
ദാദി കി ഷാദി എന്ന പുതിയ ചിത്രവുമായി ബന്ധപ്പെട്ടുള്ള തിരക്കുകളിലാണ് ബോളിവുഡ് നടി നീതു കപൂര്‍. ഇപ്പോഴിതാ മക്കള്‍ക്ക് വിവാഹശേഷം സ്വകാര്യത നല്‍കേണ്ടതിനേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നീതു. മകനും നടനുമായ രണ്‍ബീര്‍ കപൂറും മകന്റെ ഭാര്യയും നടിയുമായ ആലിയ ഭട്ടും താനും ഒരേ വീട്ടിലാണ് താമസമെങ്കിലും അവരുടെ കാര്യങ്ങളില്‍ താന്‍ ഇടപെടാറില്ലെന്ന് പറയുകയാണ് നീതു കപൂര്‍.
മക്കള്‍ വിവാഹിതരായാല്‍ അവരെ അവരുടെ വഴിക്കുവിടണമെന്ന് കരുതുന്നയാളാണ് താനെന്ന് നീതു പറയുന്നു. രണ്‍ബീറിനും ആലിയയ്ക്കുമൊപ്പം അതേ വീട്ടിലാണ് താനും താമസിക്കുന്നത്.
എന്നുകരുതി തനിക്ക് തോന്നുമ്പോഴെല്ലാം അവരുടെ അടുത്തേക്ക് പോവാറില്ല. അവരുടേതായ ഇടം നല്‍കണമെന്ന് കരുതുന്നയാളാണ് താന്‍.
അമ്മ എപ്പോഴും ഇവിടെയാണല്ലോ എന്ന തോന്നല്‍ അവര്‍ക്കുണ്ടാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവരുടെ സ്വകാര്യത അവരുടേതുമാത്രമാണ്. ഞാനതില്‍ ഇടപെടില്ല. റാഹ അവള്‍ക്ക് സമയംകിട്ടുമ്പോഴെല്ലാം എന്റെ അടുത്തേക്ക് വരും. പറയാതെ ഞാനൊരിക്കലും അങ്ങോട്ടു പോവാറില്ല- നീതു പറയുന്നു.
മകള്‍ റിദ്ധിമ വിവാഹിതയായ സമയത്ത് ഭര്‍ത്താവും നടനുമായ റിഷി കപൂറിനോടും അവരുടെ ഇടം വിട്ടുനല്‍കണമെന്ന് പറഞ്ഞിരുന്നുവെന്ന് നീതു പറയുന്നു. ഇടയ്ക്കിടെ മകളെ വിളിച്ചുകൊണ്ടിരിക്കുന്നതെന്ന് താന്‍ പറയും. എല്ലാ ദിവസവും മകളെ വിളിക്കേണ്ട, അവളെ അവളുടെ വഴിക്ക് വിടണമെന്ന് പറയും. പക്ഷേ തനിക്ക് തോന്നുമ്പോഴൊക്കെ മകളെ വിളിക്കുമെന്നാണ് റിഷി പറഞ്ഞിരുന്നത്. വല്ലപ്പോഴും വിളിക്കുന്നതില്‍ തെറ്റില്ല, പക്ഷേ എല്ലായ്‌പ്പോഴും വിളിക്കരുതെന്നാണ് താന്‍ പറഞ്ഞിരുന്നതെന്നഒം നീതു പറയുന്നു.
2025 നവംബറിലാണ് രണ്‍ബീറും ആലിയയും മകള്‍ റാഹയ്ക്കും നീതു കപൂറിനുമൊപ്പം മുംബൈയിലെ പാലി ഹില്ലിലുള്ള വീട്ടിലേക്ക് താമസം മാറിയത്.