Image

എല്ലാ കാര്യത്തിലും വിലപേശും'; ദക്ഷിണേന്ത്യന്‍ താരങ്ങളെ ബോളിവുഡ് വിലകുറച്ച് കാണുന്നുവെന്ന് സിമ്രാന്‍

Published on 09 May, 2026
എല്ലാ കാര്യത്തിലും വിലപേശും'; ദക്ഷിണേന്ത്യന്‍ താരങ്ങളെ ബോളിവുഡ് വിലകുറച്ച് കാണുന്നുവെന്ന് സിമ്രാന്‍



ഒട്ടേറെ തമിഴ് ചിത്രങ്ങളിലൂടെ പ്രേക്ഷകമനസില്‍ ഇടംപിടിച്ച നടിയാണ് സിമ്രാന്‍. ഒപ്പം അനവധി ഹിന്ദി ചിത്രങ്ങളിലൂടെ ബോളിവുഡിലും താരം സാന്നിധ്യമറിയിച്ചിട്ടുണ്ട്. അനാരി നമ്പര്‍ വണ്‍, യുവ, ടൈഗര്‍ 3 എന്നിവ അവയില്‍ ചില ഹിറ്റ് ചിത്രങ്ങളാണ്. ഇപ്പോഴിതാ ബോളിവുഡില്‍ നിന്ന് താന്‍ നേരിട്ട ചില ദുരനുഭവങ്ങള്‍ തുറന്നുപറയുകയാണ് താരം. ദക്ഷിണേന്ത്യയില്‍ നിന്നുള്ള അഭിനേതാക്കളെ ബോളിവുഡ് വിലകുറച്ച് കാണുകയാണെന്ന് അവര്‍ പറയുന്നു.


'ഹിന്ദി സിനിമയില്‍ അഭിനയിക്കാനുള്ള അവസരം ഞാന്‍ പലതവണ നിരസിച്ചിട്ടുണ്ട്. കാരണം ആ ആളുകളുമായി കണക്ട് ചെയ്യാന്‍ എനിക്ക് പറ്റുന്നില്ല. സൗത്തില്‍ നമ്മള്‍ ചെയ്ത സിനിമകളൊന്നും അവര്‍ കണ്ടിട്ടേയില്ല എന്ന് തോന്നും. അത് എന്നെ അലട്ടുന്നു. നമുക്ക് ഒരു ബഹുമാനവും ലഭിക്കുന്നില്ല. ജീവിതത്തിന്റെ പാതിയും സിനിമയ്ക്കായി നല്‍കിയയാളാണ് ഞാന്‍. എന്നിട്ടും മതിയായ ബഹുമാനം എനിക്ക് ലഭിക്കുന്നില്ല.' -സിമ്രാന്‍ പറഞ്ഞു.


ചില പ്രൊഡക്ഷന്‍ കമ്പനികള്‍ അടിസ്ഥാന കാര്യങ്ങളില്‍ പോലും വിലപേശാറുണ്ടെന്നും താരം പറഞ്ഞു. 'താമസിക്കാനുള്ള ഹോട്ടലിന്റെ കാര്യത്തില്‍ അവര്‍ വില പേശും . എനിക്കൊപ്പം യാത്ര ചെയ്യുന്നവരുടെ എണ്ണം അവര്‍ പരിമിതപ്പെടുത്തും. 'നിങ്ങള്‍ക്ക് ഇത്രയധികം ജീവനക്കാരെ ഒപ്പം കൂട്ടാന്‍ കഴിയില്ല' എന്ന് അവര്‍ പറയും. അവര്‍ ഹോട്ടല്‍ മുറിയുടെ കാര്യത്തിലും ടിക്കറ്റിന്റെ കാര്യത്തിലും വില പേശും. ഇതെല്ലാമെന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു. പക്ഷേ ആരും ഇതേക്കുറിച്ച് ഒന്നും പറയുന്നില്ല. അവിടെയൊരു മൂപ്പിളമയുണ്ട്.' -താരം തുടര്‍ന്നു.

അതേസമയം അടുത്തിടെ സണ്ണി ഡിയോളിനൊപ്പം താന്‍ അഭിനയിച്ച ഗബ്രു എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നല്ല അനുഭവമാണ് ഉണ്ടായതെന്നും സിമ്രാന്‍ പറയുന്നു. തന്നെ നന്നായി പരിഗണിച്ച നിര്‍മാതാവ് ഓം ചംഗാനിയെ അവര്‍ പ്രകീര്‍ത്തിച്ചു. സണ്ണി ഡിയോള്‍ എളിമയുള്ള മനുഷ്യനാണ്. ഗുല്‍മോഹര്‍ എന്ന ചിത്രത്തിന്റെ അണിയറക്കാരും ഊഷ്മളമായാണ് പെരുമാറിയതെന്നും അവര്‍ പറഞ്ഞു. ഫിലിംഫെയറിനോട് സംസാരിക്കുകയായിരുന്നു സിമ്രാന്‍.

 

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക