
മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കുള്ള വി.ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാല്‍ അനുയായികളുടെ ഫ്ളക്സ് യുദ്ധം കയ്യാങ്കളിയിലേയ്ക്ക് നീങ്ങിയതിനിടെ എം.എല്‍.എമാരുടെ തലയെണ്ണാനെത്തിയ എ.ഐ.സി.സി നിരീക്ഷകരിലൊരാളായ മുകുള്‍ വാസ്നിക്കിന്റെ കൈവശമുള്ള ഹിതപരിശോധനയുടെ രേഖ ചോര്‍ന്നത് വലിയ രാഷ്ട്രീയ പ്രാധാന്യമുള്ള വാര്‍ത്തയായി. പുതിയ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ പിന്തുണ സംബന്ധിച്ച് അതീവ രഹസ്യമായി സൂക്ഷിക്കേണ്ടിയിരുന്ന വിവരങ്ങളാണ് പുറത്തായത്. ഇന്നലെ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ നടന്ന കൂടിക്കാഴ്ചകള്‍ക്ക് ശേഷം മുകുള്‍ വാസ്നിക് പുറത്തിറങ്ങിയപ്പോഴാണ് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിലെ ഫോട്ടോഗ്രാഫര്‍ ബി.പി ദീപു അദ്ദേഹത്തിന്റെ കൈയിലിരുന്ന ലിസ്റ്റിന്റെ ആദ്യഭാഗത്തിന്റെ ചിത്രം പകര്‍ത്തിയത്.
മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ഡല്‍ഹിയില്‍ നിന്നുള്ള നിരീക്ഷകര്‍ ഓരോ എം.എല്‍.എമാരുമായും ഒറ്റയ്ക്കൊറ്റയ്ക്കാണ് രഹസ്യ കൂടിക്കാഴ്ച നടത്തിയത്. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെ രേഖയില്‍ ഏഴ് എംഎല്‍എമാരുടെ പേരുകളും ഫോണ്‍ നമ്പറുകളുമാണുള്ളത്. ഇതില്‍ ആറ് പേര്‍ കെ.സി വേണുഗോപാലിനെ അനുകൂലിക്കുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എം.എല്‍.എമാരായ സന്ദീപ് വാര്യര്‍, സജീവ് ജോസഫ്, ടി.ഒ മോഹനന്‍, സണ്ണി ജോസഫ്, ഉഷ വിജയന്‍, ടി സിദ്ദീഖ് എന്നിവര്‍ കെ.സി വേണുഗോപാലിനെ പിന്തുണയ്ക്കുന്നവരാണ്. ഐ.സി ബാലകൃഷ്ണന്‍ ഇരുവര്‍ക്കും പിന്തുണ നല്‍കിയതായി ചിത്രത്തില്‍ വ്യക്തമാണ്. നിലവില്‍ കെ.സി വേണുഗോപാലും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ വലിയ ശീതസമരമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നടക്കുന്നത്. ഇതിനിടയിലാണ് നിര്‍ണായക വിവരങ്ങള്‍ പുറത്തായത്.
എന്നാല്‍ സംഭവം വിവാദമായതോടെ പുറത്ത് വന്നത് യഥാര്‍ഥ പട്ടികയല്ലെന്ന് പറഞ്ഞ് മുകുള്‍ വാസ്നിക് ഉരുണ്ടു കളിച്ചു. ഇത് യഥാര്‍ഥ പട്ടികയല്ലെന്നും ഈ രേഖയില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും മറ്റൊരു നീരീക്ഷകനായ അജയ് മാക്കനും പറഞ്ഞു. ''ഇന്ന് ഞങ്ങള്‍ കോണ്‍ഗ്രസ് പ്രസിഡന്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവിനെ (സി.എല്‍.പി) തിരഞ്ഞെടുക്കാനുള്ള അവകാശം കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കുന്ന ഒരു ഒറ്റവരി പ്രമേയം മുഴുവന്‍ സി.എല്‍.പിയും പാസാക്കി. ആ പ്രമേയത്തിന്റെ ഒരു പകര്‍പ്പും കൈമാറി. ഞങ്ങള്‍ എം.എല്‍.എമാരുമായി നേരിട്ട് സംസാരിക്കുകയും അവര്‍ പറഞ്ഞതെല്ലാം രേഖപ്പെടുത്തുകയും ചെയ്തു. പേരുകള്‍ മാത്രമല്ല, പലര്‍ക്കും ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടായിരുന്നു. ഞങ്ങള്‍ അത് എഴുതി ഹൈക്കമാന്‍ഡിനു സമര്‍പ്പിച്ചു...'' അജയ് മാക്കന്റെ വിശദീകരണമിങ്ങനെ.
പാര്‍ലമെന്ററി പാര്‍ട്ടി അംഗങ്ങളില്‍ 47 പേര്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കെ.സി വേണുഗോപാലിന്റെ പേര് എ.ഐ.സി.സി നിരീക്ഷകരോട് പറഞ്ഞുവെന്നാണ് കെ.സി വേണുഗോപാല്‍ പക്ഷത്തിന്റെ അവകാശവാദം. എ ഗ്രൂപ്പ് പൊതുവേ കെ.സി വേണുഗോപാലിനെ പിന്തുണയ്ക്കുന്ന നിലപാടാണെടുത്തത്. എ ഗ്രൂപ്പിലെ 10 പേര്‍ കെ.സിയുടെ പേര് പറഞ്ഞിട്ടുണ്ടത്രേ. രണ്ടു കാര്യങ്ങളാണ് ഇതിന് എ ഗ്രൂപ്പ് ചൂണ്ടിക്കാണിക്കുന്നത്. സണ്ണി ജോസഫ് സര്‍ക്കാരിന്റെ ഭാഗമാകുമ്പോള്‍ ബെന്നി ബെഹനാനെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പരിഗണിക്കുമെന്ന ഉറപ്പ്. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ തിരഞ്ഞെടുപ്പ് ചെലവുവരെയുള്ള കാര്യങ്ങളില്‍ കെ.സി നല്‍കിയ സഹായം
തനിക്കൊപ്പം 23 പേരുണ്ടെന്നാണ് രമേശ് ചെന്നിത്തലയുടെ വിശ്വാസം. ഹൈക്കമാന്‍ഡ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന സ്വതന്ത്ര നിലപാടാണ് രമേശ് പിഷാരടി, ചാണ്ടി ഉമ്മന്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചതെന്നറിയുന്നു. കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ 35 പേരുടെ പിന്തുണയാണ് സതീശനോടൊപ്പമുള്ളവര്‍ ഉറപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ മുന്നണിയെ ആത്മവിശ്വാസത്തോടെ നയിക്കാന്‍ വി.ഡി സതീശന് കഴിഞ്ഞുവെന്ന് ഘടകകക്ഷികള്‍ എല്ലാവരും ചൂണ്ടിക്കാട്ടി. പൊതുവികാരം സതീശന് അനുകൂലമാണെന്നും വ്യക്തമാക്കി. മുഖ്യമന്ത്രിയായി സതീശനെ മാത്രമേ തീരുമാനിക്കാവൂ എന്ന കടുപിടുത്തം ആര്‍ക്കുമുണ്ടായിരുന്നില്ലെന്നാണ് വിവരം.
പക്ഷേ, സംസ്ഥാനത്ത് ഉടന്‍ ഉപതിരഞ്ഞെടുപ്പിനുള്ള സാഹചര്യം ഒരുക്കുന്നത് ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാകുമെന്ന അഭിപ്രായം ഘടകകക്ഷികള്‍ അറിയിച്ചു. യു.ഡി.എഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലീം ലീഗിന്റെ നിലപാട് വി.ഡി സതീശന്‍ മുഖ്യമന്ത്രിയാവണമെന്നാണ്. കേരളത്തില്‍ ഉടനെ ഒരു ഉപതിരഞ്ഞെടുപ്പ് നടത്തുന്നത് വിപരീത ഫലം ചെയ്യുമെന്നും ജനങ്ങള്‍ നല്‍കിയ ഈ മഹാഭൂരിപക്ഷത്തെ വെല്ലുവിളുക്കുന്നതാണെന്നും ലീഗ് അഭിപ്രായപ്പെടുന്നു. കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ച ജനം, വി.ഡി സതീശനെ തന്നെയാണ് മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നതെന്ന് പേര് പറയാതെതന്നെ ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖ് അലി ശിഹാബ് തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
''പോര്‍മുഖത്ത് നിന്ന് പടവെട്ടിയവനെ കോണ്‍ഗ്രസ് തന്നെ വനവാസത്തിന് വിടരുതേ..! അത് ഉണ്ടാക്കുന്ന ആഘാതം, ജനാധിപത്യത്തിന്റെ മുഖത്ത് ഉരുക്കിയ ടാര്‍ ഉരുക്കി ഒഴിക്കുന്ന പോലാവും. അര്‍ഹനായവനെ അനര്‍ഹനാക്കരുത്. അങ്ങനെ ചെയ്താല്‍ അത് വലിയൊരു ഒരു രാഷ്ട്രീയ വിഡ്ഢിത്തം ആയി തീരും...'' എന്ന സംവിധായകന്‍ ഭദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റും ശ്രദ്ധേയമായി. ഹൈക്കമാന്‍ഡിനോട് ഒരു അഭ്യര്‍ത്ഥനയിലാണ് ഭദ്രന്റെ പരാമര്‍ശം.
പി.ജെ ജോസഫിന്റെ താത്പര്യവും സതീശന് അനുകൂലമാണ്. തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മികച്ച വിജയം ലഭിച്ചില്ലെങ്കില്‍ താന്‍ വനവാസത്തിന് പോകുമെന്ന് വി.ഡി സതീഷന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ 102 സീറ്റെന്ന ഉജ്വല വിജയമുണ്ടായിട്ടും സതീശന് വനവാസത്തിന് പോകേണ്ടി വരുമോയെന്നാണ് ജനം ഉറ്റുനോക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കില്‍ സതീശന്‍ മന്ത്രിസഭയില്‍ നിന്ന് വിട്ടുനിന്ന് പ്രതിഷേധം രേഖപ്പെടുത്തുമെന്നും കേള്‍ക്കുന്നു. ഇതിനിടെ, എ.ഐ.സി.സിയുടെ നിര്‍ദ്ദേശപ്രകാരം വി.ഡി സതീശന്‍, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവര്‍ ഇന്ന് രാത്രി ഡല്‍ഹിയിലെത്തും. നാളെ ഇവരുമായി കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചര്‍ച്ച നടത്തും.
എ.ഐ.സി.സി നിരീക്ഷകരായ മുകുള്‍ വാസ്നിക്കും അജയ് മാക്കനും കൈമാറിയ റിപ്പോര്‍ട്ടും ഘടകകക്ഷികളുടെ നിലപാടും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും പരിശോധിക്കും. പിന്നീട് നേതാക്കളെ സമവായ ചര്‍ച്ചയ്ക്കായി വിളിപ്പിക്കും. ഞായറാഴ്ചയോടെ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. അതിനായി ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്നു.