
വിശ്വവിജ്ഞാനം വിരൽ തുമ്പിലാക്കിയ
വിജ്ഞരാം ധന്യരെ നിങ്ങൾക്കഭിവാദ്യം
അറിവിൻറെ വാതിൽ തുറന്നില്ല ഞങ്ങളെ-
ന്നനുതാപ ഹൃദയത്തോടറിയിക്കട്ടെ!
ഭൂതകാലത്തിൻറെ ബാക്കിപത്രങ്ങളിൽ
ഭാഗ്യമനേഷിക്കും പാന്ഥർ ഞങ്ങൾ
ജീവിതാനന്തര ജീവിതംപോലുള്ള
ജീർണ്ണിച്ച ഭാണ്ഡവും തോളിലേറി!
സ്വർഗ്ഗരാജ്യത്തിൻറെ സ്വപ്ന ലഹരിയിൽ
സ്വേച്ഛാധിപതികളെ വാഴ്ത്തിപ്പാടും
അന്ധമായ് കുമ്പിട്ടങ്ങാരാധിച്ചു ഞങ്ങൾ
അടിമത്ത ഗർത്തത്തിൽ വീണുപോയി!
വിശ്വാസമാചാരം മന്ത്രങ്ങൾ സിദ്ധികൾ
വിപണിയിലെന്നുമുണ്ടായിരുന്നു
വികലമാം വാദങ്ങളൂരുവിട്ടു ഞങ്ങളോ
വിമതരെ സൃഷ്ടിച്ചുകൊണ്ടിരുന്നു!
അടിമത്ത ചങ്ങല പൊട്ടിച്ചാരെങ്കിലും
അടിപണിയാനായി നോക്കുന്ന നേരവും
അറിയാതെ പോലുമാ സ്വാതന്ത്ര്യബോധത്തെ
അനുകൂലമാക്കുവാനായില്ല ഞങ്ങൾക്ക്!
പാടാൻ ഞങ്ങൾക്കുണ്ട് വെളിപാടിൻ സൂക്തങ്ങൾ
ആടുവാനുണ്ടല്ലോ അനുയോജ്യവേഷങ്ങൾ
വിജ്ഞാനലബ്‌ധിക്കനുസൃതമായൊരു
വിശ്വാസ പദ്ധതിയില്ല പക്ഷെ!
ചിന്തിച്ചുക്കൂട്ടുവാനായില്ല ഞങ്ങൾക്ക്
ചിത്തം കടത്തിലാണെന്നതുമോർക്കണം
മിത്തുകൾ കൊണ്ടു നിറയുന്ന ചിന്തകൾ
മൃത്യുവിന്നെയറിയാതെ വരിച്ചുപോയി!
----0----