Image

രാഷ്‌ട്രീയനഷ്‌ടം ഒരു സാമൂഹ്യദുരന്തമാണ് (പ്രകാശൻ കരിവെള്ളൂർ)

Published on 07 May, 2026
രാഷ്‌ട്രീയനഷ്‌ടം ഒരു സാമൂഹ്യദുരന്തമാണ് (പ്രകാശൻ കരിവെള്ളൂർ)

സൈബർമാധ്യമങ്ങളിലൂടെ പരസ്പരം ചെളി വാരിയെറിയലും ഏതെങ്കിലും ചില നേതാക്കൾക്ക് സ്തുതി പാടി സിൽബന്ധിയായി നടക്കലുമല്ല രാഷ്‌ട്രീയ പ്രവർത്തനം . ഇലക്ഷൻസമയത്തെ വിജയപരാജയച്ചർച്ചകളിൽ ആവേശമോ നിരാശയോ പൂണ്ട് ആളിപ്പടരുകയോ കത്തിയമരുകയോ ചെയ്യാനുള്ളതുമല്ല അത് . ഉയർന്ന സാമൂഹ്യ ബോധത്തിൽ നിന്നും ജ്വലിച്ചുണരേണ്ട സന്നദ്ധതയും ചിന്താശക്തിയും പ്രതികരണജാഗ്രതയും ചേർന്ന ഊർജ്ജസ്വലമായ രാഷ്ട്രീയമനസ്സ് വർത്തമാന കേരളത്തിന് മിക്കവാറും നഷ്‌ടപ്പെട്ടു പോയിരിക്കുകയാണ് . താൽക്കാലികമായ ലാഭനഷ്‌ടങ്ങളെ കണക്കു കൂട്ടിയുള്ള ചെയ്യലും ചെയ്യാതിരിക്കലു മാകരുത് ഇടപെടലുകളും നിലപാടുകളും . ജനാധിപത്യത്തിലും മതേതരത്വത്തിലും ഉറച്ചു നിന്നു കൊണ്ട് അനീതിക്കും അസമത്വത്തിനും ചൂഷണങ്ങൾക്കും അടിച്ചമർത്തലുകൾക്കും എതിരെ ചാടി വീഴുന്ന ആ കൂസലില്ലായ്മ വീണ്ടെടുക്കാതെ ഇനി നമുക്ക് സാമൂഹ്യ പ്രതിബദ്ധമായ രാഷ്‌ട്രീയ പ്രവർത്തനം  സാധ്യമല്ല .

ഇടപെടലുകൾക്കെല്ലാം പിന്നിൽ സാമ്പത്തികതാല്പര്യം മുഖ്യ പ്രചോദനമായി വർത്തിക്കുമ്പോൾ ഏത് പ്രവർത്തനത്തിനും ബിസ്സിനെസ്സ്സ്വഭാവം വന്നു ചേരുന്നു . അതാണ് നമ്മുടെ മുഖ്യധാരാ രാഷ്‌ട്രീയ മണ്ഡലത്തിന് സംഭവിച്ചിരിക്കുന്നത് . വ്യാപാരത്തിനപ്പുറം സാമൂഹ്യ പ്രതിബദ്ധത പുലർത്തേണ്ട രാഷ്‌ട്രീയാനുബന്ധ ലോകമാണ് മാധ്യമരംഗം .അവിടെയാണിപ്പോൾ രാഷ്‌ട്രീയത്തേക്കാൾ കച്ചവടത്തിൻ്റെ തകൃതി . മാധ്യമങ്ങളും രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും സാമൂഹികവും സാംസ്കാരികവുമായ ഉൽക്കണ്ഠകളെ പ്രകടനവും പ്രഹസനവുമായി മുന്നിൽ നിർത്തി പിന്നണിയിൽ ധനാസക്തിയുടെയും സ്ഥാപനവൽക്കരണ ത്വരയുടെയും വ്യഗ്രത കൾ സജീവമാക്കിയിരിക്കുന്നു . ഭരണാധികാരം എന്നാൽ പൊതുമണ്ഡലത്തിൽ ഇടപെട്ട് നാടിനും ജനതക്കും അവകാശപ്പെട്ടതെല്ലാം വിൽക്കാനും വാങ്ങാനുമുള്ള ഏജൻസി കൈക്കലാക്കുക എന്ന നിലയിൽ അപായകരമായ അധ:പതനത്തിൻ്റെ മുനമ്പത്ത് നിൽക്കുകയാണ് കാര്യങ്ങൾ .

പഴയകാല രാജാക്കന്മാർ പ്രജകൾക്ക് കനിഞ്ഞ് നൽകുമ്പോലെ ജനാധിപത്യകാലത്തും ഭരണകൂടങ്ങൾ ഞെളിയുകയാണ് - ജനങ്ങൾക്ക് അത് നൽകി , ഇത് നൽകി . ഇതെന്താ അവരുടെ തറവാട്ടുവകയാണോ ? പൊതു വിഭവങ്ങളുടെ ഉടമസ്ഥത സമൂഹത്തിനാണ് . അതിൻ്റെ നീതിപൂർവമായ സംരക്ഷണവും  വിതരണവുമാണ് ഒരു ജനാധിപത്യസർക്കാരിൻ്റെ ബാധ്യത .

സംവരണത്തെ ഒരു മറയാക്കി അതിലേക്ക് ജാതിയും മതവും ഒളിച്ചു കടത്തി ഇപ്പോൾ ജാതിയും മതവും രാഷ്‌ട്രീയത്തെ വിഴുങ്ങുന്ന പാകത്തിലായി കേരളത്തിൽ പോലും കാര്യങ്ങൾ . ഒരു ഭരണഘടനാവകാശത്തിൻ്റെ യാന്ത്രികമായ നടത്തിപ്പ് എന്ന നിലയിൽ നിന്ന് സംവരണത്തെ ,അത് അത്യന്താപേക്ഷിതമായി ആവശ്യമുള്ള ജന വിഭാഗങ്ങളെ പ്രാദേശികമായും സാന്ദർഭികമായും നിർണ്ണയിച്ച് അവർക്ക് മാത്രം അവകാശപ്പെട്ട സംവരണസംവിധാനങ്ങളെ തോന്നും പോലെ വാരിയെറിഞ്ഞ് സമൂഹത്തിൽ സംവരണം കിട്ടാത്തവർക്ക് കിട്ടിയവരോട് അസഹിഷ്ണുത രൂപപ്പെടുന്നതാണ് കേരളത്തിലെ സവർണ്ണരുടെ രാഷ്‌ട്രീയപരമായ ഉള്ളിലിരിപ്പിൽ ഇപ്പോൾ പ്രബലമായിക്കൊണ്ടിരിക്കുന്നത് . ഈ ധ്രുവീകരണം , സംവരണം നേടുന്നവരെയും സ്വസമുദായത്തിൻ്റെ വക്താക്കളാക്കി മാറ്റുന്നു . അവസരം മുതലെടുത്തു കൊണ്ട് ജനാധിപത്യശക്തികളാകേണ്ട രാഷ്‌ട്രീയപ്പാർട്ടികൾ ജാതിമതജീർണ്ണസംഘടനകളെ ആവശ്യാനുസരണം കൂട്ടു പിടിക്കുകയാണ് . എന്നിട്ട് ഇലക്ഷൻ റിസൽറ്റ് വരുമ്പോൾ വോട്ടുമറി ഡീൽ എന്ന് പരസ്പരം ആരോപിക്കുകയാണ് പ്രമുഖകക്ഷികൾ . വർഗീയതയെ ഭൂരിപക്ഷം , ന്യൂനപക്ഷം എന്ന് വിവേചിച്ച് പക്ഷം പിടിക്കുമ്പോൾ നമ്മൾ ആത്യന്തികമായി വഴിയൊരുക്കുന്നത് വർഗീയതയ്ക്കാണ് എന്ന് മറന്നു പോവുന്നു . ഇതിൻ്റെ ഫലമായി നമ്മുടെ പൊതുമണ്ഡലത്തിൽ ഗുരുതരമായ ഒരു രാഷ്‌ട്രീയ നഷ്‌ടം സംഭവിച്ചിട്ടുണ്ട് . ഇന്ത്യ വർഗീയവൽക്കരിക്കപ്പെട്ടതു പോലെ , കാൽ നൂറ്റാണ്ടോളം ഒരു കമ്യൂണിസ്റ്റ് പാർട്ടി ഭരിച്ച ബംഗാൾ തുടർന്ന് നടന്ന ജാതിക്കളികളിലൂടെ ബീജേപിയുടെ കൈകളിലെത്തിയിരിക്കുന്നു . രാഷ്‌ട്രീയം മറന്ന് ക്രൈസിസ് മാനേജ്മെൻ്റും ചില്ലറ ഓശാരങ്ങളും കൊണ്ട് ജനതയെ മയക്കിയാലൊന്നും അവർ കൂടെ നിൽക്കില്ല എന്ന് കേരളത്തിലെ സീ പീ എമ്മിനും പാഠമാവുകയാണ് ഇലക്ഷൻ .

രാഷ്‌ട്രം നേരിടുന്ന യഥാർത്ഥ പ്രശ്‌നം വർഗ്ഗീയവൽക്കരണമാണ് . അതിനെ മറയാക്കിയാണ് സാമ്പത്തിക ചൂഷണങ്ങൾ . ഇതിനെതിരെയുള്ള ഒറ്റക്കെട്ടായ ഒരു മുന്നണി _ അതാണ് കാലഘട്ടം ആവശ്യപ്പെടുന്ന ജനപക്ഷ രാഷ്‌ട്രീയം . അല്ലാതെ , അധികാരം കൈകാര്യം ചെയ്യലിൻ്റെ മൂപ്പിളമത്തർക്കത്തിൽ കാലമത്രയും കൂടിയ കടി പിടി തുടർന്നാൽ ഇന്ത്യ ഒരു മത രാഷ്‌ട്രമായി അധ:പതിക്കാൻ ഒരു പതിറ്റാണ്ട് തന്നെ തികച്ച് വേണ്ടി വരില്ല .
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക