Image

മുത്തശ്ശിയെന്ന സ്നേഹപ്രവാഹത്തിന്റെ തീരത്ത് കൂടി...(മാതൃദിനക്കുറിപ്പ്: സുധീർ പണിക്കവീട്ടിൽ)

Published on 09 May, 2026
മുത്തശ്ശിയെന്ന സ്നേഹപ്രവാഹത്തിന്റെ തീരത്ത് കൂടി...(മാതൃദിനക്കുറിപ്പ്: സുധീർ പണിക്കവീട്ടിൽ)

എല്ലാ ആഘോഷങ്ങളും കൊണ്ടാടുന്നത് ഓർമ്മകളിലൂടെയാണ്. അമ്മമാരെ ആദരിക്കുന്ന മാതൃദിനത്തിൽ എന്റെ മനസ്സിലേക്ക് ഓടിയെത്തുന്നു ഓർമ്മകൾ. അമ്മയുടെ വീടും അവിടെ കഴിച്ചുകൂട്ടിയ സമയങ്ങളും എപ്പോഴും ഒരു നിധിപോലെ മനസ്സിലുണ്ട്.  അമ്മയുടെ വീട് ഒരു ഒഴിഞ്ഞ കൂടായിരുന്നുവെന്നു ഇപ്പോൾ എനിക്ക് തോന്നാറുണ്ട്. പെണ്മക്കൾ വിവാഹിതരായി പോയി. മകനും വിവാഹിതനായി അന്യരാജ്യത്ത് ഉദ്യോഗസ്ഥനായിരിക്കുന്നു. വീട്ടിൽ മുത്തശ്ശിയും മുത്തശ്ശനും പിന്നെ ഞാനും. എനിക്ക് ഒരു രാജകുമാരന്റെ സുഖവും കരുതലും നൽകി മുത്തശ്ശി എപ്പോഴും കൂടെ നിൽക്കുന്നു. എല്ലാം ഇന്നലെകഴിഞ്ഞപോലെ. അമ്മമാർക്കായി ഒരു ദിവസം ഒരുങ്ങുമ്പോൾ മനസ്സിൽ സന്തോഷം പരത്തുന്ന സൂര്യപ്രകാശം,  വേദനയുടെ കണ്ണീർ ഇറ്റിറ്റു വീഴുന്ന മഴക്കാലം.  ജീവിതചക്രം ഉരുണ്ടുകൊണ്ടിരിക്കുന്നു. 
ഹര ഹരോ  ഹര ഹര....പഴനിക്ക് പോകാൻ കാവി വസ്ത്രം ധരിച്ച ഒരാൾ വീടിനു മുന്നിൽ നിന്ന് വിളിച്ചു. മുത്തശ്ശി അദ്ദേഹത്തിന് ഭിക്ഷ നൽകി. മിക്കപ്പോഴും അരിയും പണവുമാകാം. ഭിക്ഷ സ്വീകരിച്ചയാൾ  അയാളുടെ കയ്യിലെ തളികയിൽ നിന്നും ഭസ്മം എടുത്ത് മുത്തശ്ശിക്ക് കൊടുത്തു. മുത്തശ്ശി അതെന്റെ നെറ്റിയിൽ തൊട്ടു. കുട്ടിയായിരുന്ന എനിക്ക് കൗതുകം തോന്നി ഞാനും ഹര ഹരോ ഹര ഹരാ  എന്ന് വിളിച്ചു. ഇഷ്ടദേവൻ ഗുരുവായൂരപ്പനായിരിക്കെ പഴനിയപ്പനെ വിളിക്കാമോ. ഇപ്പോൾ അതെല്ലാം ഓർക്കുമ്പോൾ മുത്തശ്ശി ദാ മുന്നിൽ നിൽക്കുന്നു.

 സ്നേഹോപദേശവുമായി കണ്മുന്നിൽ തന്നെ.  മുരുകനെ വിളിച്ചാൽ കണ്ണൻ കോപിക്കുമോ എന്ന ബാലമനസ്സിന്റെ സംശയം. മുത്തശ്ശിയുടെ മുഖത്തു ഭക്തിരസം. മറുപടി ഉടനെ വന്നു.  ഈശ്വരൻ ഒന്നേയുള്ളു ഉണ്ണി പലവിധ പേരുകളിൽ നമ്മൾ വിളിക്കുന്നുവെന്നുമാത്രം. ഹരൻ എന്നാൽ ശിവൻ ഹരോ എന്നത് ശിവനെ നമ്മൾ വിളിക്കുന്നത് ഹര എന്നാൽ ഹരിക്കുക/നീക്കുക. കഷ്ടപ്പാടുകൾ നീക്കി രക്ഷിക്കണമേ എന്നർത്ഥമുള്ള ആ ശരണം വിളി ഇപ്പോഴും എന്റെ കാതിൽ  മുഴങ്ങുന്നു. പക്ഷെ അന്ന് അതിന്റെ അർത്ഥമറിയില്ലായിരുന്നു, ഒരു പക്ഷെ മുത്തശ്ശിക്കും അങ്ങനെ വിശദീകരിച്ച് അർഥം പറയാൻ കഴിയുകയില്ലായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത ആളാണെങ്കിലും ഓരോ  ചോദ്യങ്ങൾക്കും പണ്ഡിതന്മാരെപോലെ മുത്തശ്ശി മറുപടി തന്നിരുന്നു. മുതിർന്നപ്പോൾ പഠിക്കുകയും വായിക്കുകയും ചെയ്തപ്പോൾ മുത്തശ്ശി പറഞ്ഞതിന്റെ സാരം ഋഗ്വേദത്തിൽ കണ്ടെത്തി. "ഏകം സത് വിപ്രാ ബഹുധാ വദന്തി" എന്നത്. ഇതിന്റെ അർത്ഥം "സത്യം ഒന്നേയുള്ളൂ, ജ്ഞാനികൾ അതിനെ പല പേരുകളിൽ വിളിക്കുന്നു" എന്നാണ്." വളരെ ഈശ്വരഭക്തയായിരുന്നു മുത്തശ്ശി. "നന്മകൾ മനസ്സിലുള്ളവർക്ക്  ഈശ്വരൻ കാവൽ നിൽക്കുന്നു" എന്ന് മുത്തശ്ശി എപ്പോഴും പറയാറുണ്ടായിരുന്നു. ഞാനും അതിൽ ഉറച്ചു വിശ്വസിക്കുന്നുണ്ട്. “നന്മയാണ് ഈശ്വരൻ' എന്നത് സ്നേഹം, കരുണ, എന്നിവയാൽ നിറഞ്ഞ, മനുഷ്യനിലും പ്രകൃതിയിലും കുടികൊള്ളുന്ന ദൈവികഭാവത്തെ സൂചിപ്പിക്കുന്നു. ഈ ആശയം മനുഷ്യനിലെ നന്മയെ ദൈവികമായി കാണുകയും, ലോകനന്മയ്ക്കായി പ്രവർത്തിക്കുന്നതാണ് ഏറ്റവും വലിയ ആരാധനയെന്നും വിശ്വസിക്കുന്നു” . വളരെ അർത്ഥവത്തായ കാര്യങ്ങൾ മുത്തശ്ശി പറയാറുണ്ട്.


 ജീവിതാനുഭവങ്ങളാണ് ഏറ്റവും വലിയ സർവകലാശാല എന്ന് മുത്തശ്ശിയുടെ മൊഴിമുത്തുകൾ സാക്ഷ്യംവഹിക്കുന്നു
വർഷങ്ങൾക്ക് മുമ്പ് നമ്മെ വിട്ടുപിരിഞ്ഞ നമ്മുടെ പ്രിയപ്പെട്ടവർ,  അവരുടെ ഓർമ്മകൾ ഓരോ ദിവസവും സൂര്യോദയം പോലെ മനസ്സിൽ ഉദിച്ചുവരുന്നു. എനിക്കാണെങ്കിൽ മുത്തശ്ശി എപ്പോഴും കൂടെയുള്ളപ്പോലെ അനുഭവമാണ്. ഓരോ ദിവസവും ഉണ്ടാകുന്ന സംഭവങ്ങൾ ഓർമ്മകളെ ഉണർത്തുന്നു. എന്റെ കുട്ടിക്കാലത്തു അയൽഗ്രാമങ്ങളിൽ നിന്നും ചിലപ്പോൾ അപൂർവമായി ആർക്കെങ്കിലും വസൂരി ഉണ്ടായതായി അറിയാറുണ്ട്.  മുത്തശ്ശി ഉടനെ അടുത്തുള്ള ഭഗവതി ക്ഷേത്രത്തിലേക്ക് വിത്ത് വഴിപാടായി നൽകും. ഇതിനെ വിത്ത് നിവേദ്യം എന്നാണു പറയുന്നത് . വിത്ത് സമർപ്പിക്കുന്നത് ഐശ്വര്യത്തിനും കാർഷിക സമൃദ്ധിക്കുമാണെങ്കിലും ഈ വഴിപാട് ദേവിയെ പ്രീതിപ്പെടുത്തുന്നതിനാൽ വസൂരി മുതലായ രോഗങ്ങൾ വരാതിരിക്കാൻ  സഹായിക്കുമത്രേ. 
എനിക്ക് വളരെ കൗതുകവും സന്തോഷവും നൽകുന്ന ഒരു വഴിപാടാണിത്. കാരണം അമ്പലം കുറച്ച് ദൂരമാണ്. അവിടേക്ക് നാട്ടുവഴിയിലൂടെ നടന്നുപോകണം.എനിക്ക് മുത്തശ്ശിയുടെ കൂടെ പോകാം. മുത്തശ്ശിയെ സഹായിക്കുന്ന സ്ത്രീ ഒരു ചാക്കിൽ വിത്ത് തലയിൽ വച്ച് കൂടെയുണ്ടാകും. വഴിയോരകാഴ്ചകളിൽ മുങ്ങി എന്റെ ബാല്യ-കൗമാരങ്ങളുടെ ജിജ്ഞാസ ഉണർത്തികൊണ്ടുള്ള നടത്തം.  അന്നൊക്കെ അമ്പലത്തിൽ ശ്രീഭഗവതി കുടികൊള്ളുന്നുവെന്നു ഉറച്ച് വിശ്വസിച്ചിരുന്നു. അതുകൊണ്ട് വളരെ ഭക്തിയോടുകൂടിയാണ് തൊഴുതിരുന്നത്. അമ്പലത്തിലെ ശാന്തിക്കാരനു ദ്രവ്യത്തോട് അസാരം അത്യാഗ്രഹമുള്ള  ആളായിരുന്നു, അദ്ദേഹത്തിന് മുത്തശ്ശനെ പരിചയമുണ്ട്. അതുകൊണ്ട് ഞങ്ങൾ കഴിക്കുന്ന വഴിപാടുകൾക്ക് പുറമെ എന്തെങ്കിലും കിട്ടാനുള്ള സൂത്രം അദ്ദേഹം പ്രയോഗിക്കാറുണ്ട്. അതിൽ ഒന്നാണ് എന്നെ നോക്കി മുത്തശ്ശിയോട് പറയും "കുട്ടിക്ക് ഒരു മൗഢ്യം ഉണ്ടല്ലോ"  അതിന്റെ അർത്ഥമറിയാത്ത മുത്തശ്ശി പരിഭ്രമിച്ച് കുട്ടിക്ക്  എന്തോ    ശീലായ്മ (അസുഖത്തിന് മുത്തശ്ശി ഉപയോഗിക്കുന്ന വാക്ക്) ആകുമോ എന്ന് ധരിച്ച് ചോദിക്കുന്നു. "അതിനിപ്പോ എന്താ വേണ്ടേ തിരുമേനി" “ഒരു നൂല് അങ്ങട് കെട്ടിക്കളയാം”. മുത്തശ്ശി "ആയിക്കോട്ടെ". ഒരു ഇലയിൽ പൂവും ഒരു മഞ്ഞ ചരടുമായി തിരുമേനി വരുന്നു. മുത്തശ്ശി തിരുമേനിക്ക് ചില്ലറ കൊടുക്കുന്നു. മുത്തശ്ശി ചരട് കയ്യിൽ കെട്ടിത്തരുമ്പോൾ പറയും ഉണ്ണി ദേവിയോട് മനസ്സുറപ്പിച്ച് പ്രാർത്ഥിക്കുക, അന്നത്തെ കുട്ടിക്കാല സംഭവങ്ങൾ പിൽക്കാല ജീവിതത്തിൽ  സ്വാധീനം ചെലുത്തുന്നുണ്ട്. ചരട് കെട്ടുന്നതുകൊണ്ട് പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്നു വിശ്വസിക്കുമ്പോഴും ദേവി ക്ഷേത്രദർശനം നടത്താനും ഒരു നൂൽ ജപിച്ച് വാങ്ങി കയ്യിൽ കെട്ടാനും ഇപ്പോഴും തോന്നാറുണ്ട്. അങ്ങനെ ചെയ്യുമ്പോൾ കൂടെ മുത്തശ്ശി ഉണ്ടെന്ന ഒരു തോന്നൽ, ബോധം തനിയെ ഉണ്ടാകുന്നു. എഴുതിയാൽ തീരാത്ത അത്തരം ഓർമ്മകളുടെ പ്രവാഹതീരത്ത് കൂടെ നടന്നുകൊണ്ടേയിരിക്കാൻ കഴിയട്ടെ എന്ന് ഞാൻ ആശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു ഇപ്പോൾ..

സന്ധ്യാനാമം ചൊല്ലലും ഗൃഹപാഠം ചെയ്യലും കഴിഞ്ഞുള്ള സമയം വളരെ ആനന്ദകരമായി അനുഭവപ്പെട്ടിരുന്നു. വെളിച്ചെണ്ണയിൽ എരിയുന്ന നിലവിളക്കിലെ തിരിയുടെയും  കത്തിച്ചുവച്ചിട്ടുള്ള ചന്ദനത്തിരിയുടെയും സുഗന്ധം തങ്ങിനിൽക്കുന്ന മുറി, ചീവീടുകളുടെ ശബ്ദം, കൂടണയുന്ന പക്ഷികളുടെ കലപില, ദൂരെ അമ്പലത്തിൽ നിന്നോ പള്ളികളിൽ നിന്നോ മണിയടിക്കുന്ന  ശബ്ദം എല്ലാംകൂടി ഒരു ദിവസം അവസാനിച്ചുവെന്ന അറിയിപ്പ്.  അപ്പോഴാണ് മുത്തശ്ശി പ്രാർത്ഥന കഴിഞ്ഞ് നെറ്റിയിൽ ഭസ്മം തൊട്ടു അടുത്തു വന്നിരിക്കുക. മുത്തശ്ശിക്ക് ധാരാളം,  പഴഞ്ചൊല്ലുകൾ, കടംകഥകൾ അറിയാം. അപ്പോൾ കേൾക്കുന്ന കിളികളുടെ ശബ്ദം കേട്ട് ഏതു കിളിയാണെന്നു പറയും. ജനലിലൂടെ എത്തിനോക്കുന്ന നിലാവിന്റെ ഭംഗിയെപ്പറ്റി പറയും. അതെല്ലാം എന്നിലും അനിർവചനീയമായ ഒരു സന്തോഷം നിറച്ചിരിക്കുന്നു. വർഷങ്ങൾക്ക് ശേഷം ഇറങ്ങിയ ഒരു ഹിന്ദി സിനിമയിലെ പാട്ട് കേട്ടപ്പോൾ ഞാൻ എന്റെ പഴയകാല സായാഹ്നങ്ങൾ ഓർത്തുപോയി. അതിലെ വരികൾ ഞാൻ എഴുതേണ്ടതല്ലേ എന്ന് പോലും ആലോചിച്ചു. അതിങ്ങനെ- kahii.N duur jab din Dhal jaaye, saa.Njh kii dulhan badan churaaye chhupke se aaye, mere khayaalo.N ke aa.Ngan mei.N, koii sapno.N ke diip jalaaye, diip jalaaye-meaning="പകൽ ഒടുങ്ങുമ്പോൾ ദൂരെ എവിടെയോ ലജ്ജനമ്രമുഖിയായ ഒരു നവ വധുവിനെപോലെ സന്ധ്യ ഒളിഞ്ഞു നോക്കുന്നു. എന്റെ ഭാവനയുടെ മുറ്റത്ത് ആരോ എന്റെ സ്വപ്നങ്ങളുടെ   വിളക്ക് കൊളുത്തുന്നു.
മുത്തശ്ശിയുമായുള്ള സംസാരത്തിൽ മുഴുകി അത്താഴം കഴിക്കുന്ന വരെയുള്ള സമയം ഉല്ലാസകരമായിരുന്നു. ഇപ്പോഴും നാട്ടിൽ പോകുമ്പോൾ അമ്മാവന്റെ വീട്ടിൽ ഒരു സന്ധ്യക്ക് പോയി പഴയ ഓർമ്മകൾ ഒന്നുകൂടി ഓർത്തെടുക്കാൻ മോഹം തോന്നാറുണ്ട്. ഇവിടെയും സായന്തനങ്ങളിൽ അങ്ങനെ ഒരു അന്തരീക്ഷം സൃഷ്ടിച്ച് കണ്ണടച്ചിരിക്കുക ഒരു അനുഭൂതിയാണ്. അപ്പോൾ മുത്തശ്ശിയുടെ ചന്ദ്രിക സോപ്പിന്റെയും ഭസ്മത്തിന്റെയും സുഗന്ധം മൂക്കിലേക്ക് വരുന്നപോലെ തോന്നും. അദൃശ്യയായി മുത്തശ്ശി ഇരിക്കുന്നുവെന്നു സങ്കൽപ്പിക്കുകകൂടി ചെയ്യുമ്പോൾ വീണ്ടും ബാല്യകൗമാരങ്ങളിലേക്ക് ഒരു മടക്കയാത്ര. അമ്മയെ നേരത്തെ വിളിച്ചതുകൊണ്ടാകാം മുത്തശ്ശിക്ക് ദൈവം ദീർഘായുസ്സ് നൽകി. എല്ലാ പേരക്കിടാങ്ങളുടെയും കല്യാണവും അവരുടെ മക്കളെയും കണ്ടു ആയിരം പൂർണ്ണചന്ദ്രനെ കണ്ടു പിന്നെയും വർഷങ്ങൾ മുത്തശ്ശി ആരോഗ്യത്തോടെ ജീവിച്ചു.

അമ്മമാർ കാണപ്പെട്ട ദൈവങ്ങൾ തന്നെ. ഇപ്പോൾ നമ്മൾ ആഘോഷിക്കുന്ന മാതൃദിനങ്ങളെ അനുസ്മരിപ്പിക്കുമാറു അമ്മദൈവങ്ങളെ അന്നുള്ളവർ ആരാധിച്ചിരുന്നുവെന്നു കാണിക്കുന്ന സ്ത്രീ പ്രതിമകൾ സിന്ധുനദിതട സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ ഖനനം ചെയ്തപ്പോൾ ലഭിക്കുകയുണ്ടായി.  പ്രകൃതിയും ഈശ്വരനും ഒരുമിച്ച് പ്രതിബിംബിക്കുന്ന പ്രതിഭാസമാണ് സ്ത്രീ. അവർ അമ്മമാരാകുമ്പോൾ ദൈവീകത്വം അവർക്ക് കൈവരുന്നു.     ഈ ആഘോഷങ്ങളിൽ മാതാവ് നഷ്ടപ്പെട്ട മക്കൾക്ക് മനോവേദന ഉണ്ടാകുമെങ്കിലും പിരിഞ്ഞുപോയ പ്രിയപ്പെട്ടവർ  അവശേഷിപ്പിച്ച ഓർമ്മകൾ ആശ്വാസം നൽകുന്നു, അദൃശ്യരായി അവർ അറിയിക്കുന്ന സാന്നിധ്യം നമുക്ക് അനുഭവിക്കാം. 

എല്ലാവർക്കും അനുഗ്രഹപ്രദമായ ആനന്ദകരമായ മാതൃദിനാശംസകൾ.
ശുഭം
 

Join WhatsApp News
പ്രിൻസ് തോപ്രാംകുടി 2026-05-09 15:28:21
ദൈവത്തിന് എല്ലായിടത്തും എത്താൻ കഴിയില്ല, അതുകൊണ്ടാണ് ദൈവം അമ്മമാരെ സൃഷ്ടിച്ചത്. പ്രിൻസ് തോപ്രാംകുടി
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-05-09 17:11:24
💥🔥ങേ, അതൊരു തെറ്റായ വാദം ആണല്ലോ എന്റെ പ്രിൻസേ. ഏതു ദൈവത്തിന്റെ കാര്യമാണ് പ്രിൻസ് പറയുന്നത്??? 🤔. ഇന്ന് മാർക്കറ്റിൽ Available ആയിട്ടുള്ള എല്ലാ മിടുക്കൻ ദൈവങ്ങളും സർവ്വ വ്യാപിയാണ്. കേട്ടിട്ടില്ലേ, Omni Potent, Omni Benevolent, Omni Scient, Omni Present എന്നൊക്കെ???. ദൈവത്തെ കുറിച്ച് പൊട്ടത്തരം എഴുതി വിടരുതേ എന്റെ പ്രിൻസേ. സ്ത്രീയെയും പാമ്പിനെയും ഒരു പോലെ ശപിച്ചതാണ് ഏശു. നീ അതിവേദന സഹിച്ച് പെറട്ടേ എന്നാണ് സ്ത്രീയോട് പറഞ്ഞത്. സ്ത്രീയോട് ഒരു മാന്യതയും കാണിക്കാഞ്ഞവൻ. സ്വന്തം പെറ്റ തള്ളയോട് പോലും സ്നേഹത്തോടെ ഒരു വാക്ക് മിണ്ടാത്തവൻ ഏശു.അമ്മയോട് വളരെ പരുഷമായിട്ട് മാത്രം സംസാരിച്ചവൻ ഏശു. ഇന്ന്സ്ത്രീ ലോകത്തിൽ കാണുന്ന സർവ്വ തിന്മകളുടെയും മൂല കാരണം സ്ത്രീ മാത്രമാണ്. മനുഷ്യകുലം പാപി ആയതു സ്ത്രീ ഒറ്റ ഒരുത്തി കാരണമാണ്. സ്ത്രീകളെ യഹോവയ്ക്ക് അറപ്പാകുന്നു. ആശുദ്ധയാണ് സ്ത്രീ. മൊത്തത്തിൽ സ്ത്രീകളുടെ ശവ പറമ്പ് ആണ് ക്രിസ്തു മതം.👹 🔆Rejice ✳️
vayanakaaran 2026-05-09 17:51:24
പ്രിൻസ് തോപ്രാംകുടി ഉദേശിച്ചത് യേശുവോ യഹോവയോ അല്ലെങ്കിൽ അങ്ങനെ വല്ലതോ ആണെന്നറിയില്ല. ദൈവം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് നന്മയുള്ള ശക്തിയുള്ള സ്നേഹമുള്ള അനുഗ്രഹങ്ങൾ ചൊരിയുന്ന ഒരു ശക്തി എന്നാണു.അതാണ് അങ്ങനെ ഒരു ശക്തിക്ക് എല്ലായിടത്തും എത്താൻ പറ്റാത്തതുകൊണ്ട് അമ്മമാരേ സൃഷ്ടിച്ചുവെന്നു പറയുന്നത്. ബൈബിളിലൊക്കെ പറയുന്ന ദൈവം സർവ വ്യാപിയും,സർവ ശക്തനും സർവ ജ്ഞാനിയുമാണല്ലോ? എന്നാൽ അമ്മമാരേ ഉപമിക്കാൻ ഉപയോഗിക്കുന്ന വാക്ക് "ദൈവം" മത ഗ്രന്ഥ്ങ്ങളിൽ പറയുന്ന ദൈവമല്ലെന്നാണ് എന്റെ അറിവ്. പണ്ഡിതനായ ശ്രീ നെടുങ്ങാടപ്പള്ളിക്ക് ഇത് മനസ്സിലാക്കാൻ കഴിയും. ഇനിയിപ്പോൾ തോപ്രാംകുടി എന്താണ് ഉദേശിച്ചത് എന്ന് അദ്ദേഹം പറയും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക