
മെച്ചപ്പെട്ട ഉഭയകക്ഷിബന്ധവും ലോകസമാധാനവും ലക്ഷ്യമാക്കി പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാട്ടി ലിയോ പതിനാലാമൻ പാപ്പായും അമേരിക്കയുടെ സ്റ്റേറ്റ് സെക്രെട്ടറി മാർക്കോ റൂബിയോയും. ലോകത്ത് അമേരിക്ക കൂടി ഉൾപ്പെട്ട സംഘർഷങ്ങളും യുദ്ധങ്ങളും അരങ്ങേറുന്ന സാഹചര്യം നിലനിൽക്കെയാണ്, പരിശുദ്ധ പിതാവുമൊത്തുള്ള കൂടിക്കാഴ്ചയ്ക്കായി മെയ് 7 വ്യാഴാഴ്ച മാർക്കോ റൂബിയോ വത്തിക്കാനിലെത്തിയത്.
വത്തിക്കാനിലെ സ്റ്റേറ്റ് സെക്രെട്ടറിയേറ്റ് സമുച്ചയത്തിലെ അപ്പസ്തോലിക കൊട്ടാരത്തിൽ വച്ച് പരിശുദ്ധ പിതാവുമൊത്ത് നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ, വത്തിക്കാനും വിദേശരാജ്യങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധത്തിനായുള്ള വിഭാഗം തലവൻ ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഗർ എന്നിവരുമായും അമേരിക്കൻ സ്റ്റേറ്റ് സെക്രെട്ടറി കൂടിക്കാഴ്ചകൾ നടത്തി.
വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിന്റെ വിവിധ ഓഫീസുകളിൽ നടന്ന കൂടിക്കാഴ്ചകളിൽ, പരിശുദ്ധ സിംഹാസനവും അമേരിക്കയും തമ്മിലുള്ള നല്ല ഉഭയകക്ഷിബന്ധം കൂടുതൽ വളർത്താനായുള്ള പൊതുവായ പരിശ്രമത്തിന്റെ ആവശ്യം എടുത്തുപറഞ്ഞ ഇരു നേതൃത്വങ്ങളും, ദേശീയ, അന്തർദേശീയ, രാഷ്രീയ, സാമൂഹിക അവസ്ഥകളെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടുകളും പങ്കുവച്ചവെന്ന്, കൂടിക്കാഴ്ചയുടെ വിശദവിവരങ്ങൾ ലഭ്യമാക്കിക്കൊണ്ട് മെയ് 7-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ വത്തിക്കാൻ പ്രെസ് ഓഫീസ് അറിയിച്ചു.
യുദ്ധങ്ങളും രാഷ്ട്രീയപ്രതിസന്ധികളും, ബുദ്ധിമുട്ടേറിയ മാനവികപ്രശ്നങ്ങളും നിലനിൽക്കുന്ന ഇടങ്ങളെക്കുറിച്ചും, സമാധാനത്തിനുവേണ്ടി അക്ഷീണം പരിശ്രമിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചും ഇരുരാഷ്ട്ര നേതൃത്വങ്ങളും ചർച്ച ചെയ്തുവെന്നും പരിശുദ്ധ സിംഹാസനം വ്യക്തമാക്കി.
യുദ്ധങ്ങളും സംഘർഷങ്ങളും നിലനിൽക്കുന്ന രാജ്യങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ, ലേബനനും ഇറാനുമുൾപ്പെടെ ആഫ്രിക്കയിലും, മദ്ധ്യപൂർവ്വദേശങ്ങളിലുമുള്ള ചില രാജ്യങ്ങളും ക്യൂബയും ഇടം പിടിച്ചുവെന്ന് പരിശുദ്ധ സിംഹാസനം അറിയിച്ചു. കഴിഞ്ഞ മെയ് 19-നും പരിശുദ്ധ പിതാവും മാർക്കോ റൂബിയോയും തമ്മിൽ കണ്ടുമുട്ടിയിരുന്നു.