Image

സാഹിത്യസമ്മേളനം എല്ലാ പ്രൗഢിയോടും കൂടി ഫൊക്കാന കണ്‍വെന്‍ഷനില്‍. (വര്‍ഗീസ് കോരസണ്‍)

Published on 08 May, 2026
 സാഹിത്യസമ്മേളനം   എല്ലാ പ്രൗഢിയോടും കൂടി ഫൊക്കാന കണ്‍വെന്‍ഷനില്‍.  (വര്‍ഗീസ് കോരസണ്‍)

ന്യൂ യോര്‍ക്ക് : 2026 ആഗസ്റ്റ് 6-ാം തീയതി പെന്‍സില്‍വാനിയയിലെ കലഹാരി റിസോര്‍ട്ടില്‍ അരങ്ങേറുന്ന ഫൊക്കാന കണ്‍വെന്‍ഷനില്‍ മലയാള ഭാഷക്കും സാഹിത്യത്തിനും അര്‍ഹമായ പ്രാധാന്യം നല്‍കി വിപുലമായ സാഹിത്യസമ്മേളനം സംഘടിപ്പിക്കുന്നു.

കുമരകത്ത് നടന്ന കേരള കണ്‍വെന്‍ഷനിലെ സാഹിത്യസമ്മേളനങ്ങളും ശ്രദ്ധേയമായിരുന്നു. മലയാള സാഹിത്യരംഗത്തെ പ്രമുഖ എഴുത്തുകാരെ ആദരിക്കുകയും പുരസ്‌കാരങ്ങള്‍ നല്‍കി അനുമോദിക്കുകയും ചെയ്ത ചടങ്ങുകള്‍ വലിയ ജനശ്രദ്ധ നേടിയിരുന്നു. സാഹിത്യരംഗത്ത് സജീവമായ എഴുത്തുകാരുടെ സാന്നിധ്യംകൊണ്ട് സമ്പുഷ്ടമായിരുന്ന ആ സമ്മേളനങ്ങള്‍ ഏറെ പ്രശംസിക്കപ്പെട്ടു. മലയാളികളുടെ ലോകത്തിലെ ഏറ്റവും സമഗ്രവും പഴക്കമേറിയതുമായ സാമൂഹിക സംഘടനകളിലൊന്നായി ഫൊക്കാനയെ അടയാളപ്പെടുത്തുന്നതിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിര്‍ണായക പങ്കുവഹിക്കുന്നു.

കലഹാരി റിസോര്‍ട്ടില്‍ അരങ്ങേറുന്ന ഫൊക്കാന കണ്‍വെന്‍ഷനിലും ചരിത്രം കുറിക്കുന്ന സാഹിത്യസമ്മേളനമാണ് ഒരുങ്ങുന്നത്. മലയാള ഭാഷക്കും സാഹിത്യത്തിനും നോര്‍ത്ത് അമേരിക്കയില്‍ ശ്രദ്ധേയമായ ഇടം സൃഷ്ടിക്കുന്നതില്‍ ഫൊക്കാന സ്ഥിരതയാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. നോര്‍ത്ത് അമേരിക്കയിലെ മലയാളം എഴുത്തുകാരെ ഒരുമിപ്പിക്കുന്ന വലിയ സാഹിത്യവേദിയായിരിക്കും ഇത്തവണത്തെ സമ്മേളനം. കണ്‍വെന്‍ഷന്റെ പ്രധാന വേദികളിലൊന്നില്‍ തന്നെയായിരിക്കും സാഹിത്യസമ്മേളനം നടക്കുക.

കേരളത്തില്‍ നിന്നുള്ള പ്രമുഖ സാഹിത്യകാരന്മാരും അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന എഴുത്തുകാരും സമ്മേളനത്തില്‍ പങ്കെടുക്കും. ശ്രീ. അടൂര്‍ ഗോപാലകൃഷ്ണന്‍, കെ. വി. മോഹന്‍കുമാര്‍, ജോസ് പനച്ചി, പി.പി.ജെയിംസ്, ബെന്നി നായരമ്പലം, ഡോ. പ്രമീളാദേവി, ടി .ഡി . രാമകൃഷ്ണന്‍  തുടങ്ങിയ നിരവധി സാഹിത്യ പ്രതിഭകള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

നോര്‍ത്ത് അമേരിക്കയിലെ മലയാളം എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി നോവല്‍, ചെറുകഥ, കവിത, ഹാസ്യം, യാത്രാവിവരണം, ലേഖനം എന്നീ വിഭാഗങ്ങളില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പുറത്തിറങ്ങിയ കൃതികള്‍ വിലയിരുത്തി അവാര്‍ഡുകള്‍ നല്‍കും. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്. കൂടാതെ, നോര്‍ത്ത് അമേരിക്കന്‍ എഴുത്തുകാരുടെ സമഗ്ര സാഹിത്യ സംഭാവനകള്‍ പരിഗണിച്ചും പ്രത്യേക അംഗീകാരങ്ങള്‍ നല്‍കപ്പെടും.

ഇതുവരെ പ്രസിദ്ധീകരിച്ച മലയാള പുസ്തകങ്ങളുടെ വിപുലമായ പ്രദര്‍ശനവും കണ്‍വെന്‍ഷനോടനുബന്ധിച്ച് ഒരുക്കുന്നുണ്ട്. പുസ്തകചര്‍ച്ചകള്‍, പുസ്തക പ്രകാശനങ്ങള്‍, സാഹിത്യത്തിലെ പുതിയ പ്രവണതകളെക്കുറിച്ചുള്ള സംവാദങ്ങള്‍ എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.

സാഹിത്യസമ്മേളനത്തിന്റെ ക്രമീകരണങ്ങള്‍ക്കായി കോരസണ്‍ വര്‍ഗീസ് (ചെയര്‍മാന്‍), കെ. കെ. ജോണ്‍സന്‍ (കോ-ചെയര്‍മാന്‍), മുരളി ജെ. നായര്‍ (കോ-ചെയര്‍മാന്‍), ഗീത ജോര്‍ജ് (കോര്‍ഡിനേറ്റര്‍), ബെന്നി നെച്ചൂര്‍, അബ്ദുള്‍ പുന്നയൂര്‍ക്കുളം, വേണുഗോപാലന്‍ കൊക്കോടന്‍, അഭിലാഷ് തുണ്ടുമണ്ണില്‍ എന്നിവരെ നിയമിച്ചതായി പ്രസിഡന്റ് സജിമോന്‍ ആന്റണി, സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷറര്‍ ജോയി ചാക്കപ്പന്‍ എന്നിവര്‍ അറിയിച്ചു.

സാഹിത്യസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇതുവരെ കണ്‍വെന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. കണ്‍വെന്‍ഷന്‍ വേദിയിലെ മുറികള്‍ മുഴുവന്‍ ബുക്ക് ചെയ്തതിനാല്‍, കൂടുതല്‍ താമസസൗകര്യങ്ങള്‍ സമീപ ഹോട്ടലുകളില്‍ ക്രമീകരിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.
 

Join WhatsApp News
പ്രിൻസ് തോപ്രാംകുടി 2026-05-08 19:14:53
നോര്‍ത്ത് അമേരിക്കയിലെ മലയാളം എഴുത്തുകാരെ ഒരുമിപ്പിക്കുന്ന വലിയ സാഹിത്യവേദിയായിരിക്കും ഇത്തവണത്തെ സമ്മേളനം. കൊള്ളാം നല്ല കാര്യം . അഭിനന്ദനങ്ങൾ . ചേർത്തു വായിക്കുമ്പോൾ കേരളത്തില്‍ നിന്നുള്ള പ്രമുഖ സാഹിത്യകാരന്മാരും അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന എഴുത്തുകാരും സമ്മേളനത്തില്‍ പങ്കെടുക്കും എന്നു കാണുന്നു . ഫൊക്കാനയ്ക്കു ആരേ വേണേലും ക്ഷണിക്കാം പങ്കെടിപ്പിക്കാം . അതു നിങ്ങളുടെ ഇഷ്ടം. പക്ഷേ എന്നാണാവോ അടൂര്‍ ഗോപാലകൃഷ്ണന്‍, ജോസ് പനച്ചി, പി.പി.ജെയിംസ്, ബെന്നി നായരമ്പലം, എന്നിവർ സാഹിത്യകാരന്മാരായതു ? സാഹിത്യകാരൻ വേറേ , സിനിമാക്കാരൻ വേറേ . അമേരിക്കയിലെ മലയാളം എഴുത്തുകാരെ ആദരിക്കാതെ എന്തു സമ്മേളനം ? ഈമലയാളിൽ കൂടി വായനക്കാരെ രസിപ്പിക്കുന്ന എത്രയോ എഴുത്തുകാർ നമ്മുടെ ചുറ്റും ജീവിക്കുന്നു. ശ്രീ രാജു മൈലപ്രാ , സുധീർ പണിക്കവീട്ടിൽ , ജയൻ വര്ഗീസ് , മനോഹർ തോമസ്, രതീദേവി , എൽസി യോഹന്നാൻ ശങ്കരത്തിൽ , സരോജാ വര്ഗീസ് , മീനു എലിസബത്ത് , നിർമല ഇവരൊക്കെ അംഗീകരിക്കപ്പെടേണ്ടതാണ് . പ്രിൻസ് തോപ്രാംകുടി
പ്രിൻസ് കീരംപാറ 2026-05-08 23:34:58
ലിസ്റ്റ് തീർന്നില്ല കേട്ടോ prince thoprankuddy. കുറഞ്ഞപക്ഷം വേറെയും ഒരു 40 പേരെ കൂടെ വേറെ എഴുതി ചേർക്കണം അംഗീകരിക്കണം. നിങ്ങൾ എഴുതിയിരിക്കുന്നത് ഒരു 10 പേരുടെ പേരെ ഉള്ളൂ. ആ 10 പേരിൽ കുറേ പേരെ Delete ചെയ്യണം. വേറെ ഒരു 40 പ്രമുഖ എഴുത്തുകാരെ ചേർക്കണം. റെജി നെടുങ്ങാട പള്ളി, സമീപകാലത്ത് തുടങ്ങിയതാണെങ്കിലും prince thoprankudy തുടങ്ങിയവരെയും ചേർക്കണം.
Vaayanakkaran 2026-05-09 01:01:35
പ്രിൻസ് തോപ്രാംകൂടി എഴുതിയ അഭിപ്രായം വളരെ ശരിയാണ്. നാട്ടിൽ നിന്നും ചൊല്ലും ചിലവും കൊടുത്തു, ചിലരുടെ താല്പര്യപ്രകാരം കുറേപ്പേരെ കൊണ്ടുവരുന്നു. ഇവിടെയുള്ള എഴുത്തുകാർ എന്നും രണ്ടാംകിട. പ്രിൻസ് കീരംപറി എന്നയാൾ തന്നെ എത്ര പരിഹാസത്തോടയാണ് പ്രിൻസ് തോപ്രാംകുടിയുടെ അഭിപ്രായത്തെ പുച്ഛിക്കുന്നത്. അദ്ദേഹം കളിയാക്കി എഴുതിയതെങ്കിൽ തന്നെയും ഇവിടെ നാൽപ്പതിൽ അധികം സാഹിത്യകാരൻമ്മാർ ഉണ്ട്. നാട്ടിൽ പതിനായിരം പേരുണ്ടെങ്കിൽ അവരെയെല്ലാം ക്ഷണിക്കുന്നില്ലല്ലോ. ക്ഷണിച്ചാലും ഇല്ലെങ്കിലും ഇവിടയുള്ളവർ അതിൽ പങ്കെടുക്കും. വേദിയിൽ സ്ഥാനം കിട്ടില്ല എന്ന് മാത്രം.
vayanakaaran 2026-05-09 01:22:50
പ്രിൻസ് കീരംപാറ പറഞ്ഞപോലെ തോപ്രാംകുടിയുടെ ലിസ്റ്റ് ന്യായമായി ചുരുക്കിയാൽ അതിൽ മൂന്നു പേരായി ചുരുങ്ങും. രാജു മൈലാപ്ര, ജയൻ വർഗീസ് ,നിർമ്മല 40 പേരൊന്നും ഇല്ല, നല്ല എഴുത്തുകാർ 10 ഇൽ കൂടുതൽ ഇല്ല,
വിശാല വായനക്കാരൻ 2026-05-09 07:00:30
ഇവിടെ മൂന്നുപേരോ പത്തുപേരോ മാത്രമല്ല എഴുത്തുകാർ ആയിട്ടുള്ളത്. ശരിക്ക് നോക്കിയാൽ 100 പേരെങ്കിലും എഴുത്തുകാർ ആയി ഉണ്ട്. പണം കൊടുത്ത എഴുതിപ്പിക്കുന്നവരെ, ആ രീതിയിൽ അവാർഡ് വാങ്ങുന്നവരെ എഴുത്തുകാരനായി കാണരുത്. 50-60 കൊല്ല കാലം സ്ഥിരമായി ഇവിടെ എഴുതുന്നവർ, ചുരുങ്ങിയ കാലം കൊണ്ട് ഒത്തിരി എഴുതുന്നവർ, ഒരു മാസം ഒരു ലേഖനം അല്ലെങ്കിൽ കവിത മാത്രം എഴുതുന്നവർ. ആഴ്ചയിൽ ഒരു പ്രാവശ്യം എഴുതുന്ന വ്യക്തികൾ. വളരെ ഗ്യാപ്പിനു ശേഷം വന്നശേഷം കുരുതുരാ എഴുതുന്നവർ, കവിത മാത്രം എഴുതുന്നവർ, ലേഖനം മാത്രം എഴുതുന്നവർ, ഭക്തിയും ബൈബിളും മാത്രം എഴുതുന്നവർ, അസോസിയേഷൻ വാർത്തകൾ മാത്രം എഴുതുന്നവർ, ചരമം മാത്രം എഴുതുന്നവർ, എന്നാൽ കൂടുതൽ മിടുക്കന്മാർ എല്ലാ മേഖലയിലും എഴുതുന്നു. അവർക്ക് കവിത ലേഖനം, റിപ്പോർട്ട്, നർമ്മം, പ്രസംഗം, സംഘടന പാരമ്പര്യം, അഭിനയം, നിരൂപണം, ചരിത്രം, പുസ്തകമെഴുത്ത്, ഡിബേറ്റുകൾ, രാഷ്ട്രീയം, മതം, നിരീശ്വരത്വം, അങ്ങനെയല്ല തരത്തിലും ഉള്ള മിടുക്കന്മാരും മിടുക്കികളും കൂടുതൽ അംഗീകാരം അർഹിക്കുന്നവരാണ്. . ചുമ്മാ ചൊറിഞ്ഞു പൊക്കുന്നവരെ അല്ല ഇവിടെ, അല്ലെങ്കിൽ അത്തരത്തിൽ പൊക്കപ്പെടുന്ന വരെ അല്ല ഇവിടെ കണക്കിൽ എടുക്കുന്നത്. thopran കുടിയും പൊക്കാനേയും ഒക്കെ ഇതു മനസ്സിലാക്കി പ്രവർത്തിക്കുമെന്ന് വിശ്വസിക്കുന്നു.
Organizer 2026-05-09 16:29:21
സ്ഥലത്തെ പ്രധാന ദിവ്യൻമ്മാർ എല്ലാം തന്നെ വർത്തയോടൊപ്പം ചേർത്തിരിക്കുന്ന ഫോഡ്ട്ഓം പടത്തിൽ ഉണ്ടല്ലോ? ഇനി വേറൊരു സൂര്യോദയമെന്തിന് ? ഇക്കൂട്ടത്തിൽ ലാന, സർഗവേദി, അതിനപ്പുറം അറിയപ്പെടുന്ന ആരെങ്കിലുമുണ്ടോ. കുറഞ്ഞ പക്ഷം ഇമലയളി വായനക്കാർ ഇവർ എഴുതിയ ഏതെങ്കിലും കഥയയോ, കവിതയോ, ലേഖനമോ ഓർക്കുന്നുണ്ടോ? "സാഹിത്യസമ്മേളനത്തിൽ പങ്കെടുക്കുവാൻ 'ആഗ്രഹിക്കുന്നവർ' കൺവെൻഷൻ വേദിയിലെ മുറികൾ ബുക്ക് ചെയ്തതിനാൽ സമീപത്തുള്ള ഏതെങ്കിലും ഹോട്ടലിൽ ബുക്ക് ചെയ്തു കൺവെൻഷൻ റെജിസ്ട്രേഷൻ നടത്തണം. അല്ലാത്തവർക്ക് പ്രവേശനം അനുവദിക്കുന്നതല്ല. കൺവെൻഷൻ സെന്ററിൽ മുറികൾ നാട്ടിൽ നിന്നും വരുന്ന സാഹിത്യപ്രമാണികൾക്കു താമസിക്കുവാനായി സൗജന്യാമായി നൽകിയിരിക്കുകയാണ്. സോറി.
vayanakaran 2026-05-09 18:03:47
പടത്തിലുള്ളവർ പ്രമുഖർ തന്നെ. ശ്രീ കോരസൺ മൂന്നു പുസ്തകങ്ങൾ എഴുതിയ വ്യക്തി,ധാരാളം അഭിമുഖങ്ങൾ നടത്തിയ ആൾ,സ്വന്തമായി ഒരു ചാനൽ ഉള്ള ആൾ, കെ കെ ജോൺസൻ അറിയപ്പെടുന്ന അംഗീകരിക്കപ്പെട്ട നിരൂപകൻ മുരളി ജെ നായർ,ഗീത ജോർജ് ഇമലയാളിയിൽ കണ്ടിട്ടില്ല ബെന്നി എഴുത്തുകാരൻ,സംഘാടകൻ അമേരിക്കൻ മലയാളികളുടെ കഥകളും കവിതകളും പ്രസിദ്ധീകരിച്ച അമേരിക്കയിലെ ഒരു ഡി സി കിഴക്കേമുറി, അബ്‌ദുൾ കഥാകൃത്ത് കവി, മൂന്ന് പുസ്തകങ്ങൾ എഴുതിയ ആൾ വേണുഗോപാൽ കൊക്കോടൻ നാട്ടിലും ഇവിടെയും പ്രശസ്തനായ നോവലിസ്റ്റ്, അഭിലാഷ് തുണ്ടുമണ്ണിൽ ഇ മലയാളിയിൽ കണ്ടിട്ടില്ല. വിശാല വായനക്കാരന്റെ കാഴ്ചപാട് വിശാലമായി.അദ്ദേഹം പറയുന്നപോലെ എഴുതുന്നവർ ഇ മലയാളിയിൽ ഇല്ല.ഓണത്തിനും വിഷുവിനും കവിതയുമായി വരുന്നവർ ഉണ്ട്. നിരന്തരം എഴുതുന്നത് ശ്രീ മൈലാപ്ര മാത്രമാണ്. അദ്ദേഹം നല്ല ഹാസ്യ സാഹിത്യകാരനാണ്. അദ്ദേഹത്തെ ഫൊക്കാന പുറത്ത് കയറ്റുമോ? ശ്രീ റെജിസ് മതത്തെ വിമർശിക്കുകയോ സംശയ നിവാരണം നടത്തുകയോ ചെയ്യുന്നപോലെ സാഹിത്യത്തെപ്പറ്റി ആരും ചോദിക്കുന്നില്ല. കുറെ പേര് എഴുതുന്നു. അപ്രത്യക്ഷ്യമാകുന്നു. അതാണ് അമേരിക്കൻ മലയാള സാഹിത്യം!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക