
വി.ഡി സതീശനെയും രമേശ് ചെന്നിത്തലയെയും തഴഞ്ഞ് കേരളത്തെ രണ്ട് ഉപതിരഞ്ഞെടുപ്പുകളിലേയ്ക്ക് തള്ളിവിട്ടുകൊണ്ട് കെ.സി വേണുഗോപാലിനെ ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമോ..? എന്ന ആകാംക്ഷ നിറഞ്ഞ ചോദ്യത്തിന് ഇന്ന് ഉത്തരം കിട്ടിയില്ല. കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ഡല്‍ഹിയിലെ വീട്ടിലേയ്ക്ക് കണ്ണും കാതും നട്ടിരുന്നവരുടെ മുന്നിലേയ്ക്ക് മൂന്ന് മുഖ്യമന്ത്രിപദ മോഹികളും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും, കേരളത്തിന്റെ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി പ്രതിനിധി ദീപാ ദാസ് മുന്‍ഷിക്കൊപ്പമെത്തിയപ്പോള്‍ത്തന്നെ മുഖ്യമന്ത്രി തര്‍ക്കത്തില്‍ അനുരഞ്ജനമുണ്ടായെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും തീരുമാനം പിന്നീടുണ്ടാവുമെന്നാണ് കേട്ടത്. ഫലപ്രഖ്യാപനം കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നായിരുന്നു നേതാക്കള്‍ അവകാശപ്പെട്ടതെങ്കിലും ഇന്ന് അഞ്ചാം ദിവസമായിട്ടും ഒന്നും സംഭവിച്ചില്ല.
ഇതിനിടെ കേരളത്തില്‍ നടക്കുന്ന ഫ്‌ളക്‌സ് യുദ്ധം തെരുവില്‍ കോണ്‍ഗ്രസ് അണികള്‍ പരസ്പരം ഏറ്റുമുട്ടുന്ന നാണംകെട്ട അവസ്ഥയിലേയ്‌ക്കെത്തി. ഫ്‌ളക്‌സില്‍ കരി ഓയില്‍ ഒഴിക്കുകയും പാലഭിഷേകം നടത്തുകയും ചെയ്യുന്ന കലാപരിപാടികള്‍ യഥേഷ്ടം അരങ്ങേറുന്നു. ശയനപ്രദക്ഷിണം, പ്രകടനം, ഫ്‌ളക്‌സ് വലിച്ചുകീറല്‍ തുടങ്ങിയവയും നടക്കുമ്പോള്‍ കെ.പി.സി.സി കണ്ടാലറിയാവുന്ന പ്രവര്‍ത്തകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. പ്രവര്‍ത്തകരുടെ ഇഷ്ടം സ്വാഭാവികമാണെങ്കിലും ഈ മാഹാവിജയത്തിന്റെ ശോഭ കെടുത്തുന്ന ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ത്തലും തുടര്‍ന്നുള്ള കോലാഹലങ്ങളും അവസാനിപ്പിക്കണമെന്ന് വി.ഡിയും കെ.സിയും ആര്‍.സിയും ഒരേസ്വരത്തില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വീടിന് മുന്നില്‍ നിന്ന് ആഹ്വാനം ചെയ്യുകയായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പ്രഖ്യാപനം എപ്പോഴുണ്ടാവുമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇവര്‍ക്ക് മറുപടി ഇല്ലായിരുന്നു.
മുഖ്യമന്ത്രിക്കസേരയ്ക്ക് വേണ്ടി മൂവരും വിട്ടുവീഴ്ചയില്ലാതെ കടുംപിടിത്തം പിടിച്ചതോടെ ഹൈക്കമാന്‍ഡിന്റെ തലവേദന വര്‍ധിക്കുകയും സമവായം അകന്ന് പോവുകയുമായിരുന്നു. അങ്ങനെ യു.ഡി.എഫിന്റെ ഐതിഹാസിക ജയത്തിന് പിന്നാലെ ഉയര്‍ന്ന മുഖ്യമന്ത്രി വിവാദം നാളുകള്‍ കഴിഞ്ഞിട്ടും അവസാനിക്കുന്നില്ലെന്ന ഗതികെട്ട നിലയിലാണ്. എം.എല്‍.എമാരുടെയും ഘടകക്ഷികളുടെയും അഭിപ്രായങ്ങള്‍ സ്വരൂപിച്ച നിരീക്ഷകര്‍ റിപ്പോര്‍ട്ട് ഹൈക്കമാന്‍ഡിന് കൈമാറിയതിന് പിന്നാലെ ഇന്ന് കേരളത്തിലെ നേതാക്കളുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി നേരിട്ട് ചര്‍ച്ച നടത്തി. കെ.സി വേണുഗോപാല്‍, വി.ഡി സതീശന്‍, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവരുമായി ഒറ്റയ്ക്കും കൂട്ടായും ചര്‍ച്ചകള്‍ നടന്നു. ചര്‍ച്ചയില്‍ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടക്കും. അവിടെയും മഞ്ഞുരുകിയില്ലെങ്കില്‍ ഇനി സോണിയാ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടന്നേക്കുമെന്നാണ് വിവരം.
കെ.സി വേണുഗാപാല്‍ എം.പിയെ മുഖ്യമന്ത്രിയാക്കിയാല്‍ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞടുപ്പ് വേണ്ടിവരും. മാത്രമല്ല കെ.സിക്കു വേണ്ടി എം.എല്‍.എ സ്ഥാനമെഴിയുന്ന ഒരു ഹതഭാഗ്യനായ കോണ്‍ഗ്രസുകാരന്റെ മണ്ഡലത്തിലും ഉപതിരഞ്ഞടുപ്പിന് കളമൊരുങ്ങും. ഇത് യു.ഡി.എഫിന് വന്‍ വിജയം സമ്മാനിച്ച വോട്ടര്‍മാരെ ആക്ഷേപിക്കുന്ന നടപടിയാണെന്ന വികാരം ശക്തമാണ്. സോഗ്യതയുള്ള നേതാക്കള്‍ ജയിച്ചുവന്ന സാഹചര്യത്തില്‍ പാര്‍ട്ടിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിയുടെ കടുത്ത അധികാര മോഹത്തിനുവേണ്ടി മാത്രം അനാവശ്യവും കോടികള്‍ ചെലവുവരുന്നതുമായ ഉപതിരഞ്ഞെടുപ്പുകളിലേയ്ക്ക് കേരളത്തെ തള്ളിവിടുന്നതില്‍ എന്ത് അടിയന്തിര സാഹചര്യമാണിവിടെയുള്ളതെന്ന ചോദ്യവും പ്രസക്തമാണ്.
യു.ഡി.എഫിലെ രണ്ടാമത്തെ ഘടകകക്ഷിയും 22 എം.എല്‍മാരുടെ അംഗബലമുള്ള പാര്‍ട്ടിയുമായ മുസ്ലീം ലീഗിന് ഈ നിലപാടാണുള്ളത്. കേരളാ കോണ്‍ഗ്രസ് പി.ജെ ജോസഫ് വിഭാഗം വി.ഡി സതീശനെ പിന്തുണച്ച് രംഗത്തുണ്ട്. സീനിയോരിറ്റിയുടെയും ഭരണമികവിന്റെയും പര്യായമായ രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി സ്ഥാനത്തിന് യോഗ്യനാണ്. യു.ഡി.എഫിന് സ്വപ്നതുല്യമായ വിജയം സമ്മാനിക്കുന്നതില്‍ കഠിനാധ്വാനം ചെയ്ത സതീശനെയും പിണറായി സര്‍ക്കാരിന്റെ അഴിമതിയും ജനദ്രോഹ നടപടികളും സമയാസമയങ്ങളില്‍ ചൂണ്ടിക്കാട്ടിയ രമോശിനെയും ഘടകകക്ഷികള്‍ അംഗീകരിക്കുന്നു. എം.പിമാര്‍ മല്‍സരിക്കേണ്ടെന്ന തീരുമാനത്തിലൂടെ കെ സുധാകരനെയും അടൂര്‍ പ്രകാശിനെയും ഒതുക്കിയ ഹൈക്കമാന്‍ഡ് എം.പിയായ കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കുന്നത് ഇരട്ടത്താപ്പാണെന്ന ആക്ഷേപം ശക്തമാണ്.
അതേസമയം തിരഞ്ഞെടുപ്പ് ഫലം വന്ന് അഞ്ച് ദിവമായിട്ടും മുഖ്യമന്ത്രിയുടെ കാര്യത്തില്‍ യു.ഡി.എഫില്‍ തീരുമാനമായിട്ടില്ല എന്നത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. എ.ഐ.സിസി നിരീക്ഷകരായി തെിരഞ്ഞെടുക്കപ്പെട്ട മുകുള്‍ വാസ്‌നിക്കും അജയ് മാക്കനും കേരളത്തിലെത്തി, തലയെണ്ണി മടങ്ങിയിട്ട് ഒരു ദിവസം പിന്നിട്ടു. ഇപ്പോഴും ഒറ്റപ്പേരിലേക്ക് എത്താന്‍ കോണ്‍ഗ്രസിന് ആയിട്ടില്ല. വി.ഡി സതീശന് വേണ്ടി പരസ്യ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ കെ.പി.സി.സിക്ക് ഇടപെടേണ്ടി വന്നു. മുഖ്യമന്ത്രിപ്പോരില്‍ ഒരിഞ്ചും പിന്നോട്ടില്ലാതെ മൂന്ന് ചേരിയും നിലപാടെടുത്ത പശ്ചാത്തലത്തില്‍ പരസ്യ പ്രകടനങ്ങള്‍ വി.ഡി സതീശനെതിരെ ആയുധമാക്കാന്‍ കെ.സി പക്ഷം ഒരുങ്ങുന്നതും ഇന്ന് കണ്ടു. കെ.പി.സി.സി നേതൃത്വത്തിന്റെ വിലക്ക് തള്ളി സംസ്ഥാനന വ്യാപകമായി സതീശന്‍ അനുകൂല പ്രകടനം തുടരുന്നുണ്ട്.
എന്നാല്‍ മഖ്യമന്ത്രിയായി കെ.സിയെ ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചാല്‍ കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറികളുണ്ടാവും. മന്ത്രിസഭയില്‍ നിന്ന് സതിശനും രമേശും മാറിനില്‍ക്കുമത്രേ. അതിനര്‍ത്ഥം കെ.സിക്ക് മനസമാധാനത്തോടെ കേരളം ഭരിക്കാന്‍ സാധിക്കില്ലെന്നാണ്. സതീശന്റെ ജനപിന്തുണ ഓരോദിവസവും കൂടിവരുന്നതായാണ് അദ്ദേഹത്തിനനുകൂലമായ പ്രകടനങ്ങള്‍ സൂചിപ്പിക്കുന്നത്. ചെന്നിത്തലയെ അനുകൂലിക്കുന്നവരും രംഗത്തിറങ്ങുണ്ട്. സ്ഥിതിഗതികള്‍ മനസിലാക്കി കെ.സി വേണുഗോപാല്‍ താന്‍ പിന്മാറുകയാണെന്ന് പറഞ്ഞാല്‍ മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്ന അവസ്ഥയുണ്ടാവും. അതില്‍ ആദ്യത്തെ രണ്ടര വര്‍ഷം ആര് ഭരിക്കണം എന്നതില്‍ കെ.സി വേണുഗോപാല്‍ തന്നെ ആയിരിക്കാം തീരുമാനമെടുക്കുക. വിഭാഗീയത രൂക്ഷമായാല്‍ അത് പുതിയ ഗ്രൂപ്പുകളുടെ ഉദയത്തിന് ഇടയാക്കുകയും ചെയ്യും.