Image

മുഖ്യമന്ത്രിക്കസേരയ്ക്കു വേണ്ടിയുള്ള ഫ്‌ളക്‌സ് യുദ്ധം, യു.ഡി.ഫിന്റെ അതുല്യ വിജയത്തിന്റെ തിളക്കം കൊടുത്തുന്നു

എ.എസ് ശ്രീകുമാര്‍ Published on 07 May, 2026
മുഖ്യമന്ത്രിക്കസേരയ്ക്കു വേണ്ടിയുള്ള ഫ്‌ളക്‌സ് യുദ്ധം, യു.ഡി.ഫിന്റെ അതുല്യ വിജയത്തിന്റെ തിളക്കം കൊടുത്തുന്നു

ഒരു നിയമസഭാ മണ്ഡലത്തില്‍ വിവിധ മുന്നണികളിലെ സ്ഥാനാര്‍ത്ഥികള്‍ ചേരി തിരിഞ്ഞ് പോരടക്കുന്നതിന് സമാനമായ രീതിയില്‍ കേരളത്തിന്റെ മുഖ്യമന്ത്രി പദ മോഹികളുടെ ഫ്‌ളക്‌സ് യുദ്ധം മുറുകുന്നു. മണ്ഡലങ്ങളിലെ മല്‍സരത്തിന് തിരഞ്ഞെടുപ്പെന്ന ജനാധിപത്യ ഉല്‍സവത്തിന്റെ ചേലുണ്ടെങ്കില്‍ ഇപ്പോള്‍ സംസ്ഥാനത്ത് അരങ്ങേറുന്ന, അധികാരത്തിനു വേണ്ടിയുള്ള ഈ വടംവലി, യു.ഡി.എഫ് നേടിയ അതുല്യ വിജയത്തിന്റെ തിളക്കം നഷ്ടപ്പെടുത്തുന്നുവെന്ന് മാത്രമല്ല  അവരെ തിരഞ്ഞെടുത്ത പൊതുജനത്തോടുള്ള വെല്ലുവിളിയായി മാറുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി എ.ഐ.സി.സിയുടെ നിരീക്ഷകരായ മുകുള്‍ വാസ്‌നിക്കും അജയ് മാക്കനും ഇന്ന് കേരളത്തില്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസ് എം.എല്‍.എ മാരുടെ മനസറിയാന്‍ അവര്‍ ചര്‍ച്ച നടത്തുമ്പോള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം ഫ്‌ളക്‌സുകള്‍ ഉയരുകയായിരുന്നു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, എ.ഐ.സി.സിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യമന്ത്രി പദത്തിനായി ചരടുവലികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനിടെ, ''മുഖ്യമന്ത്രിയാവാന്‍ എനിക്കെന്താ പറ്റില്ലേ...'' എന്ന ചോദ്യവുമായി കെ സുധാകരനും രംഗത്തുവന്നിട്ടുണ്ട്. കേരളത്തില്‍ മാത്രമല്ല, മുഖ്യമന്ത്രിക്കായി ഡല്‍ഹിയിലും ഫ്‌ളക്‌സ് പോര് നടക്കുന്നു. ''പട നയിച്ചവന്‍ നാട് നയിക്കട്ടെ...'' എന്ന വാചകത്തോടെ വി.ഡി സതീശന് വേണ്ടി ഡല്‍ഹി കോണ്‍ഗ്രസ്   മലയാളി കൂട്ടായ്മയുടെ പേരിലാണ് കേരള ഹൗസിന് മുന്നില്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. കെ.സി വേണുഗോപാല്‍ അനുകൂല ഫ്‌ളക്‌സ് മാത്രമായിരുന്നു ഇതുവരെ കേരള ഹൗസിന് പുറത്തുണ്ടായിരുന്നത്. നാളെ രമേശിന്റെയും ഉയര്‍ന്നേക്കാം.

നേരത്തെ കെ.സി വേണുഗോപാലിനുവേണ്ടി കെ സുധാകരന്‍ ഫെയ്‌സ് ബുക്കില്‍കൂടി രംഗത്ത് വന്നത് ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ ഇന്നലെ കെ മുരളീധരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ തന്റെ പഴയ നിലപാടില്‍ മാറ്റമുണ്ടെന്നാണ് സുധാകരന്‍ പറഞ്ഞത്. ''കെ.സിയെ പിന്തുണച്ച് കൊണ്ടിരിക്കാന്‍ ഞാന്‍ പൂഴിയല്ല...'' എന്ന കടുത്ത പ്രയോഗമാണ് സുധാകരന്‍ നടത്തിയത്. ഇന്ന് സതീശനെതിരെയും അദ്ദേഹം ഒളിയമ്പെയ്തു. കോണ്‍ഗ്രസില്‍ ഒരു വി.ഡി സതീശന്‍ മാത്രമല്ല, നിരവധി സതീശന്‍മാര്‍ കോണ്‍ഗ്രസിലുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നിരവധി നേതാക്കന്മാരുള്ള പാര്‍ട്ടിയാണ്. കഴിവുള്ള നിരവധി നേതാക്കന്മാരാണ് പാര്‍ട്ടിക്കുള്ളത്. ഒരു പാര്‍ട്ടിയുടെ ഏറ്റവും വലിയ രാഷ്ട്രീയ അസ്തിത്വമാണ് എം.എല്‍.എമാര്‍. അവരുടെ പിന്തുണയില്ലാതെ പാര്‍ട്ടിക്ക് മുന്നോട്ടുപോകാന്‍ പറ്റില്ല. അപ്പോള്‍ അവര്‍ നമ്മളെ താങ്ങണം. അവര്‍ താങ്ങും എന്നാണ് കെ സുധാകരന്‍ പറഞ്ഞത്.

പാര്‍ട്ടിയിലെ സീനിയര്‍ നേതാവായ തനിക്ക് സീനിയോറിറ്റി മാനദണ്ഡം ആണെങ്കില്‍ മുഖ്യമന്ത്രിയാവാന്‍ അഹതയുണ്ടെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിക്കഴിഞ്ഞു. ഇത് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. മോശമല്ലാത്ത എം.എല്‍.എമാരുടെ പിന്തുണ കിട്ടും. പാര്‍ട്ടി നീതിപൂര്‍വമായ തീരുമാനം എടുക്കും. മുഖ്യമന്ത്രിയുടെ കാര്യം പാര്‍ട്ടി അധ്യക്ഷന് തീരുമാനമെടുക്കാം. അല്ലെങ്കില്‍ എം.എല്‍.എമാരുടെ എണ്ണം നോക്കി തീരുമാനിക്കാം. ഘടകകക്ഷികളുമായി തര്‍ക്കം ഉണ്ടാകില്ല. ആരും ക്യാന്‍വാസിംഗ് നടത്തുന്നില്ല. ഇതുവരെ തല എണ്ണിയിട്ടില്ല. എല്ലാവരെയും മന്ത്രിയാക്കാന്‍ കഴിയില്ലെന്നും രമേശ് ചെന്നിത്തല കൂട്ടി ചേര്‍ത്തു. 2011-ല്‍ സീനിയര്‍ നേതാവായ ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത് താനാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രമേശിന്റെ കാര്യം എങ്ങും തൊടാതെ പറയുന്നത് ഇന്നലെ കേട്ടു.

കെ.സി വേണുഗോപാല്‍ എം.പിയെ എന്തിന് മുഖ്യമന്ത്രിയാക്കണമെന്ന് ഓര്‍ത്തഡോക്‌സ് സഭ ചോദിക്കുന്നു. എം.പിമാര്‍ മത്സരിക്കേണ്ട എന്നു തീരുമാനിച്ചിട്ട് മുഖ്യമന്ത്രിയുടെ സ്ഥാനത്തേക്ക് ഒരു എം.പിയുടെ പേര് ഉയര്‍ന്നു വരുന്നത് വിരോധാഭാസമാണെന്ന ഓര്‍ത്തഡോക്‌സ് സഭ മാധ്യമ വിഭാഗം അധ്യക്ഷന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസിന്റെ പ്രസ്താവന ശ്രദ്ധേയമായി. ''മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടി ബഹളം നടക്കുന്ന കാഴ്ച കാണുന്നുണ്ട്. അത് ശരിയാണെങ്കില്‍, മലയാളത്തിലൊരു പഴഞ്ചൊല്ലുണ്ട്. ആലിപ്പഴം പഴുക്കുമ്പോള്‍ കാക്കയ്ക്ക് വായ്പ്പുണ്ണ് എന്ന്. അതേ അവസ്ഥയാണ് ഇപ്പോഴുള്ളത്. ജയിപ്പിച്ചു എന്നതുകൊണ്ട് ഇത്തരം പ്രശ്‌നങ്ങളുണ്ടാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്...'' ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള എ.ഐ.സി.സിയുടെ മാനദണ്ഡങ്ങള്‍ പലതാണ്. സാധാരണ നിയമസഭാ കക്ഷി യോഗം ചേര്‍ന്നാണ് നേതാവിനെ നിശ്ചയിക്കുക. എം.എല്‍.എമാരുടെ പിന്തുണയോടൊപ്പം ഭരണപരിചയവും വലിയ യോഗ്യതയാണ്. ഘടകകക്ഷികളുടെ വികാരവും മാനിക്കും. ജനകീയ പ്രതിച്ഛായയും പരിഗണിക്കപ്പെടുന്ന സുപ്രധാന ഘടകമാണ്. വി.ഡി സതീശന്‍, കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കില്‍ ഹൈക്കമാന്‍ഡ് ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുല മുന്നോട്ട് വയ്ക്കാന്‍ സാധ്യതയുണ്ട്. ടേം അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി സ്ഥാനം പങ്കിടുക, ഉപമുഖ്യമന്ത്രി പദം സൃഷ്ടിക്കുക എന്നിവയാണിത്. മുഖ്യമന്ത്രി പദം ഒരാളിലേയ്‌ക്കെത്തുമ്പോള്‍ മറ്റ് രണ്ടുപേരെയും അനുനയിപ്പിക്കേണ്ടതുണ്ട്. അത്തരം ചര്‍ച്ച ഡല്‍ഹിയിലായിരിക്കും നടക്കുക.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പരമാവധി എം.എല്‍.എമാരുടെ പിന്തുണ ഉറപ്പിക്കാനുള്ള പരിശ്രമത്തിലാണ് മൂവരും. വിജയിച്ച 63 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ 47 പേരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് വേണുഗോപാല്‍ പക്ഷത്തിന്റെ അവകാശവാദം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും പ്രചാരണത്തിനുള്ള സാമ്പത്തിക സഹായത്തിലും കെ.സി വേണുഗോപാല്‍ വഹിച്ച പങ്ക് എം.എല്‍.എമാരുടെ പിന്തുണ നേടാന്‍ സഹായിക്കുമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. ഭരണപരിചയം മുന്‍നിര്‍ത്തി രമേശ് ചെന്നിത്തലയും മുസ്ലീലീഗ് ഉള്‍പ്പെടെയുള്ള ഘടകക്ഷികളെ വിശ്വാസത്തിലെടുത്ത് വി.ഡി സതീശനും ശുഭപ്രതീക്ഷയിലാണ്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഇടതുമുന്നണിക്കെതിരെ നടത്തിയ പോരാട്ടവും പൊതുജന സമ്മതിയും തനിക്ക് അനുകൂലമാകുമെന്ന് വി.ഡി സതീശന്‍ കരുതുന്നു. ഇരുവര്‍ക്കൊപ്പവും എം.എല്‍.മാരുണ്ട്.

2021-ലെ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കാന്‍ രാഹുല്‍ ഗാന്ധിയെ പ്രേരിപ്പിച്ചത് കെ.സി വേണുഗോപാലാണെന്നാണ് കെ.സിയുടെ അനുയായികള്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യം സതീശന്‍ ഇതുവരെ സമ്മതിച്ചിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. കെ.സി വേണുഗോപാല്‍ എം.എല്‍.എ അല്ലെങ്കിലും, അദ്ദേഹം മുഖ്യമന്ത്രിയാകുന്നത് രാഷ്ട്രീയമായും ഭരണഘടനാപരമായും സാധ്യമാണെന്ന് വേണുഗോപാല്‍ പക്ഷം വ്യക്തമാക്കുന്നു. നിയമസഭാംഗങ്ങള്‍ അല്ലാതിരുന്നിട്ടും മുഖ്യമന്ത്രി പദവി ഏറ്റെടുത്ത സി അച്യുതമേനോന്‍, ഇ.കെ നായനാര്‍, എ.കെ ആന്റണി എന്നിവരുടെ ഉദാഹരണങ്ങള്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഹൈക്കമാന്‍ഡ് കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്താല്‍ 6 മാനത്തിനുള്ളില്‍ ഏതെങ്കിലും ണ്ഡലത്തില്‍ നിന്ന് ജയിച്ച് എം.എല്‍.എ ആകണം. ഇതിനായി 63-ല്‍ ഒരു എം.എല്‍.എ ത്യാഗം ചെയ്യണം.

ഇന്ന് കേരളത്തിലെത്തിയ രണ്ട് എ.ഐ.സി.സി നിരീക്ഷകരും കോണ്‍ഗ്രസ് എം.എല്‍.എമാരെ ഒറ്റയ്‌ക്കൊറ്റയ്ക്ക് കണ്ട് അവരുടെ അഭിപ്രായം തേടിയിരുന്നു. ഇനി ഘടക കക്ഷികളുടെ താത്പര്യമാണറിയേണ്ടത്. തുടര്‍ന്ന് റിപ്പോര്‍ട്ട് പാര്‍ട്ടി അഖിലേന്ത്യാ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെ അറിയിക്കും. സംസ്ഥാനത്തെ പ്രധാന നേതാക്കളെ ഡല്‍ഹിയിലേക്ക് വീണ്ടും വിളിപ്പിച്ച് ചര്‍ച്ച നടത്തിയശേഷമാകും മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുകയെന്നാണ് സൂചന. ഈ നിരീക്ഷകര്‍ കെ.യിയുടെ ഉറ്റ സുഹൃത്തുക്കളാണത്രേ. ഏതായയാലും ഞായറാഴ്ചയോടെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ, രമേശ് ചെന്നിത്തലയാക്കായി പ്രത്യേക പൂജ, വി.ഡി സതീശന് തുലാഭാരം, കെ.സിക്കുവേണ്ടി കുര്‍ബാന തുടങ്ങിയ ഭക്തിമാര്‍ഗങ്ങളും മുറയ്ക്ക് പ്രയോഗിക്കുന്നുണ്ട്.

Join WhatsApp News
Jayan varghese 2026-05-08 01:09:59
വലിയ കഷ്ടമുണ്ട്. “ നിന്റെ മനസ്സിൽ ഇങ്ങനെ ഒരു മോഹമുണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നില്ലല്ലോ പെണ്ണേ “ എന്ന് ‘ മറവത്തൂർ കനവിലെ ‘ ചാണ്ടി ( മമ്മൂട്ടി ) ആനി ( ദിവ്യാ ഉണ്ണി ) യോട് പറഞ്ഞ പോലായിപ്പോയല്ലോ കേരളത്തിലെ കോൺഗ്രസ്സിന്റെ അവസ്ഥ ? ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക