Image

ബംഗാളില്‍ സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് മോദി കാല്‍ തൊട്ടുവന്ദിച്ച വയോധികനാര്?

Published on 09 May, 2026
ബംഗാളില്‍ സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് മോദി കാല്‍ തൊട്ടുവന്ദിച്ച വയോധികനാര്?

 

കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളില്‍ ആദ്യ ബിജെപി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിമാരും അടക്കം പ്രമുഖ നേതാക്കള്‍ എല്ലാം സന്നിഹിതരായിരുന്നു. വേദിയില്‍ മോദി ഷാള്‍ അണിയിച്ച് ആദരിക്കുകയും കാല്‍തൊട്ട് വന്ദിക്കുകയും ചെയ്ത വയോധികന്‍ ആരാണെന്നാണ് ഇപ്പോള്‍ രാജ്യം തേടുന്നത്.

മക്കന്‍ ലാല്‍ ശങ്കര്‍ എന്ന 97 കാരനെയാണ് മോദി വേദിയില്‍ ആദരിക്കുകയും കെട്ടിപ്പിടിക്കുകയും കാല്‍തൊട്ട് വന്ദിക്കുകയും ചെയ്തത്. സിലിഗുരി സ്വദേശിയായ ഇദ്ദേഹം ബിജെപി രൂപീകരണ കാലത്ത് ബംഗാളില്‍ നിന്ന് പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിച്ച ആദ്യകാല നേതാക്കളില്‍ ഒരാളാണ്. ഭാരതീയ ജനസംഘം സ്ഥാപക നേതാവായ ശ്യാമപ്രസാദ് മുഖര്‍ജിയുടെ അടുത്ത അനുയായിരുന്നു മക്കന്‍ ലാല്‍ ശങ്കറ. എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സമിക് ഭട്ടാചാര്യ വ്യക്തമാക്കി.

കശ്മീരിലെ ജയിലില്‍ ദുരൂഹ സാഹചര്യത്തിലാണ് മുഖര്‍ജി മരിക്കുന്നത്. അദ്ദേഹത്തിന്റെ അവസാനയാത്രയില്‍ ഒപ്പമുണ്ടായിരുന്ന ആളാണ് ശങ്കര്‍. അദ്ദേഹം സാന്നിധ്യം തങ്ങള്‍ക്ക് ഏറെ അനുഗ്രഹമാണെന്നും സമിക് ഭട്ടാചാര്യ പറഞ്ഞു.

കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്പോള്‍ ദേശഭക്തി ഗാനം ആലപിച്ചതിന് ഡല്‍ഹിയില്‍ വച്ച് ശങ്കര്‍ പോലീസ് കസ്റ്റഡിയിലായി. അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കി. മാപ്പാപേക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു. താന്‍ ഒരു ഗാനം ആലപിച്ചതിനാണ് അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം കോടതിയില്‍ ബോധിപ്പിച്ചു. ആ ഗാനം ആലപിക്കാന്‍ കോടതി ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം വീണ്ടും പാടി. ഗാനം ശ്രവിച്ച കോടതി അദ്ദേഹത്തെ ഫസ്റ്റ് ക്ലാസ് ടിക്കറ്റ് നല്‍കി  വീട്ടിലേക്ക് അയക്കാനും യാത്രാചെലവിന് 100 രൂപ നല്‍കാനും ആവശ്യപ്പെടുകയായിരുന്നുവെന്നും ബിജെപി ബംഗാള്‍ അധ്യക്ഷന്‍ പറഞ്ഞു.

സിലിഗുരിയിലെ ബിജെപിയുടെ ആദ്യ ജില്ലാ പ്രസിഡന്റായിരുന്നു മക്കന്‍ ലാല്‍ ശങ്കര്‍. ശ്യാമപ്രസാദിനൊപ്പമുള്ള കശ്മീര്‍ യാത്രയ്ക്കിടെ 1952ല്‍ അറസ്റ്റ് ചെയ്യപ്പെട്ടു. കശ്മീരില്‍ ദേശീയപതാക ഉയര്‍ത്താനായിരുന്നു സംഘത്തിന്റെ യാത്ര. ബിജെപി രുപീകൃതമായ ശേഷം വെസ്‌റ് ദിാജ്പുര്‍, ജാല്‍പായ്ഗുരി, ഡാര്‍ജലിംഗ് ജില്ലകളിലെ സംഘടന സംഘാടകനായിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ പാര്‍ട്ടിയിലേക്ക് 10,000 പേരെ ചേര്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 1981 മുതല്‍ ഏഴ് വര്‍ഷം ജില്ലാ അധ്യക്ഷനായി തുടര്‍ന്നു. സാധാരണ രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ഒരു പദവിയില്‍ ഒരാള്‍ തുടരാത്ത സാഹചര്യത്തിലായിരുന്നു ഇത്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക