
കൊച്ചി: റിലീസ് ചെയ്ത് ദിവസങ്ങള്‍ മാത്രം പിന്നിട്ട മള്‍ട്ടിസ്റ്റാര്‍ ചിത്രം പേട്രിയറ്റ് അനധികൃതമായി റിക്കാര്‍ഡ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ ലിങ്ക് കണ്ടെത്തുന്നതിനായി മെറ്റയ്ക്ക് കത്തയച്ച് കൊച്ചി സൈബര്‍ പോലീസ്.
ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സ്ആപ്പ് എന്നിവ വഴി പ്രചരിച്ച ചിത്രത്തിന്റെ ലിങ്ക് കിട്ടാനായിട്ടാണ് മെറ്റയ്ക്ക് ബുധനാഴ്ച കത്ത് നല്‍കിയത്. ടെലഗ്രാം അധികൃതര്‍ക്കും പോലീസ് കത്ത് നല്‍കിയിട്ടുണ്ട്. നിര്‍മാതാവ് ആന്റോ ജോസഫിന്റെ പരാതിയില്‍ കൊച്ചി സൈബര്‍ പോലീസാണ് കേസെടുത്തത്.
ഈ മാസം ആദ്യമാണ് സിനിമ അനധികൃതമായി റിക്കാര്‍ഡ് ചെയ്ത് വിവിധ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി പ്രചരിപ്പിച്ചതെന്നും ഇതിലൂടെ നിര്‍മ്മാണ കമ്പനിക്ക് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടായെന്നും പരാതിയില്‍ പറയുന്നു.
കോപ്പിറൈറ്റ് ആക്ടിന്റെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. വമ്പന്‍ ബജറ്റില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ ഒരുക്കിയ ചിത്രമാണ് പേട്രിയറ്റ്.