Image

ജോൺ എബ്രഹാമിന്റെ ‘അമ്മ അറിയാൻ’ കാനിലേക്ക്!

Published on 07 May, 2026
ജോൺ എബ്രഹാമിന്റെ ‘അമ്മ അറിയാൻ’ കാനിലേക്ക്!

മലയാള സിനിമയുടെ ചരിത്രത്തില്‍ കാലത്തെ മറികടന്ന് ഇന്നും ചര്‍ച്ചചെയ്യപ്പെടുന്ന രാഷ്ട്രീയ-സാമൂഹിക സിനിമകളിലൊന്നായ, മലയാളത്തിലെ വിപ്ലവകരമായ പരീക്ഷണമായിരുന്ന ജോൺ എബ്രഹാമിന്റെ ‘അമ്മ അറിയാൻ’ (1986) ലോകപ്രശസ്തമായ കാൻ ഫിലിം ഫെസ്റ്റിവലിലേക്ക്. ചിത്രത്തിന്റെ അത്യാധുനികമായ 4K പതിപ്പാണ് ഈ വർഷത്തെ കാനിലെ ‘വേൾഡ് ക്ലാസിക്’ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. ഈ വിഭാഗത്തിൽ പ്രദർശനത്തിന് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ ചിത്രം കൂടിയാണിത്.

ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ചിത്രം പുനരുദ്ധരിച്ചത്. ചിത്രത്തിന്റെ ഒറിജിനൽ ക്യാമറ നെഗറ്റീവുകൾ ലഭ്യമല്ലാതിരുന്നതിനാൽ റീസ്റ്റോറേഷൻ പ്രക്രിയ ഏറെ ദുഷ്കരമായിരുന്നു. നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യയിൽ നിന്ന് ലഭിച്ച 35 എംഎം വലുപ്പമുള്ള രണ്ട് പ്രിന്റുകളെ അടിസ്ഥാനമാക്കിയാണ് ഇത് പൂർത്തിയാക്കിയത്. പോറലുകൾ, എമൽഷൻ കേടുപാടുകൾ, ശബ്ദത്തിലെ പൊരുത്തക്കേടുകൾ എന്നിവ പരിഹരിക്കാൻ 4,000-ത്തിലധികം സാങ്കേതിക ഇടപെടലുകൾ നടത്തി. ഇറ്റലിയിലെ ബൊലോഗ്നയിലുള്ള എൽ’ഇമ്മാജിൻ റിട്രോവാറ്റ, ഡിജിറ്റൽ ഫിലിം റിസ്റ്റോർ പ്രൈവറ്റ് ലിമിറ്റഡ് എന്നിവിടങ്ങളിലാണ് പ്രധാന ജോലികൾ നടന്നത്.

സിനിമയുടെ തനിമ ചോർന്നുപോകാതിരിക്കാൻ ചിത്രത്തിന്റെ ഛായാഗ്രാഹകൻ വേണുവും, എഡിറ്റർ ബീനാ പോളും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് നേരിട്ട് മേൽനോട്ടം വഹിച്ചു. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ റീസ്റ്റോർ ചെയ്ത് കാനിലെ ക്ലാസിക് വിഭാഗത്തിലെത്തുന്ന തുടർച്ചയായ ആറാമത്തെ ചിത്രമാണ് ‘അമ്മ അറിയാൻ’. മുൻ വർഷങ്ങളിൽ ജി. അരവിന്ദന്റെ ‘തമ്പ്’, സത്യജിത് റേയുടെ ‘അരണ്യർ ദിൻ രാത്രി’ തുടങ്ങിയ ചിത്രങ്ങൾ ഇത്തരത്തിൽ പ്രദർശിപ്പിച്ചിരുന്നു. ജനങ്ങളിൽ നിന്ന് പണം സമാഹരിച്ച് ഒഡേസ കളക്ടീവ് നിർമ്മിച്ച ഈ ചിത്രം ജോയ് മാത്യുവിന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക