
“എന്തുവന്നാലുമെനിക്കാസ്വദിക്കണം
മുന്തിരിച്ചാറുപോലുള്ളൊരീ ജീവിതം”
ബീവറേജിന് മുന്നിലേക്ക് കറകറ ശബ്ദത്തോടെയാണ് ആ പഴഞ്ചൻ ജീപ്പ് വന്നുനിന്നത്. അവിടെയെല്ലാം പൈനാപ്പിളിൻ്റെ ഗന്ധം പരക്കാനാരംഭിച്ചു. ജീപ്പിൽ നിന്ന് മൊട്ടത്തലയും കൊമ്പൻമീശയും ഊശാൻ താടിയുമുള്ള ഒരാൾ ചങ്ങമ്പുഴ കവിതയും മൂളിക്കൊണ്ടിറങ്ങി നിന്നു.
പൈനാപ്പിളിൻ്റെ മണം റൈനുവിന് പണ്ടേ ഇഷ്ടമല്ല. റൈനുവിൻ്റെ അഭിപ്രായത്തിൽ പൈനാപ്പിളിന് നാറ്റമാണുള്ളത്. മൂക്ക് ചുളിച്ചുകൊണ്ട് അവൾ സമയം നോക്കി. ടൈമിംഗ് കറക്റ്റാണ്. അടയ്ക്കുന്നതിൻ്റെ തൊട്ടുമുൻപ് ആഴ്ച്ചയിലൊരിക്കൽ ഈ വരവ് പതിവുള്ളതാണ്. റൈനു അയാളുടെ സ്ഥിരം ബ്രാൻഡിനുള്ള ബില്ലടിച്ച് വച്ചു. പിറ്റേന്ന് അവധിയായതിനാൽ തിരക്കധികമുണ്ട്.
ബീവ്റേജിന് മുന്നിൽ നിശബ്ദരായി നിരയൊപ്പിച്ച് നിൽക്കുന്ന മനുഷ്യർ. മദ്യം വാങ്ങുന്നത് അവർക്ക് വേണ്ടിയല്ല മറ്റാർക്കോ വേണ്ടിയാണ് എന്ന് കാണുന്നവർക്ക് തോന്നാൻ മാത്രം ശാന്തരാണവർ. ഈ നിൽക്കുന്നവരാണോ മദ്യപിച്ച് പുലഭ്യം പറയുന്നത് ! വീട്ടിലും നാട്ടിലും പ്രശ്‌നങ്ങളുണ്ടാക്കുന്നത്! ചിലപ്പോഴൊക്കെ ഇവരിൽ ചിലരെ മറ്റൊരവസ്ഥയിൽ കാണേണ്ടി വരുമ്പോൾ റൈനുവിന് വിശ്വസിക്കാൻ പ്രയാസമുണ്ടാകാറുണ്ട്. നിഷ്‌കളങ്കരായി ചിരിച്ച് പൈസയും തന്ന് മദ്യക്കുപ്പി പൊതിഞ്ഞുമറച്ച് കൊണ്ടുപോകുന്ന പാവം മനുഷ്യരാണോ പുലയാട്ടും പറഞ്ഞ് ആടിക്കുഴഞ്ഞ് പത്തിവിടർത്തിയിഴയുന്നതെന്ന് അതിശയിക്കാറുണ്ട് !
അവസാന കസ്റ്റമറും പോയിക്കഴിഞ്ഞപ്പോൾ അതേവരെ ജീപ്പിൽ ചാരിനിന്ന് വരുന്നവരേയും പോകുന്നവരേയും നിരീക്ഷിച്ചുകൊണ്ടു നിന്ന പൈനാപ്പിൾ ഗന്ധക്കാരൻ കക്ഷത്തിലിറുക്കി പിടിച്ച കുറച്ച് പുസ്തകങ്ങളുമായി റൈനുവിനടുത്തേക്ക് നടന്നു. പണമടച്ച് ബില്ലും കുപ്പിയും വാങ്ങി റൈനുവിനോടായി ചോദിച്ചു.
“ കഴിഞ്ഞ ആഴ്ച്ച മാതൃഭൂമീല് വന്ന ഷീജ വക്കത്തിൻ്റെ കവിത വായിച്ചോ?”
“ ഉവ്വുവ്വ്. ഗംഭീരം. ഞാനേ ഈ കണക്കൊന്ന് ശരിയാക്കട്ടേ .”
റൈനു തിരക്കഭിനയിച്ച് കൂടുതലുണ്ടായേക്കാവുന്ന ചോദ്യങ്ങളിൽ നിന്നൊഴിഞ്ഞുമാറി. സാഹിത്യാഭിരുചി ഒട്ടുമില്ലാത്ത റൈനു ഒരു പ്രത്യേക സാഹര്യത്തിലാണയാളെ സുഹൃത്താക്കിയത്. പൈനാപ്പിൾ മണവുമായെത്തുന്ന പഴഞ്ചൻജീപ്പും അയാളുടെ മൊട്ടത്തലയും കൊമ്പൻമീശയും കൂട്ടിച്ചേർത്ത് നോക്കുമ്പോൾ അതിനോടൊട്ടും പൊരുത്തപ്പെടാത്ത അയാളുടെ മറ്റുചില ശീലങ്ങളാണ് റൈനുവിനെ അയാളിലേക്കാകർഷിച്ചത്. പരുക്കൻ മുഖത്ത് നിന്നുതിരുന്ന ഈണമുള്ള കവിതാശീലുകൾ. പിന്നെ അപ്രതീക്ഷിതമായി ഒരു ദിവസം അയാളുടെ വണ്ടിക്കകത്ത് കണ്ട ആഴ്ച്ച പതിപ്പുകളുടെ വമ്പൻ ശേഖരം. അയാൾ അന്നത് വഴിയോരത്തെ പഴയ പുസ്തകങ്ങളുടെ വിൽപനക്കാരന് കൈമാറാനായി കൊണ്ടുപോകുകയായിരുന്നു.
വീടിനടുത്തുള്ള കടയിൽ നിന്ന് വല്ലപ്പോഴും ഒരു മാതൃഭൂമിയോ ദേശാഭിമാനിയോ വാങ്ങി,
കടയുടമയുമായൊരു അടുപ്പമുണ്ടാക്കി സ്ഥിരം കസ്റ്റമർ അവകാശത്തിൻ്റെ പേരിൽ കടയിലുളള മറ്റുള്ള ആഴ്ച്ചപതിപ്പുകൾ മറിച്ചുനോക്കുകയും കടയുടമയുടെ അതൃപ്തിയോടെയുള്ള നോട്ടം കണ്ടില്ലെന്ന് നടിക്കുകയും ചെയ്തുകൊണ്ടിരുന്ന കാലത്താണ് റൈനു ഈ പൈനാപ്പിൾ ഗന്ധക്കാരനെ പരിചയപ്പെടുന്നത്. അയാൾ സാഹിത്യത്തിലെ ഘടാഘടിയൻമാരായ ആഴ്ച്ചപതിപ്പുകളുടെ സ്ഥിരം വരിക്കാരനും വായനക്കാരനും ആണെന്നറിഞ്ഞതും റൈനു അയാളുമായൊരു സൗഹൃദം കഷ്‌ടപ്പെട്ട് ഉണ്ടാക്കിയെടുത്തു.
പെട്ടെന്നൊന്നും മെരുങ്ങുന്നവനായിരുന്നില്ല. വായനാശീലം ഉണ്ടായിരുന്നില്ലെങ്കിലും മനുഷ്യർ സാഹിത്യമായി എഴുതികൂട്ടുന്നതെല്ലാം അവരുടെ അനുഭവങ്ങളോ,ആഗ്രഹങ്ങളോ , നഷ്‌ടങ്ങളോ നേട്ടങ്ങളോ ബന്ധപ്പെട്ടുള്ളവയായിരിക്കുമെന്ന തോന്നലിലാണ് റൈനുവയാളോട് സംസാരിച്ചത്. മനുഷ്യരെ ആഴത്തിലറിഞ്ഞ അനുഭവങ്ങൾ വേണ്ടുവോളമുണ്ടായിരുന്നതിനാൽ അവളതിൽ വിജയിക്കുകയും ചെയ്തു. അങ്ങനെയാണ് റൈനുവിൻ്റെ ന്യൂജൻ മിക്സ് കാൽപനിക കവിതാകമ്പം കണക്കിലെടുത്ത് അയാൾ വായന കഴിയുന്നതിനനുസരിച്ച് വാരികകൾ അവൾക്ക് കൈമാറാൻ തുടങ്ങിയത്.
ഇരുപത്തഞ്ച് വർഷത്തോളം മനസിൽ കൊണ്ട് നടക്കുന്ന ബാഷയോടുള്ള മായയുടെ പ്രണയം റൈനുവിനെ കുറച്ചൊന്നുമല്ല അത്‌ഭുതപ്പെടുത്തിയിട്ടുള്ളത്. ഇപ്പോഴും റൈനുവിന് സമസ്യയായനുഭവപ്പെടുന്ന ഒരാളാണ് മായ. പ്രാർത്ഥന പോലെ പരിശുദ്ധമായ പ്രണയബന്ധങ്ങളൊക്കെ വെറും സാങ്കൽപ്പികമാണെന്നും കഥകളിൽ എഴുതാൻ മാത്രം കൊള്ളാമെന്നുമൊക്കെയായിരുന്നു അതേവരെയുള്ള റൈനുവിൻ്റെ ധാരണ. എപ്പോഴും ബാഷയേയും പേറി നടക്കുന്ന, ചിലപ്പോഴൊക്കെ സ്വയം മറന്ന് ആപത്കാരിയായ ഒരുൻമാദിയെപോലെ ചിറകൊതുക്കി തന്നിലേക്കുൾവലിഞ്ഞ് പതുങ്ങിയിരിക്കുന്ന മായയാണ് റൈനുവിനെ ഒരു സാഹിത്യാന്വേഷണ കുതുകിയാക്കിയത്.
കേട്ടറഞ്ഞതനുസരിച്ച് ഒരു വിഷാദകവിയും, വിഷാദകവിയായ ചങ്ങമ്പുഴയുടെ കടുത്ത ആരാധകനുമായ ബാഷ എന്നെങ്കിലുമൊരിക്കൽ എഴുതിയേക്കാവുന്ന, അല്ലെങ്കിൽ എഴുതിക്കഴിഞ്ഞ ഒരു പ്രണയകാവ്യത്തിന് വേണ്ടിയുള്ള തിരച്ചിലാണ് റൈനു വാരികകളിൽ നടത്തികൊണ്ടിരുന്നത്. ബാഷ എന്ന പേരിലൊരു കവിയെയോ കഥാകൃത്തിനേയോ ഇത്രയും വർഷങ്ങളുടെ തിരച്ചിലിനിടയിൽ റൈനുവിന് കണ്ടെത്താനായിട്ടില്ല. മായയോട് ചോദിച്ച് ബാഷയെ പറ്റി കൂടുതലെന്തെങ്കിലും അറിയാൻ ശ്രമിച്ചപ്പോഴൊക്കെ മായ താൽപര്യം കാട്ടാതെ ഒഴിഞ്ഞുമാറി. അതെന്തുകൊണ്ടായിരിക്കുമെന്ന് എത്ര ചിന്തിച്ചിട്ടും റൈനുവിന് പിടി കിട്ടിയതുമില്ല. ബാഷയെന്ന പേരും അയാൾ യത്തീമായ ഒരു മുസ്‌ലീമും ആണെന്നല്ലാതെ മറ്റൊന്നും റൈനുവിന് അറിയില്ലായിരിന്നു. എങ്കിലും പ്രതീക്ഷ കൈവിടാതെ റൈനു തിരച്ചിൽ തുടർന്നുകൊണ്ടേയിരുന്നു.
“ തെരക്ക് കഴിഞ്ഞാ എനിക്കൊരു സഹായം വേണാരുന്നു. “ തലേ ആഴ്ച്ചയിലെ വാരികകൾ റൈനുവിന് കൊടുത്ത് പൈനാപ്പിൾഗന്ധക്കാരൻ പറഞ്ഞു.
“ ഏ … എന്ത് സഹായം? ആ ചപ്പടാച്ചി വണ്ടി വീണ്ടും പണിമുടക്ക്യോ …. ? നേരം പത്താവാറായല്ലോ. “ റൈനു പുസ്തകങ്ങളെടുത്ത് ചെറിയൊരു ചിരിയോടെ അയാളെ നോക്കി. നോട്ടത്തിനിടയിൽ അപ്രതീക്ഷിതമായി കൗണ്ടർടോപ്പിലിരിക്കുന്ന മറ്റൊരു പുസ്തകം റൈനുവിൻ്റെ കണ്ണിൽ പെട്ടു.
“ ബാഷ “ റൈനു ആ പേര് കണ്ട് ഞെട്ടി. ഒരു നിമിഷം സ്റ്റക്കായിപ്പോയെങ്കിലും അടുത്ത നിമിഷം അവൾ ആ പുസ്തകമെടുക്കാനായി കൈ നീട്ടി. പക്ഷേ അപ്പോഴേക്കും പൈനാപ്പിൾഗന്ധക്കാരൻ പുസ്‌തകമെടുത്ത് കക്ഷത്തിൽ വച്ചു. തിരിഞ്ഞ് നടക്കുന്നതിനിടയിൽ അയാൾ പറഞ്ഞു.
“ വാരികോള് എടുത്തപ്പോ കൂട്ടത്തി പെട്ടതാ . ഞാനേ ജീപ്പിനടുത്ത് നിക്കാം. തനിക്കെന്തായാലും എറങ്ങാറായില്ലേ?”
ആ…. എന്നൊരൊച്ചയുണ്ടാക്കി റൈനു ധൃതിപിടിച്ച് ജോലി തീർത്ത് പുറത്തിറങ്ങി. ബാഗിൽ തപ്പി സ്‌കൂട്ടറിൻ്റെ ചാവി കാണാഞ്ഞ് ബാഗ് കുടഞ്ഞിട്ട് വെപ്രാളപ്പെട്ടു. ചാവി ബാഗിൽ തന്നെയുണ്ടായിരുന്നു. അത്യാവശ്യ നേരത്ത് ഒളിഞ്ഞിരിക്കുന്ന ചാവിയുടെ കുതന്ത്രത്തെ പറ്റി മുൻപും അവൾ അരിശപ്പെടാറുള്ളതാണ്. റൈനു ഓടിപ്പിടഞ്ഞ് ജീപ്പിനടുത്തെത്തി. ജീപ്പിൽ ചാരിനിന്ന അയാളുടെ കയ്യിൽ നിന്ന് ആ പുസ്തകം തട്ടിപ്പറിച്ചെടുത്ത് ആ പേര് ഉറക്കെ വായിച്ചു. “ബാഷ” . പൈനാപ്പിൾ ഗന്ധക്കാരൻ അവളെ കൗതുകത്തോടെ വീക്ഷിക്കുന്നതൊന്നും അവളറിയുന്നുണ്ടായിരുന്നില്ല.
“ ഇതാരാ …?” സ്വരം പരമാവധി ക്ലിയറാക്കി റൈനു ചോദിച്ചു.
“അതൊരു വിദ്വാനാ. അയാൾടെ ഇനിയും വെളിച്ചപ്പെടാത്ത കവിതകളാ ഇതിനകത്ത്. തനിക്കിഷ്ടപ്പെടും. തൻ്റെ ടേസ്റ്റ്പോലെ ആധുനികം കാൽപനികം മിക്സാ ഇതിനകത്ത്. എന്താ കാര്യം!!”
.
“ ഇതെനിക്ക് തര്വോ….?” അടുത്ത നിമിഷം റൈനു ഒരു കുട്ടിയെപ്പോലെ ഒട്ടും ആലോചനയില്ലാതെ ചോദിച്ചു.
“ അയ്യോ …ഇപ്പോ എന്തായാലും പറ്റില്ല. ഇതങ്ങനെ ആർക്കും കൊടുക്കാമ്പാടില്ല. “ അയാൾ അതേ ട്യൂണിൽ തന്നെ ഉത്തരം കൊടുത്ത് ചിരിച്ചു.
“ പിന്നെ താൻ പോണ വഴിക്ക് എന്നെ ആ എലൈറ്റിൻ്റവ്ടെ വിട്വോ ? . ആശുത്രിടവട്ന്ന് ഒരോട്ടോ പിടിക്കാം. ജീപ്പിനെന്തോ പ്രശ്‌നം ണ്ട്. ഇവടെ വരെ എത്ത്ല്യാന്നാ വിചാരിച്ചെ. കുപ്പിക്കൊള്ളത് കഴിച്ച് കഷ്ടി പൈസേ കയ്യിലൊള്ളോ. പണി മൊടക്കിൻ്റെ സൂചന തരാത്തോണ്ട് ഇവൻ്റെ പള്ള ആദ്യം തന്നെ നെറക്കേം ചെയ്തു.“ ജീപ്പിലിരുന്ന മറ്റു രണ്ട് പുസ്തകങ്ങളും കൂടിയെടുത്ത് കുപ്പിയോടൊപ്പം അടുക്കിപ്പിടിച്ച് അയാൾ റെഡിയായി.
റൈനു ഒന്നും മിണ്ടാതെ സ്‌കൂട്ടർ സ്‌റ്റാർട്ടാക്കി. അയാളെ പുറകിൽ കയറ്റി വണ്ടിയാടിക്കുമ്പോൾ അവൾക്ക് ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. ബാഷയുടെ പുസ്‌തകം.
റൈനുവിന് അത്ഭുതമായിരുന്നു. ഇയാളെ പരിചയപ്പെടുമ്പോൾ വാരികകൾ കിട്ടുമെന്നല്ലാതെ ബാഷയെ നേരിട്ടിങ്ങനെ കൊണ്ടുവരുമെന്ന് ഒരിക്കലും വിചാരിച്ചതല്ലല്ലോ.. കൂടുതൽ സംസാരിച്ചപ്പോൾ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാണെന്ന് തോന്നിയിരുന്നു. ഇയാളുടെ കവിതാഭ്രമം വച്ച് നോക്കുമ്പോൾ അതുപോലുള്ള മറ്റൊരുത്തനാണ് ബാഷ. ആ നിലയ്‌ക്ക് നോക്കിയാൽ താൻ വിചാരിക്കുന്ന പോലെ മായയുടെ ബാഷ തന്നെയായിരിക്കണം ഇത് .
“എന്തു വന്നാലുമെനിക്കാസ്വദിക്കണം
മുന്തിരിച്ചാറു പോലുള്ളൊരീ ജീവിതം.
ചുംബിക്കണം മധുരപ്പഴങ്ങൾ തൻ തൊങ്ങലിൽ
പച്ചിലചാർത്തിൽ പൂന്തേനിൽ ….
റൈനുവിൻ്റെ ആലോചനൾക്കിടയിലേക്ക് ബ്രാണ്ടിക്കുപ്പിയും പുസ്തകങ്ങളും നെഞ്ചത്തടക്കിപിടിച്ച് അയാൾ ഉറക്കെ ചൊല്ലി .
“അതേയ് ആസ്വദിക്കണ്ടാന്ന് ഞാൻ പറയില്ല. പക്ഷേ പൊറകിലിരുന്ന് കവിതചൊല്ലല് വേണ്ട. ആ കുപ്പി സൂക്ഷിച്ചില്ലെങ്കി അതും താഴെക്കെടക്കും. രാത്രി ഇവടൊക്കെ പോലീസ് പെട്രോളിംങ്ങുള്ളതാ. ഇന്ന് രണ്ടാളും നോർത്ത് സ്റ്റേഷനി കൊതൂൻ്റെ കടീം കൊണ്ടിരിക്കണ്ടി വരും.“
പറയുന്നതിനോടൊപ്പം തന്നെ റൈനു വണ്ടി സൈഡാക്കി നിർത്തി താഴെയിറങ്ങി. അയാളെയും ഇറക്കിയിട്ട് വണ്ടിയുടെ ഡാഷ്‌ബോർഡ് തുറന്ന് പിടിച്ചു. പുസ്തകങ്ങളും കുപ്പിയും വാങ്ങി അതിൽ വെച്ചടച്ചു.
“ഇപ്പൊ ഓക്കെയായി. ഇനി നമ്മക്ക് കഥ പറഞ്ഞോണ്ട് പോകാം. എന്താ ? “ ബാഷയുടെ പുസ്തകം വണ്ടിക്കകത്തായതിൻ്റെ ആശ്വാസമായിരുന്നു റൈനുവിന്.
“ചേട്ടൻ്റെ പേരെന്താ? കാര്യം പുസ്തകം വാങ്ങലും നാട്ടുവർത്താനം പറയലും ഒക്കേണ്ടെങ്കിലും പേര് ചോദിച്ചിട്ടില്ല്യ . “ .
“ ഓ… ഒര് പേരിലെന്തൂട്ടാരിക്ക്ണ് ! എന്നാലും ചോദിച്ചതല്ലേ. രഘുനന്ദൻ. കൃഷിക്കാരനാണ്. only പൈനാപ്പിൾ.“
ആ പേരയാൾക്ക് ഒട്ടും യോജിക്കുന്നില്ലെന്ന് റൈനുവിന് തോന്നി. അയാളൊരു അച്ചായനായിരിക്കാമെന്നും വല്ല ജോസഫെന്നോ വർഗ്ഗീസെന്നോ ഒക്കെയായിരിക്കും പേരെന്നുമാണ് ഇത്രനാളത്തെ കാഴ്ച്ചയിൽ നിന്നും തോന്നിയിട്ടുള്ളത്. മീശക്കും മൊട്ടത്തലയ്ക്കും ഒട്ടും യോജിക്കാത്ത അത്ഭുത വിളക്കിലെ ഭൂതത്തിൻ്റേത് പോലുള്ള ആ ഊശാൻ താടി പോലെ ഈ പേരും അയാൾക്കൊട്ടും ചേരുന്നില്ല. തൽക്കാലം ഇപ്പഴേത്തേക്ക് ആവശ്യമില്ലാത്ത തോന്നലുകളെല്ലാം മാറ്റി വച്ചിട്ട് റൈനു തനിക്കറിയേണ്ട കാര്യങ്ങൾക്കായുള്ള തിരച്ചിലാരംഭിച്ചു. തിരച്ചിലുകൾക്കുത്തരമായി രഘുനന്ദൻ എന്ന പൈനാപ്പിൾ ഗന്ധമുള്ള മനുഷ്യൻ്റെയും ബഷീർ എന്ന മനുഷ്യഗന്ധമുള്ള മറ്റൊരാളുടെയും ചില വിശേഷങ്ങൾ റൈനുവിൻ്റെ മുൻപിൽ വിടർന്നു.
റൈനുവിൻ്റെ സ്കൂട്ടറപ്പോൾ ഹാർട്ട് ഹോസ്പിറ്റലിൻ്റെ സൈഡിലുള്ള വഴിയിലൂടെ കൂർക്കഞ്ചേരി ലക്ഷ്യമാക്കി പോകുകയായിരുന്നു.
“മൊളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജീ വച്ചാ ഈ വിദ്വാനെ പരിചയപ്പെടണെ. ഞാനന്ന് കാലിലൊരു വെട്ട് കൊണ്ട് കെടക്കാ . ഒരു പത്ത് പതിനഞ്ച് കൊല്ലം മുമ്പ്. അന്നൊക്കെ മഴക്കാലത്തിൻ്റെ തൊടക്കത്തില് കൊളോം പാടോം തോടും ഒക്കെ ഒന്നാവണപോലെ വെള്ളം കേറുമ്പഴ് മീൻ പിടിക്കാൻ പോണ പതിവുണ്ടാരുന്നു. അതൊരു ഹരാ. ഞാൻ മാത്രല്ല. നാട്ടിലൊള്ള സകല ആണങ്ങളും രാത്രി മുഴുവൻ പെട്രോമാക്സും വെട്ടോത്തീം കൊണ്ടെറങ്ങും. “
“അന്നൊരു നിലാവുള്ള രാത്രി ആരുന്നു. നല്ല മഴക്കാറും. ഞാനും എൻ്റനിയനും ണ്ട്. അവനന്ന് ഡല്ലിലാ ജോലി. ലീവിന് വന്നതാ. ഭാര്യേം മക്കളേം കൂട്ടാണ്ടെ വന്നോണ്ട് അവനും വരാനുത്സാഹം കാട്ടി. അമ്മ കെടന്നേന്ന് ശേഷം അനക്കണ്ടാക്കാതെ രണ്ടാളും കൂടി ഊത്ത പിടിക്കാനെറങ്ങി. അമ്മ അറിഞ്ഞാ പിന്നെ ടെൻഷനടിച്ച് അതിനൊറക്കണ്ടാവില്ല്യ. പാടത്ത് അവടവടെ മറ്റ് മീമ്പിടുത്തക്കാരടെ വെട്ടം കാണാം. എടക്ക് മാത്രം ടോർച്ച് മിന്നിച്ച് ഞങ്ങളും….. വെള്ളം എറങ്ങി തൊടങ്ങണ സമയം. പാടത്ത് കാൽപാദത്തിനും മോളിലായി വെള്ളം ണ്ട്. വാളേം മുഷീം ബ്രാലും …. കൊറേ പിടിച്ചു. കിട്ടും തോറും ഒരു തരം ആർത്ത്യാ. “
“മഴക്കാറ് വന്ന് ലാവ് മറഞ്ഞ നേരാരുന്നു. അനിയൻ അപ്രത്തെങ്ങാണ്ട് ണ്ട് . പെട്ടെന്ന് മഴ തൂളാൻ തൊടങ്ങി. നല്ല നീളൊള്ള വാള വെള്ളത്തിക്കോടെ പൊളയണ തെളക്കം കാണാം. അതിനെ പിടിച്ചാ ഇന്നത്തെക്ക് നിർത്താം എന്നാലോചിച്ച് താപ്പിന് വെട്ടാൻ റെഡിയായി നിക്കുമ്പഴാ എൻ്റെ കാലില് വെട്ട് കിട്ടീത്. ഒരു അലർച്ചയാരുന്നു. വെള്ളത്തീ വീഴേം ചെയ്തു. വാളയാന്ന് കരുതി അനിയൻ വെട്ടീതെൻ്റെ കാലില്. “അബദ്ധം പറ്റീലോ ഏട്ടാ… “ ന്നും പറഞ്ഞ് അവനും കരയാൻ തൊടങ്ങി. “
“മന്തനായിട്ടും കുട്ട്യോൾടെ മാതിരി അവൻ്റൊരു കരച്ചില്. പിന്നെ എല്ലാവരും ഓടിക്കൂടി വാരിയെടുത്ത് ആശൂത്രിലാക്കി. പാദം നടുവിലായിട്ട് പിളർന്ന് കെടന്നു. ഇത്തിരി തൊലീം കൂടി വിട്ടാല് രണ്ടും രണ്ട് കഷണം ആയേനെ. മീൻ്റെ തല വെട്ടുകൊണ്ട് അടരണണ പോലെ. ആ …. മീനായാലും മനുഷ്യനായാലും രണ്ടിനും മഞ്ജേം മാംസോം തന്നല്ലേ.
എനിക്ക് അവടെ എത്തുമ്പഴേക്കും ബോധം പോയിരുന്നു. പിന്നെ ഭാഗ്യത്തിന് കാല് മുറിക്കേണ്ടി വന്നില്ല. കൂട്ടിത്തുന്നി സെറ്റാക്കി. മെഡിക്കക്കോളേജില് അന്നൊക്കെ ഭയങ്കര തെരക്കാ. വരാന്തേലാ കെടക്കാൻ സ്ഥലം കിട്ടീത്. അനിയന് രണ്ട് ദെവസം കഴിഞ്ഞ് ഡല്ലിക് പോണം . ലീവ് തീർന്നേ . അവനെന്നെ പോലെ ഒറ്റാന്തടി അല്ലല്ലോ . കുടുംബോം കുട്ട്യോളും ണ്ടെങ്കി സ്വന്തായിട്ട് ഒരു തീരുമാനം എടുക്കാൻ പറ്റില്ലല്ലോ. അവൻ പോയപ്പോ ഒറ്റക്കായി. അപ്പഴാ ഈ വിദ്വാൻ്റെ രംഗപ്രവേശം. അവടെ ആർക്കോ കൂട്ട് നിക്കാരുന്നു. ബൈസ്റ്റാൻഡറാവല് ഈ വിദ്വാൻ്റെ ഒരു ഹോബിയാത്രേ. അങ്ങനെ അവടെ അയാള് നോക്കണ രോഗീടെ അടുത്തുള്ള ഒരു കട്ടില് എനിക്കായി എങ്ങനോ സംഘടിപ്പിച്ചു. രണ്ടാളേം ഒന്നിച്ച് നോക്കാലോ. രണ്ട് മാസാരുന്നു അവടെത്തെ വാസം. മറ്റേ രോഗി രണ്ടാഴ്ച കഴിഞ്ഞപ്പോ പോയി. എന്നിട്ടും ഈ വിദ്വാൻ എൻ്റെ കൂടെ തന്നെ നിന്നു . ” ലോകമേ തറവാട്” എന്ന ചിന്തേല് ജീവിക്കണ മനുഷമ്മാരും ഇണ്ടെന്ന് ഞാനങ്ങനാ ഒറപ്പിച്ചെ.
രഘുനന്ദൻ ഒന്ന് നിർത്തി. പിന്നെ പറഞ്ഞു.
“ആ…. സ്ഥലെത്തീലോ. എന്നെ ഇവ്ടെ എറക്കിക്കോ. തനിക്ക് ബുദ്ധിമുട്ടായോന്ന് ചോദിക്കണില്ല.”
“ബുദ്ധിമുട്ടായില്ലെന്ന് പറയണില്ല്യ. ഈ പാതിരാത്രി ഇതൊരു ബുദ്ധിമുട്ടെന്ന്യാ . വീട്ടിച്ചെന്ന് വല്ലോം തിന്ന് ഒർങ്ങണ്ട സമയായില്ല്യേ. എന്നാലും ഇത്രേം ബുദ്ധിമുട്ടിയ നെലക്ക് അങ്ങട് മുഴുവനാക്കാം . വടൂക്കരക്കല്ലേ പോണ്ടത്. കയ്യില് കാശും ല്ല്യാന്ന് പറഞ്ഞു. അപ്പ ബാഷേനെ കണ്ട ബാക്കി കഥ പറ.“
ബാക്കി വിവരങ്ങൾ കൂടി കേൾക്കാനുള്ള ആകാംക്ഷയിൽ രാത്രിയാണെന്നോ സമയം നന്നായി വൈകിയിരിക്കുന്നെന്നോ ഉള്ളത് റൈനുവിന് പ്രശ്നമായി തോന്നിയില്ല.
ഒന്ന് സംശയിച്ച് നിന്ന ശേഷം രഘുനന്ദൻ വീണ്ടും സ്‌കൂട്ടറിൽ കയറി.
“ബാഷ എന്നല്ല അയാൾടെ പേര്. ബഷീർ. അതാണ് ആ വിദ്വാൻ്റെ പേര്. “
റൈനുവിന് അതൊരു പുതിയ അറിവായിരുന്നു. ബഷീർ. എത്രയോ വട്ടം മായയോട് ബാഷയെന്ന പേരിനെ പറ്റി ചോദിച്ചിട്ടുണ്ട്. ഒരിക്കലും ഈയൊരു പേര് പറഞ്ഞിട്ടേയില്ല. റൈനുവിനെ കൂടുതലാലോചിക്കാൻ വിടാതെ രഘുനന്ദൻ വീണ്ടും പറയാൻ തുടങ്ങി.
“ഞങ്ങള് പെട്ടെന്നിണങ്ങി. അയാള് നന്നായി കവിത ചൊല്ലും. സകല കവിതേം മന:പാഠാ. പ്രത്യേകിച്ചും ചങ്ങമ്പുഴക്കവിത. അധികം സംസാരം ഇല്ല. കേട്ടിരിന്നോളും എത്ര വേണേലും. ഇടയ്‌ക്ക് സന്ദർഭോചിതമായി ചില കവിതകൾ മൂളും. ഞാൻ വായിക്കും. കൂടുതലും ഗദ്യമാണിഷ്ടം. എന്നാലും ചങ്ങമ്പുഴ കവിതകൾ എനിക്കും ഇഷ്ടാരുന്നു. ഞങ്ങടെയൊക്കെ യൗവ്വനകാലത്തെ പ്രണയ സങ്കൽപം തന്നെ ആ കവിതകൾ ചുറ്റിപറ്റിയായിരുന്നു. ഇന്നത്തെ പോലാണോ? പരാജയപ്രണയങ്ങളുടെ കാലാണ്. ഒരു പക്ഷേ അത് തന്നെയായായിരുന്നു ആ കാലത്തിൻ്റെ സൗന്ദര്യം. ദൂരെ നിന്ന് കാണണ സൗന്ദര്യം അടുത്ത് ചെല്ലുമ്പോ ഇല്യാന്ന് തോന്നാറില്ലേ? പലതിനും. അതുപോലെ. ഉണ്ടെന്ന് സങ്കൽപിച്ച് അതിലില്ലാണ്ടായി ജീവികലും. സന്തോഷം കണ്ടെത്തലും….!! ഓരോ കാലത്തിനും ഓരോ രീതികൾ. ഓരോ മനുഷ്യനും ഒരേ കാലത്തിൽ ഒരോ മനുഷ്യർക്കും ഓരോരോ ചിന്തകൾ. ചെലര് ജനിച്ച്, ജീവിച്ച്, മരിക്കണത് കാലം പോലും അറിയിണ്ടാവില്ല്യ.
ഒന്ന് ഗൗരവത്തിലാണ്ടെങ്കിലും രഘുനന്ദൻ പെട്ടെന്ന് തന്നെ പഴയപടിയായി.
സത്യം പറഞ്ഞാ അവൻ്റെന്നാ ഈ മിണ്ടുമ്പോ കവിത ചുണ്ടത്ത് വരണ സ്വഭാവം പഠിച്ചത്. പിന്നെ ഈ ഊര് ചുറ്റണ സ്വഭാവത്തിലും ഞങ്ങക്ക് സാമ്യണ്ടേ. ഒറ്റത്തടി ആവുമ്പ അങ്ങനൊരു ഗുണം ണ്ട്. എവിടേക്കും പോവാം. എന്തും ചെയ്യാം. ആരും ചോദിക്കാനും പറയാനും ഇല്ല. പക്ഷേ വയ്യാണ്ടായാ ഈ ഒറ്റത്തടി ഭാരത്തടിയായി തോന്നും. അത് വേറൊരു കാര്യം. “
“ അപ്പഴി ബാഷ….i”
“അതെനിക്കും അറിയില്ല. എന്താ ആ പഹയൻ ഇങ്ങനൊരു പേര് പറഞ്ഞേന്ന്. പുസ്തകത്തിന് ഒരു പേരിടണ്ടേന്ന് ചോദിച്ചപ്പോ പറഞ്ഞു. പുസ്തകത്തിനും ആൾക്കും കൂടി ഒറ്റപ്പേര് മതി. ‘ബാഷ’ ….. ആൾടെ സ്വഭാവം ശരിക്കറിയാവുന്നോണ്ട് മറിച്ചൊരു പറച്ചിലിന് ആരും മുതിർന്നില്ല.”
ആ പേരിനുള്ള കാരണം തനിക്കറിയാമല്ലോ എന്ന് റൈനു ഉള്ളിൽ ചിരിച്ചു
“അന്ന് രണ്ട് മാസം കെടന്നു അവ്ടെ . മെഡിക്കൽ കോളേജില് . ഒടുക്കം പേര് വെട്ടി. വീട്ടിലെത്തി. എന്നെ വീട്ടില് കൊണ്ടാക്കി പോയെങ്കിലും എടക്ക് അന്വേഷിക്കാൻ വരല്ണ്ട്. അമ്മേനെ അയാൾക്ക് വല്ല്യ കാര്യാർന്നു. മൂന്നാല് കൊല്ലം കഴിഞ്ഞപ്പോ എൻ്റെ അമ്മ മരിച്ചു. അതേ പിന്നാണ് ഞാൻ സർവ്വത്രസ്വതന്ത്രനായത്. അമ്മേടെ മരണശേഷം പിന്നെ കൊറേക്കാലം അയാളെ പറ്റി ഒരറിവും ഇല്ല്യ. ഞാനും വീട്ടില് ഇണ്ടാവലില്ല്യ. കൊറേ നാള് ഊര് ചുറ്റലാർന്നു . കൃഷി പരമ്പരാഗതായി കിട്ട്യ പുണ്യാ. അതിനോടൊരു ഇഷ്ടം എപ്പഴുംണ്ട്. പലവക കൃഷി ചെയ്യണേന് പകരം ഒരൊറ്റ എണ്ണം ചെയ്യാന്ന് തീരുമാനിച്ചു. അങ്ങനെ പൈനാപ്പിളുമായി സഹവാസം സ്ഥിരാക്കി. അതെന്താ പൈനാപ്പിൾ ? ഇങ്ങനേം ചോദ്യണ്ടാവാറ്ണ്ട്. എന്തെങ്കിലും വ്യത്യസ്തത വേണ്ടേ?”
“ഭൂമി കറങ്ങണോണം നമ്മളും കറങ്ങിക്കൊണ്ടിരിക്ക്ണ്ട് നമ്മളറിയാതെ. ആ കറക്കം കൊണ്ടായിരിക്കണം എടക്ക് ഞങ്ങള് തമ്മില് കാണല്ണ്ട്. നേർത്തെ വിളിച്ചും പറഞ്ഞും ഒന്ന്വല്ല. എപ്പഴേലും എവടേലും വച്ച്. ഏതോ ഒരു വൈബ്രേഷൻ കൂട്ടിമുട്ടിക്കണ മാതിരി. അങ്ങനെ കൊറച്ച് കൊല്ലം മുൻപ് ഇത്തിരി സ്ഥലം ചെറിയ വെലയ്ക്ക് പാട്ടത്തിന് കിട്ടിപ്പോ അവടെ കൃഷിക്കായി പോയതാ. മൂപ്പരണ്ട് അവടെ! ഒരു കാർന്നോരുടെ കൂടെ സ്ഥിരതാമസം. കാർന്നോരും ഒരു രസികൻ . രസികൻന്ന് പറഞ്ഞാ തമാശക്കാരൻ എന്നർത്ഥം ഇല്ലാട്ടാ. ഒരു പ്രത്യേക ടൈപ്പ്. ആശാനൊത്ത ശിഷ്യൻ ശിഷ്യനൊത്ത ആശാൻ എന്നൊക്കെ പറയണ മാതിരി. “
“ഞങ്ങളെടക്കൊക്കെ അവടെ കൂടാൻ തൊടങ്ങി. നല്ല രസൊള്ള സ്ഥലം. മൂന്ന് ഒറ്റയാൻമാർക്ക് സമ്മേളിക്കാൻ പറ്റിയ അന്തരീക്ഷോം. ആശാനാ ഈ വിദ്വാൻ്റെ കവിതോള് കൊറേ പെറുക്കി തരണെ. ഗംഭീരം എന്ന് പറഞ്ഞാ കൊറഞ്ഞ് പോകും. പക്ഷേ ഒന്നും ഒരടത്തും അയക്കാൻ സമ്മതിക്കില്ല. തീരുമാനിച്ചാ പിന്നെ അതിലെളക്കംല്ല്യാത്ത സ്വഭാവാ . ഒരു തരത്തില് പറഞ്ഞ് സമ്മതിപ്പിച്ചു. അങ്ങനെ അടിച്ചെടുത്ത ഒറ്റ കോപ്പ്യാ ഇത്. ഒരാളേം കാണിക്കില്ല എന്നത് എൻ്റെ ഒറപ്പാ. അത് തെറ്റിക്കാൻ പറ്റില്ല കൊച്ചേ. “
മനസ്സ് സന്തോഷംകൊണ്ട് ബാഷ…ബാഷ … എന്ന് തുടികൊട്ടുന്ന പോലെ റൈനുവിന് തോന്നി.
റെയിൽവേ ക്രോസ് മുറിച്ച് കടന്ന് മുന്നോട്ട് പോയാൽ വടൂക്കരയായി.. ഗെയ്റ്റ് പക്ഷേ അടച്ചിട്ടിരിക്കുകയാണ്. അധികം വണ്ടികൾ മുൻപിലില്ല. ഒരു പക്ഷേ ഇപ്പോൾ അടച്ചതാവാനേ സാധ്യതയുള്ളൂ. റൈനു വണ്ടിയൊതുക്കി നിർത്തി ഫോണെടുത്ത് ഒരു മെസേജ് ടൈപ്പ് ചെയ്ത് മായയ്ക്കയച്ചു. പിന്നെ പൈനാപ്പിൾഗന്ധക്കാരൻ ചൊല്ലുന്ന പുതിയ വരികളുടെ അർത്ഥഭേദങ്ങളാലോചിച്ച്, ഉടനെ തുറന്നേക്കാവുന്ന റെയിവേ ഗേയ്റ്റിലേക്ക് നോക്കി ക്ഷമയോടെയിരുന്നു.
( തുടരും ......)
Read more: https://www.emalayalee.com/writer/284