Image

നീര്‍മാതളം പൂത്തു, അബ്ദുളിനും ടിഡിക്കും ഹര്‍ഷബാഷ്പം (കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 08 May, 2026
 നീര്‍മാതളം പൂത്തു, അബ്ദുളിനും ടിഡിക്കും ഹര്‍ഷബാഷ്പം  (കുര്യന്‍ പാമ്പാടി)

നീര്‍മാതളം വീണ്ടും പൂത്തു. മാധവികുട്ടി എന്ന കമല സുറയ്യയുടെ ജീവിതത്തില്‍ സുഗന്ധം പരത്തിയ പുന്നയൂര്‍ക്കുളത്തെ മരത്തിലല്ല, സുഗതകുമാരി കമലയുടെ ഓര്‍മ്മക്കായി തിരുവനന്തപുരം മാനവീയം വീഥിയില്‍ നട്ടുവളര്‍ത്തിയ  നീര്‍മാതളമാണ് പൂത്തുലഞ്ഞത്.
 

നീര്‍മാതളത്തണലില്‍  അബ്ദുല്‍ പുന്നയൂര്‍കുളവും ടിഡി  രാമകൃഷ്ണനും

പുന്നയൂര്‍കുളത്ത് സാഹിത്യ അക്കാദമിക്ക് കമല നല്‍കിയ  പൈതൃക ഭൂമിയില്‍ ഉണ്ടായിരുന്ന നീര്‍മാതളം വേരറ്റുപോയി. പകരം ഒരു ഇലഞ്ഞിമരം  തഴച്ചു നില്‍ക്കുന്നു. അതിന്റെ തണലില്‍ കമലയുടെ അയല്‍ക്കാരനും ആരാധകനും സുഹൃത്തുമായ അബ്ദുല്‍ പുന്നയൂര്‍ക്കുളത്തെ ആദരിക്കാന്‍ ഈയടുത്ത ദിവസം നാട്ടുകാര്‍ ഒത്തു കൂടി.

ജീവിതത്തെ പച്ചയായി ആവിഷ്‌കരിക്കുന്ന അബ്ദുള്‍

ഇംഗ്‌ളീഷിലും മലയാളത്തിലും കവിതയും കഥകളും ഓര്‍മ്മക്കുറിപ്പുകളും എഴുതുന്ന അബ്ദുല്‍ മിഷിഗണിലെ റോസ്വില്ലിലാണ് സ്ഥിരതാമസം. ഇടയ്ക്കിടെ ഓര്‍മ്മകള്‍ പുതുക്കാന്‍ ജന്മനാട്ടില്‍ ഓടിയെത്തും. ഇത്തവണ വന്നത്  'പറക്കും പക്ഷിയെപ്രണയിക്കുന്നവര്‍ ' എന്ന ആദ്യ നോവല്‍ നാടിനു സമര്‍പ്പിക്കാനാണ്.

നിരവധി ബെസ്‌റ്  സെല്ലറുകള്‍ എഴുതി ലോക മലയാളികളുടെ ഹൃദയത്തില്‍ ചിര പ്രതിഷ്ഠ നേടിയ ടി. ഡി. രാമകൃഷ്ണനായിരുന്നു മുഖ്യാതിഥി. അദ്ദേഹത്തിന്റെ ഏഴാമത്തെ നോവല്‍ കോ രപ്പാപ്പനുസ്തുതിയാ
യിരിക്കട്ടെ ഇറങ്ങിയതേയുള്ളു. അബ്ദുളും ടിഡിയും ഒരേമണ്ണില്‍ ജനിച്ചവരാണെന്ന പ്രത്യേകതയും ഉണ്ട്. കുന്നംകുളത്തുനിന്നു 8 കിമീ അടുത്ത എയ്യാലിലാണ് ടിഡിയുടെ  വീട്.  കുന്നംകുളത്തുനിന്നു പത്തു കിമീ അകലെ പുന്നയൂര്‍ക്കുളം.

അബ്ദുളിന്റെ ആദ്യ നോവല്‍, ടിഡിയുടെ ഏഴാമത്തേത്

ഒരര്‍ഥത്തില്‍  അബ്ദുളും  ടിഡിയും പ്രവാസി എഴുത്തുകാരാണ്. അബ്ദുള്‍ ഗള്‍ഫ് വഴി അമ്പതു വര്‍ഷം  മുമ്പ് അമേരിക്കയില്‍ എത്തി.  ഡിട്രോയിറ്റിലെ വെയ്ന്‍  യൂണിവേഴ്സിറ്റിയില്‍ നിന്ന് എംഎസ് ഡബ്ലിയു നേടി മിഷിഗണ്‍ സ്റ്റേറ്റ് സര്‍വീസില്‍ സോഷ്യല്‍ വര്‍ക്കറായി റിട്ടയര്‍ ചെയ്തു.

ടിഡി ആകട്ടെ ആലുവ യു സി കോളജിലും മദ്രാസ് സര്‍വകലാശാലയിലും പഠിച്ച് സതേണ്‍ റയില്‍വേയില്‍ ജോലിക്കു കയറി. കേരളത്തിന് പുറത്തു ദീര്‍ഘകാലം ജോലി ചെയ്ത അദ്ദേഹം റെയില്‍വേ പാലക്കാട് ഡിവിഷനില്‍ ചീഫ് കണ്‍ട്രോളറായി റിട്ടയര്‍ ചെയ്തു. പ്രശസ്ത സേവനത്തിനുളള റയില്‍വേ മന്ത്രാലയത്തിന്റെ പുരസ്‌ക്കാരം നേടി.

കുന്നംകുളത്തെ ആതിഥേയന്‍ വി.കെ. ശ്രീരാമന്‍

ഇരുവരും ചെറുപ്പത്തില്‍ തന്നെ വായിച്ച് വളര്‍ന്നവര്‍. ജോലിയില്‍ ഇരിക്കുമ്പോള്‍  രചനയുടെ ലോകത്തു പയറ്റിത്തെളിഞ്ഞവര്‍. അബ്ദുല്‍ പ്രവാസി പുരസ്‌ക്കാരങ്ങള്‍ നേടിയപ്പോള്‍ ടിഡി മലയാളത്തിലും  തമിഴിലും സര്‍ഗാത്മക രചനക്കുള്ള അംഗീകാരങ്ങള്‍ നേടി. രചനക്ക് വണ്ടി അദ്ദേഹം നടത്തുന്ന ഗവേഷണത്തിന്റെ ആഴവും പരപ്പും നമ്മെ അദ്ഭുതപ്പെടുത്തും.

'സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി' എന്ന നോവലിന് വയലാര്‍ അവാര്‍ഡ് നേടിയ  രാമകൃഷ്ണന്‍ ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവലിന് ബഷീര്‍ അവാര്‍ഡും കരസ്ഥമാക്കി. റെയില്‍വേ അപകടങ്ങളെക്കുറിച്ചുള്ള അന്വേഷണാല്മക നോവല്‍ പച്ച  മഞ്ഞ ചുവപ്പ് സമകാലീന മലയാളം വാരികയില്‍ ആദ്യന്തം വായിച്ച് വിസ്മയം കൊണ്ട ആളാണ് ഞാന്‍.

ഡോ. പികെ രാജശേഖരന്‍, ടിഡി, ഡോ. പ്രിയ

2009ല്‍ പ്രസിദ്ധീകരിച്ച ഫ്രാന്‍സിസ് ഇട്ടികോരയും പന്ത്രണ്ടു വര്‍ഷത്തിനു  ശേഷം 2026ല്‍ വെളിച്ചം കണ്ട  സീക്വല്‍ കോരാപ്പാപ്പന് സ്തുതിയായിരിക്കട്ടെയും ഞാന്‍ ഒന്നിച്ചാണ് വായിച്ചത്. രണ്ടാമത്തേതിനെക്കുറിച്ച് ചര്‍ച്ച നടന്ന കുന്നംകുളത്തു പോയി രണ്ടിലും ടിഡിയുടെ കയ്യൊപ്പു ചാര്‍ത്തി വാങ്ങാന്‍ കഴിഞ്ഞത്  ആകസ്മികമെങ്കിലും അഭിമാനം തരുന്നത്.

കുന്നംകുളം റീഡേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ മുനിസിപ്പല്‍ ലൈബ്രറി  ഹാളില്‍ നടന്ന ചര്‍ച്ചയില്‍ ഫോറം അദ്ധ്യക്ഷന്‍ വി കെ ശ്രീരാമനും ടിഡിയുടെ ആദ്യകോരപ്പന്‍ നോവലില്‍ നാല്‍പ്പതു പേജിന്റെ  ആധികാരിക പഠനം എഴുതിയ ഡോ. പി. കെ രാജശേഖരനും വിവര്‍ത്തക ഡോ. പ്രിയയും ബി.കെ ഹരിനാരായണനും പങ്കെടുത്തു. റഫീഖ് അഹമ്മദ് വന്നെങ്കിലും സദസിലിരുന്നു പ്രസംഗങ്ങള്‍ കേട്ടതേയുള്ളു.

ടിഡി ആരാധകരുടെ നടുവില്‍; ഒപ്പം ആര്‍ട്ടിസ്‌റ് ഗിരീശന്‍ ഭട്ടതിരി, കുര്യന്‍ പാമ്പാടി

ഡാന്‍ ബ്രൗണിന്റെ ഡാവിഞ്ചി കോഡ് പോലെ ഉപജാപങ്ങള്‍ കൊണ്ട്  ഉദ്വേഗം വളര്‍ത്തുന്ന ഇതിവൃത്തമാണ് ഫ്രാന്‍സിസ് ഇട്ടിക്കോരയെന്നു രാജശേഖരന്‍ സമര്‍ഥിച്ചു. ഉംബെര്‍ത്തോ എക്കോയുടെ പെന്‍ഡുലം എന്ന നോവല്‍ തന്നെ ഉപജാപ സിദ്ധാന്തങ്ങള്‍ നിര്‍മ്മിക്കുന്നവരെക്കുറിച്ചാണ്. ഇത് സംശയാല്മകത്വം നിറഞ്ഞ പലആഖ്യാന സ്വരങ്ങളുള്ള ഒരു അതികഥ.

റീഡബിലിറ്റിയില്‍  ആദ്യത്തേതിനേക്കാള്‍ ഒരുപടി മുന്നിട്ടു നില്‍ക്കുന്നുപുതിയ നോവല്‍ എന്ന് എറണാകുളം വരെ ടിഡി യുടെ കാറില്‍ ഒന്നിച്ചു യാത്രചെയ്യുമ്പോള്‍ ഞാന്‍ പറഞ്ഞു. ചരിത്രവും ഗണിതവും പെണ്ണും കാമവും വിപ്ലവവും എല്ലാം കോര്‍ത്തിണക്കിയ കഥ മെനയാന്‍ ടിഡി നടത്തിയ അന്വേഷണങ്ങള്‍ക്കു അതിരുകളില്ല.   വെനീസും റഫായേലും ഹൈപ്പേഷ്യന്‍ പെയിന്റിങും ട്രമ്പെക്കണോമിക്സും ആര്‍ത്താറ്റ് പള്ളിയുമെല്ലാം അതില്‍ അണിനിരക്കുന്നു.

കമലാ സ്മാരകത്തില്‍ കമലയോടൊപ്പം

പുന്നയൂര്‍ക്കുളത്തു ഓപ്പണ്‍ എയറില്‍ ഇലഞ്ഞിമരത്തണലില്‍  തണുത്ത കാറ്റേറ്റിരിക്കുമ്പോള്‍ പുതിയ എഴുത്തുകാരോടുള്ള  ടിഡി യുടെ തുറന്ന സമീപനം ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഫ്രാന്‍സിസ് ഇട്ടിക്കോര നിരവധി പതിപ്പുകളിലൂടെ ലക്ഷം കോപ്പികള്‍ കവിഞ്ഞു എന്ന അഭിമാനമോ അഹങ്കാരമോ ആമുഖത്തു കാണാനേയില്ല. എല്ലാവരെയും അദ്ദേഹം ചേര്‍ത്തു നിറുത്തി.

അബ്ദുള്‍ പ്രവാസ ജീവിതത്തിലെ പ്രണയ നൈരാശ്യങ്ങളും സംഘര്‍ഷങ്ങളും നേരിട്ടു കണ്ടറിഞ്ഞ ആളാണ്. കഥാബിന്ദു ഒരുദശാബ്ദം മനസ്സില്‍ കൊണ്ട് നടന്നശേഷമാണ് ഭാവനയുടെ മൂശയിലിട്ടു നോവലാക്കിയത്. അത് കഥാകാരന്റെ സര്‍ഗാത്മഗതയുടെ തീഷ്ണത വെളിപ്പെടുത്തുന്നു. ഒരിക്കലും വറ്റാത്ത ഉര്‍വരതയുടെ ഉടമയാകട്ടെ  അബ്ദുല്‍ എന്ന് അദ്ദേഹം ആശംസിച്ചു.

നിശബ്ദ നിര്‍വൃതി-എഴുത്തുകാരി ബീന കുന്നക്കാട്

വര്‍ഷങ്ങള്‍ക്കു  മുമ്പ് അബ്ദുളിനോടൊപ്പം എറണാകുളത്തെ ഫ്‌ലാറ്റില്‍ പോയി കമലയുടെ കാല്‍ച്ചുവട്ടിലിരുന്നു സംസാരിച്ച കാര്യം ഞാന്‍ ഓര്‍മ്മിച്ചു. വാത്സല്യത്തോടെയാണ് പുന്നയൂര്‍ക്കുളത്തെ അയല്‍ക്കാരനെ കമല നോക്കിക്കണ്ടത്.  2001 ല്‍ അബ്ദുളിന്റെ സ്‌നേഹസൂചി എന്ന കാവ്യസമാഹാരത്തില്‍ അവര്‍ ഇങ്ങിനെ കുറിച്ചു:

'അബ്ദുല്‍ ഞാന്‍ ജനിച്ച നാടായ പുന്നയൂര്‍ക്കുളത്തുകാരനായതുകൊണ്ടാവാം ഞാന്‍ അദ്ദേഹത്തിന്റെ കവിതാരചനയില്‍  താല്പര്യം പ്രകടിപ്പിച്ചത്. ആ കവിതകളില്‍ ഗ്രാമത്തില്‍ നിന്ന് ധൃതിയില്‍ മഞ്ഞുകൊണ്ടിരിക്കുന്ന നിഷ്‌കളങ്കതയുംആത്മവിശുധ്ധിയും പ്രകടമാണ്....'

അശോകന്‍ നാലപ്പാട്ടിന്റെ  ഓര്‍മ്മ പുതുക്കുന്ന അബ്ദുല്‍.

കമലയുടെ നാലപ്പാട്ടു തറവാടിനോടുള്ള അദ്ദേഹത്തിന്റെ ആത്മബന്ധം അവസാനിക്കുന്നില്ല. കമലയുടെ മാതാവ് ബാലാമണിയമ്മയുടെ അനുജത്തി അമ്മിണിയമ്മയുടെ പുത്രന്‍ അശോകന്‍ നാലപ്പാട്ടിന്റെ ഈയിടെ നടന്ന ഏഴാം ചരമവാര്‍ഷികത്തില്‍ അബ്ദുല്‍ വികാരനിര്‍ഭരമായ പ്രസംഗം ചെയ്തു. ഞങ്ങള്‍ ഒന്നിച്ച് അശോകനോടൊപ്പം നാലപ്പാട്ട് കഴിച്ചുകൂട്ടിയ സന്ദര്‍ഭങ്ങള്‍ ഓര്‍മ്മയില്‍ ഓടിയെത്തുന്നു.

കുന്നംകുളത്തുംപുന്നയൂര്‍ക്കുളത്തും ആരാധകരുടെ നിറഞ്ഞ കൂട്ടായ്മകള്‍ രണ്ടു നോവലിസ്റ്റുകളെയും ഹരം കൊള്ളിച്ചിട്ടുണ്ടാവണം. വായനക്കാരുടെ പിന്തുണയാണല്ലോ എഴുത്തുകാരുടെ ഏറ്റവും വലിയ പുരസ്‌ക്കാരം. പുന്നയൂര്‍ക്കുളത്തു ഡെറി  പോള്‍, കുര്യന്‍ പാമ്പാടി, സെബാസ്ത്യന്‍ , ടി. മോഹന്‍ ബാബു, ഫൈസല്‍ ബാവ, ഹക്കിം വെളിയത്ത്, ഷാജന്‍ വാഴപ്പള്ളി  തുടങ്ങി വലിയൊരു നിര ആശംസകള്‍ അര്‍പ്പിക്കാന്‍ ഒത്തു കൂടി.

അമേരിക്കയിലല്ല, കുന്നംകുളത്തെ പുതിയ ബസ് സ്റ്റാന്‍ഡില്‍

നിശബ്ദയായിരുന്നു എല്ലാം കേട്ടുകൊണ്ടിരുന്ന ഒരാളെ  ഞാന്‍ പരിചയപെട്ടു-ബീന കുന്നക്കാട്. കഥാകൃത്താണ്, ടിവി ന്യൂസ് കാസ്റ്ററാണ്, നാട്ടുകാരിയാണ്. ബീനയുടെ സ്‌നേഹാരങ്ങള്‍ക്കു വാക്കുകള്‍ ഇല്ല.  



 

Join WhatsApp News
കോരസൺ 2026-05-08 12:23:22
വളരെ സന്തോഷം നിറഞ്ഞ വാക്കുകൾ ശ്രീ കുര്യൻ സാർ, ഒക്കെ ഹൃയത്തോടു ചേർത്തുനിറുത്തുന്ന അബ്ദു മാഷ്, അഭിനന്ദനങ്ങൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക