആദ്യ വാക്കാണ്‌ അമ്മ!

ഭൂമിയില്‍ മാതൃസ്നേഹം ലഭിച്ചിട്ടില്ലാത്തവരുടെ ജീവിതം ശുഷ്കമാണ്  സന്തോഷങ്ങള്‍ പങ്കിടാന്‍, ദുഃഖങ്ങള്‍ ഏറ്റെടുക്കാന്‍, കരയുമ്പോള്‍ ആശ്വസിപ്പിക്കാന്‍, കാത്തിരിക്കാന്‍, കഠിന വ്യഥയില്‍ കൂട്ടുചേരാന്‍, പരാജയങ്ങളെ അതിജീവിക്കാനുള്ള ഊര്‍ജ്ജം പകരാന്‍ അമ്മയുണ്ടെങ്കില്‍ അതാണ്‌ ഭാഗ്യം.

എന്‍റെ അമ്മയെപ്പറ്റി ഓര്‍ക്കുമ്പോള്‍ പൊക്കിള്‍ക്കൊടി ബന്ധം ഒന്നുകൊണ്ടുമാത്രം ഊട്ടിയ മുലപ്പാലില്‍, ആഹാരത്തില്‍, വല്ലപ്പോഴുമുള്ള  ആതുരശുശ്രൂഷയില്‍ മാത്രം ഒതുങ്ങിപ്പോയ മാതൃസ്നേഹം. അതില്‍ത്തന്നെ ഒന്നുമില്ലായ്മയുടെ നിരാലംബത്വത്തില്‍ നിന്ന് കരകയറ്റിയ കരുതലും സ്നേഹവും കൊണ്ട് പ്രപഞ്ചം നിറഞ്ഞുനില്‍ക്കുന്ന നന്മമനസ്സ് ഞാന്‍ കാണുന്നു.. കഷ്ടപ്പാടുകളുടെയും ജീവിത പ്രാരാബ്ധങ്ങളുടെയും നടുവില്‍ സ്നേഹിക്കാന്‍ മറന്നുപോകുന്ന ധാരാളം അമ്മമാരുണ്ട്. പെറ്റ മക്കളുടെ മനസ്സു നോവിക്കുന്ന, സ്വന്തം കുഞ്ഞുങ്ങളെ ദ്രോഹിക്കുന്ന അമ്മമാരെയും ഈ കാലഘടത്തില്‍ നമുക്ക് ധാരാളമായി കാണാം. തന്‍റെ ജീവന്‍ മക്കളാണെന്നും അവരുടെ നന്മയിലും ശ്രേയസ്സിലുമാണ് ജന്മസായൂജ്യമെന്നും മനസ്സിലുറപ്പിക്കുന്ന ഒരമ്മയ്ക്കും അവരെ ദ്രോഹിക്കാന്‍ കഴിയില്ല എന്ന സത്യം മനസ്സിലാക്കുന്ന മക്കള്‍ക്ക്  അമ്മയെയോര്‍ക്കുമ്പോള്‍ മനസ്സില്‍ പൂത്തിരികത്തുകയും കാണാതിരിക്കുമ്പോള്‍ കണ്ണുകള്‍ നിറയുകയും ചെയ്യുമെങ്കില്‍ അതുതന്നെയാണ് അമ്മയുടെ മഹത്വം. അമ്മയെന്ന പുണ്യം. അറിയാതെ സംഭവിക്കുന്ന കൈപ്പിഴകള്‍ക്ക് മുതിര്‍ന്നു കഴിയുമ്പോള്‍ മക്കളില്‍ നിന്ന് ഇല്ലാത്ത പഴി കേള്‍ക്കെണ്ടിവരുന്നതും ചില അമ്മമാരുടെ വിധിയെന്നേ പറയേണ്ടു.

ഭര്‍ത്താവിന്‍റെ വരുമാനം ഒന്നുകൊണ്ടുമാത്രം ജീവിക്കാന്‍ നിര്‍വ്വാഹമില്ലെന്ന് വന്നപ്പോഴാണ് രണ്ടറ്റവും കൂട്ടിമുട്ടിയ്ക്കാന്‍ രണ്ടു കുട്ടികളെയുമിട്ടിട്ട് ഞാനും ജോലിയ്ക്കായ് ഇറങ്ങിത്തിരിച്ചത്. രണ്ടാളെയും ഒക്കത്തെടുക്കേണ്ട പ്രായം. അവരെയും കൊണ്ട് Daycare ലേയ്ക്ക് 15 മിനിട്ട് ചൊരിമണലില്‍ കൂടി നടക്കേണ്ടിയിരുന്നു. രണ്ടര വയസ്സുകാരിയെ വിരല്‍ത്തുമ്പില്‍ മുറുകെപ്പിടിച്ചും, ഒരു വയസ്സുകാരനെ ഒക്കത്തെടുത്തും ഞാനെന്‍റെ കൂട്ടുകാരി ലീനയുടെ വീട്ടിലേയ്ക്ക് നടക്കും. അവരെയും അവര്‍ക്കുള്ള ആഹാരവും അവിടെയേല്‍പ്പിച്ച് തിരികെ ഫ്ലാറ്റില്‍ എത്തിയാലേ Hassaniയുടെ headoffice ല്‍ ജോലിചെയ്യുന്ന എനിക്ക് കമ്പനിയുടെ വണ്ടി അവിടെനിന്ന് കിട്ടുമായിരുന്നുള്ളു. അത് കിട്ടാതെവന്നാല്‍ അന്ന് ടാക്സി വിളിച്ചു പോകാനുള്ള പാങ്ങില്ല, ഞങ്ങള്‍ക്ക്. ബസ്സില്‍ കയറിയിരിക്കുമ്പോഴേയ്ക്കും മനസ്സും മാറിടവും ഒന്നുപോലെ വിങ്ങാന്‍ തുടങ്ങും. കണ്ണു ചുവക്കും. മനോവ്യഥ താങ്ങാനാവാതെ ചിലപ്പോള്‍ ആരും കാണാതെ വിതുമ്പും

എല്ലാ വിഷമങ്ങളും ഉള്ളിലൊതുക്കിക്കൊണ്ട്  8 മണിക്ക് തുടങ്ങുന്ന ജോലി, വൈകുന്നേരം 5 മണിക്കാണ് അവസാനിക്കുക. അപ്പോഴേയ്ക്കും പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു വിഷാദം എന്നെ പിടികൂടിയിരിക്കും. കുഞ്ഞ് പാലിനുവേണ്ടി കരയുന്നുണ്ടാവുമെന്നല്ല, കരയുന്നുണ്ട് എന്ന സത്യം അവിടെയിരുന്നും എനിക്കറിയാന്‍ കഴിയുന്നുണ്ടായിരുന്നു. ഓഫീസ് വിട്ട് വൈകുന്നേരം വീടിനടുത്തു ബസ്സിറങ്ങിയാല്‍, നടന്നുപോയി കുഞ്ഞുങ്ങളെയുമെടുത്തു തിരികെ വീട്ടിലെത്തുമ്പോള്‍ ഞാനും കുഞ്ഞുങ്ങളും വല്ലാതെ ക്ഷീണിച്ചിരിക്കും. മിക്കവാറും ദിവസങ്ങളില്‍ അവരൊന്നും കഴിച്ചിട്ടില്ല എന്ന ലീനയുടെ പതിവ് പല്ലവി കേള്‍ക്കുമ്പോള്‍ എന്‍റെ ചങ്ക് കലങ്ങും. എന്നിട്ടും ആ ജോലി ഞാനുപേക്ഷിക്കാതിരുനത് അത്രയും നല്ലൊരു ജോലി വേറെ കിട്ടാന്‍ ബുദ്ധിമുട്ടാണെന്ന് അറിയാവുന്നതുകൊണ്ടും, ഉടനൊരു ജോലി കിട്ടാന്‍ സാധ്യതയില്ലാത്തകൊണ്ടും മാത്രമായിരുന്നു.

എന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഏതാണ്ട് 6 മാസം അങ്ങനെ പോയി. ജോലിയ്ക്കിടയില്‍ മനസ്സു കുഞ്ഞുങ്ങളുടെ അടുത്തേയ്ക്ക് പായും. ചിന്തകള്‍ അവരെച്ചുറ്റിപ്പറ്റിയാവുമ്പോള്‍ സ്വാഭാവികമായും ചെയ്യുന്ന ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെയാവും. അശ്രദ്ധകൊണ്ട് ചില പിഴവുകളും ടൈപ്പിംഗില്‍ mistakes ഉം കടന്നുകൂടുമായിരുന്നു.

സാരിയാണ്. അന്നൊക്കെ എന്‍റെ വേഷം. ഒരു ദിവസം ഞാന്‍ ജോലിചെയ്തുകൊണ്ടിരിക്കെ,  മുലകള്‍ ചുരത്തുകയും പാല്‍ വീണ് ബ്ലൗസ് മുഴുവന്‍ നനയുകയും ചെയ്യുന്നത് കണ്ടുകൊണ്ടാണ് ഞങ്ങളുടെ മാനേജര്‍ Mr.Danna ഓഫീസിലേയ്ക്ക് കയറിവരുന്നത്. വന്നപാടെ അദ്ദേഹം എന്നെ കാബിനിലേയ്ക്ക് വിളിപ്പിച്ചു. ഓഫീസ്ബോയ് വന്ന്‍ മാനേജര്‍ വിളിക്കുന്നെന്ന് പറഞ്ഞപ്പോളും എനിക്കൊന്നും മനസ്സിലായില്ല. ജോലിയില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടാവും എന്ന് ഭയന്നാണ് ഞാന്‍ അദ്ദേഹത്തിന്‍റെ കാബിനിലേയ്ക്ക് നടന്നത്.

Usha, you should take care of your child now. So don’t need to come to the office from tomorrow onwards.ബോംബെക്കാരനായ അദ്ദേഹം എന്‍റെ മാറിലേയ്ക്ക് വിരല്‍ ചൂണ്ടിക്കൊണ്ടാണതു പറഞ്ഞത്. അവിടേയ്ക്ക് നോക്കിയ ഞാന്‍ ഞെട്ടിപ്പോയി.. ബ്ലൌസ്  ആകെ നനഞ്ഞു കുതിര്‍ന്നിരിക്കുന്നു. പെട്ടെന്ന്  സാരിത്തുമ്പെടുത്ത് അതിനുമേലെ പുതച്ചുകൊണ്ടു ഞാനാകെ ചൂളിപ്പിടിച്ചു  നിന്നു. ഇനിയൊരിക്കലും ജോലിയില്‍ വീഴ്ച  ഉണ്ടാവരുതെന്ന് കരുതി സശ്രദ്ധം ടൈപ്പ് ചെയ്തുകൊണ്ടിരുന്നതിനാല്‍ അതെക്കുറിച്ചൊന്നും അപ്പോള്‍ ബോധവതിയായിരുന്നില്ല. പക്ഷേ, സീറ്റില്‍ പോയിരുന്നു ബാക്കി ജോലി തീര്‍ക്കുമ്പോഴും വൈകുന്നേരം സ്ഥാപനത്തോട് എന്നേയ്ക്കുമായി വിടപറഞ്ഞ്, ബസ്സിലേയ്ക്കു നടക്കുമ്പോഴും മനസ്സ് വിങ്ങുകയായിരുന്നു. നിരാശാഭരിതമായ  മൗനദുഃഖത്തിലും പക്ഷെ, എന്തെന്നില്ലാത്ത  ഒരാശ്വാസം ഹൃദയത്തെ ചൂഴ്ന്നു നിന്നിരുന്നു. സുഖദു:ഖസമ്മിശ്രമായ ഒരു വികാരപാരവശ്യം ഉള്ളിലടക്കി ബസ്സിനുള്ളില്‍ വിദൂരതയിലേയ്കു കണ്ണും നട്ടിരുന്നു. ഭാരമില്ലാത്ത മനസ്സുമായി,  അമ്മയ്ക്ക് പകരം വയ്ക്കാന്‍ അമ്മ മാത്രം എന്നോര്‍ത്തുകൊണ്ട്.

ഉഷാചന്ദ്രൻ ✍️

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക