
ഭാരതമഹാരാജ്യം എന്നുടെ മാതൃരാജ്യം
ഭഗവാൻ ശ്രീകൃഷ്ണന് ജന്മമേകിയ രാജ്യം
ഭഗവൽഗീതതൊട്ട് പലതും നെയ്തെടുത്ത
ഭാരതമഹാരാജ്യം എന്നുടെ മാതൃരാജ്യം.
ഭാരതരാജ്യത്തിന്റെ തെക്കുതെക്കൊരറ്റത്തു
‘ഭാവന’പ്പുഴയുടെ തീരത്താണെന്റെ നാട്
ഭജനപ്പാട്ടുകാരും വിവിധ മതക്കാരും
ഭരണി ഉത്സവവും നാടിന്റെ മുഖഛായ.
കേരളമാണെന്റേ നാട് ചെറുതായൊരു നാട്
കേരവൃക്ഷങ്ങളാലിന്നു പ്രശസ്തമായ നാട്
കർഷകജനതയാം നാടിൻറെ നെടുംതൂണ്
കാർഷീകോല്പന്നങ്ങൾക്ക് കേഴ്‌വികേട്ടൊരു നാട്.
എൻ നാടിനെക്കുറിച്ചൊരു കവിത രചിക്കേണം
എന്നുഞാനോർക്കാറുണ്ട് സന്ദർഭം കിട്ടാറില്ല
എനിക്കിന്നുറപ്പായും എഴുതുവാൻ കഴിയണം
എടുത്തു കടലാസും എന്നുടെ തൂലികയും.
കവിത രചിക്കാനായ് തൂലികയെടുത്തപ്പോൾ
കവിത വരുന്നില്ല ആശയം യാതൊന്നില്ല
കവിത വരാഞ്ഞിട്ട് ആലോചിച്ചിരിക്കുമ്പോൾ
കരച്ചിൽ കേട്ടുയെന്റെ ഭാഗിധേയിയുടെ.
‘കവിതയും രചിച്ചുകൊണ്ടിങ്ങനെയിരുന്നാല്
കാലവും കഴിച്ചീടാൻ വല്ലാതെ കഷ്ടപ്പെടും'
കളത്രമൊഴിയുടെ കണ്ണീരു കണ്ടുഞാന-
ഖിലം വിവശനായ് അവിടെത്തന്നിരുന്നു.
‘പേനയും പെൻസിലും വാങ്ങേണ്ടേ മൂത്തവൾക്ക്
പാവാടയില്ലാഞ്ഞിട്ടിളയവൾ കരയുന്നു
പഠിത്തം നിറുത്തിടാനൊരുത്തൻ തുനിയുന്നു’
പലതും പറഞ്ഞീടാനുണ്ടവൾക്കിന്നെന്നോട്.
‘അരിയില്ലിവിടിന്നു അത്താഴം വച്ചിടേണ്ടെ
അയലത്തന്നിനിയൊന്നും നമുക്ക് ലഭിക്കില്ല’
അവളുടെ കണ്ണീരിൽ ഞാനലിഞ്ഞുപോയി സത്യം
അപ്പോൾ ഞാനോർത്തുയെൻ നാടിൻ കീർത്തികൾ.
ഇവിടെപ്പണമുണ്ട് ഏതാനും വ്യക്തികൾക്ക്
ഇവിടെ സുഖമുണ്ട് തടിച്ച പണക്കാർക്ക്
ഇവിടെ സ്ഥാനമുണ്ട് പോക്കറ്റിൽപ്പണമുണ്ടോ
ഇവിടെപ്പണിയുണ്ട് കൈക്കൂലി കൊടുക്കാമോ.
ഞാനിന്നൊരു കവി ജീവിക്കാനെഴുതുന്നു
ഞാൻ കവിത രചിച്ചിടും അതെന്നുടെ അവകാശം
ഞാനെടുത്തു വീണ്ടുംപേന ആശയം പലതുണ്ട്
ഞാനവളെപ്പായിച്ചു അകത്തളത്തിലേക്ക്.
നാടിൻറെ സൗന്ദര്യം തന്നാദ്യമേ വർണ്ണിച്ചീടാം
നാൽക്കവലക്കൽ മുതലാദ്യമേ തുടങ്ങീടാം
നാലുപേർ കൂടുന്നതും നാൽക്കവലക്കലല്ലോ
നാട്ടിലെപ്പട്ടണവും നാൽക്കവല തന്നെയാം.
പലവ്യഞ്ജനക്കടക്കപ്പുറത്തൊരു ഷാപ്പ്
പലരും കൂടുന്നതും അതിന്റെ പടിക്കലാ
പേവാക്കുകൾച്ചൊന്നു പേരിന്നപമാനം
പേക്കൂത്തുകൾപ്പലതിന്നവിടെ നടക്കുന്നു.
തലയിൽ കെട്ടും കെട്ടി വരുന്ന വിദ്വാൻമാർക്ക്
‘തലയിൽ കെട്ടുംകെട്ടി'യിരിക്കും കുപ്പിക്കൂട്ടം
തലയിൽ കൈയ്യുമൂന്നിയിരിക്കും അവിടെ ചിലർ
തലയുംകുത്തിത്താഴെ വീഴുന്നു മാന്യൻമ്മാര്.
അതിന്റെയടുത്തൊരു ബാർബറ് ഷാപ്പുകാണാം
അവിടെപ്പലപല ‘ന്യൂജെൻമാർ ’ഇരിക്കുന്നു.
അവിടെപ്പലർക്കിന്നു ‘വേടൻമാർ’ ആയിടേണം
അത്തരം പല പല വികൃതികൾ കാട്ടീടേണം.
പാടത്തിൻ നടുക്കോടെ പോയിഞാനതിൽപ്പിന്നെ
പാട്ടകൾക്കൊട്ടിക്കിളിയാട്ടുന്നു പെൺകിടാങ്ങൾ
പാട്ടകൊട്ടുന്ന ശബ്ദം കേട്ടുഞാൻ നടുങ്ങിപ്പോയ്
‘പാട്ടകൾ’ പലതുണ്ട് ‘കൊട്ടലും' പലതുണ്ട്.
സ്ഥലത്തെ പഞ്ചായത്തു പ്രസിഡന്റിനവിടെങ്ങും
സ്ഥലമേയുള്ളു അതെത്രയെന്നറിയില്ല
സ്ഥലമുണ്ടിവിടിന്ന് ഉള്ളതോ ഉള്ളവർക്ക്
സ്ഥലമില്ലാതലയുന്ന പാവങ്ങൾ എത്ര എത്ര!
മറ്റൊരു ഭാഗത്തതാ കറ്റകൾ കൊയ്‌തീടുന്നു
മനുഷ്യർ കൂട്ടംകൂടി കറ്റകൾ ചുമക്കുന്നു
മാറിടം മറക്കാത്ത മുത്തശ്ശിമാരുമുണ്ട്
മക്കളും കൂട്ടക്കാരും ഏറെപ്പേർ വേറെയുണ്ട്.
കളത്തിൽ കൂട്ടം കൂടി കറ്റകൾ മെതിക്കുന്നു
കളത്തിൽ കളി ചിരി വേലക്കാർ തമ്മിൽ തമ്മിൽ
കളിയും ചിരിയുമായ് സമയം പോയനേരം
കാര്യസ്ഥൻ വന്നുചൊന്നു വേഗത്തിൽ മെതിക്കുവാൻ
പാടത്തിൻ അപ്പുറത്തു വേറെയും കാഴ്ചയേറെ
പഴുക്കാ വിളഞ്ഞുള്ള കമുകിൻ തോട്ടങ്ങളും
പഴുത്ത വാഴക്കുല നിറഞ്ഞ വാഴത്തോപ്പും
പറുങ്കിമാവുകളും പൈനാപ്പിൾ തോട്ടങ്ങളും.
നാടിനെക്കുറിച്ചേറെ ഓർക്കുമ്പോൾ അഭിമാനം
നാൾക്കുനാൾ കൊതിയോടെ ഓരോന്നും ഓർമിച്ചീടും
നമിക്കുന്നു ഞാനെൻനാടിനെ കൂപ്പുന്നിരുകരം
നന്മകൾ ഏറെത്തന്ന നാടിനെൻ നമോവാകം.
Read More: https://www.emalayalee.com/writer/319