
പ്രസിഡന്റ് ട്രംപിന്റെ കുടിയേറ്റ നയം നടപ്പാക്കുന്നതിൽ മാന്ദ്യമുണ്ടെന്ന വ്യാഖ്യാനം വൈറ്റ് ഹൗസ് തള്ളി. ട്രംപ് പുറത്താക്കിയ ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോവമിനു പകരം വന്ന മാർക്ക്വെയ്ൻ മുള്ളിൻ കൂടുതൽ മൃദുലമായ സമീപനം കൈക്കൊള്ളുന്നു എന്ന അഭിപ്രായം ഉണ്ടായതിനെ തുടർന്നു രോഷം കൊണ്ട ട്രംപിന്റെ വലതു തീവ്രവാദി അനുയായികളെ ആശ്വസിപ്പിക്കാനാണ് ഈ വിശദീകരണമെന്നു കരുതപ്പെടുന്നു.
വിവാദമാകുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കണം എന്ന സമീപനമാണ് തന്റേതെന്നു മുള്ളിൻ തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നു. ഐസ് ഏജന്റുമാർ നടത്തുന്ന ബലപ്രയോഗം കടുത്ത ജനരോഷം ഉണർത്തുമെന്നും അത് നവംബർ തിരഞ്ഞെടുപ്പിൽ കെണിയാകുമെന്നും റിപ്പബ്ലിക്കൻ നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
ഐസ് ഏജന്റുമാർ അറസ്റ്റ് വാറന്റ് ഇല്ലാതെ വീടുകളിൽ കയറാൻ പാടില്ല എന്നു മുള്ളിൻ നിർദേശം നൽകി. അറസ്റ്റ് ചെയ്യപ്പെട്ട കുടിയേറ്റക്കാരെ അടയ്ക്കാൻ ഇൻഡസ്ട്രിയൽ വെയർഹൗസുകൾ തടവറകളാക്കി മാറ്റാനുള്ള നിർദേശം അദ്ദേഹം നടപ്പാക്കിയില്ല. ട്രംപ് തന്നെയാണ് ഐസ് ഏജന്റുമാർക്കു കൂടുതൽ സൗഹാർദപരമായ മുഖം നൽകാൻ നിർദേശം നൽകിയത്.
ഈ മാറ്റങ്ങൾ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യാമെങ്കിലും ട്രംപിന്റെ കടുത്ത ഭക്തന്മാർക്ക് രുചിച്ചിട്ടില്ല. യാഥാസ്ഥിതിക ഹെറിറ്റേജ് ഫൗണ്ടേഷന്റെ ഭാഗമായ ഓവർസൈറ്റ് പ്രോജെക്ട് പ്രസിഡന്റായ മൈക്ക് ഹോവൽ പറഞ്ഞു: "ഇത്ര ഒതുക്കത്തിൽ കൂട്ട നാടുകടത്തൽ എങ്ങിനെ ചെയ്യാൻ കഴിയും?"
'Quiet' style of mass deportation angers Trump supporters