Image

ക്വീൻസിൽ തീപിടിത്തത്തിൽ ഇന്ത്യൻ വംശജന് ദാരുണാന്ത്യം

Published on 09 May, 2026
ക്വീൻസിൽ തീപിടിത്തത്തിൽ ഇന്ത്യൻ വംശജന് ദാരുണാന്ത്യം

ന്യൂയോർക്ക്: ക്വീൻസിലെ റിച്ച്മണ്ട് ഹില്ലിൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ ഇന്ത്യൻ വംശജനായ ഹർഭജൻ സിംഗ് മരണപ്പെട്ടു. കുടുംബസുഹൃത്തും സഹവാസിയുമായിരുന്ന ഹർഭജനെ രക്ഷിക്കാൻ വീട്ടുടമ ലക്ഷ്‌വിന്ദർ സിംഗ് ജീവൻ പണയം വെച്ച് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
 

ലെഫർട്സ് ബൂളിവാർഡിനും 95-ാം അവന്യൂവിനും സമീപമുള്ള ഇരുനില വീട്ടിലാണ് രാവിലെ 6.45ന്  തീപിടിത്തമുണ്ടായത്. ലക്ഷ്‌വിന്ദർ സിംഗിന്റെ കുടുംബത്തോടൊപ്പം വീടിന്റെ പിൻഭാഗത്തായിരുന്നു ഹർഭജൻ സിംഗ് താമസിച്ചിരുന്നത്.

 പുകമണം അനുഭവപ്പെട്ട ഭാര്യ പിന്നിലെ മുറിയിൽ ഉള്ള അങ്കിളിനെ നോക്കൂ എന്ന് പറഞ്ഞതോടെയാണ് താൻ ഉണർന്നതെന്ന് 44-കാരനായ ലക്ഷ്‌വിന്ദർ പറഞ്ഞു. ഹർഭജന്റെ മുറിയിലേക്ക് ഓടിച്ചെന്നപ്പോൾ കനത്ത പുക പുറത്തേക്ക് വരുന്നതാണ് കണ്ടത്.ഉടൻ തന്നെ തീ അണക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തെത്തിയ അഗ്‌നിശമന സേന വീട്ടിന്റെ പിൻഭാഗത്ത് നിന്ന് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ഹർഭജന്റെ മൃതദേഹം കണ്ടെത്തി.

 വളരെ സന്തോഷവാനായിരുന്ന അദ്ദേഹത്തിന്റെ മരണം വലിയ ഞെട്ടലും ദുഃഖവുമാണെന്ന് ലക്ഷ്‌വിന്ദർ പറഞ്ഞു. 20 വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിൽ നിന്ന് അമേരിക്കയിലെത്തിയ ഹർഭജൻ സിംഗ്  ടാക്‌സി ഡ്രൈവറായിരുന്നു. ഭാര്യ ഇന്ത്യയിലും മകൻ ടെക്സസിലുമാണ് താമസം. ക്വീൻസ് കമ്മ്യൂണിറ്റി ബോർഡ് 9 ചെയർപേഴ്സൺ ഷെറി അൽഗ്രെഡോ കുടുംബത്തെ സന്ദർശിച്ച് അനുശോചനം അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക